കങ്കണ പിടിച്ച പുലിവാലുകൾ; രാഷ്ട്രീയ വിവാദങ്ങളുടെ എണ്ണമെടുക്കാനാവാതെ ബിജെപി, ഒടുവില് 18ാമത്തെ അടവ്

കങ്കണ പിടിച്ച പുലിവാലുകളുടെ എണ്ണം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് നിലവിൽ ബിജെപി

dot image

നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയും വാർത്തയിൽ ഇടം പിടിക്കുകയും ചെയുന്ന ആളാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണൗത്ത്. കങ്കണയുടെ, അവസരം നോക്കാതെയുള്ള ഈ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. കർഷക സമരത്തെ പറ്റിയുള്ള കങ്കണയുടെ പ്രസ്താവനയാണ് ഏറ്റവും പുതിയതായി പാർട്ടിയെ ചുറ്റിച്ചിരിക്കുന്നത്. ഇനി മുതൽ പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ല എന്ന് താക്കീത് നൽകിയിട്ടുമുണ്ട്. കങ്കണയ്ക്ക് ഇത്തരത്തിൽ പാർട്ടിയെ പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ അനുവാദമോ അധികാരമോ ഇല്ലെന്നും പാർട്ടി വ്യക്തമാക്കി. കർഷക സമരത്തെ മുൻനിർത്തി കങ്കണ പറഞ്ഞ പല പ്രസ്താവനകളും മുമ്പും വിവാദമായിരുന്നു.

കങ്കണയെ കുടുക്കിയ വിവാദം

'കർഷക നിയമങ്ങൾ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിലേതു പോലെയുള്ള സാഹചര്യം ഇന്ത്യയിലും ഉണ്ടായേനെ. കർഷകരുടെ പ്രതിഷേധത്തിനിടെ മനുഷ്യ ശരീരങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗങ്ങൾ നടക്കുകയും ചെയ്യുമായിരുന്നു. സമരത്തിന് പിന്നിൽ ചൈനയും യുഎസും ആണ്.' - ഈ പ്രസ്താവനയാണ് കങ്കണയെ കുടുക്കിയത്. പിന്നാലെ പാർട്ടി, ആരോപണത്തെ പിന്തുണയ്ക്കുന്നില്ലെന്നും വിയോജിപ്പുണ്ടെന്നും അറിയിച്ചു. കങ്കണ ഒരു സ്വകാര്യ ഇന്റർവ്യൂവിൽ പറഞ്ഞ ഈ പ്രസ്താവനയുടെ ഒരു ഭാഗം എക്സിൽ ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്.

കങ്കണയുടെ വിവാദ പ്രസ്താവനകൾ

രാഷ്ട്രീയ പ്രവേശനത്തിന് മുൻപും പിൻപും നിരവധി വിവാദ പ്രസ്താവനകൾ കങ്കണ നടത്തിയിട്ടുണ്ട്. എന്നാൽ എംപി ആയതിന് ശേഷം ഉണ്ടാക്കിയ വിവാദങ്ങളിൽ പാർട്ടിയും പ്രതിസന്ധിയിൽ ആയി. നിരവധി തവണ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ച ആയെങ്കിലും കങ്കണ തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.

വിനേഷ് ഫോഗട്ടിനെ മത്സരിക്കാൻ അനുവദിച്ച മോദി 'മഹാൻ' :-

ഇന്ത്യയെ പ്രതിനിധീകരിച്ച് പാരീസ് 2024 ഒളിമ്പിക്സിൽ വനിതകളുടെ 50 കി.ഗ്രാം ക്യാറ്റഗറിയിൽ വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കങ്കണ ഇട്ട ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാദത്തിൽ ചെന്നെത്തിയത്. വിനേഷിന്റെ സെമി ഫൈനലിലെ വിജയത്തിൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ ആയിരുന്നു വിനേഷിന് പരിശീലന സഹായങ്ങൾ നൽകിയ മോദി ഗവൺമെന്റിനെ പ്രകീർത്തിച്ചുള്ള കങ്കണയുടെ സ്റ്റോറി.

'മോദിയുടെ കുഴി തോണ്ടും' എന്ന് പറഞ്ഞ വിനേഷ് ഫോഗട്ടിനെ ഒളിംപിക്സിൽ പങ്കെടുക്കാൻ സമ്മതിച്ചെന്നും മികച്ച പരിശീലനത്തിന് അവസരങ്ങൾ നൽകിയെന്നും, ജനാധിപത്യത്തിന്റെയും മഹാനായ ഒരു നേതാവിന്റെയും സൗന്ദര്യമാണിതെന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതിനെതിരെ വലിയ വിമർശങ്ങൾ ഉയർന്നിരുന്നു, ജനാധിപത്യ വ്യവസ്ഥയിൽ ഒരു നേതാവിനെതിരെ വിമർശിച്ചതിന് അവസരങ്ങൾ നഷ്ടപെടുത്താനാകില്ലെന്നും, ഇതിൽ ഗവൺമെന്റിന് പ്രസക്തി ഇല്ലെന്നും വിമര്ശനങ്ങൾ ഉയർന്നു. വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും ചർച്ചകൾ ഉയർന്നു.

100 രൂപക്ക് വേണ്ടി സ്ത്രീകൾ കർഷക സമരത്തിൽ പങ്കെടുക്കുന്നു :-

സ്ത്രീകൾ പണത്തിന് വേണ്ടിയാണ് കർഷക സമരത്തിൽ പങ്കെടുക്കുന്നതെന്ന് കങ്കണ പരിഹസിക്കുകയുണ്ടായി. ഇതേ തുടർന്ന് സിഐഎസ്എഫ് കോൺസ്റ്റബിൾ കങ്കണയെ മർദിച്ചിരുന്നു. തന്റെ അമ്മ കൂടി ഭാഗമായ സമരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് കങ്കണയുടെ പ്രസ്താവന എന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനെ തുടർന്ന് കങ്കണ, പഞ്ചാബിൽ തീവ്രവാദം കൂടി വരികയാണെന്ന് പറഞ്ഞ് വീണ്ടും വിവാദ പ്രസ്താവന നടത്തി.

ബാർബേഡിയൻ ഗായിക റിഹാനയ്ക്കും, സ്വീഡിഷ് ആക്ടിവിസ്റ് ഗ്രെറ്റ തൻബെർഗിനും എതിരെ അസഭ്യവർഷം

കർഷക സമരത്തിന് പിന്തുണ അറിയിച്ച ഗായിക റിഹാനയെയും, ഗ്രെറ്റ തൻബെർഗിനെയും ആക്ഷേപിച്ചുകൊണ്ടാണ് കങ്കണ തന്റെ പ്രതിഷേധം അറിയിച്ചത്. അശ്ലീല ചുവയോടുകൂടിയാണ് റിഹാനയെ പറ്റി കങ്കണ പ്രതിപാദിച്ചത്, അതേ സമയം ഗ്രെറ്റ തൻബെർഗ് വിദ്യാഭ്യാസം കൃത്യമായി നേടാത്തതുകൊണ്ടാണിങ്ങനെ പറയുന്നതെന്ന തരത്തിലായിരുന്നു പരാമർശം. അശ്ലീല പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

'ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി സുബാഷ് ചന്ദ്ര ബോസ്'

ടൈംസ് നൗന്റെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുബാഷ് ചന്ദ്രബോസാണെന്നും ജവഹർലാൽ നെഹ്റു അല്ലെന്നും കങ്കണ പറഞ്ഞത്. അവകാശവാദം വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചപ്പോൾ, 1943 ൽ തൻ്റെ ഐഎൻഎ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയപ്പോൾ ബോസ് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്നുവെന്ന രീതിയിലേക്ക് കങ്കണ പരാമർശത്തെ മാറ്റിപ്പറഞ്ഞ് തടിതപ്പി.

തൻ്റെ വിവാദ പ്രസ്താവനകളിൽ ഖേദിക്കുന്നില്ല, ഞാൻ ഒരിക്കലും സത്യമല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, താൻ സത്യം പറയുന്നതിൽ എല്ലാവർക്കും ഭയമാണ് എന്നാണ് കങ്കണയുടെ നിലപാട്. കങ്കണ പിടിച്ച പുലിവാലുകളുടെ എണ്ണം എടുക്കാൻ കഴിയാതെ നിൽക്കുകയാണ് നിലവിൽ അവരുടെ പാർട്ടിയായ ബിജെപി. വിലക്കിന് ശേഷമെങ്കിലും വിവാദങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് പാര്ട്ടി നേതൃത്വം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us