നിതീഷ് ഒന്നും മിണ്ടുന്നില്ല!, നിലപാട് പറഞ്ഞ ത്യാഗി പടിയിറങ്ങി; ജെഡിയു ആശയക്കുഴപ്പത്തിലോ?

നിതീഷിൻ്റെ സോഷ്യലിസ്റ്റ് പാരമ്പര്യം പരിശോധിക്കുമ്പോൾ ഈ വിഷയങ്ങളിൽ ബിജെപിയിൽ നിന്നും വ്യത്യസ്തമായ ശക്തമായ ശബ്ദം നിതീഷിൽ നിന്നും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്

dot image

'ഞാനൊരു വൃദ്ധനാണ്. ഞാൻ ഇപ്പോൾ 70-കളിൽ ആണ്. പുതിയ തലമുറ ഏറ്റെടുക്കട്ടെ. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ വക്താവിൻ്റെ സ്ഥാനം ഉപേക്ഷിച്ചു. നിതീഷ് കുമാർ എൻ്റെ നേതാവായി തുടരും. ഞാൻ ജെഡിയുവിൽ തുടരും.' കഴിഞ്ഞ ദിവസം ജെഡിയുവിൻ്റെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ സി ത്യാഗിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

മൂന്നാം മോദി സർക്കാരിന്റെ ഭാഗമാണെങ്കിലും നിർണ്ണായകമായ പലവിഷയങ്ങളിലും ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരുമായി പ്രത്യയശാസ്ത്രപരമായി യോജിക്കാൻ സാധിക്കാത്ത അവസ്ഥ നിലയിൽ ജെഡിയുവിനുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി ദേശീയ തലത്തിൽ ജെഡിയു നിലപാടുകൾ വ്യക്തതയോടെ പറഞ്ഞിരുന്ന ത്യാഗിയുടെ പടിയിറക്കം ജെഡിയുവിനെ സംബന്ധിച്ചും നിർണ്ണായകമാണ്.

1984ലാണ് കെ സി ത്യാഗി ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചൗധരി ചരൺ സിംഗ്, ദേവിലാൽ, ശരദ് യാദവ് തുടങ്ങിയ പ്രമുഖരായ സോഷ്യലിസ്റ്റ് നേതാക്കളുടെ വിശ്വസ്തനായ അനുയായി ആയിരുന്നു ത്യാഗി. രാജ്യത്തെ സോഷ്യലിസ്റ്റ് പാർട്ടികളുടെ ചരിത്രം പരിശോധിച്ചാൽ ഡൽഹി കേന്ദ്രീകരിച്ച് ദീർഘകാലം പ്രവർത്തിച്ചതിൻ്റെ അനുഭവപരിചയമുള്ള മുതിർന്ന നേതാവാണ് ത്യാഗി. പ്രായാധിക്യം മാത്രമാണോ ത്യാഗിയുടെ തീരുമാനത്തിൻ്റെ കാരണം എന്ന ചർച്ചകളും ഉയരുന്നുണ്ട്. ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പുതിയ സാഹചര്യത്തിൽ പരസ്യപ്രസ്തവനകൾക്ക് ആ നിലയിൽ തയ്യാറാകുന്നില്ല. അതിനാൽ ഇത്തരം വിഷയങ്ങളിൽ അവ്യക്തതയുടെ കാർമേഘം നിലനിർത്താനുള്ള തന്ത്രിന്റെ ഭാഗമാണ് ത്യാഗിയുടെ രാജിയെന്നും വിലയിരുത്തലുകളുണ്ട്.

നിലവിലെ സാഹചര്യത്തിൽ ജെഡിയുവിൻ്റെ മുഖം നിതീഷ് കുമാർ മാത്രമാണ്. റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ തലയെടുപ്പുള്ള നേതാവ് എന്ന വിശേഷണം ഇപ്പോഴും നിതീഷിനുണ്ട്. 1995-ൽ ജെഡിയുവിൻ്റെ ആദ്യ രൂപമായ സമതാ പാർട്ടി സ്ഥാപിച്ച പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് ഫെർണാണ്ടസിൻ്റെ ഒപ്പം നിന്ന നേതാവായിരുന്നു നിതീഷ്. 2003ൽ സമതാ പാർട്ടിയും ജനതാദളിലെ ശരദ് യാദവ് വിഭാഗവും ലോക്ശക്തിയും ചേർന്ന് സ്ഥാപിച്ചതാണ് ജനതാദൾ യുണൈറ്റഡ്. ശരദ് യാദവിനെയായിരുന്നു പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ഇതിന് പിന്നാലെ ബിജെപിയുമായി കൂട്ടുചേർന്ന് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി. 2009ൽ അനാരോഗ്യത്തിൻ്റെ പേരിൽ ജെഡിയു ജോർജ്ജ് ഫെർണാണ്ടസിന് ലോക്സഭയിലേയ്ക്ക് ടിക്കറ്റ് നിഷേധിച്ചു. നിതീഷുമായുള്ള ജോർജ് ഫെർണാണ്ടസിൻ്റെ ബന്ധം ഇതോടെ വഷളായി. ആ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ജോർജ്ജ് ഫെർണാണ്ടസിന് വിജയിക്കാൻ സാധിച്ചില്ല. ഏതാണ്ട് 13 വർഷത്തോളം ജെഡിയുവിൻ്റെ ദേശീയ അധ്യക്ഷനായിരുന്ന ശരദ് യാദവും ഒടുവിൽ നിതീഷുമായി തെറ്റി പാർട്ടിയിൽ നിന്നും പുറത്തായി. ജെഡിയു-കോൺഗ്രസ് മഹാഖഡ്ബന്ധൻ പൊളിച്ച് ജെഡിയു രണ്ടാം തവണയും ബിജെപി സഖ്യത്തിൽ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ശരദ് യാദവിനെതിരായ നടപടി. പാർട്ടി വിരുദ്ധ നടപടി ആരോപിച്ച് പുറത്താക്കപ്പെട്ട ശരദ് യാദവ് പിന്നീട് ആർജെഡിയിൽ ചേരുകയായിരുന്നു. അതിന് ശേഷം ജെഡിയുവിൻ്റെ ഏക അനിഷേധ്യ നേതാവും മുഖവുമാണ് നിതീഷ് കുമാർ.

യൂണിഫോം സിവിൽ കോഡ് (യുസിസി), ജനാധിപത്യ സംവിധാനത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യം, വഖഫ് ബോർഡ്, മറ്റ് മുസ്ലീം വിഷയങ്ങൾ എന്നിവയിൽ ഹിന്ദുത്വ നിലപാടിനോടുള്ള ജെഡിയുവിൻ്റെ ആശയപരമായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പോലും സംസാരിക്കാൻ നിതീഷ് തയ്യാറായില്ലെന്ന വിമർശനം ശക്തമാണ്

ബിജെപി സഖ്യം വേർപെടുത്തി വീണ്ടും നിതിഷ് കോൺഗ്രസ്-ആർജെഡി സഖ്യത്തിനൊപ്പം മഹാഖഡ്ബന്ധനിൽ അംഗമായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് വീണ്ടും ബിജെപി പാളയത്തിൽ അഭയം തേടുകയായിരുന്നു. ഇതിന് പിന്നാലെ നിതീഷ് ജെഡിയുവിൻ്റെ പ്രഖ്യാപിത നിലപാടുകളിൽ പലതിലും തന്ത്രപരമായ മൗനം പാലിക്കുകയാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. യൂണിഫോം സിവിൽ കോഡ് (യുസിസി), ജനാധിപത്യ സംവിധാനത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യം, വഖഫ് ബോർഡ്, മറ്റ് മുസ്ലീം വിഷയങ്ങൾ എന്നിവയിൽ ഹിന്ദുത്വ നിലപാടിനോടുള്ള ജെഡിയുവിൻ്റെ ആശയപരമായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പോലും സംസാരിക്കാൻ നിതീഷ് തയ്യാറായില്ലെന്ന വിമർശനം ശക്തമാണ്. ഇത്തരം വിഷയങ്ങളിൽ ജെഡിയുവിൽ കടുത്ത അവ്യക്തത നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇൻഡ്യ മുന്നണിയിൽ നിന്നും പിരിഞ്ഞ് എന്തിനാണ് മൂന്നാമതും എൻഡിഎയിൽ ചേർന്നതെന്ന ആശയക്കുഴപ്പവും ജെഡിയുവിൽ ബാക്കിയാണ്.

'മുഖ്യമന്ത്രി സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കുന്നില്ല. ഒരു കൂട്ടം അദ്ദേഹത്തെ വളഞ്ഞിരിക്കുന്നുവെന്ന രൂക്ഷ വിമർശനം ആർജെഡി നേതാവ് തേജസ്വി യാദവ് ഉന്നയിച്ചത് ജെഡിയുവിലെ അതൃപ്തിയും ആശയക്കുഴപ്പവും മുതലെടുക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിതീഷ് അടക്കം സ്വീകരിക്കുന്ന നിലപാടുകളുടെ കാര്യത്തിൽ ജെഡിയുവിലെ അവ്യക്തതയും ആശയക്കുഴപ്പവും തീവ്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജാതി സെൻസസ്, ലാറ്ററൽ എൻട്രി, വഖഫ് ബോർഡ്, പലസ്തീൻ-ഇസ്രായേൽ സംഘർഷം, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാടാണ് കെ സി ത്യാഗി സ്വീകരിച്ചിരുന്നത്. പലപ്പോഴും അത് കൂടുതൽ അക്രമോസുക്ത നിലപാടായിരുന്നു എന്ന അഭിപ്രായക്കാരാണ് ജെഡിയുവിലെ രണ്ടാംനിര നേതാക്കൾ.

നിതീഷിൻ്റെ സോഷ്യലിസ്റ്റ് പാരമ്പര്യം പരിശോധിക്കുമ്പോൾ ഈ വിഷയങ്ങളിൽ ബിജെപിയിൽ നിന്നും വ്യത്യസ്തമായ ശക്തമായ ശബ്ദം നിതീഷിൽ നിന്നും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പലപ്പോഴും നിതീഷിൻ്റെ പ്രതികരണങ്ങൾ വളരെ നേർത്തതായിരുന്നു. ഈ ഘട്ടത്തിലാണ് നേരത്തെ ഈ വിഷയങ്ങളിൽ നിതീഷ് സ്വീകരിച്ചിരുന്ന ശക്തമായ നിലപാടുകൾ ആവർത്തിച്ച് പറഞ്ഞ ത്യാഗി രംഗത്ത് വന്നത്. ഇതോടെ നിതീഷിൽ നിന്ന് വ്യത്യസ്തമായി ഈ വിഷയങ്ങളിൽ പ്രതികരിക്കുന്ന നേതാവ് എന്ന പ്രതീതി ജെഡിയു നേതാക്കൾക്കിടയിൽ തന്നെ സൃഷ്ടിക്കാൻ ത്യാഗിക്ക് സാധിച്ചിരുന്നു.

ജെഡിയുവിനെ സംബന്ധിച്ച് വളരെ സെൻസിറ്റീവായ വിഷയങ്ങളിൽ മാധ്യമങ്ങൾ അഭിപ്രായം ചോദിക്കുമ്പോൾ നിതീഷിനെപ്പോലെ മൗനത്തിൻ്റെതായ തന്ത്രപരമായ നിലപാട് സ്വീകരിക്കാൻ ത്യാഗിക്ക് വക്താവ് എന്ന നിലയിൽ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജാതി സർവെ നടത്തുകയും പിന്നാക്ക വിഭാഗ സംവരണം 65 ശതമാനമാക്കി ഉയർത്തുകയും ചെയ്യാൻ ചുക്കാൻ പിടിച്ച ഒരു പാർട്ടിയുടെ ദേശീയ വക്താവിന് ഈ വിഷയത്തിൽ മറിച്ചൊരു നിലപാട് പറയാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കാനാണോ ത്യാഗി വക്താവ് സ്ഥാനം ഒഴിഞ്ഞതെന്ന ചോദ്യവും ബാക്കിയാകുന്നുണ്ട്.

ദേശീയ വക്താവ് സ്ഥാനത്ത് നിന്നുള്ള ത്യാഗിയുടെ പിന്മാറ്റത്തോടെ വഖഫ് ബോർഡ്, യുസിസി, അഗ്നിപഥ്, ലാറ്ററൽ എൻട്രി തുടങ്ങിയ വിഷയങ്ങളിൽ നിതീഷ് തന്നെ വ്യക്തത വരുത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്നും നിരീക്ഷണമുണ്ട്

ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകളോട് എല്ലാക്കാലത്തും അഭിപ്രായ വ്യത്യാസം പുലർത്തിയിരുന്ന നേതാവാണ് നിതീഷ്. അതിനാൽ തന്നെ യുസിസി, വഖഫ് ബോർഡ് വിഷയങ്ങളിൽ നിതീഷ് മയപ്പെട്ട നിലപാട് സ്വീകരിക്കുന്നത് ജെഡിയുവിൽ അതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇസ്രായേലിൻ്റെ പലസ്തീൻ അധിനിവേശ വിഷയത്തിലും ജെഡിയുവിന് നിലപാട് നേർപ്പിക്കാനാവില്ലെന്നാണ് വലിയ വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. ദേശീയ വക്താവ് സ്ഥാനത്ത് നിന്നുള്ള ത്യാഗിയുടെ പിന്മാറ്റത്തോടെ വഖഫ് ബോർഡ്, യുസിസി, അഗ്നിപഥ്, ലാറ്ററൽ എൻട്രി തുടങ്ങിയ വിഷയങ്ങളിൽ നിതീഷ് തന്നെ വ്യക്തത വരുത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്നും നിരീക്ഷണമുണ്ട്.

നേതൃശൂന്യത നികത്താൻ നിതീഷിൻ്റെ 'ക്ലച്ചു പിടിക്കാത്ത' പരീക്ഷണങ്ങൾ

ജോർജ്ജ് ഫെർണാണ്ടസും ശരദ് യാദവും പാർട്ടി വിട്ടതോടെ നിതീഷ് എന്ന ഒരൊറ്റ നേതാവിൽ ചുറ്റിത്തിരിയുകയായിരുന്നു ജെഡിയു. ഇതിനിടയിൽ പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം നിതീഷ് നടത്തിയെങ്കിലും പക്ഷെ പാളിപ്പോയി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന രാം ചന്ദ്ര പ്രസാദ് സിൻഹയെ പാർട്ടിയുടെ ദേശീയ പ്രസിഡൻ്റും കേന്ദ്രമന്ത്രിയുമായി നിതീഷ് ഉയർത്തിക്കൊണ്ട് വന്നത് നേതൃദാരിദ്രം പരിഹരിക്കാനും പാർട്ടിക്ക് ഒരു ദേശീയമുഖം സൃഷ്ടിക്കാനുമായിരുന്നു. ബിജെപി നേതൃത്വത്തോട് കൂടുതൽ വിശ്വസ്തത പുലർത്തുന്നുവെന്ന് ആരോപിച്ച് പിന്നീട് നിതീഷ് തന്നെ രാം ചന്ദ്ര പ്രസാദിനെ പുറത്താക്കി. പിന്നാലെ സിൻഹ ബിജെപിയിൽ ചേർന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിയോഗിച്ച് മറ്റൊരു പരീക്ഷണവും നിതീഷ് നടത്തി. എന്നാൽ സിഎഎ, എൻആർസി വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പ്രശാന്ത് കിഷോറും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു. ഏറ്റവും ഒടുവിൽ സഞ്ജയ് ഝായെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായി നിയമിച്ചിരിക്കുകയാണ് നിതീഷ്. നിതീഷിനോട് വിശ്വസ്തനാണെങ്കിലും രാഷ്ട്രീയമായി അത്രയേറെ പരിചയ സമ്പന്നനല്ല എന്നത് സഞ്ജയ് ഝായ്ക്ക് പാർട്ടിയിൽ വലിയ സ്വീകാര്യത നൽകുന്നില്ലെന്നും വിലയിരുത്തലുകളുണ്ട്. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവാണെന്നതും ഝായ്ക്ക് തിരിച്ചടിയാണെന്നും അഭിപ്രായങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ത്യാഗിയുടെ പടിയിറക്കം ജെഡിയുവിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിനിടെ ത്യാഗിക്കെതിരെയും ജെഡിയുവിലെ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. കേന്ദ്ര നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെയാണ് ത്യാഗി വളരെ വൈകാരികമായ വിഷയങ്ങളിൽ പ്രതികരിച്ചതെന്നാണ് ഇവരുടെ വിമർശനം. എന്നാൽ ഇത്തരം വിഷയങ്ങളിൽ അടക്കം അപ്രാപ്യനായ നിതീഷിനെയാണോ അതോ ഏറെക്കുറെ ജൂനിയറായ സഞ്ജയ് ഝായെ ആയിരുന്നോ ത്യാഗി ദേശീയ നേതൃത്വത്തിൻ്റെ അഭിപ്രായം അറിയാൻ സമീപിക്കേണ്ടിയിരുന്നത് എന്ന ചോദ്യമാണ് മറുവിഭാഗം ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി സോഷ്യലിസ്റ്റ് ആശയത്തിൻ്റെ വക്തവായി നില കൊണ്ട ത്യാഗി ഇതിലൊന്നും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us