മലയാളികൾക്ക് പോളണ്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരു'തെന്ന ശ്രീനിവാസൻ ഡയലോഗാവും. എന്നാൽ പോളണ്ടുകാർ ഇന്ത്യയെന്ന് കേൾക്കുമ്പോൾ ആവേശത്തോടെ പറയുക ജാംനഗർ, കോലാപ്പൂർ എന്നീ രണ്ട് സ്ഥലനാമങ്ങളാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിലും ജാംനഗറും കോലാപ്പൂരും നിറഞ്ഞ് നിന്നിരുന്നു. പോളണ്ടിലെ ജാം സാഹെബ്, കോലാപ്പൂർ സ്മാരകങ്ങളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയത് ഏറെ പ്രധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളിഷ് മണ്ണിലെത്തിയത്. 45 വർഷം മുമ്പ് 1979ൽ മൊറാർജി ദേശായി ആയിരുന്നു ഏറ്റവും ഒടുവിൽ പോളണ്ടിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. ആ നിലയിൽ നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം ശ്രദ്ധേയമായിരുന്നു. ഇന്ത്യാ-പോളണ്ട് നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ എഴുപതാം വാർഷികത്തിലായിരുന്നു സന്ദർശനമെന്നതും മറ്റൊരു സവിശേഷതയായി. 1954ലായിരുന്നു ആദ്യമായി ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. ഇതിന് പിന്നാലെ 1957ൽ വാഴ്സയിൽ ഇന്ത്യൻ എംബസി തുറന്നു. വൈകാതെ അതേവർഷം തന്നെ ന്യൂഡൽഹിയിൽ പോളിഷ് എംബസിയും തുറക്കപ്പെട്ടു.
പോളിഷ് ജനതയും ഇന്ത്യൻ മണ്ണുമായുള്ള ബന്ധത്തിന് ഇതിനും പിന്നോട്ട് നീളുന്ന ചരിത്രപരമായ ഒരു നാഭീനാള ബന്ധമുണ്ട്. ആ ബന്ധത്തിൻ്റെ ചരട് നീണ്ടെത്തുന്ന രണ്ട് സ്ഥലനാമങ്ങളാണ് ജാംനഗറും കോലാപ്പൂരും
ഇന്ത്യ-പോളണ്ട് ബന്ധത്തിൻ്റെ ഔദ്യോഗിക ചരിത്രം ഈ നിലയിലാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ പോളിഷ് ജനതയും ഇന്ത്യൻ മണ്ണുമായുള്ള ബന്ധത്തിന് ഇതിനും പിന്നോട്ട് നീളുന്ന ചരിത്രപരമായ ഒരു നാഭീനാള ബന്ധമുണ്ട്. ആ ബന്ധത്തിൻ്റെ ചരട് നീണ്ടെത്തുന്ന രണ്ട് സ്ഥലനാമങ്ങളാണ് ജാംനഗറും കോലാപ്പൂരും. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയുടെ സവിശേഷമായിരുന്ന ഭൂഖണ്ഡാന്തര ബന്ധങ്ങളുടെയും നാട്ടുരാജ്യങ്ങളുടെ സമ്പന്നമായിരുന്ന ആതിഥ്യമര്യാദയുടെയും ചരിത്രം കൂടിയാണ് ഇന്ത്യ-പോളണ്ട് ബന്ധത്തിൽ തുന്നിച്ചേർത്തിരിക്കുന്ന ഈ സ്ഥലനാമങ്ങൾ അടയാളപ്പെടുത്തുന്നത്.
രണ്ടാംലോക മഹായുദ്ധത്തിന് തുടക്കം കുറിക്കുന്നതിന് തൊട്ടു മുമ്പ് അടയാളപ്പെടുത്തപ്പെട്ട പോളിഷ് ജനതയുടെ ദുർവിധിയെ പിൻപറ്റിയാണ് ജാംനഗറും കോലാപ്പൂരും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ദുർദിനങ്ങളിലേയ്ക്ക് നീളുന്നതാണ് ഈ ചരിത്രം. പോളിഷ് ജനതയുടെ അസ്ഥിത്വത്തെ തന്നെ റദ്ദ് ചെയ്യുന്നതായിരുന്നു 1939 സെപ്റ്റംബർ മാസത്തിൽ രാജ്യത്തിൻ്റെ പടിഞ്ഞാറ് നിന്നും ജർമ്മനിയും കിഴക്ക് നിന്ന് സോവിയറ്റ് യൂണിയനും അഴിച്ചുവിട്ട ആക്രമണം. പോളണ്ടിൻ്റെ അസ്ഥിത്വം ഇല്ലാതാക്കി ഈ രാജ്യത്തെ പകുത്തെടുക്കാനുള്ള നീക്കം രണ്ടാം ലോകമഹായുദ്ധത്തിൻ്റെ തുടക്കം കുറിക്കപ്പെട്ട ഒന്നായും മാറി.
ഈ ഇരട്ടപ്രഹരത്തിൽ നിന്നും രക്ഷപെടാൻ പോളിഷ് ജനത ലോകത്തിൻ്റെ വിവിധയിടങ്ങളിലേയ്ക്ക് പലായനം ചെയ്തു. എന്നാൽ കിഴക്കൻ യൂറോപ്പിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഏതാണ്ട് 6000ത്തോളം പോളിഷ് അഭയാർത്ഥികൾ അക്കാലത്ത് എത്തിയെന്നതാണ് കൗതുകകരം. ഗുജറാത്തിലെ ജാംനഗറിലേയ്ക്കും മഹാരാഷ്ട്രയിലെ കോലാപ്പൂരിലേയ്ക്കുമായിരുന്നു ഇവർ എത്തിച്ചേർന്നത്.
വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വിരമിച്ച സെക്രട്ടറിയും കോലാപ്പൂർ നിവാസിയുമായ ജ്ഞാനേശ്വർ മുലെയെ ഉദ്ധരിച്ച് പോളണ്ടിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർത്ഥികളെക്കുറിച്ച് ദേശീയമാധ്യമങ്ങൾ പറഞ്ഞിട്ടുണ്ട്. പോളിഷ് അഭയാർത്ഥികൾ രണ്ട് ബാച്ചുകളായി ഇന്ത്യയിലെത്തിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. 650 അഭയാർത്ഥി കുട്ടികളുള്ള ആദ്യ ബാച്ചിനെ ജാംനഗറിലെ ബലാചാഡി ക്യാമ്പിൽ പാർപ്പിച്ചു. 5,000 അഭയാർത്ഥികളുടെ രണ്ടാം ബാച്ച് കാസ്പിയൻ കടലിനു കുറുകെയുള്ള വെല്ലുവിളി നിറഞ്ഞ യാത്രയ്ക്ക് ശേഷം കോലാപൂരിലേക്ക് പോയി. ഇറാനിലെ ടെഹ്റാനിലേക്കും അവിടെ നിന്ന് കറാച്ചിയിലേക്കും കറാച്ചിയിൽ നിന്ന് ഒടുവിൽ കോലാപ്പൂരിലേക്കും യാത്ര ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
എങ്ങനെ പോളിഷ് അഭയാർത്ഥികൾ ജാംനഗറിലേയ്ക്ക് എത്തിച്ചേർന്നു എന്ന ചോദ്യത്തിന് ന്യൂഡൽഹിയിലെ പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ചരിത്രപരമായ വിശദീകരണം നൽകുന്നുണ്ട്. പോളണ്ടിൽ നിന്നും പുറപ്പെട്ട അഭയാർത്ഥികൾക്ക് പലരാജ്യങ്ങളും അന്ന് അഭയം നിഷേധിച്ചു. ആയിരത്തിലധികം കുട്ടികൾ ഉൾപ്പെടുന്ന ഒരു പോളിഷ് അഭയാർത്ഥി സംഘം ഇറാനും അഫ്ഗാനിസ്ഥാനും കടന്ന് ഇന്ത്യയിലെത്തി ചേർന്നു. എന്നാൽ ബ്രിട്ടീഷ് ഗവർണർ അവർക്ക് ബോംബെയിൽ അഭയം നിഷേധിച്ചു. ഇതിനെ തുടർന്ന് അന്നത്തെ ഇന്ത്യയിലെ പോളിഷ് കോൺസൽ യൂജീനിയസ് ബനാസിൻസ്കയും ഭാര്യ കിറയും ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ നിന്ന് പോളിഷ് അഭയാർഥികൾക്കായി സജീവമായി പിന്തുണ അഭ്യർത്ഥിച്ചു. ഇന്ത്യയിലെ അഭയാർത്ഥികളെ സഹായിക്കാൻ ഇവർ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ നിന്നും ആദ്യമായി ഇതിനോട് പ്രതികരിച്ചത് നവനഗറിലെ (പിന്നീട് ജാംനഗർ) ഭരണാധികാരിയായിരുന്ന മഹാരാജ ദിഗ്വിജയ്സിങ്ജി രഞ്ജിത്സിങ്ജി ജഡേജയായിരുന്നു. ബ്രിട്ടീഷുകാർ അഭയം നിഷേധിച്ച പോളിഷ് അഭയാർത്ഥികൾക്ക് സങ്കേതം ഒരുക്കുകയെന്ന നിലപാട് കൂടി രാജാവിൻ്റെ ഇടപെടലിന് പിന്നിലുണ്ടായിരുന്നു. അഭയാർത്ഥികൾക്ക് സഞ്ചരിക്കാനായി ഒരു കപ്പൽ തന്നെ അദ്ദേഹം ഏർപ്പാടാക്കി. അഭയാർത്ഥികളുമായി എത്തിയ കപ്പൽ നവനഗറിലെ റോസി തുറമുഖത്തെത്തുന്നത് അങ്ങനെയാണ്. തൻ്റെ വേനൽക്കാല എസ്റ്റേറ്റിൻ്റെ ഭാഗമായിരുന്ന ബൽചാഡി കുന്നിൽ പോളിഷ് കുട്ടികൾക്കായി അദ്ദേഹം ഒരു ക്യാമ്പ് തന്നെ നിർമ്മിച്ചു. 'നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ ഇല്ലായിരിക്കാം, പക്ഷേ ഞാൻ ഇപ്പോൾ നിങ്ങളുടെ പിതാവാണ്' എന്ന് പറഞ്ഞു കൊണ്ടാണ് അനാഥരായ പോളിഷ് കുട്ടികളെ അദ്ദേഹം സ്വാഗതം ചെയ്തത്.
ആ കുട്ടികളോട് അദ്ദേഹം കാണിച്ച പരിഗണനയും സവിശേഷമായിരുന്നു. പരിചിതമല്ലാത്ത മസാലക്കൂട്ടുകൾ നിറഞ്ഞ ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് കുട്ടികളിൽ ചിലർ പരാതിപ്പെട്ടു. ഇതിന് പിന്നാലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാനായി മാത്രം ഏഴ് പോളിഷ് പാചകക്കാരെ അദ്ദേഹം നിയമിച്ചു. ഗോവയിൽ നിന്നാണ് ഇവരെ എത്തിച്ചത്. കുട്ടികൾക്കായി സ്ഥിരമായ ഡോർമെറ്ററിയും അദ്ദേഹം നിർമ്മിച്ച് നൽകി. പലായന ജീവിതം കുട്ടികളുടെ വിദ്യാഭ്യാസത്തെ നശിപ്പിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം അതിനും പരിഹാരമുണ്ടാക്കി. ക്യാമ്പിലെ പോളിഷ് അധ്യാപകരെ മാതൃഭാഷ പഠിക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു. ബലാചാഡിയിലെ ഒരു കൂറ്റൻ ഗസ്റ്റ്ഹൗസ് താമസിയാതെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സ്കൂളായി മാറി.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് മഹാരാജാവ് അവരുടെ 'ബാപ്പു' ആയി മാറി. സ്നേഹപൂർവ്വം 'ജാം സാഹെബ്' എന്നും അവർ അദ്ദേഹത്തെ വിളിച്ചിരുന്നു. ഇപ്പോഴും ജാം സാഹെബ് പോളണ്ടുകാരെ സംബന്ധിച്ച് അവരുടെ ദുരിതകാലത്ത് നീട്ടിയ സ്നേഹഹസ്തത്തിൻ്റെ കൂടി പേരാണ്. വാഴ്സയിൽ ജാം സാഹേബിനോടുള്ള ആദരസൂചകമായി ദിഗ്വിജയ്സിങ്ജി രഞ്ജിത്സിങ്ജി ജഡേജയുടെ സ്മാരകം പോളണ്ടുകാർ നിർമ്മിച്ചിട്ടുണ്ട്. വാർസോയിലെ ഒച്ചോട്ടയിലെ ഒരു പാർക്കിൻ്റെ പേര് “Skwer Dobrego Maharadzy” എന്നാണ്. പോളിഷ് ഭാഷയിലുള്ള ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം നല്ല മഹാരാജാവിൻ്റെ ചതുരമെന്നാണ്. ഈ നിലയിൽ പോളിഷുകാരുടെ കെട്ടകാലത്ത് താങ്ങായ ജാംനഗറിൻ്റെ സ്നേഹത്തണൽ ഇപ്പോഴും പോളണ്ടുകാരുടെ ഹൃദയ വികാരത്തിൻ്റെ ഭാഗമാണ്.
ഏതാണ്ട് 5000ത്തോളം പോളിഷ് അഭയാർത്ഥികൾക്കാണ് അന്നത്തെ കോലാപ്പൂർ ഭരണാധികാരി ഛത്രപതി രാജാറാം അഭയമേകിയതെന്നാണ് ചരിത്രം. വാലിവാഡെ ഗ്രാമത്തിൽ ഒരു അഭയാർത്ഥി ക്യാമ്പ് തന്നെ അദ്ദേഹം ഉണ്ടാക്കി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പും ഇത് തന്നെയായിരുന്നു. അഭയാർത്ഥികൾക്കായി വാലിവാഡെ ഗ്രാമത്തിലെ തുറസ്സായ മൈതാനത്ത് നിരവധി ബാരക്കുകളാണ് അദ്ദേഹം നിർമ്മിച്ചത്.
വാലിവാഡെ ഗ്രാമത്തിൽ പോളിഷ് അഭയാർത്ഥികൾക്കായി അദ്ദേഹം ഒരു ക്യാമ്പ് തന്നെ ഉണ്ടാക്കി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പും ഇത് തന്നെയായിരുന്നു
അഭയാർത്ഥികൾക്കായി താമസസ്ഥലത്ത് ഛത്രപതി രാജാറാം ശുദ്ധജല വിതരണം ഉറപ്പാക്കിയിരുന്നു. പള്ളിയും ഓപ്പൺ എയർ തീയേറ്ററുമെല്ലാം സജ്ജീകരിച്ച് അഭയാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള ഇടപെടലും അദ്ദേഹം നടത്തിയിരുന്നു. അഭയാർത്ഥികൾക്കായി ഒരു ടെലിഫോൺ ബൂത്തും പോസ്റ്റോഫീസും ഇവിടെ സജ്ജീകരിച്ചിരുന്നു. ഓരോ അഭയാർത്ഥി കുടുംബത്തിനും ഒരു തടി കിടക്കയും കസേരകളും ഡൈനിംഗ് ടേബിളും ഡ്രസിങ് ടേബിളും ചാർക്കോൾ ഹീറ്ററും നൽകിയിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിയിറച്ചിയും ഓരോ കുടുംബത്തിനും അതിജീവന അലവൻസായി പ്രതിമാസം 52 രൂപയും നൽകിയിരുന്നുവെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.
കോലാപ്പൂരിൻ്റെ കാൽപ്പാടുകൾ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. 80 പോളിഷ് അഭയാർത്ഥികളുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്. എല്ലാവർഷവും ഇന്ത്യയിലെ പോളിഷ് അംബാസിഡർ ഇവിടെയെത്തി ശവകുടീരങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാറുണ്ട്.
കോലാപ്പൂരിലെ രാജകുടുംബത്തോടുള്ള ആദരസൂചകമായി വാഴ്സായിൽ കോലാപൂർ സ്മാരകവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്..