ഗ്രൂപ്പിസത്തിന് ലോക്ക്, ജാതീയ സമവാക്യം മുഖ്യം; ഹരിയാനയിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല

നിലവിൽ സഖ്യ ചർച്ചയുടെ ഭാഗമായി ആം ആദ്മി പാർട്ടി 10 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് സീറ്റ് എന്ന നിർദ്ദേശത്തോട് ആം ആദ്മി പാർട്ടി അനുകൂലമായി പ്രതികരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്

dot image

ഒക്ടോബർ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. അഞ്ച് സീറ്റുകളിലെങ്കിലും ഇരുപാർട്ടികളും സഖ്യത്തിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും-ആംആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിച്ചിരുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റിൽ അഞ്ചിലും വിജയിക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. അതിനാൽ തന്നെ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ മത്സരിക്കുന്നതിലൂടെ ബിജെപിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. ആം ആദ്മി പാർട്ടിക്ക് ശക്തിയുള്ള ഇടങ്ങളിൽ അവരെ പിന്തുണയ്ക്കണമെന്ന വാദവും കോൺഗ്രസിൽ ശക്തമാണ്. അതിനാലാണ് ജമ്മു കശ്മീരിന് പിന്നാലെ ഹരിയാനയിലും ഭാഗീകമായ സഖ്യമെങ്കിലും വേണമെന്ന നിലയിലേയ്ക്ക് കോൺഗ്രസ് നേതൃത്വം മാറിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നിയോജക മണ്ഡല അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ബിജെപിക്ക് 44 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് 42 നിയമസഭാ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിക്ക് നാല് നിയമസഭാ മണ്ഡലങ്ങളിലും ലീഡുണ്ടായിരുന്നു. വോട്ട് വിഹിതം വിലയിരുത്തുമ്പോൾ ബിജെപിക്ക് 46 ശതമാനവും കോൺഗ്രസിന് 44 ശതമാനവും എഎപിക്ക് നാല് ശതമാനവുമായിരുന്നു വോട്ട് വിഹിതം. ഈ കണക്കുകളും ആം ആദ്മിയുടെ ധാരണ വേണമെന്ന നിലപാടിലേയ്ക്ക് കോൺഗ്രസ് നേതൃത്വത്തെ എത്തിച്ചുവെന്ന് വേണം വിലയിരുത്താൻ.

കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്നാണ് ധാരണയായിരിക്കുന്നത്. നേതാക്കൾക്കിടയിലെ മൂപ്പിള തർക്കം ഹരിയാനയിൽ കോൺഗ്രസിൻ്റെ സാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലുകൾക്കിടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ, മുതിർന്ന നേതാവ് ദീപക് ബാബറിയ, മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ, രൺദീപ് സിങ് സുർജേവാല എന്നീ പ്രധാന നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ കോൺഗ്രസിൻ്റെ സാധ്യതകൾക്ക് മേലെ കരിനിഴൽ വീഴ്ത്തുമോ എന്ന ആശങ്ക ഹൈക്കമാൻഡിനും ഉണ്ട്. പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ഭൂപേന്ദ്ര സിങ്ങ് ഹൂഡയ്ക്കും ദീപക് ബാബറിയ്ക്കുമെതിരെ കുമാരി ഷെൽജ ഉന്നയിച്ചിരുന്നു. പാർട്ടി ഭരണത്തിലായിരിക്കുമ്പോൾ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിക്കുന്നതാണ് രീതിയെന്നും എന്നാൽ പ്രതിപക്ഷത്തായിരിക്കുമ്പോൾ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തി കാണിക്കുന്ന രീതിയില്ലെന്നും കുമാരി ഷെൽജ പരസ്യമായി പ്രതികരിച്ചിരുന്നു. ഹൂഡയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്ന പരസ്യപ്രഖ്യാപനം എന്ന നിലയിലാണ് ഷെൽജയുടെ പ്രസ്താവന വായിക്കപ്പെട്ടത്. നിലവിൽ ഭൂപേന്ദ്ര സിങ് ഹൂഡ-ദീപക് ബാബറിയ കൂട്ടുകെട്ടിനെതിരെ കുമാരി ഷെൽജ- രൺദീപ് സിങ് സുർജേവാല കൂട്ടുകെട്ട് ഉയർന്ന് വന്നതും കോൺഗ്രസ് ഹൈക്കമാൻഡിന് തലവേദനയായിരുന്നു.

കുമാരി ഷെൽജ- രൺദീപ് സിങ് സുർജേവാല കൂട്ടുകെട്ടിൻ്റെ ഭാഗമായിരുന്ന കിരൺ ചൗധരി, മകൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയിരുന്നു. ഈ നിലയിൽ പാർട്ടിയിൽ ആഴത്തിൽ വേരോട്ടമുള്ള വിഭാഗീയതയ്ക്ക് തടയിടുക എന്നതാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കുന്നില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

നിലവിൽ ബിജെപി ആഗ്രഹിക്കുന്ന ജാട്ട്-ജാട്ട് ഇതരര് എന്ന നിലയിലുള്ള ധ്രൂവീകരണം തടയുക എന്നതും പുതിയ നീക്കത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നു. പ്രതിപക്ഷ നേതാവും പ്രധാന നേതാവുമായ ഭൂപേന്ദ്ര സിങ്ങ് ഹൂഡയ്ക്ക് ജാട്ട് മുഖമാണുള്ളത്. അതിനാൽ തന്നെ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തുമ്പോൾ ജാട്ട്-ജാട്ട് ഇതരർ എന്ന നിലയിലുള്ള ധ്രുവീകരണത്തിന് ബിജെപിക്ക് കൂടുതൽ അവസരം കിട്ടുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജാട്ട്-ജാട്ട് ഇതരർ എന്ന നിലയിലുള്ള ധ്രൂവീകരണം ബിജെപി മുതലെടുത്തിരുന്നു.

ജാട്ട്, ദലിത്, മുസ്ലീം വിഭാഗങ്ങളെ ചേർത്ത് പിടിക്കുന്ന സാമുദായിക സമവാക്യമാണ് ഇത്തവണ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിൽ പ്രധാനം. കോൺഗ്രസിനെ സംബന്ധിച്ച് സംസ്ഥാനത്ത് 20 ശതമാനം വരുന്ന ദളിത് വോട്ടുകൾ പ്രധാനമാണ്. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദളിത് നേതാവാണ് കുമാരി സെൽജ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും സെൽജയുടെ പേര് പാർട്ടിക്കുള്ളിലും പുറത്തും ശക്തമായി തന്നെ ഉയരുന്നുണ്ട്. അതിനാൽ തന്നെ കുമാരി സെൽജയെ ഒഴിവാക്കി തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അത് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കേണ്ടതില്ലെന്ന കോൺഗ്രസിൻ്റെ തീരുമാനത്തിൽ ദളിത് വിഭാഗങ്ങളെ പിണക്കാതിരിക്കാനുള്ള കരുതലുമുണ്ട്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 64 ശതമാനം ജാട്ടുകളും 68 ശതമാനം ദളിതരും ഇന്ത്യ മുന്നണിയ്ക്ക് വോട്ടു ചെയ്തു എന്നാണ് സിഎസ്ഡിഎസ് പോസ്റ്റ് പോൾ പഠനം പറയുന്നത്. ഭൂരിപക്ഷം ദളിത് വോട്ടുകളും നിലനിർത്താൻ ഈ തീരുമാനം സഹായിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പാർട്ടിയിലെ വിഭാഗീയത തടയാനും കോൺഗ്രസ് ലക്ഷ്യമിടുന്ന സാമുദായിക സമവാക്യങ്ങൾക്ക് പിന്നിൽ വോട്ടർമാരെ അണിനിരത്താനുമാണ് തിരഞ്ഞെടുപ്പിൽ ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജാട്ട് മേഖലയിലുള്ള സ്വാധീനം പരമാവധി ഉപയോഗപ്പെടുത്താനും ഇതിനിടയിലൂടെ കോൺഗ്രസ് ശ്രമിക്കുമെന്ന് തീർച്ചയാണ്. ജാട്ട് മേഖലയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് ഉണ്ടായിരുന്ന സ്വാധീനം ഏറെക്കുറെ നഷ്ടമായതായാണ് വിലയിരുത്തൽ. ഇതും കോൺഗ്രസിന് സഹായകമാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാട്ട് സ്വാധീന മേഖലയിൽ നിന്നും 10 സീറ്റുകളിൽ വിജയിക്കാൻ ജെജെപിക്ക് സാധിച്ചിരുന്നു.

ആം ആദ്മി പാർട്ടി സഖ്യം

ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിൻ്റെ സഖ്യനീക്കം ഭാഗികമായി വിജയിച്ചുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യാ ബ്ലോക്കിൻ്റെ മുൻഗണനയെന്ന എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങിൻ്റെ പ്രസ്താവന ശുഭസൂചനയായാണ് കോൺഗ്രസ് കാണുന്നത്. പാർട്ടി നാലോ അഞ്ചോ സീറ്റുകളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നും അന്തിമ തീരുമാനം ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ കെജ്രിവാളിന് വിട്ടുവെന്നുമുള്ള ആം ആദ്മി പാർട്ടിയുടെ ഹരിയാന തലവൻ സുശീൽ ഗുപ്തയുടെ നിലപാട് കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള നീക്കമാണെന്നും വിലയിരുത്തലുകളുണ്ട്. എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ തുടരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്ര ലോക്സഭാ സീറ്റിൽ മത്സരിച്ച എഎപിയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിലും നാല് നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടാൻ സാധിച്ചിരുന്നു. ഇവർ നാല് ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തു. നിലവിൽ സഖ്യ ചർച്ചയുടെ ഭാഗമായി ആം ആദ്മി പാർട്ടി 10 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ് മുന്നോട്ടുവെച്ച അഞ്ച് സീറ്റ് എന്ന നിർദ്ദേശത്തോട് ആം ആദ്മി പാർട്ടി അനുകൂലമായി പ്രതികരിച്ചുവെന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.

ജനസംഖ്യയുടെ നാല് ശതമാനം വരുന്ന ബനിയ സമുദായം, ഏഴ് ശതമാനം വരുന്ന അറോറസ്/പഞ്ചാബികൾ/ഖാത്രികൾ, അഞ്ച് ശതമാനം വരുന്ന സിഖുകാർ എന്നീ വിഭാഗങ്ങൾക്കിടയിൽ എഎപിക്ക് വലിയ സ്വാധീനമുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 23 നഗരസീറ്റുകളിൽ 19ലും ബിജെപി ലീഡ് ചെയ്തപ്പോൾ കോൺഗ്രസിന് നാലിടത്ത് മാത്രമാണ് ലീഡ് ലഭിച്ചത്. ഗ്രാമീണ ഹരിയാനയിലെ 60 സീറ്റുകളിൽ കോൺഗ്രസ് 34-ലും ബി.ജെ.പി 22-ലും ലീഡ് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് കോൺഗ്രസിന് സ്വാധീനം കുറഞ്ഞ ഡൽഹി, പഞ്ചാബ് അതിർത്തികളിൽ എഎപിക്ക് കാര്യമായ സ്വാധീനമുണ്ട്. സഖ്യവുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് ഇതുകൂടിയാണെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us