പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി ശ്രീലങ്ക; ആകാംക്ഷയോടെ ഇന്ത്യയും ചൈനയും

പ്രസിഡൻ്റിൻ്റെ കൊട്ടാരം കയ്യേറിയ ലങ്കൻ ജനതയുടെ ഹൃദയം ആര് കീഴടക്കും?

dot image

സെപ്റ്റംബർ 21ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ശ്രീലങ്കയെ സംബന്ധിച്ച് നിർണ്ണായകമാണ്. കടന്നുപോകുന്ന പ്രതിസന്ധികളിൽ നിന്ന് രാജ്യത്തിന് കരകയറാനുള്ള അവസരമെന്ന നിലയിലാണ് സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 2022ൽ ശ്രീലങ്കയിൽ നടന്ന അതിശക്തമായ ജനകീയ പ്രതിഷേധത്തിൽ ഉയർന്ന വിഷയങ്ങൾക്ക് പലതിനും ഇപ്പോഴും പരിഹാരമായിട്ടില്ല. അതിനാൽ തന്നെ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ച വിഷയങ്ങളിൽ പലതും പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയർന്ന് വരുമെന്ന് തീർച്ചയാണ്. ഇത്തരം വിഷയങ്ങളെ ജനപക്ഷത്ത് നിന്ന് ജനകീയമായി അഭിസംബോധന ചെയ്യുന്നത് ആരാണെന്നാണ് ഇനി അറിയേണ്ടത്. അതിൽ ആരെ ജനങ്ങൾ വിശ്വാസത്തിലെടുക്കും എന്നതും പ്രധാനമാണ്.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് രാജ്യം പതിച്ചപ്പോൾ ജീവിത ദുരിതത്തിലായ ജനക്കൂട്ടം 2022ൽ നിയമം കയ്യിലെടുത്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. പ്രസിഡൻ്റിൻ്റെ ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ നിയന്ത്രണം പ്രതിഷേധക്കാർ ഏറ്റെടുത്തു. പ്രകോപിതരായ പ്രതിഷേധക്കാർ അതിക്രമിച്ചു കയറുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഗോതബായ രാജപക്സെ തൻ്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഓടിപ്പോയി. പിന്നീട് അദ്ദേഹം വിദേശത്തേക്ക് പലായനം ചെയ്യുകയും രാജിവെക്കുകയും ചെയ്തു. പിന്നാലെ അന്നത്തെ പ്രസിഡൻ്റ് ഗോതബായ രാജപക്സെയ്ക്ക് അധികാരം ഒഴിയേണ്ടിയും വന്നു. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഈ ഘട്ടത്തിൽ ശ്രീലങ്ക അഭിമുഖീകരിച്ചത്.

താൽക്കാലിക പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്ത റെനിൽ വിക്രമസിംഗെയ്ക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശ്രീലങ്കൻ സമ്പദ്ഘടനയെ ആ നിലയിൽ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടില്ല. അപ്പോഴും 2022ലെ ജനകീയ പ്രക്ഷോഭ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീക്ഷയുടെ ശുഭകരമായ ഒരു അന്തരീക്ഷത്തിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്.

താൽക്കാലിക പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്ത റെനിൽ വിക്രമസിംഗെയ്ക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ശ്രീലങ്കൻ സമ്പദ്ഘടനയെ ആ നിലയിൽ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷ കാലയളവിനുള്ളിൽ പണപ്പെരുപ്പം 70 ശതമനാനത്തിൽ നിന്നും ഏകദേശം അഞ്ച് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പലിശനിരക്ക് കുറഞ്ഞതും രൂപയുടെ മൂല്യം ഉയർന്നതും ഇക്കാലയളവിൽ ശ്രീലങ്കയെ സംബന്ധിച്ച് ശുഭകരമായിരുന്നു. വിദേശ കറൻസിയുടെ കരുതൽ ശേഖരം വർദ്ധിച്ചതും ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ കടം നൽകിയ രാജ്യങ്ങൾ 2028 വരെ കടം തിരിച്ചടവ് മാറ്റിവയ്ക്കാൻ സമ്മതിച്ചതും ശ്രീലങ്കയെ സംബന്ധിച്ച് ആശ്വാസകരമായിരുന്നു. ഇത്തരത്തിൽ 2022ലെ ജനകീയ പ്രക്ഷോഭ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീക്ഷയുടെ ശുഭകരമായ ഒരു അന്തരീക്ഷത്തിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നത്.

നിലവിലെ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സമ്പദ്ഘടനയ്ക്ക് ശുഭകരമായ ചിലമാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് തന്നെയാവും റെനിലിന് അനുകൂലമാകുന്ന ഘടകം. എന്നാൽ രാജപക്സെ കാലത്തെ നിലപാടുകളിൽ നിന്നും വലിയ മാറ്റമൊന്നും ഇല്ലാതെയാണ് റെനിലും മുന്നോട്ട് പോയതെന്ന വിമർശനം ശക്തമാണ്. മാത്രമല്ല രാജപക്സെ ഭരണകാലത്ത് പ്രധാനമന്ത്രിയെന്ന നിലയിൽ പ്രസിഡൻ്റിനെ പിന്തുണയ്ക്കുന്ന സമീപനമാണ് റെനിൽ വിക്രമസിംഗെ സ്വീകരിച്ചിരുന്നതെന്നും വിമർശനങ്ങളുണ്ട്. ശ്രീലങ്ക അഭിമുഖീകരിച്ച പ്രതിസന്ധികളിൽ രാജപക്സെ കുടുംബം പ്രത്യക്ഷത്തിൽ പ്രതിക്കൂട്ടിലാണെങ്കിലും റെനിലിനും ഇതിൽ പരോക്ഷമായി പങ്കാളിത്തമുണ്ടെന്ന കുറ്റപ്പെടുത്തലുകളും ഉയരുന്നുണ്ട്. പ്രസിഡൻ്റിനെ പുറത്താക്കുക എന്നതിനപ്പുറം ഒരു പദ്ധതിയും 2022ൽ പ്രതിഷേധത്തിനിറങ്ങിയ ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരയ്ക്ക് പരിഹാരം കാണുക എന്ന നിലയിൽ റെനിൽ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വന്നതാണെന്നുമാണ് പൊതുവെ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലം കൊണ്ട് മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ റെനിൽ വിക്രമസിംഗെക്ക് സാധിച്ചില്ലെന്ന വിമർശനവും ശക്തമാണ്.

നിലവിലെ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ, നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായക, മുൻ പ്രസിഡൻ്റ് മഹീന്ദ്ര രാജപക്സെയുടെ മകൻ നമൽ രാജപക്സെ, ഫീൽഡ് മാർഷൽ ശരത് ഫൊൻസേക എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ

പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ, നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായക, മുൻ പ്രസിഡൻ്റ് മഹീന്ദ്ര രാജപക്സെയുടെ മകൻ നമൽ രാജപക്സെ, എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. 39 പേരുടെ നോമിനേഷനാണ് ഇത്തവണ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളാരും മത്സരരംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. ഫീൽഡ് മാർഷൽ ശരത് ഫൊൻസേകയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ എൽടിടിഇയെ ഇല്ലാതാക്കിയ സൈനീക നീക്കങ്ങളുടെ നായകനെന്ന നിലയിൽ ഒരു വിഭാഗത്തിനിടിയിൽ സ്വീകാര്യനാണ് ശരത് ഫൊൻസേക.

വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച് മത്സരരംഗത്തുള്ള നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായകയാണ് ഇത്തവണ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മാറ്റത്തിൻ്റെ ഏജൻ്റാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്തുള്ള ദിസനായക തൊഴിലാളിവർഗത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ സഖ്യത്തിൻ്റെ നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗോതബായ രാജപക്സെയെ പുറത്താക്കിയ പൊതു പ്രതിഷേധത്തിൻ്റെ ഭാഗമായവരെ താൻ സേവിക്കുമെന്നാണ് ദിസനായകയുടെ പ്രധാന നിലപാട്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം തൻ്റെ ഭരണത്തിലൂടെ കൊണ്ടുവരുമെന്ന് ദിസനായകെ വാഗ്ദാനം ചെയ്യുന്നു. മികച്ച സമ്പദ്വ്യവസ്ഥ, അഴിമതിരഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദിസനായകെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രസിഡൻ്റിനെ പുറത്താക്കുക എന്നതിനപ്പുറം ഒരു പദ്ധതിയും പ്രതിഷേധക്കാർക്ക് ഇല്ലാതിരുന്നതിനാലും ചുമതല ഏറ്റെടുക്കാൻ സജ്ജരാകാത്തതിനാലും ഒരു മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം 2022ൽ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന് ദിസനായകെ പറയുന്നു.

2022-ൽ ശ്രീലങ്കയിൽ ആരംഭിച്ച രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യാപാരക്കമ്മിയും, കടം കുമിഞ്ഞുകൂടിയതും, വിദേശ കരുതൽ ശേഖരത്തിൻ്റെ കടുത്ത ശോഷണവും അടക്കമുള്ള ഭരണ സംവിധാനത്തിൻ്റെ ഘടനാപരമായ സാമ്പത്തിക പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭക്ഷണത്തിനും റേഷനും വേണ്ടിയുള്ള നീണ്ട ക്യൂ അക്കാലത്ത് രാജ്യത്ത് സർവ്വസാധാരണമായിരുന്നു. വൈദ്യുതി ക്ഷാമം, ഉയർന്ന വൈദ്യുതി വില ജനങ്ങളുടെ ജീവിതദുരിതങ്ങളുടെ പട്ടിക നീണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ജനവികാരം ഇക്കാലത്ത് വ്യാപകമായി. ഒരു 'പുതിയ സംവിധാനം' ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇതുവഴി തെളിച്ചു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിൽ അക്രമവും സംഘർഷവും തീവെപ്പും ഒന്നിലധികം അവസരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനകീയ പ്രതിഷേധം ശക്തമായതോടെ അവസാന ദിവസങ്ങളിൽ പ്രതിഷേധക്കാർ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലേയ്ക്ക് ഇരച്ചുകയറി. ഗോതബായ രാജപക്സെ രാജിവയ്ക്കാൻ നിർബന്ധിതനായ സാഹചര്യം ഇതായിരുന്നു.

ശ്രീലങ്കൻ തിരഞ്ഞെടുപ്പിലെ ഇന്ത്യൻ ആശങ്കകൾ

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധത്തിന് അടുത്ത കാലത്തായി ഉലച്ചിലുകൾ ഉണ്ടായിരുന്നു. ചൈനയുടെ ശ്രീലങ്കൻ താൽപ്പര്യങ്ങളും അതിന് അനുകൂലമായുള്ള ശ്രീലങ്കൻ ഭരണാധികാരികളുടെ നിലപാടുകളുമാണ് ഇതിൽ പ്രധാനമായത്. ഇന്ത്യയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായി ശ്രീലങ്കയുമായുള്ള ബന്ധത്തിലെ ഊഷ്മളത പ്രധാനമാണ്. എന്തായാലും 2022ൽ ശ്രീലങ്കയിൽ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ഇന്ത്യ സഹായ ഹസ്തവുമായി എത്തിയിരുന്നു. ലോൺ ഡെഫറലുകൾ, കറൻസി സ്വാപ്പുകൾ, ഗ്രാൻ്റുകൾ, ഹ്രസ്വകാല വായ്പാ സൗകര്യം, മാനുഷികമായ സഹായം, അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാൻ ഒന്നിലധികം വായ്പകൾ എന്നിവ ഇക്കാലയളവിൽ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള ഇടപെടലെന്ന നിലയിലാണ് ഇന്ത്യ ഇത്തരം സഹായങ്ങൾ നൽകിയത്. ശ്രീലങ്കയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ ചെറുക്കുക എന്നതും ഇന്ത്യയുടെ ലക്ഷ്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുപ്പും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ തന്ത്രപരമായ നിക്ഷേപങ്ങളും ശ്രീലങ്കയിൽ നടത്തി. അന്താരാഷ്ട്ര നാണയ നിധി (IMF)യുടെ ചർച്ചകളിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായകമായ നിലപാടുകൾ സ്വീകരിച്ചു. ശ്രീലങ്കയുടെ കടങ്ങൾ പുനഃക്രമീകരിക്കുകയും 2028 വരെ 5.6 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം നൽകുകയും ചെയ്ത ഔദ്യോഗിക ക്രെഡിറ്റേഴ്സ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഇന്ത്യ.

ഇതൊക്കെയാണെങ്കിലും ശ്രീലങ്കയിലെ ആസന്നമായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലവും അതിനെ തുടർന്നുള്ള മാറ്റങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയുടെ പുതിയ ഭരണാധികാരി ആരായാലും സൗഹാർദ്ദപരമായിരിക്കും ഇന്ത്യൻ സമീപനം എന്ന നിലപാട് ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ശ്രീലങ്ക സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ നിലപാട് പ്രകടമായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന നാല് പ്രധാന സ്ഥാനാർത്ഥികളായ റെനിൽ വിക്രമസിംഗെ, നാഷണൽ പീപ്പിൾസ് പവറിൻ്റെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരമുനയുടെ നമൽ രാജപക്സെ, സമാഗി ജന ബലവേഗയയുടെ സജിത് പ്രേമദാസ എന്നിവർ അടുത്തിടെ ഇന്ത്യ സന്ദർശിക്കുകയോ സന്ദർശിക്കാൻ പദ്ധതിയിടുകയോ ചെയ്തിട്ടുണ്ട്.

1987ൽ ഒപ്പുവെച്ച ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാഗമായ ശ്രീലങ്കൻ ഭരണഘടനുടെ 13-ാം ഭേദഗതി(13A) സംബന്ധിച്ചും ഇന്ത്യക്ക് ആശങ്കകളുണ്ട്. ശ്രീലങ്കയുടെ കേന്ദ്ര അധികാരങ്ങൾ വിഭജിക്കുക, ഫെഡറലിസത്തിനും പ്രവിശ്യകളുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് പതിമൂന്നാം ഭേദഗതിയിലുള്ളത്. ശ്രീലങ്കയിൽ നീതി, സമത്വം, സമാധാനം എന്നിവ ഉറപ്പാക്കുന്നതിന് ഈ ഭേദഗതി നടപ്പിലാക്കുന്നത് നിർണ്ണായകമാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഭൂമി, പൊലീസ് അധികാരങ്ങൾ എന്നിവ ഇത്തരത്തിൽ വികേന്ദ്രീകരിക്കുന്നതിനോട് പക്ഷെ ശ്രീലങ്കയിലെ മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് താൽപ്പര്യമില്ല. തമിഴ് വിഘടനവാദത്തിന് ശക്തി പകരുമെന്ന ഭയവും, രാഷ്ട്രീയ പാർട്ടികളുടെ സിംഹള വോട്ട് ബാങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുമാണ് ശ്രീലങ്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ 13-ാം ഭേദഗതിയോട് മുഖം തിരിച്ച് നിൽക്കാനുള്ള കാരണം.

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും മറിച്ചൊരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. 13-ാം ഭേദഗതി പൂർണ്ണമായി നടപ്പിലാക്കുന്നതിൽ സജിത്ത് പ്രേമദാസ ഒഴിച്ച് പ്രമുഖ സ്ഥാനാർത്ഥികളാരും അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. പോലീസ് അധികാരം പങ്കുവെയ്ക്കാതെ 13-ാം ഭേദഗതി നടപ്പിലാക്കാമെന്നാണ് റെനിൽ വിക്രമസിംഗെയുടെ നിർദ്ദേശം. പ്രവിശ്യാ തിരഞ്ഞെടുപ്പ് നടത്താൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുമ്പോഴും പുതിയ ഭരണഘടനാ സാധ്യതകളെപ്പറ്റിയാണ് ദിസനായകെ ചൂണ്ടിക്കാണിച്ചത്. തമിഴ് പാർട്ടികൾക്കിടയിലെ പിളർപ്പും അഭിപ്രായ വ്യത്യാസങ്ങളും 13-ാം ഭേദഗതി നടപ്പിലാക്കണമെന്ന് ആവശ്യത്തെ ദുർബലപ്പെടുത്തുന്നതായി വിലയിരുത്തലുകളുണ്ട്. ഈയൊരു സാഹചര്യത്തിൽ ഈ വിഷയത്തിലെ പ്രഖ്യാപിത ഇന്ത്യൻ നിലപാടും ശ്രീലങ്കയിലെ ഭരണനേതൃത്വത്തിൻ്റെ നിലപാടും സെപ്റ്റംബർ 21ലെ ശ്രീലങ്കൻ തിരഞ്ഞെടുപ്പിന് ശേഷം നിർണായകമാകും.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ് ഇന്ത്യയുടെ മറ്റൊരു നിർണായക വെല്ലുവിളി. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ കടലിലേക്ക് കടക്കുന്നതിനെ തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ കപ്പലുകൾ കണ്ടുകെട്ടുകയും ചെയ്യുന്നത് പതിവാണ്. 2023ൽ മാത്രം ഏതാണ്ട് 240-ലധികം മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 35 ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തതായാണ് കണക്കുകൾ. വിഷയത്തിൽ ശാശ്വത പരിഹാരമാകുന്നത് വരെ ശ്രീലങ്കൻ ഗവൺമെൻ്റ് ഈ പ്രശ്നത്തെ ‘മാനുഷിക സമീപനത്തിലൂടെ’ കാണണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പുതിയ പ്രസിഡൻ്റ് അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുടെ പ്രധാന വിഷയങ്ങളിലൊന്നായ മത്സ്യ തൊഴിലാളി വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന് തീർച്ചയാണ്.***

ശ്രീലങ്കയിൽ ഇടപെടുന്ന ചൈന

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കയുമായി ചൈന പുലർത്തുന്ന അടുപ്പം ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളിൽ കല്ലുകടിയാണ്. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട ചൈനയുടെ വിവുലമായ താൽപ്പര്യങ്ങൾ ശ്രീലങ്കയുമായുള്ള ബന്ധത്തിൽ അന്തർലീനമാണ്. ശ്രീലങ്കയിൽ വിപുലമായ നിക്ഷേപങ്ങൾ നടത്താൻ കഴിഞ്ഞ രണ്ട് ദശകത്തിനിടിയിൽ ചൈന സവിശേഷമായ ശ്രദ്ധയാണ് പുലർത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2005-2019 കാലയളവിൽ ചൈനയുടെ ശ്രീലങ്കയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 5 ബില്യൺ ഡോളറായി ഉയർന്നിരുന്നു. 2006-നും 2019-നും ഇടയിൽ വായ്പകൾ 0.45 ബില്യണിൽ നിന്ന് 12 ബില്യൺ ഡോളറായി മാറി. ശ്രീലങ്കയിലെ തുറമുഖങ്ങൾ പാട്ടത്തിനെടുക്കുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുക, ചാരക്കപ്പലുകളും അന്തർവാഹിനികളും ഡോക്ക് ചെയ്യുക തുടങ്ങി ശ്രീലങ്കയിൽ ചൈന നടത്തിയിരിക്കുന്നത് തന്ത്രപ്രധാനമായ ഇടപെടലുകളാണ്.

ഇന്ത്യൻ മഹാസമുദ്ര മേഖലയെ ആയുധമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ചൈനയുടെ ശ്രീലങ്കൻ താൽപ്പര്യങ്ങൾ എന്നും വിമർശനങ്ങളുണ്ട്. ശ്രീലങ്ക പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ചൈനയുടെ സാമ്പത്തിക സഹകരണം ശ്രീലങ്കയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും എതിരെ ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ മേൽക്കൈ നൽകുന്ന അവിഭാജ്യ ഘടകമാണ് ശ്രീലങ്ക. ഈ നിലയിൽ ചൈനയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ നിലവിലെ ബന്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയുടെ മേൽ ചൈന അതിൻ്റെ സാമ്പത്തിക ശക്തിയും സ്വാധീനവും തുടർന്നും ഉപയോഗിക്കുമെന്നും ശ്രീലങ്കൻ നേതാക്കൾ തങ്ങളുടെ താൽപ്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളുമായുള്ള ബന്ധം തുടർന്നും ഉപയോഗിക്കുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥികൾ

റെനിൽ വിക്രമസിംഗെ (75)

ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അഭിഭാഷകൻ കൂടിയായ റെനിൽ വിക്രമസിംഗെ. അദ്ദേഹത്തിൻ്റെ പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി)ക്ക് പാർലമെൻ്റിൽ വലിയ സ്വാധീനമില്ല. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഹീന്ദ രാജപക്സെ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ആറാം തവണയും റെനിൽ വിക്രമസിംഗെ 2022 മെയ്മാസത്തിൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് ആ വർഷം തന്നെ ജൂലൈയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതാബായ രാജപക്സെയ്ക്ക് പകരക്കാരനായി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993ലായിരുന്നു റെനിൽ വിക്രമസിംഗെ ആദ്യമായി പ്രധാനമന്ത്രി പദവിയിലെത്തുന്നത്.

പ്രസിഡൻ്റായിരുന്ന പ്രേമദാസയുടെ കൊലപാതകത്തിന് പിന്നാലെ ഡിബി വിജേതുംഗ പ്രസിഡൻ്റായതിനെ തുടർന്നായിരുന്നു റെനിൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തിയത്. ചന്ദ്രിക ഭണ്ഡാരനായകെ പ്രധാനമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായിരുന്നു റെനിൽ. 2000ത്തിൽ ചന്ദ്രിക പ്രസിഡൻ്റായിരിക്കെ വീണ്ടും പ്രധാനമന്ത്രിയായി. 2005ൽ മഹീന്ദ്ര രാജപക്സെക്കെതിരെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലും വിക്രമസിംഗെ മത്സരിച്ചിരുന്നു. നേരിയ വോട്ടുകൾക്കായിരുന്നു അന്ന് റെനിലിൻ്റെ പരാജയം. അന്ന് വിക്രമസിംഗെയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു വടക്ക്, കിഴക്ക് പ്രവിശ്യകളിൽ എൽടിടിഇ വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്നും നിർബന്ധപൂർവ്വം പിന്തിരിപ്പച്ചതാണ് മഹീന്ദ രാജപക്സെയുടെ വിജയത്തിൽ നിർണായകമായത്.

സജിത് പ്രേമദാസ (57)

നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രസിഡൻ്റ് രണസിംഗെ പ്രേമദാസയുടെ മകനുമാണ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സജിത് പ്രേമദാസ. 2019ൽ വിക്രമസിംഗെയുടെ യുഎൻപിയുമായി പിരിഞ്ഞ് 'സമാഗി ജന ബലവേഗയ'യെന്ന പാർട്ടി സജിത് പ്രേമദാസ രൂപീകരിച്ചിരുന്നു. ഇടതുപക്ഷ ചായ്വുള്ള മധ്യപക്ഷ നിലപാടാണ് എസ്ജെബിയുടേത്. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള 2.9 ബില്യൺ ഡോളറിൻ്റെ ബെയ്ലൗട്ട് പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് സജിത് പ്രേമദാസയുടെ പ്രധാന ആവശ്യം. ജീവിതച്ചെലവ് കുറയ്ക്കുന്നതിന് നികുതികൾ മാറ്റുന്നത് പോലുള്ള ചില ലക്ഷ്യങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.

അനുര കുമാര ദിസനായകെ (55)

പാർലമെൻ്റിൽ കേവലം മൂന്ന് സീറ്റുകൾ മാത്രമാണ് അനുര കുമാര ദിസനായകെയുടെ പാർട്ടിക്കുള്ളത്. കടുത്ത അഴിമതി വിരുദ്ധ നിലപാടുകളും മികച്ച ഭരണവും നൽകുമെന്ന വാഗ്ദാനവും ദിസനായകെയുടെ സ്ഥാനാർത്ഥിത്വത്തിന് ജനകീയ പരിവേഷം നൽകിയിട്ടുണ്ട്. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായാണ് ദിസനായകെ മത്സരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ, യുവജന ഗ്രൂപ്പുകൾ, വനിതാ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനുകൾ, മറ്റ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ 21 വ്യത്യസ്ത ഗ്രൂപ്പുകൾ ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് നാഷണൽ പീപ്പിൾസ് പവർ. എൻപിപി സഖ്യത്തിന് പിന്നിലെ പ്രധാന ശക്തിയായ മാർക്സിസ്റ്റ് ആശയ അടിത്തറയുള്ള പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടാണ് ദിസനായകെയുടെ യഥാർത്ഥ പാർട്ടി.

നമൽ രാജപക്സെ (38)

രാജപക്സെ കുടുംബത്തിലെ ഇളമുറക്കാരൻ എന്ന നിലയിൽ നമൽ രാജപക്സെയുടെ സാന്നിധ്യമാണ് ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. പിതാവ് മഹിന്ദ രാജപക്സെയും അമ്മാവൻ ഗോതബായ രാജപക്സെയും ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിക്കൂട്ടിലാണ്. അതിനാൽ തന്നെ നമൽ രാജപക്സെയുടെ സാന്നിധ്യത്തെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ശ്രീലങ്ക പൊതുജന പെരമുനയുടെ (എസ്എൽപിപി) സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായാണ് നമൽ മത്സരരംഗത്തേയ്ക്ക് കടന്ന് വന്നത്. വിക്രമസിംഗെയുടെ വിജയസാധ്യതകളെ പ്രതിരോധിക്കാൻ പാർട്ടിയെ ഏകീകൃതമായി നിലനിർത്തുക എന്ന കഠിനമായ ദൗത്യമാണ് നമൽ രാജപക്സെയുടെ മുന്നിലുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

നുവാൻ ബോപേജ് (40)

ഗോതബായ രാജപക്സെയെ അധികാരഭ്രഷ്ടനാക്കിയ വൻ ജനകീയ പ്രക്ഷോഭത്തിൻ്റെ സാധ്യതകൾ മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ജനകീയ സമര സഖ്യത്തിൻ്റെ സ്ഥാനാർഥി നുവാൻ ബൊപേജ്. ശക്തമായ അഴിമതി വിരുദ്ധ നിലപാടാണ് ബൊപേജ് മുന്നോട്ട് വയ്ക്കുന്നത്. ദരിദ്രർക്ക് അനുകൂലമായ നയങ്ങളെ പിന്തുണയ്ക്കുകയും ഐഎംഎഫ് പദ്ധതിയുമായുള്ള ശ്രീലങ്കയുടെ സഹകരണത്തെ എതിർക്കുകയും ചെയ്യുന്ന നിലപാടാണ് നുവാൻ ബൊപേജിനെ ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയനാക്കുന്നത്.

ശരത് ഫൊൻസേക (73)

ഫീൽഡ് മാർഷൽ ശരത് ഫൊൻസേകയുടേത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വമാണ്. സ്വതന്ത്രനായാണ് ഫൊൻസേക മത്സരിക്കുന്നത്. അഴിമതി അവസാനിപ്പിക്കുമെന്നും ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് ഫൊൻസേക മത്സരത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദശകമായി രാജ്യത്തെ നയിച്ച കഴിവുകെട്ട രാഷ്ട്രീയക്കാരാണ് ശ്രീലങ്കയെ പാപ്പരത്തത്തിലേയ്ക്ക് നയിച്ചതെന്ന് ആരോപിച്ചായിരുന്നു ഫൊൻസേകയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം. എൽടിടിഇയെ തുടച്ചു നീക്കിയ യുദ്ധത്തിൽ ശ്രീലങ്കൻ സൈന്യത്തെ നയിച്ചതാണ് ഫൊൻസേകയെ ജനപ്രിയനാക്കിയത്. എന്നാൽ 2010ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഫൊൻസേക മഹീന്ദ രാജപക്സെയോട് പരാജയപ്പെട്ടിരുന്നു. അന്നും അഴിമതി രഹിത രാജ്യം സൃഷ്ടിക്കാൻ ഒപ്പം ചേരണമെന്നായിരുന്നു അദ്ദേഹം ശ്രീലങ്കൻ ജനതയോട് അഭ്യർത്ഥിച്ചിരുന്നത്.

*** ഈ ഭാഗത്തിൻ്റെ റഫറൻസ്: ദ മോർണിങ്ങിൽ പ്രസിദ്ധീകരിച്ച ആദിത്യ ഗൗഡര ശിവമൂർത്തിയുടെ ലേഖനം

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us