ടീച്ചറേ....മാഷേ.. എന്നൊക്കെയുള്ള വിളിയില് നിറഞ്ഞുനില്ക്കുന്നത് വിശ്വാസവും സ്നേഹവും ആദരവും ഒക്കെയാണ്. നമ്മുടെയെല്ലാം ഓര്മകളില് അധ്യാപകര്ക്ക് പല മുഖമാണ്. സ്നേഹത്തിന്റെ മുഖമുളളവരും കാര്ക്കശ്യത്തിന്റെ മുഖമുളളവരുമൊക്കെയുണ്ടാവും ആ കൂട്ടത്തില്. അങ്ങനെയുള്ള ചിലരെ നമ്മള് ഇപ്പോള് കാണാറുള്ളത് ക്ലാസ്സ് മുറികളിലല്ല, ആള്ക്കൂട്ടത്തിനിടയിലാണ്. അവര് ജനങ്ങളെ ചേര്ത്ത് നിര്ത്തിയവരാണ്. ജനപ്രതിനിധികളുടെ വേഷമണിഞ്ഞെങ്കിലും അവരെ നമ്മള് മാഷേ എന്നും ടീച്ചറെ എന്നും വിളിച്ചു. നല്ല അദ്ധ്യാപകര് ക്ലാസ്മുറികളില് മാത്രമല്ല പുറത്തും പ്രവര്ത്തിക്കുന്നവരാണ്. ജനപ്രതിനിധികള്ക്കിടയിലെ അധ്യാപകരെ ഈ അധ്യാപക ദിനത്തില് നമുക്ക് ഓര്ക്കാം.
ഹേമ കമ്മിറ്റി റിപ്പോര്ട്ട്; വാദം കേള്ക്കാന് പ്രത്യേക ബെഞ്ച്, ബെഞ്ചില് വനിതാ ജഡ്ജിമാര്ജീവിതത്തിലായാലും ജോലിയിലായാലും ഒരു കാര്ക്കശ്യക്കാരന്റെ രൂപ പകര്ച്ചയും ചിട്ടകളുമുള്ളയാളാണ് മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവ് എം വി ഗോവിന്ദന് മാസ്റ്റര്. കാര്ക്കശ്യം മാത്രമല്ല വളരെ കൃത്യതയോടെയും വേഗത്തിലും കാര്യങ്ങള് മുന്നോട്ട് നീക്കുന്നയാളുകൂടിയാണ് അദ്ദേഹം. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം എല്ലാവര്ക്കും ഗോവിന്ദന്മാഷാണ്. വളരെ അടുപ്പമുള്ളവര് മാഷേ എന്നും സ്നേഹത്തോടെ വിളിക്കും. കര്ഷക സമര ഭൂമിയായ കണ്ണൂരിലെ മൊറാഴയില് കെ കുഞ്ഞമ്പുവിന്റെയും മാധവിയടെയും ആറ് മക്കളില് രണ്ടാമനായി ജനിച്ച അദ്ദേഹം ഫിസിക്കല് എജ്യുക്കേഷനില് ഡിപ്ലോമ പാസായ ശേഷം കണ്ണൂര് തളിപ്പറമ്പ് ഇരിങ്ങല് യുപി സ്കൂളില് കായിക അധ്യാപകനായി സേവനമനുഷ്ഠിച്ചു. തികഞ്ഞ ഒരു ഫുട്ബോള് പ്രേമിയാണ് അദ്ദേഹമെന്നതും ഫുട്ബോളിനെ അത്രയധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നയാളാണെന്നുള്ളതും അധികമാര്ക്കുമറിയാത്ത കൗതുകമാണ്. പിന്നീട് മുഴുവന് സമയ രാഷ്ട്രീയ പ്രവര്ത്തകനായപ്പോള് തനിക്കേറ്റവും ഇഷ്ടപ്പെട്ട അധ്യാപന ജോലിയോട് അദ്ദേഹം വിടപറയുകയായിരുന്നു.
1969 ലാണ് എം വി ഗോവിന്ദന് കമ്യൂണിസ്റ്റ് പാര്ട്ടിയില് അംഗമാകുന്നത്. കണ്ണൂര് സഖാവ് എന്നറിയപ്പെടുന്ന മാസ്റ്റര് ഡിവൈഎഫ്ഐയുടെ സ്ഥാപക നേതാക്കളില് ഒരാളും സംഘടനയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. രണ്ടാം പിണറായി സര്ക്കാരിന്റെ മന്ത്രിസഭയില് എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചുമതലകള് വഹിച്ചുകൊണ്ടിരുന്ന കാലയളവില് സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളെത്തുടര്ന്ന് സ്ഥാനമൊഴിഞ്ഞപ്പോള് പുതിയ സെക്രട്ടറിയായി 2022 സെപ്റ്റംബര് 2ന് ചേര്ന്ന പാര്ട്ടി സെക്രട്ടറിയേറ്റ് എംവി ഗോവിന്ദനെ തിരഞ്ഞെടുത്തു. ഇന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പാര്ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമാണ് അദ്ദേഹം.
നിതീഷ് ഒന്നും മിണ്ടുന്നില്ല!, നിലപാട് പറഞ്ഞ ത്യാഗി പടിയിറങ്ങി; ജെഡിയു ആശയക്കുഴപ്പത്തിലോ?അധ്യാപികയില് നിന്ന് ആരോഗ്യമന്ത്രി സ്ഥാനത്തേക്കെത്തിയ ആളാണ് കെ കെ ശൈലജ. ഇപ്പോള് സിപിഐഎം കേന്ദ്രകമ്മറ്റി അംഗമായ കെ കെ ശൈലജ എന്ന ശൈലജ ടീച്ചര് എപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ട ടീച്ചറമ്മയാണ്. ശൈലജ ടീച്ചറിനെ ഓര്ക്കുമ്പോള് കരുതലിന്റെ മുഖമാണ് കേരള ജനതയുടെ മനസില് തെളിയുന്നത്. സ്നേഹത്തോടെ ആരെങ്കിലും ടീച്ചറേ എന്ന് വിളിക്കുമ്പോള് അധ്യാപികയായിരുന്ന കാലം മനസിലേക്ക് ഓടിയെത്തും എന്നാണ് ശൈലജടീച്ചര് പറയുന്നത്. കുട്ടിക്കാലത്ത് അധ്യാപികയോ അഭിഭാഷകയോ ആകാന് ആഗ്രഹിച്ച ശൈലജടീച്ചര്ക്ക് പില്ക്കാലത്ത് തനിക്ക് ഏറ്റവും യോജിച്ച അധ്യാപികയാകാന് സാധിച്ചു. രസതന്ത്രം പ്രധാനവിഷയമായി എടുത്ത് ബിരുദം പൂര്ത്തിയാക്കി വിരാജ് പേട്ടയില് ബിഎഡ്ഡിന് ചേരുകയും നാട്ടിലെ ശിവപുരം സ്കൂളില് അധ്യാപികയായി ജോലിയില് പ്രവേശിക്കുകയും ചെയ്തു. രസതന്ത്രമായിരുന്നു പഠിച്ച വിഷയമെങ്കിലും ഫിസിക്സും, കണക്കും ഇംഗ്ലീഷുമെല്ലാം പഠിപ്പിച്ചിരുന്ന ശൈലജ ടീച്ചറിനെ അവിടുത്തെ കുട്ടികള് മറക്കാനിടയില്ല.
ആദ്യകാലത്ത് ഡിവൈഎഫ്ഐ യിലും ജനാധിപത്യ മഹിളാ അസോസിയേഷനിലും പ്രവര്ത്തിക്കുകയും പിന്നീട് പൊതുപ്രവര്ത്തനത്തില് സജീവമാവുകയും ചെയ്ത കെ കെ ശൈലജ 1996ല് കൂത്തുപറമ്പില്നിന്ന് നിയമസഭയിലേക്കെത്തി. പിന്നീട് മുഴുവന് സമയ രാഷ്ട്രീയ പ്രവര്ത്തനത്തിലേക്ക് തിരിഞ്ഞപ്പോള്, വളരെയധികം ഇഷ്ടത്തോടെ ചെയ്തിരുന്ന തന്റെ അധ്യാപനജോലി 23 വര്ഷങ്ങള്ക്കിപ്പുറം അവര്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അധ്യാപനജോലി സാമൂഹിക പ്രവര്ത്തനത്തിന്റെ ഭാഗമാണെന്നും ക്ലാസ്മുറികള്ക്കകത്തുമാത്രമല്ല പുറത്തു പ്രവര്ത്തിക്കുന്നവരാണ് നല്ല അധ്യാപകരെന്നുമാണ് ശൈലജ ടീച്ചറിന്റെ പക്ഷം.
ആശയവും പ്രത്യയശാസ്ത്രവും ഭ്രാന്തരാക്കിയ മനുഷ്യരാൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴ് വർഷംകണ്ണൂര് ജില്ലയിലെ മയ്യില് താലൂക്കില് കയരളത്ത് കേളപ്പന് നമ്പ്യാരുടെയും പി കെ മീനാക്ഷിയമ്മയുടെയും മകളായി ജനിച്ച പി കെ ശ്രീമതി ടീച്ചര് ലോവര് പ്രൈമറി അധ്യാപികയായിട്ടായിരുന്നു അധ്യാപനജീവിതത്തിന്റെ ആരംഭം കുറിച്ചത്. നെരുവമ്പ്രം അപ്പര് പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയായിരിക്കെ 2003 ലാണ് പികെ ശ്രീമതി സര്വ്വീസില് നിന്ന് വിരമിക്കുന്നത്. മാര്ക്സിസ്റ്റ് പാര്ട്ടിയുടെ യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്ത്തന രംഗത്ത എത്തിയ ആളാണ് പി കെ ശ്രീമതി. കണ്ണൂര് ജില്ലാ കൗണ്സില് സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്പേഴ്സണ്, കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില് പ്രവര്ത്തിക്കുകയും പിന്നീട് രാഷ്ട്രയ രംഗത്ത് മുന്നിരയിലെത്തുകയും ചെയ്ത ശ്രീമതി ടീച്ചര് 2006 മുതല് 2011 വരെ വി എസ്.അച്യുതാനന്ദന് മന്ത്രിസഭയിലെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു.2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില് കണ്ണൂര് പാര്ലമെന്റ് മണ്ഡലത്തില് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019ല് ലോക്സഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും കോണ്ഗ്രസ് നേതാവ് കെ.സുധാകരനോട് പരാജയപ്പെട്ടു.
സ്ത്രീ ശബ്ദം മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്ത്തിച്ചിട്ടുണ്ട്. ഇപ്പോള് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന് പ്രസിഡന്റായി ചുമതല വഹിക്കുകയാണ്.
കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷാണ് തോമസ് മാഷ്. രാഷ്ട്രീയവും അദ്ധ്യാപനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയും രണ്ട് മേഖലയിലും ഒരുപോലെ മികവ് തെളിയിക്കുകയും ചെയ്ത തോമസ് മാഷ് അല്പ്പം വ്യത്യസ്തനാണ്. അധ്യാപകനും മുന് കേന്ദ്രമന്ത്രിയും കേരളത്തില്നിന്നുള്ള കോണ്ഗ്രസ് പാര്ട്ടിയുടെ മുന് നേതാവുമാണ് കറുപ്പശ്ശേരി വര്ക്കി തോമസ് എന്ന കെ വി തോമസ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില് കറുപ്പശ്ശേരി വര്ക്കിയുടെയും റോസമ്മയുടെയും മകനായി ജനിച്ച കെ. വി തോമസ് തേവര എസ് എച്ച് കോളജില് നിന്ന് എം എസ് സി കെമിസ്ട്രിയില് ബിരുദാനന്തര ബിരുദം നേടി.
എറണാകുളം തേവര കോളജില് 33 വര്ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 20 വര്ഷം കെമിസ്ട്രി വിഭാഗത്തില് പ്രൊഫസറായിരുന്നു. 2001 ല് വകുപ്പ് മേധാവിയായി സര്വ്വീസില് നിന്ന് വിരമിച്ചു. 1970ല് കോണ്ഗ്രസ് പാര്ട്ടിയില് ചേര്ന്ന അദ്ദേഹം കോണ്ഗ്രസിന്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാര്ഡ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1984ല് നടന്ന ലോകസഭ തിരഞ്ഞെടുപ്പില് എറണാകുളം ലോക്സഭ മണ്ഡലത്തില്നിന്ന് ആദ്യമായി പാര്ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989 മുതല് 2001 വരെ എറണാകുളം ഡിസിസിയുടെ പ്രസിഡന്റായി. 2001-2004 കാലത്ത് എകെ ആന്റണി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായി. 2009 ലെ ലോകസഭ തിരഞ്ഞെടുപ്പില് വീണ്ടും പാര്ലമെന്റ് അംഗമായി.
2014ല് നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പില് അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില് ഇടതുപക്ഷ സ്ഥാനാര്ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷനില് പങ്കെടുത്തതിനെ തുടര്ന്ന് 2022 മെയ് 12ന് കോണ്ഗ്രസ് പാര്ട്ടിയില് നിന്ന് കെ വി തോമസ് പുറത്താക്കപ്പെട്ടു.
ഒരു കുട്ടിയെ ആഴത്തില് നിരീക്ഷിക്കാന് മാതാപിതാക്കളേക്കാള് കഴിയുക അധ്യാപകര്ക്കാണെന്നു പറയുന്നത് മറ്റാരുമല്ല, അധ്യാപകനും ഇടതുപക്ഷ സഹയാത്രികനുമായ കെ ടി ജലീല് ആണ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ കെ ടി ജലീല് ചരിത്രകാരനും കോളജ് അധ്യാപകനും കൂടിയാണ്. 1994ല് തിരൂരങ്ങാടി പിഎസ്എംഒ കോളജില് ചരിത്ര അധ്യാപകനായിട്ടാണ് അധ്യാപന ജീവിതം ആരംഭിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില് ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും അടക്കമുള്ള ചുമതലകള് വഹിച്ചിരുന്നുവെങ്കിലും ബന്ധുനിയമന ആരോപണം, സ്വര്ണ്ണക്കടത്ത്, മാര്ക്ക് ദാനം, ഭൂമിദാനം തുടങ്ങിയ പലതരം വിവാദങ്ങളില്പ്പെടുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഇടതുപക്ഷ സഹയാത്രികനായ സി രവീന്ദ്രനാഥ് തൃശൂര് ജില്ലയില് നെല്ലായിക്കടുത്ത് അധ്യാപകനായ കുന്നത്തേരി പീതാംബരന് കര്ത്തയുടെയും ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. പഠനം പൂര്ത്തിയാക്കിയ ശേഷം തൃശൂര് സെന്റ് തോമസ് കോളജില് കെമിസ്ട്രി വിഭാഗം അധ്യാപകനായി. സാക്ഷരത പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ല് കേരള നിയമസഭ തിരഞ്ഞെടുപ്പില് കൊടകര മണ്ഡലത്തില്നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഒന്നാം പിണറായി സര്ക്കാരിന്റെ കീഴിലെ വിദ്യാഭ്യാസ മന്ത്രിയായി.വിദ്യാഭ്യാസ രംഗത്ത് പ്രൊ. സി രവീന്ദ്രനാഥിന്റെ സംഭാവനകള് നിരവധിയാണ്.
കുട്ടികളുടെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ പ്രശ്നങ്ങള് മനസ്സിലാക്കുകയും പഠനത്തില് പിറകിലേക്ക് നില്ക്കുന്ന വിദ്യാര്ഥികളുടെ കഴിവുകള് ഉയര്ത്തുന്നതിനായി 'ശ്രദ്ധ' പദ്ധതി, അന്യ സംസ്ഥാനങ്ങളില് നിന്ന് എത്തിയ തൊഴിലാളികളുടെ കുട്ടികള്ക്കുള്ള വിദ്യാഭ്യാസപദ്ധതിയായ റോഷ്നി പദ്ധതി, കുട്ടികള്ക്ക് സര്ഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനു സഹായിക്കുന്ന 'അക്ഷരവൃക്ഷം' പദ്ധതി തുടങ്ങിയവയെല്ലാം രവീന്ദ്രനാഥിന്റെ നേതൃത്വത്തില് വിദ്യാഭ്യാസവകുപ്പ് ആവിഷ്ക്കരിച്ച പദ്ധതികളാണ്.
രാഷ്ട്രീയ പ്രവര്ത്തകനും അധ്യാപകനായ കെ. പ്രകാശ് ബാബുവിന്റെ പേര്കൂടി ഈ പട്ടികയില് എഴുതിച്ചേര്ക്കേണ്ടതുണ്ട്. കൊല്ലം മഞ്ഞക്കല യുപി സ്കൂളില്നിന്ന് പ്രധാന അധ്യാപകനായി വിരമിച്ച പ്രകാശ്ബാബു മുതിര്ന്ന ഇന്ത്യന് കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്ത്തകനാണ്. 1991 മുതല് 2001 വരെ കേരള നിയമസഭയില് പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2012-ല് കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്സിലിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതത്തില് വലിയമാറ്റം ഉണ്ടാക്കാനും ആവശ്യമുളള സംരംഭങ്ങള് ആവിഷ്കരിക്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.