തോൽവിയിൽ പിന്തിരിയുന്നതല്ല പാരമ്പര്യം; കോൺഗ്രസ് താരമായി വിനേഷ് ഫോഗട്ട് എത്തുമ്പോൾ

ഗുസ്തി കരിയർ അവസാനിച്ചെന്ന് വിധിക്കപ്പെട്ടപ്പോഴും വിനേഷ് തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല

dot image

'ചെറിയൊരു ഗ്രാമത്തിൽ നിന്നുള്ള കൊച്ചു കുട്ടിയായിരുന്ന എനിക്ക് ഒളിംപിക്സ് എന്നാൽ എന്താണെന്നു പോലും അറിയില്ലായിരുന്നു. മുടി നീട്ടി വളർത്തുന്നതും കൈയ്യിൽ മൊബൈൽ കൊണ്ടു നടക്കുന്നതുമൊക്കെയായിരുന്നു കുട്ടിക്കാലത്ത് എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്'- ഗുസ്തിതാരം വിനേഷ് ഫോഗട്ട് തന്റെ ജീവിതത്തെക്കുറിച്ച് കഴിഞ്ഞയിടെ പറഞ്ഞുതുടങ്ങിയതിങ്ങനെയാണ്. അങ്ങനെയൊരു പെൺകുട്ടി പിന്നീട് ഗുസ്തിയിലെ നേട്ടങ്ങൾ മാത്രം സ്വപ്നം കാണുന്നവളായി വളർന്നു, നിരവധി വിജയം നേടി, ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. പക്ഷേ, എല്ലാത്തിനുമൊടുവിൽ 'ഗുഡ്ബൈ ഗുസ്തി, സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല' എന്ന് പറഞ്ഞ് നിറകണ്ണുകളോടെ വിരമിക്കൽ പ്രഖ്യാപിച്ച താരം രാജ്യത്തിന് തന്നെ നൊമ്പരമായിരുന്നു. ഒളിംപിക്സിൽ ഫൈനൽ വരെയെത്തിയിട്ടും അയോഗ്യതയുടെ പേരിൽ പുറത്താകേണ്ടി വന്നതോടെ തകർന്നുപോയ വിനേഷിനെ രാജ്യത്തെ ജനങ്ങൾ പക്ഷേ മനസിലേറ്റി. നിങ്ങളാണ് യാഥാർത്ഥ വിജയി എന്ന് ആരവം മുഴക്കി അവർ വിനേഷിനെ സ്വീകരിച്ചു. അവിടെ ഒരു അധ്യായം അവസാനിക്കുകയായിരുന്നു, കൂടുതൽ മികവുറ്റ മറ്റൊന്ന് ആരംഭിക്കാൻ.....!

ദിവസങ്ങൾക്കിപ്പുറം ആ വാർത്ത വന്നു, വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന്. കോൺഗ്രസിനൊപ്പമാണ് വിനേഷിന്റെ രാഷ്ട്രീയപ്രവേശം. റെയിൽവേയിലെ ജോലി രാജിവച്ച് വിനേഷ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തിരഞ്ഞെടുപ്പ് കാലത്താണ് എന്ന പ്രത്യേകതയുമുണ്ട്. ഹരിയാന രാഷ്ട്രീയത്തിൽ ഇതോടെ അപ്രതീക്ഷിത നീക്കമാണുണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന സീറ്റിൽ വിനേഷിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കർഷക പിന്തുണയും പാരിസ് ഒളിംപിക്സിൽ ഉണ്ടായ തിരിച്ചടിയും വിനേഷിന് തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായേക്കാം. ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ചരൺ സിംഗിനെതിരായ ഗുസ്തിതാരങ്ങളുടെ പോരാട്ടത്തിൽ മുൻപന്തിയിൽ വിനേഷ് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഒളിംപിക്സിൽ വിനേഷിനേറ്റ തിരിച്ചടിയെ രാജ്യം നോക്കിക്കണ്ടത്. അതുകൊണ്ടു തന്നെ പാരിസിൽ നിന്ന് തിരിച്ചെത്തിയ വിനേഷിന് ഗംഭീരസ്വീകരണമാണ് വിമാനത്താവളത്തിൽ മുതൽ ലഭിച്ചത്. 'ഒളിംപിക്സിൽ താരം വഞ്ചന കാണിച്ചു' എന്ന ബ്രിജ്ഭൂഷണിന്റെ വിമർശനത്തെ മെഡൽ നഷ്ടമായതിന്റെ വേദന ഇന്ത്യയിൽ വിമാനമിറങ്ങിയപ്പോൾ തന്നെ കുറഞ്ഞു എന്ന മറുപടിയോടെയാണ് വിനേഷ് നേരിട്ടത്. 'ബ്രിജ്ഭൂഷൺ അല്ലല്ലോ രാജ്യം, ഇവിടുത്തെ ജനങ്ങൾ എനിക്കൊപ്പമാണ്, അവരെന്റെ സ്വന്തമാണ്. ബ്രിജ്ഭൂഷൺ എന്നൊരാൾ ഉള്ളതായി പോലും ഞാൻ കണക്കാക്കുന്നില്ല'- വിനേഷ് പറയുന്നു.

ഇനി പോരാട്ടം ജുലാനയിലാണ്. ഏതൊരു തോല്വിയിലും പിന്തിരിഞ്ഞോടുന്ന പാരമ്പര്യമല്ല ഫോഗട്ട് കുടുംബത്തിനുള്ളത്. ആ രക്തമാണ് വിനേഷിന്റെയും സിരകളിലെന്നത് തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിനെ എതിരിടുന്ന ബിജെപിക്ക് ശക്തമായ മുന്നറിയിപ്പാണ്. അതിനെ നേരിടാൻ ഏത് തന്ത്രമാവും ബിജെപി പ്രയോഗിക്കുക എന്ന ആകാംക്ഷയിലാണ് ഹരിയാന.

ഫോഗട്ട് കുടുംബത്തിന് ഗുസ്തി വീട്ടുകാര്യമാണ്. ഇന്ത്യന് മുന് ഗുസ്തി താരം ബബിത ഫോഗട്ടിന്റെയും കോമണ്വെല്ത്ത് ഗെയിംസ് ഗുസ്തിയില് ഇന്ത്യയ്ക്കായി ആദ്യ സ്വര്ണ മെഡല് നേടിയ ഗീത ഫോഗട്ടിന്റെയും പിതൃസഹോദര പുത്രിയാണ് വിനേഷ്. ഏഷ്യന് ഗെയിംസ് ഗുസ്തിയില് ആദ്യ സ്വര്ണ മെഡല് നേടിയ വനിതയാണ് വിനേഷ്. ചരിത്ര നേട്ടത്തിനരികെ വീണുപോയെങ്കിലും ഒളിംപിക്സ് ഗുസ്തിയില് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന് താരമാണ് വിനേഷ്. ശരീരഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെ ഒളിംപിക്സ് അധികൃതർ വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിക്കുകയായിരുന്നു. അനുവദീനയമായതിലും 100 ഗ്രാം ഭാരം കൂടുതലെന്ന് ഒളിംപിക്സ് ഒഫിഷ്യലുകൾ വിനേഷിനെ അറിയിച്ചത്. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

'ഭാവി എന്തായിരിക്കുമെന്നോ എന്നെ കാത്തിരിക്കുന്നതെന്താണെന്നോ എനിക്ക് പ്രവചിക്കാൻ കഴിയില്ല'

'ഭാവി എന്തായിരിക്കുമെന്നോ ഈ യാത്രയിൽ അടുത്തതായി എന്നെ കാത്തിരിക്കുന്നതെന്താണെന്നോ എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഞാൻ വിശ്വസിക്കുന്ന കാര്യത്തിനും ശരിയായ കാര്യത്തിനും വേണ്ടി ഞാൻ എപ്പോഴും പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- വിരമിക്കൽ പ്രഖ്യാപിച്ച ശേഷം വിനേഷ് പറഞ്ഞതാണ്.

ആ പ്രസ്താവനയ്ക്ക് വിനേഷിന്റെ ഇതുവരെയുള്ള ജീവിതം തന്നെ തെളിവാണ്. ഒമ്പതു വയസ് പ്രായമുള്ളപ്പോള് പിതാവിനെ നഷ്ടപ്പെട്ടു. രണ്ടു മാസത്തിനു ശേഷം മാതാവിന് കാൻസർ രോഗം സ്ഥിരീകരിച്ചു. മാതാപിതാക്കളുടെ മരണശേഷം പിതൃസഹോദരനായ മഹാവീർ സിംഗിന്റെ സംരക്ഷണത്തിലാണ് വിനേഷ് വളർന്നത്.

'എന്റെ അച്ഛൻ സാധാരണക്കാരനായിരുന്നു, ബസ് ഡ്രൈവറായിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവളാണ് ഞാൻ. അതുകൊണ്ടു തന്നെ ഞാൻ അച്ഛന് ഏറ്റവും പ്രിയപ്പെട്ടവളാണ്. ഒരിക്കൽ മകൾ ആകാശത്ത് വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോൾ താൻ കാണുമെന്നു അദ്ദേഹം പറയാറുണ്ടായിരുന്നു. ഞാൻ മാത്രമാണ് അച്ഛന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കുമായിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടുപോയ ദിവസം മുതൽ, വിമാനം പറപ്പിക്കുന്ന മകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അർഥം എനിക്ക് മനസിലായിരുന്നില്ല. എന്നാൽ ആ സ്വപ്നത്തെ ഞാൻ ചേർത്തു പിടിച്ചു. അച്ഛൻ മരിച്ച് രണ്ട് മാസങ്ങൾക്കപ്പുറം അമ്മയ്ക്ക് മൂന്നാം ഘട്ട കാൻസർ സ്ഥിരീകരിച്ചു. അതോടെ അമ്മയുടെ സ്വപ്നങ്ങൾ അകലെയായി. വിധവയായ അമ്മയ്ക്ക് വേണ്ടി കുട്ടിക്കാലം ത്യജിച്ച മൂന്ന് കുട്ടികളുടെ കഥ അവിടെയാണ് തുടങ്ങിയത്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ എന്റെ ആഗ്രഹങ്ങളും മാഞ്ഞിരുന്നു. ലക്ഷ്യം അതിജീവനം മാത്രമായി. എന്റേതായ കാര്യങ്ങൾക്കായി പോരാടാൻ അമ്മയാണ് എന്നെ പഠിപ്പിച്ചത്. ധൈര്യത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഞാൻ അമ്മയെ ഓർക്കും. എന്തു സംഭവിക്കുമെന്നു നോക്കാതെ പോരാടാൻ എനിക്ക് കരുത്തു തന്നത് ആ ധൈര്യമാണ്'- വിരമിക്കലിനു പിന്നാലെ വിനേഷ് സോഷ്യൽമീഡിയയിൽ കുറിച്ചു.

പിതൃസഹോദരൻ മഹാവീര് സിംഗിന്റെ പിന്തുണയോടെയാണ് വിനേഷ് ഗുസ്തിയിലേക്ക് കടന്നുവന്നത്. ഗുസ്തി താരങ്ങളാല് നിറഞ്ഞ ഫോഗട്ട് കുടുംബത്തിന്, പുരുഷന്മാര്ക്ക് മാത്രമെന്ന് വിധിക്കപ്പെട്ട ഗുസ്തിയില് വനിതകളുടെ പങ്കാളിത്തത്തിനായി പോരാടിയ പാരമ്പര്യവുമുണ്ട്. ഇന്ത്യന് ഗുസ്തിയുടെ കഥ പറയുമ്പോള് ഒരിക്കലും ഫോഗട്ട് കുടുംബത്തെ വിസ്മരിക്കാന് കഴിയില്ല. വിനേഷിന്റെ ആദ്യ പരിശീലകന് മഹാവീര് സിംഗ് തന്റെ നാല് പെണ്മക്കളെയാണ് ഗുസ്തി രംഗത്തേയ്ക്ക് കൊണ്ടുവന്നത്. ആമിർ ഖാൻ നായകനായി 2016ൽ പുറത്തിറങ്ങിയ ദംഗൽ എന്ന സിനിമ ഫോഗട്ട് കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.

ഗോദയിലെ വിനേഷ്

പാരിസ് ഒളിംപിക്സിന്റെ 50 കിലോഗ്രാം ഗുസ്തിയുടെ പ്രീക്വാർട്ടർ മത്സരം. വിനേഷ് ഫോഗട്ടിന് എതിരാളി ജപ്പാന് താരം സുസാകി യുയി. ടോക്കിയോയിലെ സ്വര്ണ മെഡല് ജേതാവ്. മൂന്ന് തവണ ലോകചാമ്പ്യൻ. 14 വര്ഷത്തെ ഗുസ്തി കരിയറില് പരാജയപ്പെട്ടത് മൂന്ന് മത്സരങ്ങളില് മാത്രം. ഒരിക്കല്പോലും ജപ്പാന് താരത്തോടല്ലാതെ സുസാകി തോൽവി അറിഞ്ഞിട്ടില്ല. അന്താരാഷ്ട്ര വേദിയില് മത്സരിച്ച 82 തവണയും വിജയിച്ചു. ടോക്കിയോയില് എതിരാളിക്ക് ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ സ്വർണമെഡൽ സ്വന്തമാക്കി. ഏതൊരു ഗുസ്തി താരത്തിന്റെ ഒളിംപിക്സ് മോഹങ്ങളും സുസാകിയ്ക്ക് മുന്നില് അവസാനിക്കും. ഏറെ വിശേഷണങ്ങളുമായാണ് സുസാകി മത്സരത്തിനെത്തിയത്.

അന്താരാഷ്ട്ര വേദിയിലെ 82 മത്സരങ്ങളുടെ വിജയത്തിന് ശേഷം സുസാകി ആദ്യമായി പരാജയപ്പെട്ടു. അതിന് കാരണമായത് ഒരു ഇന്ത്യന് താരമെന്നതിൽ 140 കോടി ജനങ്ങൾക്ക് ഏറെ അഭിമാനിക്കാം. ഒളിംപിക്സ് ചരിത്രത്തില് ഇതുപോലൊരു വിജയത്തിന് താരതമ്യപ്പെടുത്തലുകള് സാധ്യമല്ല.

2016ല് റിയോയില് ആദ്യ ഒളിംപിക്സിനെത്തുമ്പോള് വിനേഷിന്റെ പ്രായം 22 വയസ് മാത്രമായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചു. പ്രായം കൂടുമ്പോള് ശരീരഭാരം നിയന്ത്രിക്കാനാവില്ല. റിയോ ഒളിംപിക്സിന്റെ ക്വാർട്ടറിൽ വിനേഷ് പരിക്കേറ്റ് പിന്മാറി. 2021ല് ടോക്കിയോയില് രണ്ടാം റൗണ്ടിനപ്പുറം മുന്നേറാന് കഴിഞ്ഞില്ല. ടോക്കിയോയില് 53 കിലോഗ്രാം വിഭാഗത്തില് മത്സരിച്ച വിനേഷ് പാരിസിൽ ലക്ഷ്യം വെച്ചത് 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനാണ്. എന്നാല് പരിക്കുകള് താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില് അന്ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില് അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില് അല്ലാതെ വിനേഷിന് മത്സരിക്കാന് മറ്റ് മാര്ഗങ്ങള് ഇല്ലെന്നായി. ഒടുവില് ഈ വിഭാഗത്തില് മത്സരിക്കാന് വിനേഷ് ശരീരഭാരം കുറച്ചുതുടങ്ങി. ഇത് താരത്തിന്റെ പരിക്കില് നിന്നുള്ള മോചനം കഠിനമാക്കി. പാരിസ് ഒളിംപിക്സ് ഗുസ്തിയുടെ പ്രീക്വാർട്ടറിൽ പിന്നിൽ നിന്നും തിരിച്ചുവരവ്. ക്വാർട്ടറിൽ മുന്നിൽ തന്നെ. സെമിയിൽ സമ്പൂർണ ആധിപത്യം. ഫൈനൽ അയോഗ്യതയിൽ അപ്പീലുമായി മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല.

തിരിച്ചടികളുടെ കാലം, പോരാട്ടത്തിന്റെയും

കരിയറിന് തന്നെ അവസാനമായെന്ന് വിധിക്കപ്പെട്ട വര്ഷങ്ങള്. എന്നാൽ വിനേഷിന്റെ പോരാട്ടങ്ങൾക്ക് അവിടംകൊണ്ട് അവസാനമായില്ല.

2023ല് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വിനേഷ് തെരുവിലിറങ്ങി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങിനെതിരെയായിരുന്നു താരങ്ങളുടെ സമരം. ഗുസ്തി മത്സരങ്ങളുടെ വേദികളിൽ ബ്രിജ്ഭൂഷൺ പീഡിപ്പിക്കുന്നുവെന്നായിരുന്നു താരങ്ങളുടെ ആരോപണം. സമരത്തെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ നേരിട്ടു. ഗുസ്തി താരങ്ങൾ തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെട്ടു. രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ തീരുമാനിച്ചതാണ്. കർഷക സംഘടനകളുടെ അനുനയ നീക്കത്തിനൊടുവിലാണ് ഈ തീരുമാനം പിൻവലിച്ചത്.

ഇനി പുതിയ വഴി, പുതിയ തന്ത്രങ്ങൾ

ഒളിംപിക്സിലേറ്റ തിരിച്ചടിയോടെ വിനേഷ് തോറ്റ് പിന്മാറിയെന്ന് കരുതിയവർക്ക് വീണ്ടും തെറ്റി. എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിട്ട് വിനേഷ് രാഷ്ട്രീയഗോദയിലേക്കിറങ്ങുകയാണ്. ചില എതിരാളികളെ കൂടി മനസിൽ കണ്ടാവും വിനേഷിന്റെ നീക്കമെന്നുറപ്പ്. ഹരിയാന തിരഞ്ഞെടുപ്പാണ് തൊട്ടുമുന്നിലുള്ളത്, എന്താവും സംഭവിക്കുക? വിനേഷിന്റെ പുതിയ പോരാട്ടത്തിനായി രാജ്യം കാത്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image