ജൂണില് നടന്ന അന്തര് സംസ്ഥാന മീറ്റില് 8.41 ദൂരം പിന്നിട്ട് ലോങ് ജംപില് തന്റെ നേരത്തെയുള്ള മികച്ച പ്രകടനം എം ശ്രീശങ്കര് തിരുത്തിക്കുറിച്ചു. ഏഷ്യന് ഗെയിംസ്, ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പ്. അടുത്ത രണ്ട് മാസത്തില് നടക്കാനിരിക്കുന്നത് ഏറ്റവും വലിയ കായികമാമാങ്കങ്ങള്. 2024 പാരിസ് ഒളിംപിക്സില് ഉള്പ്പെടെ ഇന്ത്യയുടെ മെഡല് പ്രതീക്ഷയാണ് ശ്രീശങ്കര്. വലിയ മത്സരങ്ങള്ക്ക് ഇറങ്ങും മുമ്പ് പ്രതീക്ഷകളും തയ്യാറെടുപ്പുകളും റിപ്പോര്ട്ടര് ടിവി ഓണ്ലൈനുമായി പങ്കുവെയ്ക്കുകയാണ് എം ശ്രീശങ്കര്.
രണ്ട് പ്രധാനപ്പെട്ട ചാമ്പ്യന്ഷിപ്പുകളാണ് ഇപ്പോള് ശ്രീശങ്കറിന് മുന്നിലുള്ളത്. തയ്യാറെടുപ്പുകള് എങ്ങനെ മുന്നോട്ട് പോകുന്നു ?
മുന്നില് വ്യക്തമായ പദ്ധതികളുണ്ട്. ഇനി ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് പോകും. ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന് ശേഷം ഓഗസ്റ്റ് 30 മുതല് സൂറിച്ച് ഡയമണ്ട് ലീഗ് ഉണ്ട്. ഏഷ്യന് ചാമ്പ്യന്ഷിപ്പിനെ കൂടുതല് ഗൗരവമായി കാണുന്നതിനാല് ഡയമണ്ട് ലീഗ് ചിലപ്പോള് ഒഴിവാക്കും. സൂറിച്ച് ഡയമണ്ട് ലീഗില് പങ്കെടുത്താല് അതിന് ശേഷം യൂറോപ്പില് തന്നെ നില്ക്കും. ഏഷ്യന് ഗെയിംസിന് ചൈനയില് പോയി പരിശീലിക്കാന് കഴിയില്ല. ഏഷ്യന് ഗെയിംസ് കഴിഞ്ഞാല് ഡയമണ്ട് ലീഗ് ഫൈനല് അമേരിക്കയിലുണ്ട്. തിരക്കുള്ള മത്സരക്രമം ആണ്. അതിനാല് കൂടുതല് പരിഗണന ഏഷ്യന് ഗെയിംസിനും ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിനും നല്കനാണ് നിലവിലെ തീരുമാനം.
എത്രമാത്രം പ്രതീക്ഷയുണ്ട് ?
വളരെ നല്ല ഫോമിലാണ് ഇപ്പോഴുള്ളത്. അതിനാല് വളരെ നല്ല പ്രതീക്ഷയുണ്ട്. ഭാഗ്യമുണ്ടേല് അത്ഭുതങ്ങള് പ്രതീക്ഷിക്കാം. എങ്കിലും ഒന്നും പ്രവചിക്കാന് കഴിയില്ല. ലോകോത്തര നിലവാരമുള്ള താരങ്ങളോടാണ് ഞാൻ മത്സരിക്കുന്നത്. അവര്ക്ക് എപ്പോള് വേണമെങ്കിലും മികവ് പുറത്തെടുക്കാന് കഴിയുന്ന താരങ്ങളാണ്. ഏഷ്യന് ചാമ്പ്യന്ഷിപ്പില് കടുത്ത മത്സരം നേരിട്ടു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാമ്പ്യന്ഷിപ്പായിരുന്നു. ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോള് തന്നെ രണ്ട് പേരും 8.10 മീറ്റര് ചാടി. ആറാം അവസരത്തില് കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ജംമ്പ് ചാടാനും എനിക്ക് കഴിഞ്ഞു.
തുടര്ച്ചയായ 3 മാസങ്ങളില് വരുന്ന പ്രധാനപ്പെട്ട ചാമ്പ്യന്ഷിപ്പുകള്. കഠിനമായ ഒരു മത്സരക്രമം അനുഭപ്പെടുന്നുണ്ടോ ? എങ്ങനെ മറികടക്കും ?
ഏഷ്യന് ഗെയിംസിന് പ്രാധാന്യം നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ഡയമണ്ട് ലീഗില് പങ്കെടുത്താല് ഒരുപാട് ഗുണങ്ങള് ഉണ്ട്. ലോകോത്തര അത്ലറ്റുകള്ക്കൊപ്പം മത്സരിക്കാന് കഴിയും. യൂറോപ്പില് ഒരുപാട് ജനങ്ങള് എന്നെ തിരിച്ചറിയുന്നു. ചാമ്പ്യന്ഷിപ്പുകളിലെ മെഡല് നേട്ടമാണ് ഇതിന് കാരണം. വിദേശത്തെ ചാമ്പ്യന്ഷിപ്പുകളില് പങ്കെടുക്കുന്നത് വലിയ അംഗീകാരത്തിന് കാരണമാകും. ഏഷ്യന് ചാമ്പ്യന്ഷിപ്പിലും ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിലും പങ്കെടുത്താല് രണ്ട് മാസത്തില് രണ്ട് മീറ്റുകള് മാത്രമെ ഉണ്ടാകു. അത് മത്സരക്രമത്തിന്റെ കാഠിന്യം കുറയ്ക്കും.
വിദേശത്തെ മീറ്റുകളും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ?
വിദേശത്തെ കാലാവസ്ഥയോടും ഭക്ഷണരീതികളോടും പൊരുത്തപ്പെട്ടാല് മാത്രമെ അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന് സാധിക്കു. സാധാരണ നമ്മുടെ താരങ്ങള് വിദേശത്ത് മികവ് പുറത്തെടുക്കാന് കഴിയാത്തതിന്റെ കാരണം ഇതാണ്. അമേരിക്കയും ഇന്ത്യയും തമ്മില് 12 മണിക്കൂര് വ്യത്യാസമുണ്ട്. 24 മണിക്കൂര് ഉണ്ടെങ്കില് അമേരിക്കന് സമയവുമായി ഒരു മണിക്കൂര് നമ്മുടെ താരങ്ങള് പൊരുത്തപ്പെടുകയുള്ളു. 12 ദിവസം ഉണ്ടെങ്കില് മാത്രമെ താരത്തിന്റെ ശരീരം അമേരിക്കന് സാഹചര്യങ്ങളോട് പൂര്ണ്ണമായി പൊരുത്തപ്പെടു. വളരെ വളരെ നേരത്തെ വിദേശത്ത് എത്തിയാല് മാത്രമെ അവിടുത്തെ ഭക്ഷണവും കാലാവസ്ഥയുമായി പൊരുത്തപ്പെടാന് സാധിക്കു. ഇന്ന് ഇറങ്ങി നാളെ മത്സരത്തിനിറങ്ങുക സാധ്യമല്ല. വിദേശത്തെ മീറ്റുകള് ഇന്ത്യയില് സംപ്രേക്ഷണം ഇല്ല. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താന് തുടങ്ങി ചുരുക്കം രാജ്യങ്ങള് ഒഴികെ എല്ലായിടത്തും വിദേശ മീറ്റുകള് തത്സമയം സംപ്രേക്ഷണം ചെയ്യും. സ്റ്റേഡിയങ്ങളില് കാണികളുടെ പങ്കാളിത്തവും കൂടുതലാണ്.
യൂറോപ്പില് നിന്ന് ഇന്ത്യയിലേക്ക് വന്നാല് വിദേശ താരങ്ങള് മികച്ച പ്രകടനം പുറത്തെടുക്കുമോ ?
തീര്ച്ചയായും അവര്ക്ക് കഴിയും. ഓരോ മീറ്റുകള് കഴിഞ്ഞാലും അടുത്ത മത്സരത്തിന് ഏത് സാഹചര്യത്തിലും വിദേശത്തെ താരങ്ങള് തയ്യാറാണ്. ഇന്ത്യയില് അത്തരത്തില് സ്ഥിരത പുലര്ത്തുന്ന ഒരോയൊരു താരം നീരജ് ചോപ്ര മാത്രമാണ്.
ഇന്ത്യന് താരങ്ങള്ക്ക് ഉയര്ന്ന് വരുവാന് എന്ത് ചെയ്യണം ?
കഠിനാദ്ധ്വാനം ചെയ്യണം. സ്കൂള് തലത്തില് മികച്ച പ്രകടനം നടത്തിയാല് പോരാ. കൃത്യമായി ആ കായിക ഇനത്തില് കേന്ദ്രീകരിക്കണം. മോഡറേഷന് മാര്ക്ക് ലക്ഷ്യം വെച്ചാല് എവിടെയും എത്തില്ല. താരങ്ങള്ക്ക് വളരാനുള്ള സാഹചര്യങ്ങളും സര്ക്കാര് തലത്തില് ഉണ്ടാകണം. യൂറോപ്പിലെത്തി ഗ്രൗണ്ടില് നിന്നും ഗ്രൗണ്ടിലേക്ക് ഞാന് യാത്ര ചെയ്യുകയാണ്. ഹോട്ടലുകളില് മാറി മാറി താമസിക്കുന്നു. വലിയ ചിലവ് ഉണ്ടാകുന്നു. വിദേശത്തെ ആളുകളോട് ആശയവിനിമയം നടത്തണം. ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് ഞാന് ഓരോ നേട്ടവും സ്വന്തമാക്കുന്നത്.
ഏഷ്യന് ചാമ്പ്യന്ഷിപ്പില് മൂന്ന് സെന്റീമീറ്റര് മാത്രമല്ലേ സ്വര്ണ്ണം നഷ്ടപ്പെടുത്തിയത് ?
അത് സംഭവിക്കും. ദൂരം അളന്നതിലെ അപകാത ചൂണ്ടിക്കാട്ടിയിരുന്നു. 99 ശതമാനം ആളുകളും പറഞ്ഞത് തെറ്റുണ്ടായിരുന്നു എന്നാണ്. 100 ഡോളര് (8,500 രൂപ) കെട്ടിവെച്ചാണ് അപ്പീല് കൊടുത്തത്. ദൃശ്യങ്ങള് പരിശോധിക്കാനുള്ള (വീഡിയോ റഫറി) സംവിധാനം അവിടെയില്ലായിരുന്നു. ഒരു ട്രയല് ചാടിയത് 8.60 മീറ്ററോളം വന്നിരുന്നു. അതിനാല് ഇനിയുള്ള മത്സരങ്ങളില് പ്രതീക്ഷയുമുണ്ട്.
പാരിസിന് യോഗ്യത നേടിയതില് എത്രമാത്രം സന്തോഷമുണ്ട് ?
അതാണ് ഏറ്റവും വലിയ സന്തോഷം. ഒരു അത്ലറ്റിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില് ഒന്നാണ് ഒളിംപിക്സ്. ഇപ്പോഴത്തെ ഫോം നിലനിര്ത്തികൊണ്ടുപോയാല് പാരിസില് ഒരു മെഡല് പ്രതീക്ഷിക്കാം. ചിലപ്പോള് സ്വര്ണ്ണം തന്നെ ലഭിച്ചേക്കും.
അടുത്ത വര്ഷം പാരിസില് നടക്കുന്ന ഒളിംപിക്സിന് ഇപ്പോള് നടക്കുന്ന ചാമ്പ്യന്ഷിപ്പുകള് ഒരു മുന്നൊരുക്കം എന്നുതന്നെ പറയാം? പാരിസ് ഒളിംപിക്സിനെ ഇപ്പോള് മുന്നില് കാണുന്നുണ്ടോ?
തീര്ച്ചയായും പാരിസ് ഒളിംപിക്സിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോഴത്തെ എല്ലാ ചാമ്പ്യന്ഷിപ്പുകളും. ജൂലൈ 1 ന് മാത്രമാണ് യോഗ്യതാ ഗേറ്റ് തുറന്നത്. 8.27 ആയിരുന്നു യോഗ്യതാ മാര്ക്ക്. അത് വലിയൊരു ദൂരമാണ്. 8.37 ദൂരം ചാടിയതോടെ യോഗ്യത ഉറപ്പിച്ചു. ഇനി ഒളിംപിക്സ് യോഗ്യതയെ കുറിച്ച് ടെന്ഷന് അടിക്കണ്ട. സമാധാനത്തോടെ പാരിസ് ഒളിംപിക്സിലേക്ക് തയ്യാറെടുക്കാനും കഴിയും.
പാരിസില് സ്വര്ണം തന്നെയോ ലക്ഷ്യം ?
എല്ലാവരുടെയും ലക്ഷ്യം സ്വര്ണമാണ്. പക്ഷേ സ്വര്ണത്തിന് സാധ്യതയാണുള്ളത്. ഏതെങ്കിലും ഒരു മെഡല് സ്വന്തമാക്കാന് കഴിയും.
2021ല് പട്യാലയിലെ ജംപിങ് പിറ്റില് 8.26 മീറ്റര് ദൂരം താണ്ടിയപ്പോള് ശ്രീശങ്കര് ഒരു ആഗ്രഹം മുന്നോട്ടുവെച്ചു. 8.40 മീറ്റര് ദൂരം. ഭുവന്വേശരില് അന്തര് സംസ്ഥാന അത്ലറ്റിക് മീറ്റില് ശ്രീശങ്കര് ആ ലക്ഷ്യം കൈവരിച്ചു. ഇനി അടുത്ത ലക്ഷ്യം മൈക്ക് പവലിന്റെ 8.95 മീറ്റര് മറികടക്കുകയാണ്. പാരിസില് ഈ ലക്ഷ്യം പൂര്ത്തിയാക്കാന് കഴിയുമോ ?
അത് വളരെ വലിയ ദൂരമാണ്. പ്രയാസമുള്ള ഒരു ലക്ഷ്യമാണ്. 8.95 ലക്ഷ്യം വെച്ചാല് ചിലപ്പോള് 8.70 ദൂരം ലഭിച്ചേക്കാം. അത് സ്വന്തമാക്കാന് കഴിയുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ പാരിസില് അല്ലെങ്കില് മറ്റെവിടയെങ്കിലും ആ നേട്ടം സ്വന്തമാക്കാന് കഴിയും.
8.95 മീറ്റര് ദൂരം പിന്നിട്ടാല് എല്ലാം പൂര്ത്തി ആയി എന്നു കരുതുന്നുണ്ടോ ? അടുത്ത ഒരു ലക്ഷ്യം ഉണ്ടാവില്ലേ ?
റെക്കോര്ഡ് കരിയറില് വന്നുപോകും. അടുത്ത മീറ്റിനായി തയ്യാറെടുക്കുകയാണ് ദൗത്യം. ലോങ്ജംമ്പ് എനിക്ക് അഭിനിവേശമാണ്. ഒരിക്കിലും അത് അവസാനിപ്പിക്കില്ല.
പുരുഷ ലോങ്ജംപിലെ ദേശീയ റെക്കോര്ഡ് തമിഴ്നാടിന്റെ ജെസ്വിന് ആല്ഡ്രിന്റെ പേരിലായി. ദേശീയ ഓപ്പണ് ജംപ് ചാംപ്യന്ഷിപ്പില് 8.42 മീറ്റര് പിന്നിട്ടാണ് ജെസ്വിന് ശ്രീശങ്കറിന്റെ 8.41 മീറ്റര് റെക്കോര്ഡ് മറികടന്നത്. വീണ്ടും ആ റെക്കോര്ഡ് സ്വന്തമാക്കാന് ആഗ്രഹമുണ്ടോ ?
തീര്ച്ചയായും അതിന് സാധ്യതയുണ്ട്. ഇപ്പോഴത്തെ ഫോമില് അത് സാധ്യമാണ്. വലിയ മീറ്റ് ജയിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. റെക്കോര്ഡുകള് സ്വന്തമാക്കുന്നിതില് ശ്രദ്ധ കേന്ദ്രീകരിക്കില്ല.
ലോകറാങ്കിങ്ങില് ശ്രീശങ്കറിന് ലോങ് ജംപില് അഞ്ചാം സ്ഥാനവും അത്ലറ്റിക്സില് ഓവറോള് ആയി 214-ാം സ്ഥാനവുമാണ്. ഇനി എത്ര മുന്നേറ്റം ലക്ഷ്യമിടുന്നു?
സ്ഥാനം മാറികൊണ്ടിരിക്കും. ഒന്നാം സ്ഥാനം തന്നെ ലക്ഷ്യമിടുന്നു.
ഒരു ദിവസം എത്ര മണിക്കൂറാണ് പരിശീലനം നടത്തുന്നത് ?
ദിവസം ഒരു നേരം പരിശീലിക്കുന്നു. ഓരോ ചാമ്പ്യന്ഷിപ്പിനും അനുസരിച്ച് സമയം വര്ദ്ധിപ്പിക്കും. പരിശീലനം കുറയുമ്പോള് പഠനത്തില് ശ്രദ്ധിക്കും. കുറഞ്ഞത് ഒരു ദിവസം മൂന്ന് മണിക്കൂര് പരിശീലനം നടത്തും.
ലോങ്ജംപ് പിറ്റില് നേട്ടങ്ങളിലേക്ക് അതി വേഗത്തിലായിരുന്നു ശ്രീശങ്കറിന്റെ മുന്നേറ്റം. 2012 ലെ സംസ്ഥാന മീറ്റില് റെക്കോര്ഡ് നേട്ടത്തോടെ അരങ്ങേറിയ ശ്രീശങ്കര് 10 വര്ഷത്തിനിപ്പുറം ലോങ്ജംപിലെ ഒട്ടുമിക്ക ദേശീയ റെക്കോര്ഡുകളും തന്റെ പേരിലേക്കു മാറ്റിയെഴുതി. എന്താണ് നേട്ടങ്ങള്ക്ക് പിന്നിലെ യാഥാര്ത്ഥ്യം ?
എളുപ്പ വഴികള് ഒഴിവാക്കിയുള്ള കഠിനാദ്ധ്വാനം. മറ്റൊരു വഴികളുമില്ല. അഭിനേവശം, കഠിനാദ്ധ്വാനം ഇത്രയും മാത്രമാണ് കരിയറിലുള്ളത്.
ലോങ്ങ് ജംപില് ശ്രീശങ്കറിന്റെ ഓരോ നേട്ടത്തിനും പിന്നില് മാതാപിതാക്കളുടെ വലിയ പിന്തുണ ഉണ്ട്. ശ്രീശങ്കറിന്റെ കരിയറിനെ അച്ഛന് എങ്ങനെ സഹായിച്ചു ? അമ്മ എങ്ങനെ സഹായിച്ചു ?
അച്ഛനും അമ്മയും അന്താരാഷ്ട്ര അത്ലറ്റുകളാണ്. സഹോദരിയും അത്ലറ്റാണ്. 247 വീട്ടില് സംസാരിക്കുന്നത് സ്പോര്ട്സിനെ കുറിച്ച് മാത്രമാണ്. അതിന്റെ ഒരു സ്വാധീനമുണ്ട്.
ടോക്കിയോ ഒളിംപിക്സ് ലക്ഷ്യമാക്കി പാലക്കാട്ട് പരിശീലനം നടത്തുന്നതിനിടെയാണു ശ്രീശങ്കര് ബി.എസ്.സി മാത്സില് നാലാം വര്ഷ പരീക്ഷയെഴുതിയത്. 4 വിഷയങ്ങള്ക്കും എ ഗ്രേഡ് ലഭിച്ചു. കണക്കിന് 100ല് 99 മാര്ക്ക്! പഠനവും കായികവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുവാന് ശ്രീശങ്കറിന് കഴിഞ്ഞിരുന്നു. അത് എങ്ങനെ സാധിച്ചു ?
ദിവസവും കുറച്ച് മാത്രം പഠിക്കുകയും പരിശീലിക്കുകയും ചെയ്യും. അതാണ് എക്കാലവും പിന്തുടര്ന്നത്. അത് പഠനത്തില് ഗുണം ചെയ്തു.
എംബിബിഎസ് പഠനത്തിന് അഡ്മിഷന് ലഭിച്ചിട്ടും അത് ഉപേക്ഷിച്ച് തീരുമാനം ആരുടേത് ?
ഇഷ്ടമല്ലായിരുന്നു. കായികമായിരുന്നു താല്പ്പര്യം. അതിനാല് വീട്ടുകാര് നിര്ബന്ധിച്ചുമില്ല.
കോളേജില് ഒന്നാമതായിരിക്കെ എഞ്ചനീയറിങ്ങ് പഠനം പാതി വഴിയില് ഉപേക്ഷിച്ചു. എംബിബിഎസിന് പോയില്ല. അക്കാഡമിക്ക് തലത്തിലുള്ള ശ്രീശങ്കറിന്റെ പ്രകടനം ഒന്ന് പറയാമോ ?
പത്താം ക്ലാസില് 96 ശതമാനം മാര്ക്ക് ഉണ്ടായിരുന്നു. പ്ലസ്റ്റുവിന് 97 ശതമാനം ഉണ്ടായിരുന്നു. ബിരുദത്തിന് കണക്കില് 90 ശതമാനം മാര്ക്കും ലഭിച്ചു. രണ്ട് സെമസ്റ്റര് പരീക്ഷകള് ഒന്പത് ദിവസം കൊണ്ട് എഴുതി. എന്നിട്ടും സര്വ്വകലാശാലയില് പത്താം റാങ്കില് എത്തി.
ഒരിക്കല് പക്ഷേ ശ്രീശങ്കര് തീരുമാനിച്ചു. കായികം വേണ്ട പഠനം മതി, എന്തായിരുന്നു ആ തീരുമാനത്തിന് പിന്നില് ? എങ്ങനെ ആ തീരുമാനം പിന്വലിച്ചു?
ടോക്കിയോ ഒളിംപിക്സിലെ കൊവിഡ് നിയമങ്ങളായിരുന്നു തീരുമാനത്തിന് പിന്നില്. 21 ദിവസത്തില് രണ്ട് ഡോസ് വാക്സിന് എടുത്തു. അത് ആരോഗ്യത്തെ ബാധിച്ചു. ഇന്ത്യ റെഡ് സോണ് രാജ്യമായിരുന്നതിനാല് കൊവിഡ് നിയമം പാലിക്കേണ്ടത് നിര്ബന്ധമായിരുന്നു. ബന്ധുക്കളുടെയും വീട്ടുകാരുടെയും പ്രോത്സാഹനം എന്നെ വീണ്ടും മത്സരവേദികളില് തിരികെയെത്തിച്ചു.
കോമണ്വെല്ത്ത് ഗെയിംസില് വെള്ളി മെഡല് നേടിയപ്പോഴും ഭുവനേശ്വറില് നടന്ന ഓപ്പണ് അത്ലറ്റിക് മീറ്റില് 8.20 മീറ്റര് ദൂരം പിന്നിടുമ്പോഴും ശ്രീശങ്കറിന്റെ പല നേട്ടങ്ങള്ക്കും ഒപ്പം ചരിത്രം, ചരിത്രത്തിലാദ്യമായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. അപ്പോള് എന്താവും തോന്നുക ?
അത്തരം കാര്യങ്ങള് ശ്രദ്ധിക്കാറില്ല. മാധ്യമങ്ങളോട് സംസാരിക്കാന് പോലും താല്പ്പര്യമില്ല. നീരജ് ചോപ്രയാണ് എന്റെ അടുത്ത സുഹൃത്ത്. നീരജും ഇതുപോലെയാണ് മുന്നോട്ട് പോകുന്നത്.
പ്രധാനമന്ത്രി അഭിനന്ദിച്ചപ്പോള് എന്ത് തോന്നി ?
വീട്ടുകാര്ക്ക് സന്തോഷമായി. പക്ഷേ ഞാൻ ഇതൊന്നും ശ്രദ്ധിച്ചതുപോലുമില്ല. അതില് താല്പ്പര്യവുമില്ല.
ഏറ്റവും ഒടുവില് സ്വിറ്റ്സര്ലന്ഡിലെ ലുസാനില് നടന്ന ഡയമണ്ട് ലീഗില് അഞ്ചാം സ്ഥാനം. കോമണ്വെല്ത്ത് ഗെയിംസില് ശ്രീശങ്കര് വെള്ളി നേടിയത് അഞ്ചാം ശ്രമത്തിലാണ്. 2018 ല് ആദ്യമായി ദേശീയ റെക്കോര്ഡ് ഇട്ടത് അഞ്ചാം ചാട്ടത്തിലാണ്. അഞ്ചാം സ്ഥാനത്ത്, അഞ്ചാം ശ്രമത്തില് അങ്ങനെ പലതവണ ശ്രീശങ്കറിന്റെ കരിയറില് അഞ്ച് ഒരു സംഖ്യ ആയിട്ടുണ്ട്. അഞ്ച് ഒരു ഭാഗ്യനമ്പര് ആയി കരുതിയിട്ടുണ്ടോ ? ഇഷ്ടപ്പെട്ട നമ്പര് ഉണ്ടോ ?
അത്തരം കാര്യങ്ങളില് വിശ്വസിക്കുന്നില്ല. അത് എങ്ങനെയോ സംഭവിക്കുന്നതാണ്. അവസരത്തിനൊത്ത് മികവ് പുറത്തെടുക്കാന് എനിക്ക് സാധിക്കും. അതായിരിക്കാം അഞ്ചാം ശ്രമത്തിലൊക്കെ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.
ലോങ്ജംപില് കാറ്റിന്റെ സ്വാധീനം നിര്ണായകമാണ്. ഒരു മത്സരാര്ത്ഥിയെ കാറ്റ് എങ്ങനെയൊക്കെ ബാധിക്കും ?
പിന്നില് നിന്ന് കാറ്റ് അടിച്ചാല് ഒരു സെക്കന്റില് 2 മീറ്റര് വരെ അനുവദനീയമാണ്. 2.1 ആണെങ്കില് അനുവദിക്കില്ല. കാറ്റ് മുന്നില് നിന്ന് അടിച്ചാല് ചാട്ടം 20 സെന്റീ മീറ്റര് വരെ കുറയുവാനും സാധ്യതയുണ്ട്.