കൊൽക്കത്തയിലെ ആര്ജെ കര് മെഡിക്കല് കോളേജില് യുവ ഡോക്ടര് കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് രാജ്യം. മെഡിക്കല് രംഗത്ത് ജോലിചെയ്യുന്ന സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമം ഇതാദ്യമല്ല. നായത്തുടൽ കഴുത്തിൽ മുറുക്കി തൂപ്പുകാരന് ബലാത്സംഗം ചെയ്ത് കോമാവസ്ഥയിലാക്കിയ അരുണ ഷാൻബാഗ് മുതല് ഒടുവിലിപ്പോള് കൊല്ലപ്പെട്ട ട്രെയിനി ഡോക്ടർവരെ നീളുകയാണത്.
മുംബൈയിലെ പരേലിലുള്ള കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലി(കെഇഎം)ൽ ജൂനിയർ നഴ്സായി ജോലി ചെയ്യുമ്പോൾ അരുണ ഷാൻബാഗിന് പ്രായം വെറും 25. നിരവധി സ്വപ്നങ്ങളുമായി ജീവിച്ച പെണ്കുട്ടി. കർണ്ണാടകയിലെ ഉത്തര കന്നഡയിലെ ഹൽദിപൂരിൽ 1948-ൽ ഒരു കൊങ്കണി ബ്രാഹ്മണ കുടുംബത്തിലാണ് അരുണ ഷാൻബാഗ് ജനിച്ചത്. പഠിക്കാൻ മിടുക്കി. നഴ്സിങ് മോഹവുമായാണ് തന്റെ പതിനെട്ടാം വയസ്സിൽ അരുണ മുംബൈലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം അധികം വൈകാതെ തന്നെ മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ നഴ്സായി ജോലിക്ക് കയറി. അതേ ഹോസ്പിറ്റലിലെ യുവ ന്യൂറോ സർജനുമായിഅരുണ പ്രണയത്തിലായി. സമുദായത്തിന് പുറത്ത് നിന്നുള്ള വിവാഹത്തിൽ സഹോദന്മാർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. പക്ഷേ അരുണയുടെ മനസ്സ് മാറ്റാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. ഒരുമിച്ച് ഒരു ക്ലിനിക്ക് നടത്തണമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ സ്വപ്നങ്ങളെയാകെ കാറ്റിൽപറത്തി അതിക്രൂരമായ ആ സംഭവമുണ്ടായി. ഹോസ്പിറ്റലിലെ തൂപ്പുകാരനായ സോഹൻലാൽ ഭർത്ത വാൽമീകി അരുണയുടെ ജീവിത സ്വപ്നങ്ങളെയെല്ലാം 'കോമ'യിലാക്കുകയായിരുന്നു.
1973-ലായിരുന്നു ആ സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വസ്ത്രം മാറാനായി ബേസിമെന്റിലെ റൂമിലെത്തിയതായിരുന്നു അരുണ. അവിടെ പതിയിരുന്ന സോഹൻലാൽ വസ്ത്രം മാറുന്നതിനിടെ അരുണയെ ആക്രമിക്കുകയും ലൈംഗികമായി കീഴ്പ്പെടുത്തുകയും ചെയ്തു. നായയുടെ കഴുത്തിലിടുന്ന ചങ്ങല അരുണയുടെ കഴുത്തിൽ വരിഞ്ഞ് മുറുക്കി, ശ്വാസംമുട്ടിച്ചാണ് സോഹൻലാൽ അരുണയെ കീഴ്പ്പെടുത്തിയത്. തൽഫലമായി സെർവിക്കൽ കോഡിന് പരിക്ക് സംഭവിച്ച് മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ നിലയ്ക്കുകയും കോർട്ടിക്കൽ അന്ധത ഉണ്ടാവുകയും ചെയ്തു. വർഷങ്ങൾ നീണ്ട അബോധാവസ്ഥയിലീക്കാണ് പിന്നീട് അരുണ വഴുതിവീണത്. അരുണയോടുണ്ടായിരുന്ന കടുത്ത വിദ്വേഷവും പകയുമാണ് സോഹൻലാലിനെ ഈ ക്രൂരതയിലേക്ക് നയിച്ചത്. സോഹൻലാലിനെതിരായി അരുണ പല തവണ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിരുന്നു. സോഹൻലാൽ ഇതിനെ സംബന്ധിച്ച് അരുണയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും പതിവായിരുന്നു.
ആക്രമണത്തിനൊടുവിൽ സോഹൻലാൽ അരുണയുടെ കഴുത്തിലെ സ്വർണ മാലയും വാച്ചും ബാഗിലെ പണവും അപഹരിച്ചു. അടുത്തദിവസം രാവിലെ ബേസ്മെൻ്റ് തൂത്തു വൃത്തിയാക്കാനെത്തിയ ജീവനക്കാർ അരുണയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. പിടിയിലായ പ്രതി 1980-ൽ ജയിൽ മോചിതനായി. സോഹൻലാൽ പിന്നീട് എയ്ഡ്സ് ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ട്. 42 വർഷത്തെ അബോധാവസ്ഥയിലുള്ള ജീവിതത്തിന് ശേഷം 2015 മെയ് 18-ന് ന്യുമോണിയ ബാധിച്ച് അരുണ മരണത്തിന് കീഴടങ്ങി.
രാത്രി രാജ്യതലസ്ഥാനത്തെ ശാന്തി മുകുന്ദ് ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കുന്ന നഴ്സിനെ ഭുര എന്ന വാർഡ് ബോയ് ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ചപ്പോള് പ്രതി അവരുടെ വലത് കണ്ണ് ചൂഴ്ന്നെടുത്തു. ബലാത്സംഗം ചെയ്ത ശേഷം കുളിമുറിയിലേക്ക് വലിച്ചിഴച്ചു. രാത്രി മുഴുവൻ രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന നഴ്സിനെ ശാന്തി മുകുന്ദ് ആശുപത്രി ചികിത്സിച്ചില്ല. ഗുരു തേജ് ബഹാദൂർ (ജിടിബി) ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. മൂന്ന് ദിവസത്തേക്ക് ചികിത്സ ലഭിച്ചില്ല. വാർത്ത മാധ്യമങ്ങളിൽ വന്നപ്പോഴാണ് മറ്റ് നടപടികള് ഉണ്ടായത്.
ചികിത്സ വൈകിയതിനാൽ വലത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു. അവർ സുഖപ്പെടാൻ മാസങ്ങളെടുത്തു. ഒരു ഡോക്യുമെൻ്ററി നിർമ്മാതാവ് കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് പിന്നീട് നടപടിയുണ്ടായത്. ഏതാനും ഡോക്ടർമാരെ അറസ്റ്റ് ചെയ്തെങ്കിലും ഉടൻ ജാമ്യത്തിൽ വിട്ടു. 2005 ഏപ്രിലിൽ ഭുരയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പോഴും ജീവിതം പ്രതിസന്ധിയിലായ പെണ്കുട്ടിക്ക് നഷ്ടമായത് അവള് പടുത്തുയർത്തിയ സ്വപ്നങ്ങളാണ്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31-കാരിയായ യുവ ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ചെസ്റ്റ് മെഡിസിൻ പഠിച്ചിരുന്ന പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലുടനീളം മുറിവുകൾ. ജനനേന്ദ്രിയത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. കഴുത്ത് ഒടിഞ്ഞനിലയിലായിരുന്നു. ഡോക്ടറെ ഒന്നിലധികം ആളുകൾ ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
33 കാരനായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 മുതല് പൊലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു ഇയാള്. പിന്നീട് പൊലീസ് വെല്ഫയര് സെല്ലിന്റെ കീഴില് വൊളണ്ടിയറായി. ഈ കാലയളവിലാണ് ആര്ജി കര് മെഡിക്കല് മെഡിക്കല് കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റില് ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചത്.
അതിക്രൂരമായ കുറ്റകൃത്യത്തെ ആത്മഹത്യയായി മാറ്റാനാണ് ആദ്യം ആശുപത്രി അധികൃതർ ശ്രമിച്ചത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റൻ്റ് സൂപ്രണ്ട് തങ്ങളെ വിളിച്ച് “നിങ്ങളുടെ മകൾ ആത്മഹത്യ ചെയ്തു” എന്നാണ് പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. മകളുടെ മൃതദേഹം കാണാൻ അനുവദിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടിവന്നതായും കുടുംബം പറയുന്നു.
അരുണ ഷാൻബാഗിൻ്റെയും കൊൽക്കത്തയിലെ ട്രെയിനി ഡോക്ടറുടെയും ജീവിതം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം ക്രൂരമായ ലൈംഗികാതിക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും സ്ത്രീകൾക്ക് ജോലിസ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഭരണകൂടങ്ങള് മുഖം തിരിക്കുന്നത്?
ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ഇന്ത്യയിലെമ്പാടുമുള്ള ആശുപത്രികളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. ദശലക്ഷക്കണക്കിന് സ്ത്രീകൾ പൊലീസ് സേനയിലും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും രാപ്പകല് വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അത്രയേറെത്തന്നെ ആളുകൾ രാത്രി വൈകിയോ അതിരാവിലെയോ യാത്രചെയ്യുന്നു. ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ട ഇടങ്ങളിലൊന്നും സ്ത്രീകൾ, അവർ സമൂഹത്തിൻ്റെ ഏത് ശ്രേണിയിൽ ഉള്ളവരാണെങ്കിലും സുരക്ഷിതരല്ല എന്നാണ് കൊൽക്കത്ത സംഭവം വെളിപ്പെടുത്തുന്നത്.