എന്താണ് സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയായ മുഡ കുഭകോണ കേസ് ?

രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന തരത്തിലാണ് നിലവിൽ സിദ്ധരാമയ്യയും കോൺഗ്രസും വിഷയത്തെ കാണുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണം കടുപ്പിക്കുകയും അന്വേഷണ ഏജൻസികൾ നീക്കം കടുപ്പിക്കുകയും ചെയ്യുമ്പോൾ എത്രകാലം സിദ്ധരാമയ്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്.

dot image

മുഡ കുഭകോണ കേസ് എന്താണെന്ന് അറിയണമെങ്കില് ആദ്യം മുഡ അഥവാ മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി എന്താണെന്നറിയണം. കർണാടകയിലെ ആദ്യത്തെ നഗര ആസൂത്രണ വികസന സ്ഥാപനങ്ങളിലൊന്നാണിത്. 1904 ൽ മൈസൂരിൽ പടർന്ന് പിടിച്ച പ്ലേഗിന് ശേഷമാണ് അന്നത്തെ മൈസൂർ മഹാരാജാവായ നാൽവാടി കൃഷ്ണരാജ വാഡിയാർ സിറ്റി ഇംപ്രൂവ്മെൻ്റ് ട്രസ്റ്റ് ബോർഡ് രൂപീകരിക്കുന്നത്.

പുതിയ പ്രദേശങ്ങൾ വികസിപ്പിക്കുക, കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, വലിയ ജംഗ്ഷനുകളും പാർക്കുകളും നിർമിക്കുക ഇതുവഴി വലിയൊരു വികസനം കൊണ്ടുവരുക എന്നതായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശ്യം. പിന്നീട് ഈ സിഐടിബിയെ പുനർനാമകരണം ചെയ്താണ് മുഡ ആക്കി മാറ്റുന്നത്. വികസന പ്രക്രിയയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക് 50:50 എന്ന അനുപാതത്തിൽ വികസിതമായ സ്ഥലങ്ങളിൽ പുതിയ പ്ലോട്ടുകൾ മുഡ നൽകാറുണ്ട്.

സിദ്ധരാമയ്യയുടെ പങ്ക്

ഈ 50:50 എന്ന അനുപാത കണക്ക് വെച്ച് നിലവിലെ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് സ്ഥലം അനുവദിച്ചതാണ് വിവാദത്തിന്റെ അടിസ്ഥാനം. മുഡയ്ക്ക് സിദ്ധരാമയ്യയുടെ ഭാര്യയായ പാർവതി കുടുംബസ്വത്തായി കിട്ടിയ കുറച്ച് ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വൻതോതിൽ ഭൂമി കൈമാറ്റം നടത്തിയെന്നതാണ് കേസ്.

കർണാടകയിലെ കേസരെ ഗ്രാമത്തിൽ മുഡ ഏറ്റെടുത്ത പാർവതിയുടെ 3 ഏക്കർ ഭൂമിക്ക് പകരമായി, മൈസൂരിലെ വിജയനഗറിലെ ഉയർന്ന വിലയുള്ള 14 പ്ലോട്ടുകൾ അനുവദിച്ച് നൽകുന്നതിൽ സിദ്ധരാമയ്യ സഹായിച്ചുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ആക്ടിവിസ്ടുകളായ പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവർ ഈ വിഷയത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയത്.

എന്താണ് സിദ്ധരാമയ്യയുടെ മറുപടി ?

ഭൂമി തന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി ലഭിച്ചതാണെന്നും,1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ച ഭൂമിയിൽ നിന്ന് കിട്ടിയ നഷ്ടപരിഹാരമാണ് അതെന്നുമായിരുന്നു സിദ്ധരാമയ്യയുടെ വാദം. എന്നാൽ ഈ ഭൂമി 2004ൽ മല്ലികാർജുന അനധികൃതമായി കൈയ്യടക്കിയതാണെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി ദലിത് വിഭാഗത്തിൻ്റെ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നും 4000 കോടിയുടെ അഴിമതിയാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ ?

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിചാരണയ്ക്ക് അഥവാ പ്രോസിക്യൂഷന് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കളുടെയും കോണ്ഗ്രസ് ഹൈക്കമാന്ഡിന്റെയും ശക്തമായ പിന്തുണയുള്ളതിനാൽ, നിയമപ്രശ്നങ്ങൾക്കിടയിലും സിദ്ധരാമയ്യ രാജിവെക്കാൻ സാധ്യതയില്ല.

രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന തരത്തിലാണ് നിലവിൽ സിദ്ധരാമയ്യയും കോൺഗ്രസും വിഷയത്തെ കാണുന്നത്. പിന്നാക്ക സമുദായത്തിൽപ്പെട്ട താന് രണ്ടാം തവണയും മുഖ്യമന്ത്രിയായതിനാലാണ് പ്രതിപക്ഷമായ ബിജെപി തന്നെ ലക്ഷ്യമിടുന്നതെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. ഗവർണറുടേത് ഭരണഘടനാ വിരുദ്ധമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമപരമായി മുൻപോട്ട് പോകുമെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. തന്റെ മുഖ്യമന്ത്രി പദവി അടിയറ വയ്ക്കാതിരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ സിദ്ധരാമയ്യ. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണം കടുപ്പിക്കുകയും അന്വേഷണ ഏജൻസികൾ നീക്കം ശക്തമാക്കുകയും ചെയ്യുമ്പോൾ എത്രകാലം സിദ്ധരാമയ്യയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image