'സഖാവ് കമല': കമല ഹാരിസിനെ കമ്മ്യൂണിസ്റ്റാക്കുന്ന ട്രംപിൻ്റെ 'ചുവന്ന ചൂണ്ട'യുടെ ലക്ഷ്യമെന്ത്?

കമലയുടെ പിതാവിൻ്റെ കമ്മ്യൂണിസ്റ്റ് അനുഭാവ പശ്ചാത്തലം ആരോപിച്ച് പുകമറ സൃഷ്ടിക്കാനാണ് ട്രംപിൻ്റെ നീക്കമെങ്കിൽ, കളവ് നൂറ്റൊന്ന് തവണ ആവർത്തിച്ച് സത്യമാക്കി മാറ്റുന്ന പതിവ് ട്രംപ് തന്ത്രത്തിൻ്റെ വികൃതാനുകരണം മാത്രമായി അത് ബാക്കിയാകും

dot image

'അപകടകരമായ പണപ്പെരുപ്പത്തിന് കാരണമായതിന് ശേഷം, സോഷ്യലിസ്റ്റ് വില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സഖാവ് കമല പ്രഖ്യാപിച്ചു.'

'സഖാവ് കമലയും അപകടകാരിയായ ലിബറൽ ടിം വാൾസും ചേർന്ന് ഈ രാജ്യത്തെ ചുട്ടെരിക്കും! 'സോവിയറ്റ് സ്റ്റൈൽ' വില നിയന്ത്രണങ്ങളെ അവർ പിന്തുണയ്ക്കുന്നു.'

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്ന ഘട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങളാണിത്. കമല ഹാരിസിനെ 'സഖാവെ'ന്ന് ട്രംപ് നിരന്തരം അഭിസംബോധന ചെയ്യുന്നതിന് പിന്നിലെ താൽപ്പര്യങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. കമല ഹാരിസിനെ 'സഖാവ് കമല'യെന്ന് ട്രൂത്ത് സോഷ്യൽ, എക്സ് പ്ലാറ്റ്ഫോമുകളിൽ ട്രംപ് വിശേഷിപ്പിച്ചിരുന്നു. കമല ഹാരിസ് ചിക്കാഗോയിൽ കമ്മ്യൂണിസ്റ്റുകളുടെ പരിപാടിയിൽ പങ്കെടുക്കുന്നു എന്ന നിലയിൽ ഇതിനൊപ്പം പ്രചരിച്ച എ ഐ ചിത്രത്തിനെതിരെയും ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്.

കമലയ്ക്കെതിരായ മത്സരത്തിൽ ട്രംപിനെ പിന്തുണയ്ക്കുന്ന ഇലോൺ മസ്കും അവരെ കമ്മ്യൂണിസ്റ്റായി ചിത്രീകരിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരുന്നു 'കമല അക്ഷരാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റാണ്' എന്നായിരുന്നു ഇലോൺ മസ്ക് എക്സിൽ കുറിച്ചത്.

കമലയെ ട്രംപ് കമ്മ്യൂണിസ്റ്റാക്കുന്നതെന്തിന്?

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന് പകരം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമല ഹാരിസ് രംഗത്തെത്തിയതോടെ മത്സരചിത്രം മാറിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തുടക്കത്തിൽ ബൈഡന് മേൽ ട്രംപിനുണ്ടായിരുന്ന മേൽക്കൈ കമലയുടെ വരവോടെ ഇല്ലാതായി എന്നാണ് വിലയിരുത്തപ്പെടുന്നത്. കുടിയേറ്റ വിരുദ്ധതയും വംശീയതയും മുൻനിർത്തിയുള്ള ട്രംപിൻ്റെ തീവ്രവലതുപക്ഷ നിലപാടുകൾക്ക് എതിരെ നിൽക്കാൻ ശേഷിയുള്ള ശക്തയായ എതിരാളിയാണ് കമല ഹാരിസ് എന്നാണ് ഡെമോക്രാറ്റുകളും കണക്കാക്കുന്നത്. അതിനാൽ തന്നെ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ട്രംപിൻ്റെ പുതിയ നീക്കമാണ് കമലയ്ക്ക് ചാർത്തി നൽകിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് പട്ടമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സാമൂഹിക സമത്വത്തെയും അതിനനുസരിച്ചുള്ള സാമ്പത്തിക വിതരണത്തെയും കുറിച്ച് ലിബറൽ ഡെമോക്രാറ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും അതിലും തീവ്രമായി കമ്മ്യൂണിസ്റ്റുകൾക്കും ഉള്ള നിലപാടുകളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ട്രംപ് ഈ നിലയിൽ അഭിപ്രായപ്രകടനം നടത്തുന്നതെന്നും നിരീക്ഷണങ്ങളുണ്ട്

വംശീയതയുടെയും കുടിയേറ്റത്തിൻ്റെയും പേരിൽ വോട്ടർമാരെ ധ്രുവീകരിക്കുക എന്ന അജണ്ടയ്ക്ക് പിന്നാലെയാണ് സാമൂഹിക വീക്ഷണങ്ങളുടെ പേരിലും ധ്രുവീകരണത്തിന് ട്രംപ് ശ്രമിക്കുന്നത്. അമേരിക്കയിലെ കുത്തക മുതലാളിത്ത മൂലധനം നയിക്കുന്ന കമ്പോളാധിഷ്ഠിത സാമ്പത്തിക നയസമീപനങ്ങളെ മൂല്യാധിഷ്ഠിതമായി കാണുന്ന വലിയൊരു വിഭാഗം അമേരിക്കയിലുണ്ട്. ഇവരെ സംബന്ധിച്ച് സ്വകാര്യ മൂലധനവും അതിൻ്റെ വിനിയോഗവും ലാഭകേന്ദ്രീകൃത കമ്പോളവുമെല്ലാം അമേരിക്കയുടെ സവിശേഷമായ കയ്യൊപ്പാണ്. ഇത്തരത്തിൽ ചിന്തിക്കുന്ന വലിയൊരു ജനവിഭാഗത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമാണ് കമലയെ 'സഖാവ്' ആക്കുന്നതിലൂടെ ട്രംപ് നടത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ സാമൂഹിക സമത്വത്തെയും അതിനനുസരിച്ചുള്ള സാമ്പത്തിക വിതരണത്തെയും കുറിച്ച് ലിബറൽ ഡെമോക്രാറ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും അതിലും തീവ്രമായി കമ്മ്യൂണിസ്റ്റുകൾക്കും ഉള്ള നിലപാടുകളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് ട്രംപ് ഈ നിലയിൽ അഭിപ്രായപ്രകടനം നടത്തുന്നതെന്നും നിരീക്ഷണങ്ങളുണ്ട്.

ട്രംപിൻ്റെ ഇതുവരെയുള്ള രീതിവെച്ച് ഈ നിരീക്ഷണങ്ങളെല്ലാം ശരിവെയ്ക്കേണ്ടി വരും. ഒരു വിവരണം, അത് അസത്യമായാലും അർദ്ധ സത്യമായാലും യാഥാർത്ഥ്യമാണെന്ന നിലയിൽ അവതരിപ്പിക്കാനും അത് ചർച്ചയാക്കാനും ട്രംപിനുള്ള അസാമാന്യ വിരുത് നേരത്തെയുള്ള തിരഞ്ഞെടുപ്പുകളിലും വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. അതിനാൽ തന്നെ സാമ്പത്തിക നയസമീപനവുമായി ബന്ധപ്പെട്ട് കമല മുന്നോട്ടുവെച്ചിരിക്കുന്ന കാഴ്ചപ്പാടുകളുടെ മെരിറ്റ് ചർച്ചയാകാതിരിക്കാനും അമേരിക്കയിലെ കച്ചവട-വ്യാവസായിക അപ്പർക്ലാസിൻ്റെയും ബ്രൂറോക്രാറ്റുകളുടെയും പരമ്പരാഗത മുതലാളിത്ത നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനും ട്രംപ് ലക്ഷ്യമിടുന്നു എന്നത് കൂടിയാണ് 'സഖാവ്' വിശേഷണത്തിലൂടെ വ്യക്തമാകുന്നത്.

സാമൂഹ്യ സമത്വം ലക്ഷ്യമിട്ട് മുന്നോട്ട് വയ്ക്കുന്ന നയസമീപനങ്ങളെയെല്ലാം കമ്മ്യൂണിസ്റ്റ് സമീപനമായും സോഷ്യലിസ്റ്റ് നുഴഞ്ഞു കയറ്റമായും മനസ്സിലാക്കുന്ന പൊതുബോധത്തെ സ്വാധീനിക്കുക എന്ന തന്ത്രം തന്നെയാണ് ട്രംപും പ്രയോഗിച്ചിരിക്കുന്നത്

കമലയ്ക്കെതിരെ ട്രംപ് ഇട്ട വംശീയ ചൂണ്ടപോലെ തന്നെയാണ് ഇപ്പോഴത്തെ ചുവന്ന ചൂണ്ടെയുമെന്നാണ് പ്രമുഖരായ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ. ട്രംപ് ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ രാഷ്ട്രീയത്തിൽ വന്ന ആദ്യ കാലങ്ങളിൽ റൊണാൾഡ് റീഗൻ നടത്തിയ ചില നീക്കങ്ങളുടെ സാദൃശ്യം രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. ഗവൺമെൻ്റ് സ്പോൺസേർഡ് മെഡിക്കൽ ഇൻഷുറൻസ് എന്ന ആശയത്തിനെതിരെ അമേരിക്കയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെയ്ക്കുന്നതായിരുന്നു റീഗൻ്റെ ആ ഇടപെടൽ. അമേരിക്കയിൽ സോഷ്യലിസ്റ്റ് ആധിപത്യത്തിന് നുഴഞ്ഞ് കയറാൻ അവസരമൊരുക്കുന്ന പദ്ധതിയെന്ന നിലയിലാണ് റീഗൻ മെഡികെയറിനെ വിമർശിച്ചത്. സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയർ അമേരിക്കൻ സ്വാതന്ത്രത്തെ നശിപ്പിക്കുമെന്ന വിവരണവും റീഗൻ സൃഷ്ടിച്ചിരുന്നു. സാമൂഹ്യ സമത്വം ലക്ഷ്യമിട്ട് മുന്നോട്ട് വയ്ക്കുന്ന നയസമീപനങ്ങളെയെല്ലാം കമ്മ്യൂണിസ്റ്റ് സമീപനമായും സോഷ്യലിസ്റ്റ് നുഴഞ്ഞു കയറ്റമായും മനസ്സിലാക്കുന്ന പൊതുബോധത്തെ സ്വാധീനിക്കുക എന്ന തന്ത്രം തന്നെയാണ് ട്രംപും പ്രയോഗിച്ചിരിക്കുന്നത്.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനും അതിൻ്റെ ബുദ്ധിമുട്ടുകൾ പരിമിതപ്പെടുത്തുന്നതിനുമുള്ള നയങ്ങൾ സ്വീകരിക്കണമെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം അമേരിക്കൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ ഉൽപ്പാദന ഉപാധികളെ സർക്കാർ നിയന്ത്രിക്കണമെന്ന വാദം ഇക്കൂട്ടർക്കില്ല. ഇത്തരം നിലപാട് സ്വീകരിക്കുന്നവർക്ക് പൊതുവെ പറയുന്ന ഒരു വിശേഷണം അമേരിക്കയിലില്ല. ബ്രിട്ടൻ അടക്കം മുതലാളിത്ത നയങ്ങൾ പിന്തുടരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും സാമൂഹിക സുരക്ഷാ നയങ്ങളെ പിന്തുടരുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള പാർട്ടികളും തമ്മിലുള്ള വ്യത്യാസത്തെ വേർതിരിച്ച് വിവക്ഷിച്ചിട്ടുണ്ട്. ആ നിലയിൽ പരിഗണിച്ചാൽ ശക്തമായ സാമൂഹിക സുരക്ഷാ വലയമുള്ള സ്വതന്ത്ര വിപണി സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന കമല ഹാരിസിന് പരാമാവധി കടുപ്പിച്ച് വിശേഷിപ്പിക്കാൻ സാധിക്കുക 'സോഷ്യൽ ഡെമോക്രേറ്റ്' എന്നാണ്.

എത്രമാത്രം സോഷ്യലിസ്റ്റ് കാഴ്ചപ്പാട് വെച്ചുപുലർത്തിയാലും നാളെ വൈറ്റ്ഹൗസിലെത്തിപ്പെട്ടാൽ നിലവിലുള്ള അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ രീതിശാസ്ത്രങ്ങളിൽ നിന്ന് മാറിനിൽക്കാൻ കമലയ്ക്ക് സാധിക്കില്ലെന്നത് വ്യക്തമാണ്. അതിനാൽ കമലയെ കമ്മ്യൂണിസ്റ്റാക്കുന്ന, 'സഖാവ്' എന്ന് വിശേഷിപ്പിക്കുന്ന ട്രംപിൻ്റെയും കൂട്ടാളികളുടെയും നീക്കം, സർവ്വത്ര ആശയക്കുഴപ്പമുണ്ടാക്കുക എന്ന തന്ത്രത്തിൻ്റെ ഭാഗമാണ്

പലകാലത്തും അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയക്കാർ സോഷ്യലിസ്റ്റ് ആശയത്തിൽ പൊതിഞ്ഞ വാചാടോപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മുതലാളിത്ത സമ്പദ് വ്യവസ്ഥയെ ആശ്രയിച്ച് നിൽക്കുന്ന അമേരിക്കയിലെ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ ബന്ധമുള്ള ബിസിനസ്സുകാർക്കും ബ്യൂറോക്രാറ്റുകൾക്കുമൊന്നും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ എന്നത് ഒരിക്കലും സ്വീകാര്യമാകുന്ന ഒന്നല്ല. അതിനാൽ തന്നെ കമല എത്രമാത്രം സോഷ്യലിസ്റ്റ് കാഴ്ചപ്പാട് വെച്ചുപുലർത്തിയാലും നാളെ വൈറ്റ്ഹൗസിലെത്തിപ്പെട്ടാൽ നിലവിലുള്ള അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ രീതിശാസ്ത്രങ്ങളിൽ നിന്ന് മാറിനിൽക്കാൻ അവർക്ക് സാധിക്കില്ലെന്നത് വ്യക്തമാണ്. അതിനാൽ കമലയെ കമ്മ്യൂണിസ്റ്റാക്കുന്ന, 'സഖാവ്' എന്ന് വിശേഷിപ്പിക്കുന്ന ട്രംപിൻ്റെയും കൂട്ടാളികളുടെയും നീക്കം സർവ്വത്ര ആശയക്കുഴപ്പമുണ്ടാക്കുക എന്ന തന്ത്രത്തിൻ്റെ ഭാഗമാണ്.

കമലയുടെ പിതാവിൻ്റെ മാർക്സിസ്റ്റ് അനുഭാവം ട്രംപിൻ്റെ വിവരണത്തിൽ ഘടകമോ?

കമല കമ്മ്യൂണിസ്റ്റാണോ എന്ന ചർച്ചകൾ കൊഴുക്കുമ്പോഴാണ് കമലയുടെ പിതാവിൻ്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലം ചർച്ചയിലെത്തുന്നത്. മാർക്സിസ്റ്റ് ചായ്വുള്ള പിതാവ് ഡൊണാൾഡ് ജെ ഹാരിസുമായി കമലയുടെ ബന്ധം പക്ഷേ അത്ര ഊഷ്മളമല്ല. സ്റ്റാൻഫോർഡിലെ മുൻ പ്രൊഫസറാണ് ഡൊണാൾഡ് ജെ ഹാരിസ്. ഏറ്റവും ഒടുവിൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിൽ പിതാവുമായുള്ള ബന്ധത്തെ 'അടുത്തല്ല' എന്നാണ് കമല ഹാരിസ് വിശേഷിപ്പിച്ചത്. മകളുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിന് പിന്തുണയുമായി പ്രധാനപ്പെട്ട ഡെമോക്രാറ്റിക് നേതാക്കളെല്ലാം പങ്കെടുത്ത ആ പരിപാടിയിലും ഡൊണാൾഡ് ജെ ഹാരിസിൻ്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'നിർഭയരാകാനു'ള്ള പിതാവിൻ്റെ പ്രോത്സാഹനത്തെക്കുറിച്ച് പറഞ്ഞ കമല, 'അമ്മയാണ് ഞങ്ങളെ കൂടുതലും വളർത്തിയതെ'ന്നും പറഞ്ഞിട്ടുണ്ട്. കമല വൈസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ഘട്ടത്തിലും ഡൊണാൾഡ് ജെ ഹാരിസിൻ്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കമലയുടെ രാഷ്ട്രീയത്തോട് അനുഭാവമില്ലെന്നും അതിനോട് കടുത്ത വിയോജിപ്പാണ് തനിക്കുള്ളതെന്നും ഡൊണാൾഡ് ജെ ഹാരിസ് പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കമലയുടെ മുൻകാല രാഷ്ട്രീയ അഭിപ്രായങ്ങളെ ഡൊണാൾഡ് ജെ ഹാരിസ് വിമർശിക്കുകയും കമല ഇടപഴകുന്ന രാഷ്ട്രീയ ലോകത്തെ "ഹലബലൂ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലൻ്റെ അമ്മയുടെ തറവാട് തമിഴ്നാട്ടിലെ തുളസെന്തിരപുരത്തുള്ള ഒരു ചെറിയ ഗ്രാമമാണ്. 19-ാം വയസ്സിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള അമ്മയുടെ യാത്ര ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ കമലാ ഹാരിസ് അനുസ്മരിച്ചിരുന്നു. കമല ഹാരിസിൻ്റെ പിതാവ് ജമൈക്കയിലെ ബ്രൗൺസ് ടൗണിലാണ് ജനിച്ചത്. വിഖ്യാതനായ ബോബ് മാർലിയുടെ നാട്ടുകാരനായ ഡൊണാൾഡ് ഹാരിസ് ലണ്ടനിൽ പഠിക്കാനെത്തുകയായിരുന്നു. പിന്നീട് അമേരിക്കയിലെ ബര്ക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോണാൾഡ് ഹാരിസ് അവിടെ വെച്ചാണ് ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനെ കണ്ടുമുട്ടിയത്. 1962ലായിരുന്നു കാൻസർ ഗവേഷകയായി ബര്ക്ക്ലിയിൽ എത്തിയ ശ്യാമളയും ഡൊണാൾഡ് ഹാരിസും പരിചയത്തിലാകുന്നത്.

1963ൽ ഡൊണാൾഡ് ജെ ഹാരിസും ശ്യാമള ഗോപാലനും വിവാഹിതരായി. 1964ലായിരുന്നു കമലയുടെ ജനനം. മൂന്ന് വർഷത്തിന് ശേഷം രണ്ടാമത്തെ മകൾ മായ ജനിച്ചു. പിന്നീട് കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ശ്യാമള ഗോപാലനും ഡൊണാൾഡ് ഹാരിസും വേർപിരിഞ്ഞു. അന്ന് ഏഴ് വയസ്സായിരുന്നു കമലയുടെ പ്രായം. വിവാഹ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ ശ്യാമള ഗോപാലൻ കാലിഫോർണിയയിലേയ്ക്ക് താമസം മാറി. ഡൊണാൾഡ് ഹാരിസ് ഇല്ലിനോയിസിൽ തന്നെ തുടരുകയായിരുന്നു. ഏഴാം വയസ്സിൽ പിതാവിൽ നിന്ന് വേർപിരിഞ്ഞ കമലയുടെ ഏക ആശ്രയം അമ്മ ശ്യാമളയായിരുന്നു. 2009ൽ എഴുപതാമത്തെ വയസ്സിൽ അർബുദം ബാധിച്ച് ശ്യാമള മരിച്ചു.

മാതാവിൻ്റെ മരണശേഷവും പിതാവുമായുള്ള ബന്ധത്തിലെ വിടവ് നികന്നില്ല. പഴയ അകലത്തിൽ തന്നെ ഇരുവരും തുടർന്നു. ബാല്യ-കൗമാരങ്ങളിലോ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെട്ട യൗവ്വനത്തിലോ പിതാവിൻ്റെ രാഷ്ട്രീയ നിലപാടുകളോ ആശയങ്ങളോ കമലയെ സ്വാധീനിച്ചിരുന്നില്ലെന്ന് വ്യക്തം. അതിനാൽ തന്നെ പിതാവിൻ്റെ കമ്മ്യൂണിസ്റ്റ് അനുഭാവ പശ്ചാത്തലം കമലയിൽ ആരോപിച്ച് പുകമറ സൃഷ്ടിക്കാനാണ് ട്രംപിൻ്റെ നീക്കമെങ്കിൽ, കളവ് നൂറ്റൊന്നു തവണ ആവർത്തിച്ച് സത്യമാക്കി മാറ്റുന്ന പതിവ് ട്രംപ് തന്ത്രത്തിൻ്റെ വികൃതാനുകരണം മാത്രമായി അത് ബാക്കിയാകും.

dot image
To advertise here,contact us
dot image