ഫറൂഖും ഒമർ അബ്ദുള്ളയും ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത ബിജെപി സഖ്യകാലം; ജെകെഎൻസി അടിപതറിയ കാലം

ചരിത്രപരമായ അബദ്ധം എന്ന് നാഷണൽ കോൺഫറൻസ് പിന്നീട് വിലയിരുത്തിയ ആ തീരുമാനത്തിന്റെ പ്രത്യാഘാതം പക്ഷെ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ

dot image

'അതൊരു വലിയ തെറ്റായിരുന്നു, സഖ്യത്തിൽ നിന്ന് അപ്പോഴേ പിന്മാറണമായിരുന്നു. ഒമർ എന്നോട് അപ്പോഴേ പറഞ്ഞതാണ്. പക്ഷെ കശ്മീരിനെ ഒരു വലിയ പ്രതുസന്ധിയിൽ നിന്ന് എനിക്ക് കരകയറ്റണമായിരുന്നു'

ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ അന്നത്തെ തലവനും, കശ്മീർ രാഷ്ട്രീയത്തിലെ അതികായനുമായ ഫാറൂഖ് അബ്ദുള്ള ഒരു കുറ്റസമ്മതമെന്ന രൂപേണ നടത്തിയ പരാമർശമാണിത്. പ്രത്യയശാസ്ത്രപരമായി ഏറെ അകലം പാലിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി, അനഭിമതമായ ഒരു രാഷ്ട്രീയ സഖ്യം നാഷണൽ കോൺഫറൻസ് സ്വീകരിച്ചുവെന്ന വിമർശനം അക്കാലത്ത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉയർന്നിരുന്നു. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കും അതേ അഭിപ്രായമാണെന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ പ്രഖ്യാപിച്ചു. ചരിത്ര പരാജയമായിരുന്നു ആ തിരഞ്ഞെടുപ്പിൽ ജെകെഎൻസിക്കുണ്ടായത്. ആ തിരഞ്ഞെടുപ്പിനെ ഓർത്തെടുത്ത ശേഷമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഈ പ്രതികരണമുണ്ടായത്. 1999ലെ എൻഡിഎ കേന്ദ്രസർക്കാരിൽ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് ഒരു സഖ്യകക്ഷിയായത് കശ്മീരിലെ ജനങ്ങൾക്കിടയിൽ ചെറിയ ഞെട്ടലല്ല ഉണ്ടാക്കിയത്. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സഖ്യങ്ങൾ അനവധിയുണ്ടായിട്ടുണ്ടെങ്കിലും, നാഷണൽ കോൺഫറൻസ് ഇനിയൊരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒന്നായിരുന്നു ബിജെപിയ്ക്ക് കൈകൊടുത്ത ആ കാലഘട്ടം.

1999ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ വാജ്പേയി സർക്കാരിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് സഖ്യകക്ഷിയായി മാറിയത്. ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച ഒമർ അബ്ദുള്ള അന്ന് കേന്ദ്രമന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രിയായി സ്ഥാനമേറ്റു

1999ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ വാജ്പേയി സർക്കാരിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് സഖ്യകക്ഷിയായി മാറിയത്. ശ്രീനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച ഒമർ അബ്ദുള്ള അന്ന് കേന്ദ്രമന്ത്രിസഭയിൽ വാണിജ്യ വ്യവസായ മന്ത്രിയായി സ്ഥാനമേറ്റു. രണ്ട് വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രിയാവുകയും ചെയ്തു. 370-ാം വകുപ്പ്, പ്രത്യയശാസ്ത്രം തുടങ്ങിയവയിലെല്ലാം സംഘപരിവാറിന് നേർ വിപരീത ദിശയിൽ നിന്ന നാഷണൽ കോൺഫറൻസ്, ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വലിയ ഞെട്ടലാണ് കശ്മീർ താഴ്വരയിലുണ്ടാക്കിയത്. 'ചരിത്രപരമായ അബദ്ധം' എന്ന് നാഷണൽ കോൺഫറൻസ് പിന്നീട് വിലയിരുത്തിയ ആ തീരുമാനത്തിന്റെ പ്രത്യാഘാതം പക്ഷെ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

കശ്മീർ നേരിട്ടിരുന്ന അസ്ഥിരതകൾക്കെല്ലാം വാജ്പേയി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാഷണൽ കോൺഫറൻസ് എൻഡിഎയ്ക്ക് കൈകൊടുത്ത്. വാജ്പേയിയുടേത് നമ്മുടെ സ്വന്തം സർക്കാരാണെന്നും, അദ്ദേഹം മികച്ച വ്യക്തിയാണെന്നുമെല്ലാം വാതോരാതെ പറഞ്ഞുനടന്നയാളായിരുന്നു അന്ന് ഫറൂഖ് അബ്ദുള്ള. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയേക്കാൾ വാജ്പേയി എന്ന വ്യക്തിയെ മാത്രം വിശ്വസിച്ച ഫാറൂഖിനെയും പാർട്ടിയെയും, പക്ഷെ കശ്മീരിലെ ജനങ്ങൾ വിശ്വാസവഞ്ചകരായി കണ്ട് അപ്പാടെ തള്ളിക്കളയുകയാണ് ചെയ്തത്. 2002ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഇതുവരെയില്ലാത്ത കനത്ത തോൽവി നേരിട്ടു. പക്ഷെ എവിടെയാണ് തങ്ങൾക്ക് പിഴച്ചതെന്ന കാര്യത്തിൽ ഫാറൂഖിന് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല!

2002 ഫെബ്രുവരി 27നായിരുന്നു രാജ്യത്തെ ആകെ നടുക്കിയ ഗുജറാത്ത് കലാപം അരങ്ങേറിയത്. എണ്ണൂറോളം മുസ്ലിങ്ങൾക്ക് ജീവൻ നഷ്ടമായ കലാപം കാശ്മീർ താഴ്വരയിൽ വൈകാരികമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത്. ഈ സമയത്തെല്ലാം ഒമർ അബ്ദുള്ള വാജ്പേയി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്നു

2002 ഫെബ്രുവരി 27നായിരുന്നു രാജ്യത്തെ ആകെ നടുക്കിയ ഗുജറാത്ത് കലാപം അരങ്ങേറിയത്. എണ്ണൂറോളം മുസ്ലിങ്ങൾക്ക് ജീവൻ നഷ്ടമായ കലാപം കാശ്മീർ താഴ്വരയിൽ വൈകാരികമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത്. ഈ സമയത്തെല്ലാം ഒമർ അബ്ദുള്ള വാജ്പേയി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരുന്നു. കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മാസങ്ങൾക്ക് മുൻപ് നടന്ന കലാപത്തെ മുഫ്തി മുഹമ്മദ് സയ്യിദിന്റെ പിഡിപി പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കി. ഒമർ അബ്ദുള്ളയ്ക്കെതിരെ വേട്ടക്കാർക്കൊപ്പം പ്രവർത്തിക്കുന്നയാൾ എന്ന തരത്തിലുള്ള പ്രചാരണമാണ് പിഡിപി ഏറ്റെടുത്തുനടത്തിയത്. ബിജെപി നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ അംഗമായതോട് കൂടി ജനസമ്മിതി പാടെ ഇടിഞ്ഞ നാഷണൽ കോൺഫറൻസ് തങ്ങൾ ഇതുവരെ നേരിട്ടിരുന്നില്ലാത്ത തോൽവിയാണ് കശ്മീരിൽ ആ വർഷം ഏറ്റുവാങ്ങിയത്. 1996ൽ 87ൽ 57 സീറ്റുകൾ നേടിയ പാർട്ടി 2002ൽ വെറും 28 സീറ്റുകളിലേക്ക് തകർന്നടിഞ്ഞു. പ്രധാന ശക്തികേന്ദ്രമായിരുന്ന കശ്മീർ താഴ്വരയിലും പാർട്ടി കനത്ത തിരിച്ചടി നേരിട്ടു.

തോൽവിയിലും വാജ്പേയിയെ കൈവിടാൻ നാഷണൽ കോൺഫറൻസ് ഒരുക്കമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. മുസ്ലിങ്ങൾക്കെതിരെ ഗുജറാത്തിൽ വ്യാപക അക്രമം ഉണ്ടായിട്ടും എന്തുകൊണ്ട് ഒമർ രാജിവെച്ച് പ്രതിഷേധിച്ചില്ല എന്ന ചോദ്യത്തിന്റെ ഉത്തരം, വായ്പേയിയോട് ഒമറിനും ഫറൂഖിനും ഉള്ള വ്യക്തിപരമായ അടുപ്പത്തിന്റെ സൂചന കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. കലാപത്തെ തുടർന്ന് വലിയ ബിജെപി വിരുദ്ധ വികാരമാണ് കശ്മീരിൽ ഉണ്ടായത്. ആ സമയത്തും ഒമർ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്നു. കലാപമുണ്ടായ ഉടൻ തന്നെ പ്രതിഷേധം അറിയിച്ചുകൊണ്ട് താൻ രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്ന് ഒമർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ വാജ്പേയി രാജി അംഗീകരിച്ചില്ലത്രെ !

എന്തുകൊണ്ട് പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നില്ല എന്ന ചോദ്യത്തിന് 'I Did Not Press' എന്നായിരുന്നു ഒമറിന്റെ മറുപടി. രാജി ആവശ്യം വാജ്പേയി തള്ളിയ ശേഷം താൻ അദ്ദേഹത്തെ നിർബന്ധിച്ചില്ലെന്നും അങ്ങനെ താൻ ചെയ്തിരുന്നെങ്കിൽ ഗുജറാത്ത് കലാപത്തിന് കാരണക്കാരനായി വാജ്പേയി ചിത്രീകരിക്കപ്പെട്ടേനെ എന്ന ആശങ്ക തനിക്കുണ്ടായിരുന്നതായും ഒമർ പിന്നീട് പറഞ്ഞിരുന്നു

എന്തുകൊണ്ട് പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നില്ല എന്ന ചോദ്യത്തിന് 'I Did Not Press' എന്നായിരുന്നു ഒമറിന്റെ മറുപടി. രാജി ആവശ്യം വാജ്പേയി തള്ളിയ ശേഷം താൻ അദ്ദേഹത്തെ നിർബന്ധിച്ചില്ലെന്നും അങ്ങനെ താൻ ചെയ്തിരുന്നെങ്കിൽ ഗുജറാത്ത് കലാപത്തിന് കാരണക്കാരനായി വാജ്പേയി ചിത്രീകരിക്കപ്പെട്ടേനെ എന്ന ആശങ്ക തനിക്കുണ്ടായിരുന്നതായും ഒമർ പിന്നീട് പറഞ്ഞിരുന്നു. മോദിയാണ് കലാപത്തിന് കാരണക്കാരനെന്നും അതുകൊണ്ടായിരുന്നു വാജ്പേയിയെ തന്റെ രാജി അംഗീകരിക്കാൻ പിന്നീട് നിർബന്ധിക്കാത്തതെന്നും ഒമർ തുറന്നുപറഞ്ഞിരുന്നു.

കശ്മീരിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സഖ്യങ്ങൾ പലതുണ്ടായിട്ടുണ്ട്. കശ്മീരികൾ തന്നെ അവയെ കൊള്ളേണ്ടതെന്നും തള്ളേണ്ടതെന്നും വേർതിരിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസുമാി നാഷണൽ കോൺഫറൻസും, പിഡിപിയും വിവിധ കാലങ്ങളിൽ സഖ്യമുണ്ടാക്കിയപ്പോൾ ജനങ്ങൾ ഇരുവർക്കും കൈകൊടുത്തിട്ടുണ്ട്. എന്നാൽ തീവ്ര വലതുപക്ഷ നിലപാടുകളുള്ള ബിജെപിയെ അകറ്റിനിർത്തുന്ന രാഷ്ട്രീയ നിലപാടാണ് എല്ലാക്കാലത്തും കശ്മീരികൾ സ്വീകരിച്ചിട്ടുള്ളത്. ക്ഷെ 2014ൽ ബിജെപിക്കെതിരെ ഏറ്റവും കൂടുതൽ ആഞ്ഞടിച്ച് പ്രചാരണം നടത്തിയ പിഡിപി തന്നെ പിന്നീട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട് സർക്കാരുണ്ടാക്കി എന്നതാണ് കാശ്മീർ രാഷ്ട്രീയത്തിലെ ഏറ്റവും വൈരുധ്യം നിറഞ്ഞ ഏട്. ഇതേ വർഷം സർക്കാരുണ്ടാക്കാൻ നാഷണൽ കോൺഫറൻസും ബിജെപിയെ സമീപിച്ചിരുന്നു എന്നതും ജനങ്ങൾ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു.

നിലവിൽ ഇൻഡ്യ മുന്നണിയിലുള്ള നാഷണൽ കോൺഫറൻസ് ഇനിയൊരിക്കലും തുറന്ന് പരിശോധിക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു ഏടാണ് ബിജെപിയുമായി ഉണ്ടാക്കിയ 1999ലെ സഖ്യം. പ്രത്യയശാസ്ത്ര വ്യത്യാസത്തിന് പുറമെ നാഷണൽ കോൺഫറൻസിന്റെ അടിസ്ഥാന ആശയ തത്വങ്ങൾക്ക് നേർ വിപരീതമാണ് എല്ലാക്കാലത്തും ബിജെപിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ. അത്തരമൊരു രാഷ്ട്രീയപ്രസ്ഥാനവുമായി സന്ധി ചെയ്തതിനും സഖ്യമുണ്ടാക്കിയതിനും ജെകെഎൻസിക്ക് ജനങ്ങൾ നൽകിയ ഏറ്റവും വലിയ മുന്നറിയിപ്പായിരുന്നു 2002ലെ ചരിത്രപരമായ തോൽവി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us