ആറ് വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ജീവൻ മരണ പോരാട്ടത്തിനെന്നോളമാണ് രാഷ്ട്രീയ പാർട്ടികൾ തയ്യാറെടുക്കുന്നത്. പിഡിപിയും നാഷണൽ കോൺഫറൻസും പ്രാദേശിക കക്ഷികളെന്ന രീതിയിൽ തങ്ങളുടെ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസും ബിജെപിയും കശ്മീരിൽ കാലുറപ്പിച്ചുനിർത്താനുള്ള പോരാട്ടത്തിലാണ്. എക്കാലവും അനിശ്ചിതത്വത്തിൻ്റെ മൂടൽമഞ്ഞ് കാശ്മീരിലെ തിരഞ്ഞെടുപ്പുകളെ മൂടിനിൽക്കാറുണ്ട്. ഇത്തവണയും അത് പ്രകടമാണ്. പലപ്പോഴും സഖ്യകക്ഷി രാഷ്ട്രീയത്തിൻ്റെ കൊടുക്കൽ വാങ്ങലുകളിൽ കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ഈ അനിശ്ചിതത്വങ്ങളെ മറികടന്നിട്ടുമുണ്ട്. കശ്മീരിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേരത്തെയുള്ള പ്രകടനങ്ങൾ എങ്ങനെയായിരുന്നു?
നാഷണൽ കോൺഫറൻസും കോൺഗ്രസുമായിരുന്നു കശ്മീരിൻ്റെ ആദ്യകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ കരുത്തർ. അറുപതുകളിലും എൺപതുകളിലും ഇരു പാർട്ടികളുടെയും രാഷ്ട്രീയ കരുത്ത് പിഡിപിയുടെയും ബിജെപിയുടെയും വരവോടെ ക്രമേണ കുറഞ്ഞുവരുന്നതായാണ് പിന്നീടുള്ള കണക്കുകൾ പറയുന്നത്.
കശ്മീരിലെ അവസാനത്തെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നത് 1996, 2002, 2008, 2014 ഇനീ വർഷങ്ങളിലാണ്. ഈ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സീറ്റ് നില യഥാക്രമം 7, 16, 17, 12 എന്നിങ്ങനെയായിരുന്നു. ഒരിടയ്ക്ക് കശ്മീരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്ന പാർട്ടിയുടെ ശേഷി പിന്നീട് ദുർബലമാകുന്നതാണ് നമ്മൾ കണ്ടത്.
കെ ജെ ബേബിയുടെ കാലവും ജീവിതവുംകോൺഗ്രസിനോടൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് സംഭവിച്ച ശക്തിക്ഷയവും. കശ്മീർ രാഷ്ട്രീയത്തിലെ മുത്തശ്ശി പാർട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് കാൽകീഴിലെ മണ്ണ് ഒലിച്ചുപോകുന്ന പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവസാനത്തെ നാല് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേടാനായ സീറ്റുകൾ യഥാക്രമം 57,28 ,28,15 എന്നിങ്ങനെയാണ്. പിഡിപിയുടെ കടന്നുവരവോടെയാണ് നാഷണൽ കോൺഫറൻസിന് ഭീഷണി നേരിടേണ്ടിവന്നത്.
പിഡിപിയുടെ 'പൊളിറ്റിക്കൽ എൻട്രി' കശ്മീർ രാഷ്ട്രീയത്തിൽത്തന്നെ വലിയ ചലമുണ്ടാക്കിയ ഒരു രാഷ്ട്രീയ സംഭവമാണ്. 1999ൽ സ്ഥാപിക്കപ്പെട്ട പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ 20 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസിനെയും കോൺഗ്രസിനെയും ഞെട്ടിച്ചു. ശേഷം 2014ൽ ബിജെപിയുമൊത്ത് അധികാരത്തിൽ വരികയും ചെയ്തു. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും നിർണായകമായ ഒരു ഏടായി ആ പിഡിപി - ബിജെപി മന്ത്രിസഭ മാറി എന്നത് മറ്റൊരു ആർക്കും മറക്കാനാകാത്ത വസ്തുതയാണ്.
കഴിഞ്ഞ കുറച്ച് കാലങ്ങളിൽ കശ്മീരിൽ ബിജെപി ഉണ്ടാകുന്ന മുന്നേറ്റത്തെ ഒരിക്കലും ചെറുതായി കണക്കാക്കാനാകില്ല. കശ്മീർ താഴ്വരയിൽ പാർട്ടിക്ക് സ്വാധീനമില്ലെങ്കിലും ജമ്മു മേഖലയിൽ പാർട്ടി സുശക്തമാണ്. കശ്മീരിലെ നിരവധി തിരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാനാകാതെ പോയ ബിജെപി പക്ഷെ 2014ൽ 25 സീറ്റുകൾ നേടി പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചിരുന്നു. കാശ്മീർ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ വളരെ നിർണായകമായ സംഭവമായിരുന്നു കശ്മീരിലെ ബിജെപിയുടെ അധികാര പങ്കാളിത്തം. കശ്മീരിനെ സംബന്ധിച്ചുളള ബിജെപിയുടെ നീണ്ട കാല രാഷ്ട്രീയപദ്ധതികൾക്ക് ആ കാലഘട്ടം അടിത്തറ പാകി എന്നതും ചരിത്രമാണ്.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും വിവിധ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച വോട്ട് ശതമാനം പരിശോധിച്ചാൽ, ബിജെപിയും പിഡിപിയുമാണ് മുന്നേറ്റമുണ്ടാക്കിയ പ്രധാനകക്ഷികൾ. യഥാക്രമം 11%, 9%,15%, 23% എന്നിങ്ങനെയാണ് കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ പിഡിപിയുടെ വോട്ട് ഷെയറെങ്കിൽ ബിജെപിയുടേത് 12%, 9%,12%,23% എന്നിങ്ങനെയാണ്. ഒരുമിച്ച് സർക്കാർ രൂപീകരിച്ച 2014ലെ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും ലഭിച്ചത് തുല്യ വോട്ട് ഷെയറാണ്. പക്ഷെ ഏവരും അത്ഭുതത്തോടെ നോക്കികണ്ടത് ബിജെപിയുടെ വളർച്ചയായിരുന്നു. കശ്മീരിൽ കാലുറപ്പിക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട്. എന്നാൽ ഒടുവിൽ രാഷ്ട്രീയ എതിരാളികളായി കരുതിപ്പോന്ന പിഡിപിയുടെ ഒപ്പമുള്ള അധികാര പങ്കാളിത്തമായിരുന്നു. കശ്മീരിൻ്റെ രാഷ്ട്രീയചരിത്രത്തിലെ മറ്റൊരു വിരോധാഭാസമായി ഇത് മാറിയിട്ടുണ്ട്.
നല്ലത് പറയാൻ പ്രതിഫലം, എതിർക്കുന്നവർക്ക് മൂക്കുകയർ? യുപിയിലെ പുതിയ ഡിജിറ്റൽ മീഡിയ നയം ആർക്കൊപ്പം?കോൺഗ്രസിന്റെ വോട്ട് ശതമാനത്തിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ലെങ്കിലും ( 20%, 24%,18%,18% ), പുനർചിന്തനം നടത്തേണ്ടത് യഥാർത്ഥത്തിൽ നാഷണൽ കോൺഫറൻസാണ്. ഒരു കാലത്ത് കശ്മീർ രാഷ്ട്രീയത്തിലെ നിർണായ ശക്തിയായിരുന്ന ജെകെഎൻസി അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന അതീവ നിർണായക കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 1996ലെ 35 ശതമാനത്തിൽ നിന്നും 2014ൽ 21 ശതമാനത്തിലേക്കാണ് പാർട്ടിയുടെ വോട്ട് ശതമാനം താഴ്ന്നത്. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അതികായന്മാർക്കാണ് ഇത്തരത്തിലൊരു പതനം ഉണ്ടായിരിക്കുന്നത്.
കശ്മീർ രാഷ്ട്രീയത്തിൽ അതി നിർണായകമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷവും, വിഭജിക്കപ്പെട്ട് കേന്ദ്രഭരണപ്രദേശമായതിന് ശേഷവും നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ വലിയ രാഷ്രീയപ്രാധാന്യം ഇത്തവണത്തേതിനുണ്ട്. ബിജെപി കശ്മീരിലേക്ക് കൂടുതൽ കടന്നുചെല്ലാൻ പദ്ധതിയിട്ടിരിക്കെ, നാഷണൽ കോൺഫറൻസുമായി നിർണായക സഖ്യത്തിലേർപ്പെട്ടാണ് കോൺഗ്രസിൻ്റെ മത്സരം. പിഡിപി അധികമൊന്നും ചിത്രത്തിലില്ല. കശ്മീരിൽ ആര് വാഴുമെന്നും, ആര് വീഴുമെന്നും അറിയാൻ ഇനി ശേഷിക്കുന്നത് കേവലം ഒരു മാസം മാത്രം.