കങ്കണ റണാവത്തിൻ്റെ പുതിയ ചിത്രമായ 'എമർജൻസി' വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൻ്റെ സെൻസറിങ്ങ് അനുമതി അനിശ്ചിതമായി നീളുന്നതും ചിത്രത്തിൻ്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അളിക്കത്തിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധി പ്രധാന കഥാപാത്രമായി വരുന്ന ചിത്രത്തിൽ സിഖ് സമുദായത്തെ മോശമായി അവതരിപ്പിച്ചു എന്നതടക്കമുള്ള നിരവധി വിവാദങ്ങളാണ് ഇതിനകം ഉടലെടുത്തിട്ടുള്ളത്. ജനറെെല് സിംഗ് ഭിന്ദ്രൻവാലയെ അവതരിപ്പിച്ചിരിക്കുന്നതടക്കം സിഖ് സമുദായത്തെ ഒന്നടങ്കം മോശമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ആക്ഷേപമാണ് ഒരുവിഭാഗം സിഖുകാർ ഉന്നയിക്കുന്നത്.
ഇന്ദിരാ ഗാന്ധിയുമായി ബന്ധപ്പെട്ട്, വിവാദങ്ങളിൽ ഇടംപിടിക്കുന്ന ആദ്യ സിനിമയല്ല 'എമർജൻസി'. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇന്ദിരാ ഗാന്ധി പ്രത്യക്ഷമായോ പരോക്ഷമായോ പരാമർശിക്കപ്പെട്ട നിരവധി ചിത്രങ്ങൾ വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ആന്ധി, കിസ്സ കുർസി കാ, നസ്ബന്ദി, ഇന്ദു സർക്കാർ, മിഡ് നൈറ്റ് ചിൽഡ്രൺ, ക്രാന്തി കി തരംഗെ ഇങ്ങനെ നീളുന്നു അത്തരം സിനിമകളുടെ നിര.
കങ്കണയുടെ സിനിമ അതിൻ്റെ പേര് കൊണ്ട് തന്നെയാണ് ശ്രദ്ധേയമാകുന്നത്. ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന ഒരു ചിത്രത്തിന് 'എമർജൻസി' എന്ന് ടൈറ്റിൽ വരുമ്പോൾ ആ ചിത്രത്തിൻ്റെ രാഷ്ട്രീയ പ്രധാന്യം കൂടിയാണ് തെളിഞ്ഞ് വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ 'എമർജൻസി' എന്ന വാക്കിനുള്ള പ്രധാന്യം തന്നെയാണ് ഇതിന് കാരണം.
1975 ജൂൺ 25, കൃത്യമായി പറഞ്ഞാൽ 49 വർഷം മുമ്പ് ആകാശവാണിയിലൂടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു. 'രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിൽ ആകുലപ്പെടേണ്ടതൊന്നുമില്ല' എന്നായിരുന്നു ഇന്ദിരാ ഗാന്ധി രാജ്യത്തോട് പറഞ്ഞത്. പക്ഷെ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. പിന്നീടുള്ള 21 മാസത്തോളം രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെല്ലാം റദ്ദ് ചെയ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അറിയാനും പറയാനുമുള്ള അവകാശങ്ങൾ സർക്കാർ റദ്ദാക്കിയെന്നതാണ് അതിൽ പ്രധാനം. ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.
സിനിമയുടെ സെൻഷർഷിപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിയന്തരാവസ്ഥ കാലത്ത് ശക്തമാക്കപ്പെട്ടു. സിനിമയിൽ മദ്യക്കുപ്പികളും രക്തച്ചൊരിച്ചിലും കാണിക്കാൻ പാടില്ലെന്ന് നിയമം വന്നു. 90 മിനിട്ടിൽ കൂടാത്ത ആറ് സംഘട്ടന രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നത്.
അക്കാലത്ത് രാജ്യത്തെ എല്ലാമേഖലകളെയും ഭരണകൂടം നിയന്ത്രിച്ച് ചൊൽപ്പടിയിലാക്കിയപ്പോൾ സിനിമാ മേഖലയ്ക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല. സിനിമയുടെ സെൻഷർഷിപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിയന്തരാവസ്ഥ കാലത്ത് ശക്തമാക്കപ്പെട്ടു. സിനിമയിൽ മദ്യക്കുപ്പികളും രക്തച്ചൊരിച്ചിലും കാണിക്കാൻ പാടില്ലെന്ന് നിയമം വന്നു. 90 മിനിട്ടിൽ കൂടാത്ത ആറ് സംഘട്ടന രംഗങ്ങൾ മാത്രമാണ് സിനിമയിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നത്.
ബോംബെയിൽ കോൺഗ്രസിൻ്റെ റാലിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ആകാശവാണിയിൽ ഗായകൻ കിഷോർ കുമാറിൻ്റെ ഗാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും അവരുടെ ഇരുപതിന പദ്ധതിയെയും പുകഴ്ത്തുന്നതിനായി ഫിലിം ഡിവിഷൻ്റെ സാധ്യതകൾ ഉപയോഗിക്കപ്പെട്ടു. ഇതിൻ്റെ അനുരണനങ്ങൾ എന്ന നിലയിൽ 'വീ ഹാവ് പ്രോമിസസ് ടു കീപ്പ്', 'ഔവർ ഇന്ദിര' തുടങ്ങിയ സിനിമകൾ റിലീസ് ചെയ്യപ്പെട്ടു. അരാഷ്ട്രീയ സിനിമകൾ ഭരണകൂടത്തിൻ്റെ വലിയ എതിർപ്പുകളില്ലാതെ റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകൾ ശക്തമായ ഔദ്യോഗിക നിയന്ത്രണങ്ങൾക്ക് കീഴിലാണ് സെൻസർ ചെയ്യപ്പെട്ടത്.
അതിനാൽ തന്നെയാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതം അധികരിച്ച് കങ്കണ റാണാവത്ത് 'എമർജൻസി' എന്ന പേരിൽ ഒരുക്കുന്ന സിനിമയ്ക്ക് ഇത്രയേറെ സവിശേഷമായ ശ്രദ്ധ ലഭിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്താണ് ആദ്യമായി ഇന്ദിരാ ഗാന്ധിയുമായി ബന്ധപ്പെട്ട സിനിമകൾ വിവാദങ്ങളിൽ പെടുന്നത്. ഇത്തരത്തിൽ വിവാദത്തിൽ ഇടംനേടിയ ആദ്യചിത്രം ഗുൽസാറിൻ്റെ ആന്ധിയാണ്. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുമ്പായിരുന്നു ആന്ധി തിയേറ്ററിലെത്തിയത്. 1975 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഗുൽസാറിൻ്റെ ഈ വിവാദ ക്ലാസിക് 24 ആഴ്ചകളോളം തിയേറ്റർ ഇളക്കിമറിച്ച് തന്നെ ഓടി. എന്നാൽ സിനിമ റിലീസ് ചെയ്ത് നാലാമത്തെ മാസത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് ഈ സിനിമ നിരോധിക്കപ്പെട്ടു.
സുചിത്ര സെന്നും സഞ്ജീവ് കുമാറും അഭിനയിച്ച ആന്ധിയിലെ നായിക ആരതി ദേവിയ്ക്ക് ഇന്ദിരാ ഗാന്ധിയുടെ പ്രതിച്ഛായ ആരോപിക്കപ്പെട്ടു. പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാൻ കുടുംബപരമായ ആശങ്കകൾ ഉപേക്ഷിക്കുന്ന ആരതി ദേവിയ്ക്ക് പക്ഷെ ഇന്ദിരാ ഗാന്ധിയുമായി ബന്ധമില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ ഗുൽസാറിൻ്റെ നിലപാട്.
എന്നാൽ പിന്നീട് 'ഇല്ലസ്ട്രേറ്റഡ് വീക്ക്ലി'യോട് ആരതി ഇന്ദിരയെ മനസ്സിൽ കണ്ട് ഉണ്ടാക്കിയ കഥാപാത്രമാണെന്ന് സമ്മതിച്ചു. 'അതെ, ഇന്ദിരാ ഗാന്ധിയെ മനസ്സിൽ കണ്ടാണ് ചിത്രം നിർമ്മിച്ചത്' എന്നായിരുന്നു ഗുൽസാറിൻ്റെ പ്രതികരണം. സബ മഹ്മൂദ് ബഷീറിൻ്റെ 'ആന്ധി: ഇൻസൈറ്റ്സ് ഇൻ ദ ഫിലിം' എന്ന പുസ്തകത്തിൽ 'ഇന്ദിരാ ഗാന്ധിയുടെ വ്യക്തിത്വ സവിശേഷതകളും പെരുമാറ്റരീതികളും മാത്രമായിരുന്നു ആരതി ദേവിക്കായി എടുത്ത'തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1975-ൽ റിലീസ് ചെയ്ത സമയത്ത്, 'നിങ്ങളുടെ പ്രധാനമന്ത്രിയെ സ്ക്രീനിൽ കാണുക' എന്ന പോസ്റ്ററുകളാണ് പ്രചരിക്കപ്പെട്ടത്. 'സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു മഹത്തായ വനിതാ രാഷ്ട്രീയ നേതാവിൻ്റെ കഥ' എന്നായിരുന്നു ഡൽഹിയിൽ നിന്നിറങ്ങിയ ഒരു ദിനപത്രത്തിലെ പരസ്യം. സിനിമ നിരോധിച്ച ഉത്തരവ് വരുമ്പോൾ ഗുൽസാർ മോസ്കോവിലായിരുന്നു. 'ചിത്രം മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കരുതെന്ന് എനിക്ക് ഉത്തരവ് ലഭിച്ചു. എല്ലാ പോസ്റ്ററുകളും പരസ്യ സാമഗ്രികളും നീക്കം ചെയ്യണമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. ഇന്ദിരയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന കാരണത്താൽ ചിത്രം നിരോധിച്ചുവെന്ന വാർത്തയാണ് ന്യൂയോർക്ക് ടൈംസിൻ്റെ ഒന്നാം പേജിൽ വന്നത്,' എന്നാണ് ഇതിനെക്കുറിച്ച് ഗുൽസാർ തൻ്റെ ജീവചരിത്രത്തിൽ വിവരിച്ചിരിക്കുന്നത്.
എന്നാൽ ചിത്രത്തിൻ്റെ നിർമ്മാതാവായിരുന്ന ജെ ഓം പ്രകാശ് വിലക്ക് നീക്കാൻ പരമാവധി ഇടപെടലുകൾ അക്കാലത്ത് നടത്തി. സിനിമ നിരോധിച്ചാൽ തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം അന്നത്തെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ തലവനായ വിദ്യാ ചരൺ ശുക്ലയെ അറിയിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്നിൽ നായികയായ ആരതി ദേവി നിൽക്കുകയും ഇന്ദിരയെ അവളുടെ ആരാധനാപാത്രം എന്ന് വിളിക്കുകയും ചെയ്യുന്ന ഒരു രംഗം ഉൾപ്പടെയുള്ള രണ്ട് മാറ്റങ്ങൾ വേണമെന്നായിരുന്നു നിർമ്മാതാവിന് കിട്ടിയ നിർദ്ദേശം. ആരതി ദേവി പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ രംഗങ്ങൾ നീക്കം ചെയ്യാനും ഗുൽസാറിന് നിർദ്ദേശം ലഭിച്ചു. സിനിമയുടെ നഷ്ടത്തെക്കുറിച്ച് ആകുലരായിരുന്ന സിനിമയുടെ അണിയറക്കാർ ഈ ആവശ്യങ്ങൾ അംഗീകരിച്ചു. 1977ൽ ഇന്ദിരാഗാന്ധിക്ക് അധികാരം നഷ്ടമായതിന് പിന്നാലെ അധികാത്തിലെത്തിയ മൊറാർജി സർക്കാരിലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രിയും സിനിമാപ്രേമിയുമായിരുന്ന എൽകെ അദ്വാനി 'ആന്ധി' ദൂരദർശനിൽ കാണിക്കാൻ അനുമതി നൽകി.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ അമൃത് നഹതയുടെ 'കിസ്സ കുർസി കാ' ആണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുമ്പ് ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന വിദ്യാ ചരൺ ശുക്ലയും ഇന്ദിരയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധിയും ചേർന്ന് ഈ സിനിമയുടെ പ്രിൻ്റുകളെല്ലാ നശിപ്പിച്ചു. നിരോധിക്കുന്നതിന് മുമ്പായി തന്നെ ചിത്രത്തിനെതിരെ ശുക്ല 51 എതിർപ്പുകളാണ് ഉന്നയിച്ചത്. സിനിമയുടെ നിരോധനം സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയ യുഗത്തിൻ്റെ അന്ത്യം കുറിച്ചതായി വിലയിരുത്തലുകളുണ്ട്. അടിയന്തരാവസ്ഥ പിന്വലിച്ചതിന് പിന്നാലെ, സഞ്ജയ് ഗാന്ധിയെ ജയിലില് അടയ്ക്കുന്നതിനും ഈ സിനിമ കാരണമായി. സിനിമയുടെ എല്ലാ പകർപ്പുകളും നശിപ്പിച്ചതിന് സഞ്ജയ് ഗാന്ധിയും വിദ്യാചരൺ ശുക്ലയും 11 മാസത്തോളം നിയമനടപടികൾക്ക് പിന്നാലെ നടന്നു.
അടിയന്തരാവസ്ഥക്കാലത്തെ ദുരുപയോഗങ്ങൾ അന്വേഷിക്കാൻ ജനതാ പാർട്ടി സർക്കാർ നിയോഗിച്ച ഷാ കമ്മീഷൻ 'കിസ്സ കുർസി കാ'യുടെ പ്രിൻ്റുകൾ നശിപ്പിച്ചതിൽ സഞ്ജയ് ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സഞ്ജയ് ഗാന്ധിക്ക് ഒരു മാസം തിഹാർ ജയിലിൽ കിടക്കേണ്ടിയും വന്നു
ഷബാന ആസ്മി, രാജ് ബബ്ബർ, മനോഹർ സിംഗ് എന്നിവർ അഭിനയിച്ച ഈ ചിത്രം ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ മേൽക്കോയ്മയെ വെല്ലുവിളിക്കാൻ പിന്നീട് പ്രതിപക്ഷത്തെ തുണച്ചു. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കെതിരായ പ്രചാരണത്തിൽ ജനതാപാർട്ടി കുന്തമുനയാക്കിയത് ഈ സിനിമയായിരുന്നു.
കോൺഗ്രസുകാരനായിരുന്ന അമിത് നഹതയായിരുന്നു 'കിസ്സ കുർസി കാ' സംവിധാനം ചെയ്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അമിത് ജനതാ പാർട്ടിയിൽ ചേരുകയും 'കിസ്സ കുർസി കാ' റീമേക്ക് ചെയ്യുകയും ചെയ്തു. 1978-ൽ റിലീസ് ചെയ്ത ഈ സിനിമയുടെ തിരക്കഥയ്ക്കും ഭൂരിഭാഗം അഭിനേതാക്കൾക്കും മാറ്റമുണ്ടായിരുന്നില്ല. അമിതിൻ്റെ സിനിമയുടെ ഭാഗമായിരുന്ന ബംഗാളി നടൻ ഉത്പൽ ദത്ത് അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ അടിച്ചമർത്തലുകൾക്കെതിരായ ശക്തമായ ശബ്ദമായിരുന്നു. ബാരിക്കേഡ്, ദുസ്വപനേർ നഗരി, എബാർ രാജർ പാല എന്നീ മൂന്ന് ബംഗാളി നാടകങ്ങൾ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ധൈര്യപൂർവ്വം നിർമ്മിച്ചിരുന്നു. ഇവയെല്ലാം അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ നിരോധിക്കുകയും ചെയ്തിരുന്നു.
ഐ എസ് ജോഹറിൻ്റെ നസ്ബന്ദിയായിരുന്നു നിരോധിക്കപ്പെട്ട മറ്റൊരു സിനിമ.1975-ൽ അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധി തുടക്കം കുറിച്ചതും രാജ്യത്തെ 8.3 ദശലക്ഷം പുരുഷന്മാരെ വാസക്റ്റോമൈസ് ചെയ്തതുമായ നിർബന്ധിത വന്ധ്യംകരണമായിരുന്നു സിനിമയുടെ പശ്ചാത്തലം. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിനിമ റിലീസ് അനുവദിക്കുകയായിരുന്നു. നസ്ബന്ദിയിൽ കിഷോർ കുമാർ ആലപിച്ച ഒരു ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. 'ഏക് ഭാരത് മേ ബൻ ഗയേ ജാലിയൻ വാലാബാഗ് ഹസാർ; ഗാന്ധി, തേരേ ദേശ് മേം യേ കൈസാ അത്യാചാർ' എന്ന കിഷോർ കുമാർ പാടിയ ഗാനം നിർബന്ധിത വന്ധ്യംകരണത്തിനെതിരെയുള്ള രാഷ്ട്രത്തിൻ്റെ രോഷമായാണ് വിലയിരുത്തപ്പെട്ടത്.
ആക്ഷേപഹാസ്യ കവിയായ ഹുല്ലാദ് മൊറാദാബാദി, ഇന്ദിവർ, രജീന്ദർ കൃഷ്ണൻ എന്നിവർ രചിച്ച ചിത്രത്തിലെ മറ്റ് ഗാനങ്ങളും കോൺഗ്രസിനെതിരെ പരിഹാസമുയർത്തുന്നതായിരുന്നു. 'ക്യാ മിൽ ഗയാ സർക്കാർ എമർജൻസി ലഗാ കേ, നസ്ബന്ദി കരാ കേ, ഹമാരി ബൻസി ബജാ കേ' എന്നു തുടങ്ങുന്ന ചിത്രത്തിലെ മറ്റൊരു ഗാനവും ശ്രദ്ധേയമായിരുന്നു. നിർബന്ധിത വന്ധ്യംകരണത്തിന് പരിഹാരമായി കുടുംബാസൂത്രണമായിരുന്നു സിനിമ നിർദ്ദേശിച്ചത്.
ആനന്ദ് പട്വർദ്ധൻ്റെ 'ക്രാന്തി കി തരംഗിൻ' എന്ന ഡോക്യുമെൻ്റി 1974-75 കാലഘട്ടത്തിൽ ബീഹാറിൽ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെയാണ് പകർത്തിയിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് 1975-ൽ രഹസ്യമായി പൂർത്തിയാക്കിയ ഈ ഡോക്യുമെൻ്ററിയുടെ പ്രദർശനങ്ങൾ പട്വർദ്ധന് അതേ വർഷം തന്നെ രഹസ്യമായി സംഘടിപ്പിച്ചു. തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്ന ജനങ്ങളുടെ നിശ്ചയദാർഢ്യത്തെയാണ് ഈ ഡോക്യുമെൻ്ററി പ്രതിനിധീകരിച്ചിരുന്നത്.
അടിയന്തരാവസ്ഥയുടെ മുറിപ്പാടുകളെല്ലാം രാജ്യം മറന്നു തുടങ്ങിയ കാലത്തായിരുന്നു ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലം പറയുന്ന മധുർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാരിനെതിരെ സെൻസർ ഭീഷണി ഉയരുന്നത്. 14 കട്ടുകളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. അടൽ ബിഹാരി വാജ്പേയി, മൊറാർജി ദേശായി, എൽ കെ അദ്വാനി തുടങ്ങിയ നേതാക്കളുടെ പേരുകളുള്ള ഇന്ത്യൻ ഹെറാൾഡ് ന്യൂസ് പേപ്പർ കട്ടിംഗ് നീക്കം ചെയ്യാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സംവിധായകനോട് ആവശ്യപ്പെട്ടു. "അബ് ഇസ്സ് ദേശ് മേം ഗാന്ധി കേ മാന് ബദൽ ചുകേ ഹേ, ഭാരത് കി ഏക് ബേട്ടി നെ ദേശ് കോ ബന്ദി ബനായ ഹുവാ ഹേ, ഔർ തും ലോഗ് സിന്ദഗി ഭർ മാ-ബേട്ടേ കി ഗുലാമി" (ഇപ്പോൾ ഈ രാജ്യത്ത് ഗാന്ധിയുടെ അർത്ഥം മാറിയിരിക്കുന്നു, ഇന്ത്യയുടെ മകൾ രാജ്യത്തെ ബന്ദികളാക്കിയിരിക്കുന്നു, നിങ്ങൾ എല്ലാവരും നിങ്ങളുടെ ജീവിതകാലം മുഴുവൻ അമ്മയുടെയും മകൻ്റെയും അടിമത്തത്തിൽ തുടരും) തുടങ്ങിയ ഡയലോഗുകൾ നീക്കം ചെയ്യാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. കിഷോർ കുമാർ, ഐബി, പ്രധാനമന്ത്രി, സെക്ഷൻ ഓഫീസർ, ആർഎസ്എസ്, അകാലി, കമ്മ്യൂണിസ്റ്റ്, ജയപ്രകാശ് നാരായണൻ തുടങ്ങിയ വാക്കുകളും സിനിമയിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ദു സർക്കാർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി (എൻഒസി) സ്ക്രീൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സിബിഎഫ്സിക്ക് കത്ത് നൽകിയിരുന്നു. സെൻസർ ബോർഡിനോടല്ല, സിനിമയുടെ സംവിധായകനോടാണ് നിരുപം ആവശ്യപ്പെടേണ്ടതെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ സെൻസർ ബോർഡ് മേധാവി പഹ്ലജ് നിഹലാനി അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മറ്റൊരു സിനിമ ദീപ മേത്തയുടെ മിഡ്നൈറ്റ്'സ് ചിൽഡ്രനായിരുന്നു. സൽമാൻ റുഷ്ദിയുടെ നോവലിനെ അധികരിച്ച് ചിത്രീകരിച്ച ഈ സിനിമയിൽ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗത്തെ ഒരു വോയ്സ് ഓവറായിരുന്നു വിവാദമായത്. ‘ഇന്ദിരാഗാന്ധി ഒരു ദേവതയായി പരിഗണിക്കപ്പെടാൻ ആഗ്രഹിച്ചു’ എന്ന സൽമാൻ റുഷ്ദിയുടെ വോയ്സ് ഓവർ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഒരുഭാഗവും ഒഴിവാക്കാതെയാണ് സിനിമ സെൻസർ ചെയ്തതെന്ന് പിന്നീട് സംവിധായിക ദീപ മേത്ത അവകാശപ്പെട്ടിരുന്നു. 'എ' സർട്ടിഫിക്കറ്റോടെയായിരുന്നു സിനിമ പിന്നീട് സെൻസർ ചെയ്യപ്പെട്ടത്.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ നിമിഷത്തിൽ ജനിച്ച സലീം സിനായിയുടെ സാഹസികതകളാണ് സിനിമ പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവങ്ങളിലൂടെ കടന്ന് പോകുന്ന സിനായിയുടെ സ്വകാര്യ യാത്രയാണ് സിനിമ. 1971ലെ ഇന്തോ-പാക് യുദ്ധവും ബംഗ്ലാദേശ് രൂപീകരണവും 1975-ൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള പ്രധാന ചരിത്ര സംഭവങ്ങൾക്ക് സിനായി സാക്ഷിയാകുന്നുണ്ട്. സിനിമയിൽ ബ്രിട്ടീഷ് അഭിനേത്രി സരിതാ ചൗധരിയാണ് ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചിരിക്കുന്നത്. രജത് കപൂർ, രാഹുൽ ബോസ്, ഷഹാന ഗോസ്വാമി, റോണിത് റോയ്, കുൽഭൂഷൺ ഖർബന്ദ, ഷബാന ആസ്മി, ശ്രിയ ശരൺ എന്നിവരാണ് മിഡ് നൈറ്റ് ചിൽഡ്രനിലെ പ്രധാന അഭിനേതാക്കൾ.