കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ ചരമദിനവും ജന്മദിനവും ഒരേ ദിവസമാണ്. ആഗസ്റ്റ് 19 പി കൃഷ്ണപിള്ളയുടെ ഓര്മ്മദിനമാണ്. ഒരു ജനതയെ നവോത്ഥാനത്തിൻ്റെയും വര്ഗ്ഗബോധത്തിൻ്റെയും ആശയപ്രപഞ്ചത്തിലേക്ക് നയിച്ച പി കൃഷ്ണപിള്ള ഏറ്റവും ദീപ്തമായി ഓര്മ്മിക്കപ്പെടുന്ന കാലമാണിത്. കൃഷ്ണപിള്ളയെ ഓര്മ്മിക്കുമ്പോള് സീമകളില്ലാത്ത മാനവികതയും സഹജീവിസ്നേഹവുമാണ് ഏറ്റവും പ്രധാന്യത്തോടെ എടുത്ത് പറയേണ്ടത്. കേരളത്തെ പുരോഗമന ചിന്താഗതികളിലേക്ക് നയിച്ച പി കൃഷ്ണപിള്ളയുടെ ഓര്മ്മകള് നിരവധി അവസരങ്ങളില് കേരളം അനുസ്മരിച്ചിട്ടുണ്ട്.
ഒരു രാത്രി എറണാകുളത്ത് ലോഡ്ജില് ആഹാരം കഴിച്ചു കൊണ്ടിരിക്കെ പുറത്ത് നിന്ന് എന്തോ വലിയ ബഹളവും ആകാശത്ത് തീജ്വാലകളും കണ്ടു. സിനിമാ ഷെഡ് കത്തിയെരിയുന്ന കാഴ്ചയായിരുന്നു അത്. കൈ കഴുകാന് പോലും കാത്തു നില്ക്കാതെ പി കൃഷ്ണപിള്ള ആ ഇരുട്ടത്ത് അവിടേക്ക് ഓടി ചെന്നു. തീയ്യില്പ്പെട്ട മനുഷ്യരെ രക്ഷിക്കാനും കത്തിയെരിയുന്ന സാധനങ്ങള് നശിക്കുന്നതില് നിന്ന് സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൃഷ്ണ പിള്ള എന്ന മനുഷ്യസ്നേഹി എല്ലാ കാലത്തും അങ്ങനെയായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കാള് എല്ലായിപ്പോഴും അദ്ദേഹം പ്രാധാന്യം നല്കിയത് സഹജീവികളോടുള്ള കരുതലിനായിരുന്നു.
1906-ല് കോട്ടയം ജില്ലയിലെ വൈക്കത്തെ ഒരു മധ്യവര്ഗ്ഗ കുടുംബത്തില്, മയിലേഴത്തു മണ്ണംപിള്ളി നാരായണന് നായരുടെയും പാര്വ്വതിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. വൈക്കം സത്യഗ്രഹം നടന്ന 1924 ല് കൃഷ്ണപിള്ളയ്ക്ക് വെറും പതിനെട്ടു വയസ്സുമാത്രമാണ് പ്രായമുണ്ടായിരുന്നത്. എന്നാല് സത്യഗ്രഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആ യുവാവിനെ സത്യഗ്രഹികള്ക്കു നേരെ മേല്ജാതിക്കാര് നടത്തിയ ക്രൂരമര്ദ്ദനങ്ങള് രോഷം കൊള്ളിച്ചിരുന്നു. ഉത്തരേന്ത്യയിലേക്ക് കൃഷ്ണപിള്ള നടത്തിയ യാത്രയാണ് അദ്ദേഹത്തിന് ഹിന്ദിയില് അറിവ് നേടികൊടുത്തതും സ്വാതന്ത്ര്യ സമര പോരാട്ടത്തെ മനസിലാക്കാന് സഹായിച്ചതും. രണ്ടു വര്ഷത്തിനു ശേഷം നാട്ടില് തിരിച്ചെത്തിയപ്പോള് കേരളം സാമൂഹിക അസ്വസ്ഥതകളാല് വീര്പ്പുമുട്ടുന്നതാണ് കണ്ടത്. തുടര്ന്ന് നിരവധി ജനകീയ മുന്നേറ്റങ്ങളില് പങ്കെടുത്തു. കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്കുള്ള ഉപ്പ് സത്യഗ്രഹ മാര്ച്ചിന്റെ സജീവ പ്രവര്ത്തകനായി അദ്ദേഹം മാറി.
കേരളത്തിന്റെ നവേത്ഥാന ചരിത്രത്തില് തങ്കലിപികളില് അടയാളപ്പെടുത്തപ്പെട്ട ഗുരുവായൂര് സത്യഗ്രഹത്തില് പി കൃഷ്ണപിള്ള നേതൃപരമായ പങ്കുവഹിച്ചു. ഗുരുവായൂര് ക്ഷേത്രത്തില് എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കള്ക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂര് സത്യഗ്രഹത്തിന്റെ ലക്ഷ്യം. സത്യഗ്രഹത്തിനിടെ ബ്രാഹ്മണർക്ക് മാത്രം മുഴക്കാൻ അവകാശമുണ്ടായിരുന്ന മണി മുഴക്കിയതിൻ്റെ പേരിൽ കൃഷ്ണപിള്ളയ്ക്ക് ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതൊന്നും കൂസാതെ വീണ്ടും മണിമുഴക്കിയ കൃഷ്ണപിള്ളയെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് വിലക്കി. ഇതിനെതിരെ കൃഷ്ണപിള്ള ക്ഷേത്രകവാടം പിക്കറ്റ് ചെയ്തു. ഈ നിലയിൽ ഗുരുവായൂർ സത്യഗ്രഹ സമരത്തിൽ കൃഷ്ണപിള്ള വഹിച്ച നേതൃപരമായ പങ്ക് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമുള്ള ഏടാണ്.
ചെറുപ്പത്തില് തന്നെ ഗാന്ധിയനായും ഇന്ത്യന് നാഷണല് കോണ്ഗ്രസ് അംഗമായും രാഷ്ട്രീയ ജീവിതം ആരംഭിച്ച കൃഷ്ണപിള്ള ക്രമേണ കമ്മ്യൂണിസ്റ്റ് ചായ്വുള്ള ഒരു സോഷ്യലിസ്റ്റായി രൂപാന്തരപ്പെടുകയായിരുന്നു. 1938-ല് അദ്ദേഹം ആലപ്പുഴയില് പ്രസിദ്ധമായ തൊഴിലാളി സമരം സംഘടിപ്പിച്ചു. കേരളത്തില് ആദ്യമായി കമ്യൂണിസ്റ്റ് പാര്ട്ടി രൂപം കൊണ്ടപ്പോള് അതിൻ്റെ സ്ഥാപക സെക്രട്ടറിയായി പി കൃഷ്ണപിള്ള മാറി. 1946-ലെ പുന്നപ്ര-വയലാര് സമരത്തിനും തിരുവിതാംകൂറിലെ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിന്റെ പതനത്തിനു പിന്നിലെ പ്രചോദന ഘടകങ്ങളിലൊന്ന് ഈ സമരമായിരുന്നു. 1948 -ല് ഇന്ത്യന് ഭരണകൂടത്തിനെതിരായ സായുധ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കല്ക്കത്ത തീസിസ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചപ്പോള്, പാര്ട്ടിക്ക് രാജ്യവ്യാപകമായി നിരോധനം നേരിടേണ്ടിവന്നു. കൃഷ്ണപിള്ള ഉള്പ്പെടെയുള്ള നേതാക്കള് ഒളിവിലേക്ക് പോകാന് നിര്ബന്ധിതരായി.1948 ഓഗസ്റ്റ് 19 ന് മുഹമ്മയിലെ ഒരു തൊഴിലാളിയുടെ കുടിലില് ഒളിവിലിരിക്കുമ്പോള് പാമ്പ് കടിയേറ്റായിരുന്നു കൃഷ്ണപിള്ളയുടെ മരണം. 42 വയസ്സ് മാത്രമായിരുന്നു അന്ന് കൃഷ്ണപിള്ളയുടെ പ്രായം.