'വാജ്പേയി കാലത്തെ കാണ്ഡഹാർ വിമാനറാഞ്ചലും റാവു കാലത്തെ അമൃത്സർ റാഞ്ചലും'; 1993ലെ നടപടി ചർച്ചയാകുന്നു

1993ൽ നടന്നതും 1999ൽ നടക്കാതെ പോയതും എന്തെന്ന് ഐസി 814: ദി കാണ്ഡഹാർ ഹൈജാക്കിങ്ങ് എന്ന അനുഭവ് സിൻഹയുടെ നെറ്റ്ഫ്ലിക്സ് സീരീസിന് പിന്നാലെ ചർച്ചയാകുന്നു

dot image

'അവ അപകടകാരികളാണ്'. രണ്ട് കാലുകളിലും പ്ലാസ്റ്റർ ഇട്ട്, അതിനെ താങ്ങിനിർത്തുന്ന രണ്ട് സ്റ്റീൽ റോഡുകൾ ഘടിപ്പിച്ചിച്ച ഒരു ചെറുപ്പക്കാരനോട് ഡൽഹി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ വിമാനം കാത്തിരിക്കവെ ഡോക്ടർ ആസിഫ് ഖണ്ഡോ പറഞ്ഞു. കാലിലെ സ്റ്റീൽ റോഡുകൾ ചൂണ്ടിക്കാണിച്ചായിരുന്ന 'അവ അപകടകാരികളാ'ണെന്ന് ഡോക്ടർ ആസിഫ് പറഞ്ഞത്. 1993 ഏപ്രിൽ 24ന് ശ്രീനഗറിലേയ്ക്കുള്ള തൻ്റെ ഫ്ലൈറ്റിനായി ഡൽഹി വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ കാത്തിരിക്കുകയായിരുന്നു ശ്രീനഗർ സ്വദേശിയായ ഡോക്ടർ ആസിഫ് ഖണ്ഡേ. എച്ച് എം റിസ്വിയെന്ന് സ്വയം പരിചയപ്പെടുത്തിയ താടിക്കാരനായ ആ ചെറുപ്പക്കാരൻ ജയ്പൂരിൽ വെച്ച് അപടകമുണ്ടായതിനെക്കുറിച്ചും അതിനെ തുടർന്ന് സ്റ്റീൽ റോഡോഡു കൂടി പ്ലാസ്റ്റർ ഇടേണ്ടി വന്നതിനെക്കുറിച്ചും ഡോക്ടർ ആസിഫിനോട് വിശദീകരിച്ചു. ഡോ. ആസിഫിനെപ്പോലെ ഡൽഹി-ശ്രീനഗർ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 427നായി കാത്തിരിക്കുകയായിരുന്നു ആ താടിക്കാരൻ ചെറുപ്പക്കാരനും.

എന്നാൽ ശ്രീനഗറിലേയ്ക്കുള്ള വിമാനത്തിൽ കയറിക്കറിഞ്ഞപ്പോഴാണ് എച്ച് എം റിസ്വിയുടെ കാലിലെ പ്ലാസ്റ്ററും സ്റ്റീൽറോഡും ചൂണ്ടിക്കാണിച്ച് 'അവ അപകടകാരികളാണ്' എന്ന് പറഞ്ഞതിലെ യഥാർത്ഥ അപകടം ഡോക്ടർ ആസിഫ് തിരിച്ചറിഞ്ഞത്. ഇരു കാലുകളിലെയും പ്ലാസ്റ്ററിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന രണ്ട് 9 എംഎം പിസ്റ്റളുകൾ പുറത്തെടുത്ത് റിസ്വി എന്ന് പരിചയപ്പെടുത്തിയ യുവാവ് വിമാനം ഹൈജാക്ക് ചെയ്യുന്നതിന് ഡോക്ടർ ആസിഫും സാക്ഷിയായി.

1993ൽ ഐസി 427 റാഞ്ചുന്നു

ഉച്ചയ്ക്ക് 1.57നായിരുന്നു IC 427 ഡൽഹിയിൽ നിന്നും വിമാനം ശ്രീനഗറിലേയ്ക്ക് തിരിച്ചത്. ക്രെച്ചസില് വളരെ കഷ്ടപ്പെട്ട് മുടന്തിയായിരുന്നു റിസ്വി എന്ന് പരിചയപ്പെടുത്തിയ വിമാനറാഞ്ചി വിമാനത്തിനുള്ളിൽ പ്രവേശിച്ചത്. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനിലെ ഉന്നത അംഗമായ മുഹമ്മദ് യൂസഫായിരുന്നു റിസ്വിയായി എത്തിയിരുന്നത്.

"ഞാൻ ജനറൽ ഹസൻ. ഹിസ്ബുൽ മുജാഹിദ്ദീൻ്റെ പരമോന്നത കമാൻഡർ സയ്യിദ് സലാഹുദ്ദീൻ്റെ നിർദ്ദേശപ്രകാരം ഒരു പ്രത്യേക ദൗത്യം നിർവഹിക്കുകയാണ്," മുഹമ്മദ് യൂസഫ് വിമാനത്തിനുള്ളിൽ പ്രഖ്യാപിച്ചു. രണ്ട് കൈയ്യിലും പിസ്റ്റലുകൾ പിടിച്ചിരുന്ന മുഹമ്മദ് യൂസഫ് തൻ്റെ കൈവശം ഗ്രനേഡ് ഉണ്ടെന്നും വിമാനം കാബൂളിലേയ്ക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പാകിസ്താൻ്റെ ആകാശപാതയിലേയ്ക്ക് വിമാനം കടക്കുന്നതിന് ലാഹോർ എയർട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ 3.20ന് വിമാനം അമൃത്സറിൽ ഇറങ്ങി. യാത്രക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും ഇന്ധനം നിറച്ചതിന് ശേഷം വിമാനം കാബൂളിലേയ്ക്ക് പറത്തണമെന്നും വിമാനറാഞ്ചി ആവശ്യം ഉന്നയിച്ചു. യാത്രക്കാരും ജീവനക്കാരുമായി 141 പേരായിരുന്നു ഐസി 427ൽ ഉണ്ടായിരുന്നത്. ഇതിൽ 135 യാത്രക്കാരിൽ ഒൻപത് പേർ പിഞ്ചു കുഞ്ഞുങ്ങളായിരുന്നു. ആറ് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

ഡൽഹിയിൽ നിയന്ത്രണം, അമൃത്സറിൽ നടപടി

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞ ഉടനെ ഡൽഹിയിൽ ക്രൈസിസ് മാനേജ്മെൻ്റ് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു. അന്ന് നരസിംഹറാവു മന്ത്രിസഭയിലെ വ്യോമയാന മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് സാഹചര്യങ്ങൾ അടിയന്തരമായി വിലയിരുത്തി. നടപടികൾ ഏകോപിപ്പിച്ചു. ഇതിന് പിന്നാലെ അമൃത്സർ വിമാനത്താവളത്തിൽ പഞ്ചാബ് പൊലീസിലെ എസ്പിയും ഡിസിയും വിമാനറാഞ്ചിയുമായി അനുരഞ്ജന ചർച്ചകൾ നടത്തി. എന്നാൽ ഇന്ധനം നിറച്ച് വിമാനം കാബൂളിലേയ്ക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടു പോകാൻ വിമാനറാഞ്ചി തയ്യാറായില്ല. ഒരുഘട്ടത്തിൽ പ്രകോപിതനായ റാഞ്ചി വിമാനത്തിൻ്റെ ഫ്യൂസ്ലേജിൽ തുളച്ചുകയറുന്ന നിലയിൽ വെടിയുതിർക്കാനും മടിച്ചില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്ന നിലയിലായിരുന്നു ഇയാളുടെ പ്രതികരണം.

വിമാനറാഞ്ചിയുടെ ദൃഢനിശ്ചയവും വഴങ്ങാൻ തയ്യാറല്ലെന്ന നിലപാടും ചർച്ച നടത്തിയ ഉദ്യോഗസ്ഥർ ഡൽഹിയിലെ ക്രൈസിസ് മാനേജ്മെൻ്റ് ഗ്രൂപ്പിനെ അറിയിച്ചു. ചർച്ചകൾ തുടരാനായിരുന്നു സിഎംജി അമൃത്സറിലെ ടീമിനെ ഉപദേശിച്ചത്. പരമാവധി സമയം ചർച്ച നീട്ടിക്കൊണ്ട് പോകുക എന്ന സിഎംജിയുടെ ലക്ഷ്യത്തിന് പിന്നിൽ കൃത്യമായ ഒരു ആസൂത്രണമുണ്ടായിരുന്നു. അതിൻ്റെ ഭാഗമായാണ് ദേശീയ സുരക്ഷാ ഗാർഡിൻ്റെ (എൻഎസ്ജി) വിമാനറാഞ്ചൽ വിരുദ്ധ കമാൻഡോകളെ അവരുടെ കന്നിദൗത്യത്തിനായി അമൃത്സറിലേയ്ക്ക് അയച്ചത്.

കാണ്ഡഹാർ ഹൈജാക്ക്; ഹിന്ദു നാമധാരികൾ ഉണ്ട്, 'ബർഗർ' ഷാളിൽ ഓട്ടോഗ്രാഫ് നൽകി: വെളിപ്പെടുത്തി ദമ്പതികൾ
ചർച്ചകൾ ആർദ്ധരാത്രിയോളം നീണ്ടു. ഇതിനിടയിൽ എന്എസ്ജി ഗാർഡുകൾ അമൃത്സറിൽ എത്തിച്ചേർന്നു. ഒടുവിൽ ഡൽഹിയിൽ നിന്നും തന്ത്രപ്രധാനമായ ആ തീരുമാനം വന്നു. വിമാനത്തിനുള്ളിൽ കടന്ന് വിമാനറാഞ്ചിയെ കീഴടക്കാൻ എൻഎസ്ജി കമാൻഡോകൾക്ക് അനുമതി ലഭിച്ചു

ചർച്ചകൾ ആർദ്ധരാത്രിയോളം നീണ്ടു. ഇതിനിടയിൽ എന്എസ്ജി ഗാർഡുകൾ അമൃത്സറിൽ എത്തിച്ചേർന്നു. ഒടുവിൽ ഡൽഹിയിൽ നിന്നും തന്ത്രപ്രധാനമായ ആ തീരുമാനം വന്നു. വിമാനത്തിനുള്ളിൽ കടന്ന് വിമാനറാഞ്ചിയെ കീഴടക്കാൻ എൻഎസ്ജി കമാൻഡോകൾക്ക് അനുമതി ലഭിച്ചു. ഇന്ത്യയെ സംബന്ധിച്ച് ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു ദൗത്യത്തിന് സ്വന്തം നിലയിൽ നേതൃത്വം നൽകുന്നത്. ജർമ്മൻ ഫെഡറൽ പൊലീസിൻ്റെ തന്ത്രപ്രധാന യൂണിറ്റായ ജിഎസ്9ൽ പരിശീലനം നേടിയവരായിരുന്നു ഈ എൻഎസ്ജി കമാൻഡോകൾ. ഇരുട്ടിൻ്റെ മറവിൽ അർദ്ധരാത്രിയോടെ കമാൻഡോ സംഘം വിമാനത്തിന് കീഴിൽ ഉഴഞ്ഞെത്തി. അപ്പോഴേയ്ക്കും അവരുടെ ദൗത്യം എളുപ്പമാക്കാൻ എയർഹോസ്റ്റസുമാർ വീൽ ലോക്കും ആറ് വാതിലുകളും തുറന്ന് വെച്ചിരുന്നു.

അർദ്ധരാത്രി 1.05ന് എൻഎസ്ജി കമാൻഡോകൾ ആറ് വാതിലുകളിലൂടെ വിമാനത്തിനുള്ളിലേയ്ക്ക് ഇരച്ചുകയറി. ഇതേ സമയം വിമാനറാഞ്ചി കോക്പിറ്റിൽ പഞ്ചാബ് പൊലീസ് മേധാവിയോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കമാൻഡോകൾ പിന്നിൽ നിന്നും ഇയാളുടെ മേല് ചാടി വീണു. കമാൻഡോ സംഘത്തിൻ്റെ അതിവേഗത്തിലുള്ള അപ്രതീക്ഷിത നീക്കത്തിൽ മുഹമ്മദ് യൂസഫ് പതറിപ്പോയി. വെടിയുതിർക്കാൻ യൂസഫ് ഒരു വിഫലശ്രമം നടത്തിയെങ്കിലും അതിന് മുമ്പായി കമാൻഡോകളിലൊരാളുടെ ശബ്ദമില്ലാത്ത തോക്കിൽ നിന്നുള്ള വെടിയുണ്ട യൂസഫിനെ വീഴ്ത്തി. പരിക്കേറ്റ യൂസഫിനെ എൻഎസ്ജി സംഘം വിമാനത്തിന് പുറത്തെത്തിച്ച് പഞ്ചാബ് പൊലീസിന് കൈമാറി. അഞ്ച് മിനിട്ടുകൊണ്ടാണ് എൻഎസ്ജി കമാൻഡോകൾ ഈ ദൗത്യം പൂർത്തീകരിച്ചത്.

ജർമ്മൻ പരിശീലനം ലഭിച്ച ആൻ്റി ഹൈജാക്കിംഗ് സ്ക്വാഡിൻ്റെ ആദ്യ ഓപ്പറേഷനായിരുന്നു 1993ലേത്. കൂടാതെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ "വേഗമേറിയ കമാൻഡോ ഓപ്പറേഷൻ" ആയും ഇത് ഇടംനേടി.

പിന്നീട് പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടെ വിമാനറാഞ്ചി മരണത്തിന് കീഴടങ്ങിയതായി പഞ്ചാബ് പൊലീസ് മേധാവി കെപിഎസ് ഗിൽ അറിയിച്ചു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ലെന്നും റിപ്പോർട്ടുണ്ട്. എൻഎസ്ജി കമാൻഡോകൾ റാഞ്ചിയെ ജീവനോടെ പിടികൂടുകയും വിമാനത്താവളത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്യുകയും ഇതിനിടെ കൊല്ലപ്പെടുകയും ചെയ്തതായി 1993ൽ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തു തന്നെയായാലും ബന്ധപ്പെട്ടവർ അതിവേഗം തീരുമാനം എടുക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തതിൻ്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. പിന്നീട് ആറ് വർഷത്തിന് ശേഷം IC 814 ൻ്റെ കാര്യത്തിൽ സമാന സംഭവങ്ങൾ ആവർത്തിച്ചപ്പോൾ IC 427ൻ്റെ പ്രതിസന്ധി പരിഹരിച്ച വിഷയം ചർച്ചയായിരുന്നു. ജർമ്മൻ പരിശീലനം ലഭിച്ച ആൻ്റി ഹൈജാക്കിംഗ് സ്ക്വാഡിൻ്റെ ആദ്യ ഓപ്പറേഷനായിരുന്നു 1993ലേത്. കൂടാതെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ "വേഗമേറിയ കമാൻഡോ ഓപ്പറേഷൻ" ആയും ഇത് ഇടംനേടി.

കാണ്ഡഹാർ വിമാനറാഞ്ചൽ; ദുരൂഹത മാറാത്ത ആ രണ്ട് ചുവന്ന ബാഗിലും കറുത്ത ബ്രീഫ്കെയ്സിലും എന്തായിരുന്നു?

1993ൽ നടന്നതും 1999ൽ നടക്കാതെ പോയതും

ആറ് വർഷത്തിന് ശേഷം വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഡൽഹിയിലേയ്ക്ക് തിരിച്ച ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി 814 ഇന്ത്യൻ വ്യോമാതിർത്തിയിൽ കടന്നതോടെ ഹൈജാക്ക് ചെയ്യപ്പെട്ടു. 1999 ഡിസംബർ 24നായിരുന്നു സംഭവം. 1993ൽ IC 427ലെ റാഞ്ചി ആവശ്യപ്പെട്ടത് പോലെ തന്നെ കാബൂളിലേയ്ക്ക് പറക്കാനായിരുന്നു ഐസി 814 ഹൈജാക്ക് ചെയ്ത റാഞ്ചികളുടെയും ആവശ്യം. എന്നാൽ 1993ൽ സംഭവിച്ചത് പോലെ ലാഹോർ എയർട്രാഫിക്ക് പാകിസ്താനിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചു. ആറ് വർഷം മുമ്പ് IC 427 അമൃത്സറിൽ ലാൻഡ് ചെയ്തത് പോലെ ഐസി 814ഉം അമൃത്സറിൽ ലാൻഡ് ചെയ്തു. 50 മിനിട്ട് വിമാനം അമൃത്സർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ 1993ലേത് തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ സംവിധാനങ്ങൾക്ക് സാധിച്ചില്ല. ഒടുവിൽ വിമാനം കാബൂളിലേയ്ക്ക് പറക്കുന്ന സാഹചര്യം ഉണ്ടായി. വിമാന റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യയിൽ തടവിലായിരുന്ന മൂന്ന് ഭീകരരെ വിട്ടുനൽകിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാൻ സാധിച്ചത്.

1999ൽ 50 മിനിറ്റോളം IC 814 അമൃത്സറിൽ ഉണ്ടായിരുന്നിട്ടും എൻഎസ്ജി കമാൻഡോകളെ വിന്യസിക്കാൻ അന്നത്തെ വാജ്പേയി സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. അന്ന് അമൃത്സറിൽ നിന്ന് പുറപ്പെടുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനെ "വിഡ്ഢിത്തം" എന്നായിരുന്നു റോയുടെ അന്നത്തെ തലവനായിരുന്ന എഎസ് ദുലത്ത് വിശേഷിപ്പിച്ചത്

അനുഭവ് സിൻഹയുടെ നെറ്റ്ഫ്ലിക്സ് സീരീസ് - ഐസി 814: ദി കാണ്ഡഹാർ ഹൈജാക്കിംഗ് - ചർച്ചയായതിന് പിന്നാലെയാണ് 1993ലെ IC 427 ഹൈജാക്കിങ്ങും 1999 ലെ IC 814 ഹൈജാക്കിങ്ങും തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നത്. 1999ൽ 50 മിനിറ്റോളം IC 814 അമൃത്സറിൽ ഉണ്ടായിരുന്നിട്ടും എൻഎസ്ജി കമാൻഡോകളെ വിന്യസിക്കാൻ അന്നത്തെ വാജ്പേയി സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. അന്ന് അമൃത്സറിൽ നിന്ന് പുറപ്പെടുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനെ "വിഡ്ഢിത്തം" എന്നായിരുന്നു റോയുടെ അന്നത്തെ തലവനായിരുന്ന എഎസ് ദുലത്ത് വിശേഷിപ്പിച്ചത്.

കാണ്ഡഹാർ വിമാന റാഞ്ചൽ: 'അമൃത്സറിൽ വിഡ്ഢിത്തങ്ങൾ സംഭവിച്ചു, ഐഎസ്ഐക്ക് പങ്കുണ്ട്'; മുൻ 'റോ' മേധാവി

1999 ഡിസംബർ 24ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 15 ജീവനക്കാരടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണിനോട് കാബൂളിലേക്ക് പറത്താനായിരുന്നു റാഞ്ചികളുടെ ആവശ്യം. കാബൂളിലേക്ക് പറക്കാൻ മാത്രം ഇന്ധനമില്ലെന്ന് ക്യാപ്റ്റൻ അപകട സൂചന നൽകിയപ്പോൾ ലാഹോറിൽ നിന്ന് ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനറാഞ്ചികളുടെ ഉത്തരവ്. പക്ഷെ ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പാകിസ്താൻ അധികൃതർ അനുമതി നൽകിയില്ല. പിന്നീട് അമൃത്സറിലേക്ക് വിമാനം കൊണ്ടുപോകാമെന്ന ക്യാപ്റ്റൻ്റെ അഭിപ്രായം മനസ്സില്ലാ മനസ്സോടെ ഭീകരർ ചെവികൊള്ളുകയായിരുന്നു. പിന്നീട് വിമാനം അമൃത്സറിൽ ഏകദേശം 50 മിനിറ്റോളം കാത്തുനിന്നെങ്കിലും ഇന്ത്യൻ ഇടപെടൽ ഉണ്ടായില്ല. പന്തികേട് തോന്നിയ റാഞ്ചികൾ ഇന്ധനം നിറയ്ക്കാൻ നിൽക്കാതെ വിമാനം പറത്താൻ ക്യാപ്റ്റൻ ദേവി ശരണെ നിർബന്ധിച്ചു. യാത്രക്കാരെ അടക്കം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ഈ ഭീഷണി.

പിന്നീട് വീണ്ടും ലാഹോറിലെത്തി എമർജൻസി ലാൻഡിങ്ങ് നടത്താനുള്ള ശ്രമത്തിനിടെ ഇന്ധനം നിറയ്ക്കാൻ മാത്രം അനുമതി കിട്ടുകയായിരുന്നു. പിന്നാലെ അഫ്ഗാനിലെ കാബൂളിലേയ്ക്ക് വിമാനം പറത്താൻ റാഞ്ചികൾ ആവശ്യപ്പെട്ടു. എന്നാൽ രാത്രി ലാൻഡ് ചെയ്യാനുള്ള സൗകര്യം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ യുഎഇയിലെ അൽ മിൻഹാദ് എയർ ബേസിൽ വിമാനം ഇറക്കാൻ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും, ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കൊലപ്പെടുത്തിയ രൂപിൻ കത്യാലിൻ്റെ മൃതദേഹവും റാഞ്ചികൾ അധികൃതർക്ക് കൈമാറി. ഇതിനിടയിൽ ബന്ദികളെ രക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള കമാൻഡോ സംഘത്തിന് ഓപ്പറേഷൻ നടത്താൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതർ നിരസിച്ചു. പിന്നാലെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാർ റാഞ്ചികളുടെ തോക്കിൻ മുനയിലാണ് ചെലവഴിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us