പിണറായി വിജയൻ്റെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്നതായിരുന്നു കഴിഞ്ഞ മൂന്ന് ദശകത്തോളമായി സിപിഐഎമ്മിൽ ഇ പി ജയരാജനുണ്ടായിരുന്ന വിശേഷണം. എം വി രാഘവനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാലം മുതലിങ്ങോട്ട് ഇരുവർക്കുമിടയിൽ ദൃഢമായ ആത്മബന്ധത്തെ കൃത്യതയോടെ അടയാളപ്പെടുത്താൻ കഴിയും.
1980ൽ ഡിവൈഎഫ്ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇ പി ജയരാജനെന്ന നേതാവ് കണ്ണൂരിന് പുറത്തേയ്ക്ക് സിപിഐഎം അണികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങുന്നത്. അതിന് മുമ്പ് തന്നെ കണ്ണൂരിൽ നിന്നുള്ള പ്രധാന യുവനേതാവ് എന്ന പരിവേഷം ഇപിക്ക് ലഭിച്ചിരുന്നു. എം വി രാഘവൻ്റെ അതൃപ്തി ആദ്യഘട്ടങ്ങളിൽ ഇ പിക്ക് തിരിച്ചടിയായി എന്ന സൂചനകളുണ്ടായിരുന്നു. പിന്നീട് പിണറായി വിജയൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വരികയും എം വി രാഘവനെ പാർട്ടി പുറത്താക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഐഎമ്മിൻ്റെ പ്രാദേശിക നേതാവ് എന്നതിൽ നിന്നും കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവ് എന്ന നിലയിലേയ്ക്ക് ഇ പി ജയരാജൻ മാറുന്നത്. എം വി രാഘവൻ പാർട്ടി വിട്ട ഘട്ടത്തിൽ പിണറായി വിജയനൊപ്പം ഏതാണ്ട് വലംകൈ ആയി ഇ പി ജയരാജൻ നിലയുറപ്പിച്ചു. അതിനിടയിൽ സിപിഐഎം വിട്ട എം വി രാഘവൻ യുഡിഎഫ് പിന്തുണയോടെ അഴീക്കോട് മത്സരിക്കാനെത്തിയപ്പോൾ ഇ പിയെ ആണ് ഇടതുപക്ഷം മത്സരത്തിനിറക്കിയത്. വിജയം എം വി രാഘവനായിരുന്നുവെങ്കിലും ആ അതികായനെ വിറപ്പിച്ചാണ് അന്ന് ഇ പി കീഴടങ്ങിയത്.
പിണറായി വിജയൻ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് മാറ്റിയതോടെ കണ്ണൂർ സിപിഐഎമ്മിൽ കോടിയേരി കഴിഞ്ഞാൽ രണ്ടാമൻ എന്ന പദവിയിലേയ്ക്ക് ഇ പിയെത്തി. 1991ൽ അഴീക്കോട് നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇപിയുടെ പാർലമെൻ്ററി രാഷ്ട്രീയ പ്രവർത്തനത്തിനും തുടക്കമായി. പിന്നാലെ എംഎൽഎ ആയിരിക്കെ 1992ൽ വിഎസ് അച്യുതാനന്ദൻ്റെ കൂടി പിന്തുണയോടെ ഇ പി ജയരാജൻ സിപിഐഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടി. കോടിയേരി ബാലകൃഷ്ണൻ പൂർണ്ണമായി സംസ്ഥാന നേതൃ നിരയിലേയ്ക്ക് മാറിയതോടെ 1995ൽ ഇ പി ജയരാജൻ കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിൻ്റെ അമരക്കാരനായി. സിപിഐഎം-ബിജെപി സംഘർഷം ഏറ്റവും രൂക്ഷമായ കാലത്ത് കണ്ണൂർ ജില്ലയിൽ പാർട്ടിയെ നയിച്ചത് ഇ പി ജയരാജനായിരുന്നു. 1999ൽ സിപിഐഎം സംസ്ഥാന സമ്മേളനം കണ്ണൂരിൽ വിജയകരമായി സംഘടിപ്പിച്ചത് ഇ പിയുടെ സംഘാടന മികവായി പൊതുവെ വിലയിരുത്തപ്പെട്ടു. ചടയൻ ഗോവിന്ദൻ്റെ മരണശേഷം 1998ൽ സെക്രട്ടറി പദവി ഏറ്റെടുത്ത പിണറായി വിജയൻ കരുത്തോടെ വീണ്ടും സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഈ സമ്മേളനത്തിലായിരുന്നു.
മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വിഎസ് പക്ഷം പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയപ്പോൾ സംസ്ഥാനത്തുടനീളം ഔദ്യോഗിക പക്ഷത്തിനായി ഇ പി കളമറിഞ്ഞ് കളിച്ചു
സിപിഐഎമ്മിൽ പിണറായി-വിഎസ് വിഭാഗീയത ശക്തിപ്പെട്ട കാലയളവിൽ ഔദ്യോഗിക വിഭാഗത്തിൻ്റെ ട്രബിൾഷൂട്ടറും മുഖ്യ സംഘാടകനും ഇ പി ജയരാജനായിരുന്നു. കണ്ണൂരിന് വെളിയിലുള്ള ശക്തരായ നേതാക്കളിൽ ഭൂരിപക്ഷവും വി എസിനൊപ്പം നിലയുറപ്പിച്ചപ്പോൾ വിദ്യാർത്ഥി-യുവജന വിഭാഗങ്ങളിൽ ഔദ്യോഗികപക്ഷത്തിൻ്റെ സ്വാധീനം അരക്കിട്ടുറപ്പിക്കാൻ മുന്നിൽ നിന്നത് ഇ പിയായിരുന്നു. വി എസ് പക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ടായിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വങ്ങളെ ഔദ്യോഗിക പക്ഷത്തിനൊപ്പം ഉറപ്പിച്ച് നിർത്താൻ കരുക്കൾ നീക്കാനും മുന്നിലുണ്ടായിരുന്നത് ഇപിയായിരുന്നു. മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വിഎസ് പക്ഷം പാർട്ടി പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയപ്പോൾ സംസ്ഥാനത്തുടനീളം ഔദ്യോഗിക പക്ഷത്തിനായി ഇപി കളമറിഞ്ഞ് കളിച്ചു.
മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി വിഭാഗിയത കൊടികുത്തിവാണ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി പദവിയിലേയ്ക്ക് ഇ പി നിയോഗിതനായി. വി എസ് പക്ഷത്തിൻ്റെ കോട്ടകളിലൊന്നായിരുന്ന തൃശ്ശൂർ ഘടകത്തെ മലപ്പുറം സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിന് അനുകൂലമാക്കി ഇ പി മാറ്റിയെടുത്തു. ആലപ്പുഴ ജില്ലയിൽ സെക്രട്ടറി പദവിയിൽ നിയോഗിതനായ എം എ ബേബിയും അതേ നിലയിൽ 'ചുമതല' നിർവ്വഹിച്ചതോടെ മലപ്പുറത്ത് വി എസ് പക്ഷം ഒരുക്കിവെച്ച വെടിമരുന്നുകളെല്ലാം നനഞ്ഞ് കുതിർന്നു പോയി. അന്ന് തൃശ്ശൂരിലും സംസ്ഥാനത്ത് ഉടനീളവും ഇ പി ജയരാജൻ നടത്തിയ ട്രബിൾഷൂട്ട് ഇടപെടലുകളാണ് മലപ്പുറം സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിൻ്റെ ചൊൽപ്പടിയിൽ തന്നെ പാർട്ടിയെ ഉറപ്പിച്ച് നിർത്തിയത്. പിന്നീടങ്ങോട്ട് ഏതാണ്ട് ഒരു വ്യാഴവട്ടത്തിലേറെ നീണ്ട വിഎസ്-പിണറായി പോരിൽ പിണറായി വിജയൻ നേതൃത്വം നൽകിയ ഒദ്യോഗിക പക്ഷത്തിൻ്റെ തേരാളിയും പോരാളിയുമായി ഇ പി മാറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിൽ വിദ്യാർത്ഥി-യുവജന സംഘടനകളുടെ ചുമതലക്കാരൻ എന്ന നിലയിലും നിർണ്ണായകമായ സ്വാധീനം ഇ പിക്ക് പാർട്ടിയിൽ ഉണ്ടായിരുന്നു.
പിണറായി വിജയൻ സെക്രട്ടറി പദവി ഒഴിയുന്നതോടെ പാർട്ടിയിലെ രണ്ടാമൻ ആരാകും എന്നത് ഒരു ചോദ്യചിഹ്നമായി ഉയർന്നിരുന്നു. 1980ൽ ഇ പി ജയരാജൻ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് ആയിരിക്കെ കോടിയേരി ബാലകൃഷ്ണൻ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. വേണമെങ്കിൽ കോടിയേരിയെക്കാൾ സീനിയോറിറ്റി ഇ പിക്ക് അവകാശപ്പെടാമായിരുന്നു. എന്നാൽ പാർട്ടിയിൽ മധ്യവർത്തി മുഖമുണ്ടായിരുന്ന, ഒരുഘട്ടത്തിന് ശേഷം ഇ പി ജയരാജനെക്കാൾ പാർട്ടി പദവികളിൽ സീനിയോറിറ്റിയുണ്ടായിരുന്ന കൊടിയേരി ബാലകൃഷ്ണൻ സിപിഐഎമ്മിൻ്റെ കേരള ഘടകത്തിൽ രണ്ടാമനായി മാറി. അങ്ങനെ പിണറായി വിജയന് പകരക്കാരനായി കോടിയേരി ബാലകൃഷ്ണൻ സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയായി.
നേരത്തെ കണ്ണൂരിൽ ഉണ്ടായ ചെങ്കല്ല് വിവാദത്തെക്കാൾ പാർട്ടി കോട്ടയിലെ പ്രവർത്തകരുടെ ഉത്തരം മുട്ടിച്ചതായിരുന്നു വൈദേഹം റിസോർട്ട് വിഷയത്തിൽ ഇ പിക്കെതിരെ ഉയർന്ന ചർച്ചകൾ. സമൂഹത്തിലെ സമ്പന്നരായ കച്ചവടക്കാരുമായി ഇപിയ്ക്കുണ്ടായിരുന്ന സൗഹൃദങ്ങളും പാർട്ടിയിലും പുറത്തും പലവട്ടം വിവാദമായി
പിണറായി മാറുമ്പോൾ ഇ പി പാർട്ടി സെക്രട്ടറിയാകുമെന്ന ചർച്ചകളുണ്ടായിരുന്നു. ഇ പിയ്ക്കും അത്തരത്തിലൊരു ക്ലെയിം ഉണ്ടായിരുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ പൊതു സമൂഹത്തിൽ ഇപിക്കുണ്ടായിരുന്ന നെഗറ്റീവ് പ്രതിച്ഛായ അതിന് തടസ്സമായി. പാർട്ടിക്കുള്ളിലും പുറത്തും കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്ന സ്വീകാര്യതയും ഇ പിക്ക് തടസ്സമായി. ഇതിനിടയിൽ ഉണ്ടാക്കിയ വിവാദങ്ങളും ഇ പിയിക്ക് തിരിച്ചടിയായി. ദേശാഭിമാനിയുടെ ജനറൽ മാനേജരായിരിക്കെ പത്രത്തിനായി വിവാദ ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടി രൂപയുടെ ബോണ്ട് വാങ്ങിയത് ഇടതുപക്ഷത്തുള്ളവരുടെ തന്നെ നെറ്റി ചുളിച്ചു. ഇതിന് പിന്നാലെ ഇപിക്ക് നഷ്ടമായത് പാർട്ടി പത്രത്തിൻ്റെ ജനറൽ മാനേജർ പദവിയായിരുന്നു. ജാഗ്രത കാണിച്ചില്ലെന്നായിരുന്നു പാർട്ടിയുടെ കണ്ടെത്തൽ. വിവാദവ്യാവസായി വി എം രാധാകൃഷ്ണൻ്റെ പരസ്യം ദേശാഭിമാനിയിൽ നൽകിയതും വിവാദമായിരുന്നു. പാർട്ടിയിലെ തെറ്റുതിരുത്തൽ അടക്കം ചർച്ച ചെയ്യാൻ ചേർന്ന പ്ലീനത്തിന് അഭിവാദ്യം അർപ്പിച്ചായിരുന്നു ഈ പരസ്യം. പിന്നീട് ദേശാഭിമാനിയുടെ സ്ഥലം രാധാകൃഷ്ണന് വിറ്റുവെന്ന ആക്ഷേപവും ഇപിക്കെതിരെ ഉയർന്നു. നേരത്തെ കണ്ണൂരിൽ ഉണ്ടായ ചെങ്കല്ല് വിവാദത്തെക്കാൾ പാർട്ടി കോട്ടയിലെ പ്രവർത്തകരുടെ ഉത്തരം മുട്ടിച്ചതായിരുന്നു വൈദേഹം റിസോർട്ട് വിഷയത്തിൽ ഇ പിക്കെതിരെ ഉയർന്ന ചർച്ചകൾ. സമൂഹത്തിലെ സമ്പന്നരായ കച്ചവടക്കാരുമായി ഇപിയ്ക്കുണ്ടായിരുന്ന സൗഹൃദങ്ങളും പാർട്ടിയിലും പുറത്തും പലവട്ടം വിവാദമായി.
ജാഗ്രതയില്ലാത്ത പ്രസ്താവനകൾ കൊണ്ടും ഇ പി പലവട്ടം പുലിവാല് പിടിച്ചു. കട്ടൻചായയും പരിപ്പുവടയും കഴിച്ചുള്ള പാർട്ടി പ്രവർത്തനത്തിൻ്റെ കാലം കഴിഞ്ഞെന്ന പ്രസ്താവന മുതൽ മന്ത്രിയായിരിക്കെ ബോക്സർ മുഹമ്മദാലിയുടെ മരണവുമായി ബന്ധപ്പെട്ട പരാമർശം വരെ ഇ പി ഉണ്ടാക്കിയ പൊല്ലപ്പുകൾ ചില്ലറയല്ല. ഇൻഡിഗോ വിഷയത്തിലെ ഇപിയുടെ പ്രതികരണം ട്രോളർമാരും ആഘോഷിച്ചിരുന്നു.
കൊടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയായതോടെ പാർട്ടിയിലെ രണ്ടാമൻ ആരെന്നതിൽ കൂടുതൽ വ്യക്തത വന്നിരുന്നു. എന്നാൽ 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ മന്ത്രിസഭയിലെ രണ്ടാമൻ എന്ന നിലയിൽ ഇ പി ജയരാജൻ മന്തിസഭയിൽ ഉൾപ്പെടുത്തപ്പെട്ടു. വളരെ പ്രധാനപ്പെട്ട വ്യവസായ വകുപ്പിൻ്റെ ചുമതലയോടെയായിരുന്നു ഇപി മന്ത്രിസഭയിലെത്തിയത്. കായിക വകുപ്പിൻ്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ബന്ധുനിയമന വിവാദത്തിൻ്റെ പേരിൽ അധികാരമേറ്റ് ഏറെ താമസിയാതെ ഇ പി ജയരാജന് സ്ഥാനമൊഴിയേണ്ടി വന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വം കയ്യൊഴിഞ്ഞതോടെയാണ് ഇപിക്ക് രാജി നൽകേണ്ടി വന്നത്. പിന്നീട് നടന്ന വിജിലൻസ് അന്വേഷണത്തിൽ ഇ പിക്ക് ക്ലീൻചിറ്റ് ലഭിച്ചു. അതോടെ അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനത്ത് മടങ്ങിയെത്തി. എന്നാൽ കോടിയേരി ബാലകൃഷ്ണൻ രോഗബാധിതനായതോടെ സെക്രട്ടറി പദവി താൽക്കാലികമായി ഒഴിയുകയും എ വിജയരാഘവന് താൽക്കാലിക ചുമതല നൽകുകയും ചെയ്തു. ഇത് ഇപിയെ അതൃപ്തനാക്കിയിരുന്നെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു.
2022ൽ എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോടിയേരി വീണ്ടും സെക്രട്ടറി പദവിയിലേയ്ക്ക് മടങ്ങിയെത്തി. സമ്മേളനത്തിൽ കോടിയേരി സെക്രട്ടറി പദവി ഒഴിഞ്ഞ് ഇ പി സെക്രട്ടറിയാകുമെന്നുള്ള അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നെങ്കിലും സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നാലെ കണ്ണൂരിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പിണറായിക്കൊപ്പം മുഖ്യസംഘാടകൻ്റെ ചുമതലയിൽ നിറഞ്ഞ് നിന്നത് ഇ പി ജയരാജനായിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസിൽ എ വിജയരാഘവൻ പൊളിറ്റ്ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇപിയെ സംബന്ധിച്ച് പാർട്ടി അവഗണിക്കുന്ന എന്ന തോന്നൽ ശക്തമായി. വിജയരാഘവനെക്കാൾ പാർട്ടിയിൽ സീനിയറായിരുന്നു ഇ പി. ഇതോടെ എന്തുകൊണ്ട് ഇ പി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് പരിഗണിക്കപ്പെട്ടില്ല എന്ന ചർച്ച ഉയർന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ഇ പി തന്നെ പിന്നീട് രംഗത്ത് രംഗത്ത് വന്നിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2022ൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞപ്പോഴും സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഇ പി പരിഗണിക്കപ്പെട്ടില്ല. മന്ത്രിയായിരുന്ന എം വി ഗോവിന്ദനെയാണ് പാർട്ടി ആ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. പിന്നാലെ കോടിയേരിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പൊളിറ്റ്ബ്യൂറോ ചുമതലയിലേയ്ക്കും ഇ പി പരിഗണിക്കപ്പെട്ടില്ല. എം വി ഗോവിന്ദനാണ് പിബിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇ പിയുടെ അതൃപ്തി പരകോടിയിലെത്തി. കീഴ്വഴക്കം പരിഗണിച്ചാൽ അർഹമായത് ഇ പിക്ക് നഷ്ടമായി എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പദം പിണറായി ഒഴിഞ്ഞപ്പോൾ പകരം വന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായി സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞപ്പോൾ കോടിയേരി പകരം സെക്രട്ടറിയായി. കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞപ്പോൾ പകരം വന്നത് ഇ പി ജയരാജനായിരുന്നു. ഇ പി ജയരാജൻ ആ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം വന്ന ആളാണ് എം വി ഗോവിന്ദൻ. എന്നാൽ കോടിയേരി സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞപ്പോൾ ഇ പിയെ മറികടന്നാണ് പാർട്ടി എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സ്വഭാവികമായും ഇതിനോട് ഇപിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിരിക്കില്ല. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും സംഘടനാ യോഗങ്ങളിൽ നിന്നും ഇപി വിട്ടുനിൽക്കാൻ തുടങ്ങി. പലപ്പോഴും അതൃപ്തി പരസ്യമായി തന്നെ ബോധ്യപ്പെടുന്ന നിലയിൽ ഇപിയുടെ പ്രതികരണങ്ങളുണ്ടായി. സെക്രട്ടറിയറ്റ് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതെ ഇപി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടംപിടിച്ചു.
ഒടുവിൽ പിണറായി വിജയൻ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിച്ചുവരുത്തി ശാസിക്കുകയോ/അനുനയിപ്പിക്കുകയോ ചെയ്തതിന് ശേഷമാണ് ഇ പി വീണ്ടും പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇതിനിടയിൽ ഇപിക്കെതിരെ വൈദേഹം റിസോർട്ട് വിഷയം അടക്കം ചൂണ്ടിക്കാണിച്ച് പി ജയരാജൻ പാർട്ടിയിൽ പരാതി ഉന്നയിച്ചത് മാധ്യമങ്ങളിൽ വലിയ നിലയിൽ വാർത്തയായിരുന്നു. പിന്നീട് ഇത്തരം വാർത്തകൾ ജയരാജന്മാർ രണ്ട് പേരും നിഷേധിച്ചെങ്കിലും പി ജയരാജൻ തുറന്ന് വിട്ടതെന്ന് മാധ്യമങ്ങൾ പറഞ്ഞ വൈദേഹം റിസോർട്ട് വിഷയം കത്തുക തന്നെ ചെയ്തു. ഇതോടെ ഇ പിക്കെതിരെ പാർട്ടിയിലും അതൃപ്തി ശക്തമായി.
ഏറ്റവും ഒടുവിൽ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദമാണ് പാർട്ടിയിൽ ഇ പിയുടെ അടിവേരറുത്തത്. പിണറായി വിജയന് പോലും പിന്തുണക്കാൻ കഴിയാത്ത നിലയിൽ ഇപി പാർട്ടിയിൽ ദുർബലപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവാദ ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തുന്നത്. നേരത്തെയും ദല്ലാൾ നന്ദകുമാറും ഇ പിയുമായുള്ള ബന്ധം പാർട്ടിയിൽ വിവാദം സൃഷ്ടിച്ചിരുന്നു. നന്ദകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയിലേയ്ക്ക് വരാൻ ജയരാജൻ ചർച്ച നടത്തിയെന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രനും രംഗത്ത് വന്നു. ശോഭയുടെ വെളിപ്പെടുത്തൽ ഒരേ സമയം സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും കേരള ഘടങ്ങളിൽ പൊട്ടിത്തെറിയുണ്ടാക്കി. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് ദിവസം ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ഇ പി ജയരാജൻ രംഗത്ത് വന്നു.
ഒടുവിൽ പിണറായി വിജയനും ഇ പി ജയരാജനെ തള്ളിപ്പറഞ്ഞു. 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപി'യെന്നായിരുന്നു പിണറായി നടത്തിയ ആ വിഖ്യാത വിമർശനം
ഇ പിയുടെ ഈ നീക്കം സാധാരണ പാർട്ടി അനുഭാവികൾക്ക് പോലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇടതുമുന്നണി കൺവീനർ കൂടിയായ ഇ പി ജയരാജൻ നടത്തിയ പ്രസ്താവന മുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്ന് സിപിഐഎമ്മിലും ഇടതുമുന്നണിയിലും വിലയിരുത്തലുണ്ടായി. കൂടിക്കാഴ്ച പ്രകാശ് ജാവദേക്കറും സ്ഥിരീകരിച്ചു. പലവട്ടം ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും വ്യക്തമാക്കി. ഇ പിക്കെതിരെ എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിലപാട് സ്വീകരിച്ചതായി വാർത്തകൾ വന്നു. ഒടുവിൽ പിണറായി വിജയനും ഇ പി ജയരാജനെ തള്ളിപ്പറഞ്ഞു. 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപി'യെന്നായിരുന്നു പിണറായി നടത്തിയ ആ വിഖ്യാത വിമർശനം. ഇപി ജാവദേക്കർ കൂടിക്കാഴ്ച സിപിഐഎം സെക്രട്ടറിയറ്റിൽ ചർച്ചയായി. നടത്തിയത് രാഷ്ട്രീയ കൂടിക്കാഴ്ച അല്ലെന്നായിരുന്നു സെക്രട്ടറിയറ്റിലെ ഇ പിയുടെ ന്യായീകരണം. ഇ പിയുടെ വിശദീകരണം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു പിന്നീട് എം വി ഗോവിന്ദൻ്റെ പ്രസ്താവന. ഇ പിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇപിക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചേക്കില്ലെന്നായിരുന്നു ഇതിന് പിന്നാലെയുണ്ടായ പ്രതീതി. എന്നാൽ ഈ വിഷയത്തിൽ സിപിഐഎമ്മിൻ്റെ നിലപാടിനെ സിപിഐ തള്ളിയിരുന്നു. ഇ പി ജാഗ്രത കാണിക്കേണ്ടിയിരുന്നെന്ന നിലപാട് ബിനോയ് വിശ്വം വ്യക്തമാക്കി.
എന്നാൽ ജൂലൈ 22ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇപിക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രത്യക്ഷ സൂചന എം വി ഗോവിന്ദൻ നൽകി. 'തെറ്റു തിരുത്തൽ പ്രക്രിയ എല്ലാ യോഗങ്ങളിലെയും സ്ഥിരം അജണ്ടയാണ്. തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ല. ഇ പി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വിഷയം അടുത്ത യോഗം ചർച്ച ചെയ്യും. അത് അടഞ്ഞ അധ്യായമല്ല, അടഞ്ഞതാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയുമോ. ആരൊക്കെയാണോ തിരുത്തേണ്ടത് അവർ ഒക്കെ തിരുത്തും. ഏതെങ്കിലും ഒരു നേതാവിൻ്റെ പേര് പറയേണ്ടതില്ല' എന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
ഏതാണ്ട് ഒരുമാസത്തിനിപ്പുറം സിപിഐഎം തെറ്റ് തിരുത്തിയിരിക്കുകയാണ്. പക്ഷേ ഇപ്പോൾ നേതാവിൻ്റെ പേര് പറഞ്ഞ് തന്നെയാണ് ആ തിരുത്ത്. ആ നേതാവിൻ്റെ പേര് ഇ പി ജയരാജൻ എന്നാണ്. ഇടതുപക്ഷ മുന്നണിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ മാറ്റുക എന്നതാണ് ആ തിരുത്തൽ നടപടി. ആരൊക്കെയാണോ തിരുത്തേണ്ടത് അവരെല്ലാം തിരുത്തണം എന്ന ഒരു മാസം മുമ്പ് നൽകിയ മുന്നറിയിപ്പ് ഇ പി ജയരാജനെ ഉദ്ദേശിച്ചായിരുന്നു എന്ന് കൂടി ഇന്ന് വ്യക്തമായിരിക്കുകയാണ്.
പാർട്ടിയിൽ അത്രയേറെ ദുർബലനായിപ്പോയ ഇപിയെ സംരക്ഷിക്കാനുള്ള കരുത്ത് ഇപ്പോൾ പിണറായി വിജയനും ഇല്ലായെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. കണ്ണൂരിൽ നിന്നുള്ള ജയരാജന്മാർ എന്ന വിവരണത്തിൽ നിന്നു കൂടിയാണ് ഇതോടെ ഇപി പുറത്താകുന്നത് എന്ന് തന്നെ ഉറപ്പിക്കാം
ഒടുവിൽ കേരളത്തിലെ സിപിഐഎമ്മിൻ്റെ കണ്ണൂരിൽ നിന്നുള്ള അതികായൻ കേരള രാഷ്ട്രീയത്തിൽ നിന്നും പടിയിറങ്ങുന്നു. എല്ലാ വിവാദങ്ങളിൽ നിന്നും ഇപിയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച പിണറായി വിജയന് പോലും രക്ഷിക്കാൻ കഴിയാത്ത വിധമായിരുന്നു ഇ പിയുടെ പതനം. പാർട്ടിയിൽ അത്രയേറെ ദുർബലനായിപ്പോയ ഇപിയെ സംരക്ഷിക്കാനുള്ള കരുത്ത് ഇപ്പോൾ പിണറായി വിജയനും ഇല്ലായെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. കണ്ണൂരിൽ നിന്നുള്ള ജയരാജന്മാർ എന്ന വിവരണത്തിൽ നിന്നു കൂടിയാണ് ഇതോടെ ഇപി പുറത്താകുന്നത് എന്ന് തന്നെ ഉറപ്പിക്കാം. ഇ പി ഇനി പാർട്ടിയെ വെല്ലുവിളിക്കുമോ അതോ പാർട്ടിക്ക് വിധേയനായി തുടരുമോ എന്ന ചോദ്യമാണ് ഇനി ബാക്കിയാകുന്നത്.