നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഹരിയാനയിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വിധിനിർണ്ണയിച്ച സാമുദായിക ഘടകങ്ങൾ ഇപ്പോഴും പ്രസക്തമാണ്. അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഭരണവിരുദ്ധ വികാരത്തെ മാത്രം മറികടന്നാൽ പേരായെന്ന വെല്ലുവിളിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ സാമുദായിക സമവാക്യങ്ങളെ കൂടി അനുകൂലമാക്കിയെടുത്താൽ മാത്രമെ ബിജെപിയ്ക്ക് ഭരണം നിലനിർത്താൻ സാധിക്കുകയുള്ളു. ഹരിയാനയിലെ പ്രബലവിഭാഗമായ ജാട്ടുകളുടെ അതൃപ്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് തിരിച്ചടിയായ പ്രധാനഘടകങ്ങളിലൊന്ന്. ഒക്ടോബർ 1ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജാട്ടുകളുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേത് പോലെ ജാട്ട് ഇതര സമുദായങ്ങളെ ഒപ്പം നിർത്തുക എന്ന തന്ത്രം തന്നെയാവും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും പയറ്റുകയെന്നാണ് വിലയിരുത്തൽ. ജാട്ട് v/s ജാട്ട് ഇതര സമുദായങ്ങൾ എന്ന സമവാക്യം തിരഞ്ഞെടുപ്പിൽ അനുകൂലമാക്കാനാണ് ബിജെപി നീക്കം.
ഹരിയാനയിലെ ഏറ്റവും പ്രബലരായ സാമുദായിക വിഭാഗമാണ് ജാട്ടുകൾ. ഹരിയാനയിലെ ആകെ ജനസംഖ്യയുടെ 27 ശതമാനവും ജാട്ടുകളാണ്. ജാട്ട് വിഭാഗത്തിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധിക്കുന്ന ഏതാണ്ട് 37ഓളം സീറ്റുകൾ ഹരിയാനയിലുണ്ട്. ഏതാണ്ട് 20 ശതമാനത്തിൽ ഏറെയാണ് ഇവിടുത്തെ ജാട്ട് ജനസംഖ്യ. ജാട്ട് ജനസംഖ്യ 10 ശതമാനത്തോളം വരുന്ന അൻപതിനടുത്ത് സീറ്റുകളിലും ജാട്ട് വോട്ട് നിർണ്ണായകമാണ്. ഇവർക്ക് ഗണ്യമായ സ്വാധീനമുള്ള ഹിസാർ, റോഹ്തക് ഡിവിഷനുകളിൽ ജാട്ട് നിലപാട് തന്നെയാവും ഇത്തവണയും വിധി നിർണ്ണയിക്കുക. ഈ രണ്ട് ഡിവിഷനുകളിലുമായി 30 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇവിടെ നിന്ന് പകുതിയിൽ താഴെ സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിലും ജാട്ടുകൾ പ്രബലരായിരുന്നു. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തിയവരുടെ ജാതി പ്രാതിനിധ്യം പരിശോധിച്ചാൽ 60 ശതമാനം കാലയളവിലും മുഖ്യമന്ത്രിമാരായിരുന്നത് ജാട്ട് വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോഴാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ടുകളുടെ നിലപാട് നിർണ്ണായകമാണെന്ന വിലയിരുത്തലുകളുണ്ടാകുന്നത്.
ഒബിസി വിഭാഗത്തിൽ നിന്നുതന്നെയുള്ള നയാബ് സിങ് സൈനിയെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സംസ്ഥാന പ്രസിഡൻ്റിനെ പരിഗണിച്ചപ്പോഴും ബിജെപി ജാട്ട് വിഭാഗത്തെ തഴഞ്ഞിരുന്നു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മോഹൻ ലാൽ ബദോളിയെയാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്
നിലവിലെ സാഹചര്യത്തിൽ ജാട്ടുകൾ ബിജെപിക്ക് എതിരാകുന്ന നിരവധി ഘടകങ്ങൾ ഹരിയാനയിലുണ്ട്. മുഖ്യമന്ത്രി പദം പോലുള്ള കീപോസ്റ്റുകളിൽ ജാട്ടുകളെ ബിജെപി പരിഗണിക്കുന്നില്ല എന്നതാണ് അതിൽ പ്രധാനം. 2014ൽ അധികാരത്തിലെത്തിയ ബിജെപി ജാട്ട് വിഭാഗത്തിൽ നിന്നുള്ള ക്യാപ്റ്റൻ അഭിമന്യുവിന് പകരം ഒബിസി വിഭാഗത്തിൽ നിന്നുള്ള മനോഹർ ലാൽ ഖട്ടറിനെയാണ് മുഖ്യമന്ത്രിയായി നിയോഗിച്ചത്. ഇത് ജാട്ട് വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചപ്പോഴും പകരം ജാട്ട് വിഭാഗത്തെ പരിഗണിച്ചില്ല. ഒബിസി വിഭാഗത്തിൽ നിന്നുതന്നെയുള്ള നയാബ് സിങ് സൈനിയെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സംസ്ഥാന പ്രസിഡൻ്റിനെ പരിഗണിച്ചപ്പോഴും ബിജെപി ജാട്ട് വിഭാഗത്തെ തഴഞ്ഞിരുന്നു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മോഹൻ ലാൽ ബദോളിയെയാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. രാജസ്ഥാനിലും സമാനമായ നിലയിൽ പാർട്ടി-ഭരണ നേതൃത്വത്തിൽ ജാട്ട് വിഭാഗം പരിഗണിക്കപ്പെട്ടിരുന്നില്ല.
കർഷക സമരങ്ങളുടെ ഭാഗമായി ജാട്ട് വിഭാഗത്തിന് മോദി ഭരണകൂടത്തോട് അതൃപ്തിയുണ്ട്. ഗുസ്തിതാരങ്ങളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടും ജാട്ട് വിഭാഗത്തിൻ്റെ ബിജെപി വിരുദ്ധതയ്ക്ക് കാരണമായിരുന്നു. സാധാരണ സൈനികരുടെ സ്ഥിരനിയമനത്തെ ബാധിക്കുന്ന അഗ്നിപഥ് പദ്ധതിയോടും ജാട്ടുകൾക്ക് വിയോജിപ്പുണ്ട്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള യുവാക്കളുടെ പ്രധാനപ്പെട്ട തൊഴിൽ സാധ്യതയാണ് സൈനിക റിക്രൂട്ട്മെന്റ്. അഗ്നിപഥ് പദ്ധതി ഈ അവസരം ഇല്ലാതാക്കിയെന്ന പൊതുവികാരം ജാട്ട് വിഭാഗത്തിനിടയിൽ ശക്തമാണ്.
'36 ബിരാദ്രി' എന്ന് കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര സിങ്ങ് ഹൂഡ അടിവരയിട്ട് പറയാൻ ശ്രമിക്കുന്നുണ്ട്. ഹരിയാനയിലെ എല്ലാ ജാതികളും സമുദായങ്ങളും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രാദേശിക പദമാണ് '36 ബിരാദ്രി.' ബിജെപി നീക്കത്തിന് ബദലായി സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വരുന്ന ജാട്ട്, മുസ്ലിം, പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിർത്താനാണ് കോൺഗ്രസിൻ്റെ ശ്രമം.
ജാട്ട് വിഭാഗം കോൺഗ്രസിന് അനുകൂലമാണ് എന്ന പ്രതീതി ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരേ സമയം കോൺഗ്രസിന് ബാധ്യതയും സാധ്യതയുമാണ് ഈ വിവരണം. അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. '36 ബിരാദ്രി' എന്ന് കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര സിങ്ങ് ഹൂഡ അടിവരയിട്ട് പറയാൻ ശ്രമിക്കുന്നുണ്ട്. ഹരിയാനയിലെ എല്ലാ ജാതികളും സമുദായങ്ങളും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രാദേശിക പദമാണ് '36 ബിരാദ്രി.' ബിജെപി നീക്കത്തിന് ബദലായി സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലേറെ വരുന്ന ജാട്ട്, മുസ്ലിം, പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിർത്താനാണ് കോൺഗ്രസിൻ്റെ ശ്രമം. ഐഎൻഎൽഡി-ബിഎസ്പി സഖ്യം കോൺഗ്രസിൻ്റെ പട്ടികജാതി വോട്ട് ബാങ്കിനെ ഭിന്നിപ്പിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
ജാട്ടുകളും ജാട്ടിതര സാമുദായിക വിഭാഗങ്ങളും തമ്മിലുള്ള മത്സരം എന്ന ധ്രുവീകരണത്തിനാണ് അതിനാൽ തന്നെ ബിജെപി ശ്രമം. ഒബിസി-മുന്നാക്ക സമുദായിക സമവാക്യം രൂപപ്പെടുത്തുകയാണ് ഇതുവഴി ബിജെപി ലക്ഷ്യം വെയ്ക്കുന്നത്
ജാട്ടുകളും ജാട്ടിതര സാമുദായിക വിഭാഗങ്ങളും തമ്മിലുള്ള മത്സരം എന്ന ധ്രുവീകരണത്തിനാണ് അതിനാൽ തന്നെ ബിജെപി ശ്രമം. ഒബിസി-മുന്നാക്ക സമുദായിക സമവാക്യം രൂപപ്പെടുത്തുകയാണ് ഇതുവഴി ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പദവിയിലേയ്ക്ക് ഒബിസി വിഭാഗത്തിൽ നിന്നുള്ള നയാബ് സിങ് സൈനിയെയും സംസ്ഥാന പ്രസിഡൻ്റ് പദവിയിലേയ്ക്ക് ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മോഹൻ ലാൽ ബദോളിയെയും ബിജെപി പരിഗണിച്ചത് ഈ നിലയിൽ ഒബിസി, ബ്രാഹ്മണ, ബനിയ, അറോറ/ഖാത്രി വോട്ടുകൾ ഏകീകരിക്കാനാണ്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സാമുദായിക വിഭാഗങ്ങളുടെ പ്രതികരണവും ഇരുവിഭാഗവും സൂക്ഷമമായി വിലയിരുത്തിയിട്ടുണ്ടാവും. ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ 64 ശതമാനം ജാട്ടുകൾ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തെ പിന്തുണച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019നെ അപേക്ഷിച്ച് 31 ശതമാനത്തിൻ്റെ വർദ്ധന. 2024ൽ 27 ശതമാനം ജാട്ടുകൾ ബിജെപിയെ പിന്തുണച്ചിരുന്നു. 2019ൽ ഈ വിഭാഗത്തിൽ നിന്നുള്ള 50 ശതമാനം പേർ ബിജെപിയെ പിന്തുണച്ചിരുന്നു. പട്ടികജാതി വിഭാഗങ്ങളിൽ, 68 ശതമാനം പേരും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തെ പിന്തുണച്ചിരുന്നു. 24 ശതമാനമാണ് ബിജെപിയെ പിന്തുണച്ചത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് കോൺഗ്രസിന് കരുത്താകുന്നത്. ബിജെപിക്കൊപ്പം അഞ്ച് സീറ്റ് നേടി ശക്തി തെളിയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റമാണ്. 2019 ഹരിയാനയിലെ ആകെയുള്ള പത്ത് ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് അടിയറവ് പറഞ്ഞിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ടുകൾ നേടിയായിരുന്നു കോൺഗ്രസ് കരുത്ത് കാണിച്ചത്. ഭരണത്തിലുള്ള ബിജെപിക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന് കരുത്തായത് ജാട്ട് വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച അഞ്ചിൽ നാലു സീറ്റുകളും ജാട്ട് സ്വാധീന മേഖലകളിൽ നിന്നുള്ളവയായിരുന്നു. കോൺഗ്രസ് വിജയിച്ച ഹിസാർ, സിർസ, സോനിപത്, റോഹ്തക് സീറ്റുകൾ ജാട്ടുകൾക്ക് ആധിപത്യമോ ഗണ്യമായ സ്വാധീനമോ ഉള്ള മേഖലകളാണ്. എന്നാൽ പൂർണമായി ജാട്ട് വിഭാഗത്തിൻ്റെ പാർട്ടിയെന്ന പ്രതീതി തിരച്ചടിയാകുമെന്ന് കോൺഗ്രസും തിരിച്ചറിയുന്നുണ്ട്.
നിലവിൽ ഭൂപേന്ദ്ര സിങ് ഹൂഡ-ദീപക് ബാബറിയ കൂട്ടുകെട്ടിനെതിരെ കുമാരി ഷെൽജ- രൺദീപ് സിങ് സുർജേവാല കൂട്ടുകെട്ട് ഉയർന്ന് വന്നിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് വെല്ലുവിളിയാവുക ഈ നിലയിൽ പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന വിഭാഗിയ നീക്കങ്ങളാകും
എന്നാൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ, മുതിർന്ന നേതാവ് ദീപക് ബാബറിയ, മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ, രൺദീപ് സിങ് സുർജേവാല എന്നീ പ്രധാന നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതകളാണ് കോൺഗ്രസിൻ്റെ സാധ്യതകൾക്ക് മേലെ കരിനിഴൽ വീഴ്ത്തുന്നത്. നേരത്തെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഭൂപേന്ദ്ര സിങ്ങ് ഹൂഡയ്ക്കും ദീപക് ബാബറിയ്ക്കുമെതിരെ കുമാരി ഷെൽജ ഉന്നയിച്ചിരുന്നു. പാർട്ടി ഭരണത്തിലായിരിക്കുമ്പോൾ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിക്കുന്നതാണ് രീതിയെന്നും എന്നാൽ പ്രതിപക്ഷത്തായിരിക്കുമ്പോൾ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തി കാണിക്കുന്ന രീതിയില്ലെന്നുമായിരുന്നു നേരത്തെ കുമാരി ഷെൽജയുടെ പരസ്യമായി പ്രതികരണം. ഹൂഡയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്ന പരസ്യപ്രഖ്യാപനം എന്ന നിലയിലാണ് ഇത് വായിക്കപ്പെട്ടത്. നിലവിൽ ഭൂപേന്ദ്ര സിങ് ഹൂഡ-ദീപക് ബാബറിയ കൂട്ടുകെട്ടിനെതിരെ കുമാരി ഷെൽജ- രൺദീപ് സിങ് സുർജേവാല കൂട്ടുകെട്ട് ഉയർന്ന് വന്നിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് വെല്ലുവിളിയാവുക ഈ നിലയിൽ പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന വിഭാഗിയ നീക്കങ്ങളാകും.
ജാട്ട് വിരോധവും ഭരണവിരുദ്ധ വികാരവും മറികടക്കുക ബിജെപിയെ സംബന്ധിച്ച് എളുപ്പമല്ല. മോദി പ്രഭാവത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന പ്രതീക്ഷയും ഇത്തവണയില്ല. മോദി പ്രഭാവം മങ്ങിയെന്നതിൻ്റെ സൂചനയായി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാറിയിരുന്നു. കരിസ്മയുള്ള സംസ്ഥാന നേതാക്കളുടെ അഭാവവും ബിജെപിക്ക് തിരിച്ചടിയാണ്. ദുഷ്യന്ത് ചൗതാലയുടെ ജെജെപിയുമായി സഖ്യം പിരിഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. ജാട്ട് വിഭാഗത്തിനിടയിൽ സ്വാധീനമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ജെജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിന്റെ ഒരു ശതമാനം പോലും നേടാനായിരുന്നില്ല. മാത്രമല്ല ജെജെപിക്കൊപ്പം നിന്ന ഏതാനും നേതാക്കളെ ബിജെപി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. ജാട്ട് വിഭാഗത്തെ തൃപ്തിപ്പെടുത്താൻ ഈ വിഭാഗത്തിൽപ്പെട്ട കിരൺ ചൗധരിയെ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബിജെപി.
കർഷക രോഷവും ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. കർഷക രോഷം ശമിപ്പിക്കാൻ സ്വീകരിച്ച പൊടിക്കൈകൾ പക്ഷെ കർഷക സംഘടനകൾ അംഗീകരിച്ചിട്ടില്ല. നേരത്തെ പത്ത് ഉൽപ്പന്നങ്ങൾക്ക് ഹരിയാന സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഒൻപത് വിളകൾക്ക് കൂടി താങ്ങുവില പ്രഖ്യാപിക്കുമെന്നാണ് സക്കാരിൻ്റെ ഉറപ്പ്. ഇതൊന്നും പക്ഷെ കർഷക സംഘടനകൾ അംഗീകരിച്ചിട്ടില്ല
അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നിരിക്കുന്ന പ്രതിഷേധത്തിന് പിന്നാലെ അഗ്നിവീറുകൾക്ക് ജോലി സംവരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണം നീക്കിവെയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കർഷക രോഷവും ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. കർഷക രോഷം ശമിപ്പിക്കാൻ സ്വീകരിച്ച പൊടിക്കൈകൾ പക്ഷെ കർഷക സംഘടനകൾ അംഗീകരിച്ചിട്ടില്ല. നേരത്തെ പത്ത് ഉൽപ്പന്നങ്ങൾക്ക് ഹരിയാന സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഒൻപത് വിളകൾക്ക് കൂടി താങ്ങുവില പ്രഖ്യാപിക്കുമെന്നാണ് സക്കാരിൻ്റെ ഉറപ്പ്. ഇതൊന്നും പക്ഷെ കർഷക സംഘടനകൾ അംഗീകരിച്ചിട്ടില്ല. എന്തായാലും സർക്കാർ വിരുദ്ധ പ്രചാരണത്തിനായി രംഗത്തിറങ്ങാൻ ഒരു വിഭാഗം കർഷക സംഘടനകൾ നീക്കം നടത്തുന്നുണ്ട്. ഈ നിലയിൽ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചാണ്ബിജെപി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.