ചെറുപ്പക്കാരുടെ സാന്നിധ്യം മണ്ഡലത്തിലുണ്ടല്ലോ? എതിര്പക്ഷം ഉയര്ത്തുന്ന പ്രധാന കാര്യങ്ങളിലൊന്ന് ചാണ്ടി ഉമ്മനെ സ്ഥാനാര്ത്ഥിയാക്കിയത് വൈകാരികമായിട്ടുളള വോട്ട് ബാങ്ക് സ്വന്തമാക്കാനാണ്, രണ്ട് മണ്ഡലത്തില് വികസന മുരടിപ്പുണ്ട് എന്നാണ് ഇതിനോടുളള പ്രതികരണം?
തീര്ച്ചയായിട്ടും മണ്ഡലത്തിൽ ചെറുപ്പക്കാരുടെ സാന്നിധ്യമുണ്ട്. ഈ വികസന മുരടിപ്പ് പറയുന്നത് ഏത് മണ്ഡലവുമായി താരതമ്യം ചെയ്തിട്ടാണെന്ന് പറയാവോ? കണ്ണൂരിലെ ഏതെങ്കിലും മണ്ഡലവുമായി താരതമ്യം ചെയ്തിട്ടാണോ ഈ വികസന മുരടിപ്പിന്റെ കാര്യം പറയുന്നത്. അവിടുത്തെ വിഷ്വലും ഇവിടുത്തെ വിഷ്വലും എടുത്ത് നമുക്ക് പരിശോധിക്കാം.
വികസനത്തിന് രണ്ടുതലമുണ്ട്. ഒന്ന് എന്താണ് യഥാര്ത്ഥ വികസനമെന്നത് എന്നാണ്. പാവപ്പെട്ടവനെ കരുതുന്നതാണ് യഥാര്ത്ഥ വികസനം, പാവപ്പെട്ടവന് കൈത്താങ്ങാവുന്നതാണ് യഥാര്ത്ഥ വികസനം. സാധാരണക്കാരില് സാധാരണക്കാരനായവന് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള് ഞങ്ങള് കൂടെയുണ്ടെന്ന് പറയുന്നതാണ് യഥാര്ത്ഥ വികസനം. ആ വികസനത്തില് പുതുപ്പളളി ഒന്നാമതാണ്.
റോഡ്, പാലം എന്നതിനേക്കാളുപരി ജനങ്ങളുടെ മനസ്സിലേക്ക് കരുതലിന്റെ സന്ദേശമെത്തിക്കാന് ഉമ്മൻ ചാണ്ടിക്ക് സാധിച്ചിട്ടുണ്ട്?
അതും വികസനമാണ്. അടുത്ത വികസനമുണ്ട് റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ആരോഗ്യ മേഖലയിലും മുന്പന്തിയില് നില്ക്കുന്ന മണ്ഡലമാണ് പുതുപ്പളളി. ഇവിടെ ഏതെങ്കിലും പാലത്തിന്റെ ആവശ്യം കേള്ക്കുന്നുണ്ടോ. 15 പാലങ്ങള് അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. വികസന മുരടിപ്പ് എന്നത് ചില ആളുകള് നെയ്തെടുക്കുന്ന കഥകളാണ്. യാഥാര്ത്ഥ്യം അതല്ല. യാഥാര്ത്ഥ്യങ്ങളൊക്കെ പുറത്തുവരും. ആ പാലങ്ങളുടെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. കാര്യങ്ങളൊക്കെ ജനങ്ങള് അറിയണം. നമുക്ക് ഒരു കാര്യം ചെയ്യാം, പുതുപ്പളളിയുടെ വികസനവും കണ്ണൂരില് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ വികസനവും താരതമ്യം ചെയ്ത് പറയാം.
അത്രയ്ക്ക് ആത്മവിശ്വാസമുണ്ടോ? ധര്മ്മടമോ, പിണറായിയോ എടുത്ത് താരതമ്യം ചെയ്യാം?
അതെ ആത്മവിശ്വാസമുണ്ട്. ഏത് മണ്ഡലമെടുത്തും താരതമ്യം ചെയ്യാം.
പളളിയിലിരിക്കുന്ന ചിത്രം ഒരുപാട് ട്രോളുകള്ക്ക് വിധേയമായിട്ടുണ്ട്. താങ്കളിരിക്കുന്നത് പിതാവ് ഉമ്മന് ചാണ്ടിയിരിക്കുന്നത് പോലെയാണ് എന്നൊക്കെ, വൈകാരിക കണക്ഷന് ഉണ്ടാക്കാനായി മനപൂര്വം ചെയ്തതാണെന്ന് വിമര്ശനമുയര്ന്നിട്ടുണ്ട് ?
ഇത് ഖേദകരമായ കാര്യമാണ്. 41 ദിവസം കഴിഞ്ഞിട്ടാണ് എന്റെ പിതാവിന്റെ ചടങ്ങ് തീരുന്നത്. ഈ 41 ദിവസവും കുര്ബാനയുണ്ട്. അത് ഒരു മകന് എന്ന നിലക്ക് കുര്ബാനയില് പങ്കെടുക്കുക എന്നത് എന്റെ ഉത്തരാവാദിത്തമാണ്. ഞാന് അത് ചെയ്യുന്നതില് ആര്ക്കാണ് ഇത്ര എതിര്പ്പ്.
ബോധപൂര്വം പിതാവിന്റെ അതേ പാതയിലൂടെ പോകാന് ശ്രമം നടത്തുന്നുണ്ടോ ചാണ്ടി ഉമ്മന് ?
ഞാന് അവിടെ പോയി ഇരുന്നതാണോ പ്രശ്നം. പളളിയിലെ പ്രത്യേക ഭാഗത്ത് തറയിലിരിക്കുകയാണ് ചെയ്തത്. ഈ പളളിയില് പോയാല് ആ പ്രത്യേക പ്രാര്ത്ഥന സമയത്ത് എല്ലാവര്ക്കും ഇരിക്കാനുളള സ്വാതന്ത്രമുണ്ട്. അപ്പോള് ഞാന് ഇരിന്നു. ഇതില് ആര്ക്ക് ആണ് ഇത്ര പ്രതിഷേധം. ഞാന് ഒരു മാധ്യമത്തെയും വിളിച്ചിട്ടില്ല. മാധ്യമങ്ങള് അവിടെ വന്ന് ഫോട്ടോ എടുക്കുന്നു. ഇത് ഞാന് പ്രചരിപ്പിച്ചതാണെന്ന് പറയുന്നു.
ധാരാളം ആളുകള് കല്ലറയിലേക്ക് എത്തുന്നു. തീര്ത്ഥാടനം പോലെ ആളുകള് ഒഴുകുന്നു. കണ്ണീര് വിറ്റ് രാഷ്ട്രീയമാക്കുന്നുവെന്നാണ് ഇതിനെയൊക്കെ എ കെ ബാലന് അടക്കമുളള ഇടതുപക്ഷ നേതാക്കള് പരസ്യമായി പറയുന്നത്. അതില് താങ്കള്ക്കുണ്ടാകുന്ന മനോവിഷമം എത്രത്തോളം?
അതിന് ജനങ്ങള് മറുപടി പറയും. എന്റെ അപ്പന്റെ നാല്പ്പത് കഴിഞ്ഞിട്ടില്ല. കൂടുതല് രാഷ്ട്രീയം ഞാന് പറയുന്നില്ല. ജനങ്ങള് ഇതെല്ലാം കാണുന്നുണ്ട്. ഇവിടെ ഏതെങ്കിലും തിരഞ്ഞെടുപ്പ് ഇത്രയും വേഗത്തില് നടന്നിട്ടുണ്ടോ?. വേഗത്തിലായതുകൊണ്ട് സ്വാഭാവികമായിട്ടും ഇത്തരം ചര്ച്ചകള് വരും. എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാന് എന്നെ ആരും തടയുകയില്ലല്ലോ. അതുപോലെ തന്നെ ഈ നാട്ടിലേയും കേരളത്തിലേയും ലക്ഷോപലക്ഷം ആളുകള് അദ്ദേഹത്തെ പിതൃതുല്യനായി കാണുന്നു. സഹോദരനായും രാഷ്ട്രീയ നേതാവായും കാണുന്നു. തങ്ങളുടെ മാര്ഗ്ഗദര്ശിയായും കാണുന്നു. അങ്ങനെ ഒരാളുടെ കല്ലറയിലേക്ക് പോകാന് ആരുടേയെങ്കിലും അനുവാദം അവര്ക്ക് വേണോ? ഞങ്ങള് ആരെയെങ്കിലും കൊണ്ടുവരുന്നതാണോ. അവര് അവരുടെ ഇഷ്ടപ്രകാരം വന്ന് ആദരാഞ്ജലി അര്പ്പിക്കുന്നു. പക്ഷേ ഖേദകരം തിരഞ്ഞെടുപ്പ് വന്നതാണ്. തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിട്ടല്ലല്ലോ അവര് വന്നത്. തിരഞ്ഞെടുപ്പ് നവംബര്, ഡിസംബര് എന്നീ മാസങ്ങളിൽ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ആളുകള് അവരുടെ ഇഷ്ടത്തിന് വരുന്നതിന് ആര്ക്ക് എന്ത് ചെയ്യാന് പറ്റും.
ഉമ്മന്ചാണ്ടി എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വൈകാരികമായ കണക്ഷനായിരിക്കുമോ താങ്കള് ഈ പ്രചരണത്തില് ഉറപ്പിക്കാന് ശ്രമിക്കുക, അതെല്ല ഈ സര്ക്കാരിനെതിരെയുളള വിചാരണയാണെന്ന് പ്രതിപക്ഷം പറയുന്നത് പോലെയുളള രാഷ്ട്രീയമായിരിക്കുമോ പറയുക?
ഇത് സര്ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് ആണെന്ന് ഞങ്ങള് കൃത്യമായി പറഞ്ഞിട്ടുണ്ട്. സര്ക്കാരിന്റെ വികസനം ഇവിടെ ചര്ച്ചയാണ്. സര്ക്കാരിന്റെ വിലയിരുത്തലാകാന് പോകുന്ന തിരഞ്ഞെടുപ്പാണിത്. അതില് പല ഘടകങ്ങളുണ്ട്. കേരളത്തിലെ ജനങ്ങള്ക്ക് പുതിയ കാര്യങ്ങള് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എല്ലാം അറിയുന്നവരാണ് കേരളത്തിലെ ജനങ്ങള്. ഞാന് ഒന്നും പറയുന്നില്ല. കേരളത്തിലെ ജനങ്ങള് വിലയിരുത്തട്ടെ.
കൊവിഡ് കാലത്ത് സജീവമായിരുന്നില്ലെന്ന ഒരു പ്രചരണമുണ്ട്. കൊവിഡ് കാലത്താണെങ്കിലും പ്രളയ കാലത്താണെങ്കിലും താങ്കള് മണ്ഡലത്തിലുണ്ടായിരുന്ന കുറേ ദൃശ്യങ്ങള് ഞാന് കണ്ടു. എന്നാല് മറുഭാഗം പ്രചരിപ്പിക്കുന്നത് കൊവിഡ് കാലത്ത് ജനങ്ങളുമായി ഇടപഴകിയത് അവരാണെന്നാണ്. അവിടെ ചാണ്ടി ഉമ്മന് എന്ത് ഉത്തരവാദിത്തവും റോളുമുണ്ട്?
ആരാണ് ഈ അഭിപ്രായം ആദ്യം പറഞ്ഞത്. അനിൽ കുമാറിന് ഈ മണ്ഡലത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. മണ്ഡലത്തിലെ 200 കുട്ടികള്ക്ക് കൊവിഡ് കാലത്ത് ഓണ്ലൈന് ക്ലാസിനായി ഫോണും ടാബും മണപ്പുറം ഫൗണ്ടേഷന് ഉള്പ്പെടെയുളള ഫൗണ്ടേഷന്സില് നിന്ന് ഞാന് അറേഞ്ച് ചെയ്തു നല്കിയതാണ്.
കേരളത്തിലെ 900 ഓളം വരുന്ന കുട്ടികള്ക്ക് ഓണ്ലൈന് പഠനത്തിന് സര്ക്കാര് ഒന്നും ചെയ്യാതിരുന്ന സാഹചര്യത്തിലാണിത്. 900 ഓളം കുട്ടികള്ക്ക് ഫോണും ടാബും എത്തിച്ചു നല്കിയ ഞാൻ ഉത്തരവാദിത്തപ്പെട്ട സാമൂഹിക പ്രവര്ത്തകനാണ്. അത് കാണാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ച് മറ്റുളളവരെ സഹായിക്കുക എന്നതാണ് എന്റെ കര്ത്തവ്യം. അത് പരസ്യപ്പെടുത്തുകയോ ബോധ്യപ്പെടുത്തുകയോ എന്റെ ഉത്തരവാദിത്തമല്ല. മറ്റൊരാളെ സഹായിക്കുക എന്ന ദൗത്യം ഞാന് നിര്വഹിച്ചിട്ടുണ്ട്.
ഈ തിരഞ്ഞെടുപ്പ് ക്യാമ്പയിനില് സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഏകദേശം ധാരണയായിട്ടുണ്ടല്ലോ. താങ്കള് മുന്നോട്ട് വെക്കുന്ന പുതുപ്പളളിയെ കുറിച്ചുളള അല്ലെങ്കില് പുതിയ പുതുപ്പളളിയെ കുറിച്ചുളള ആശയം എന്തായിരിക്കും?
അതൊക്കെ സമയമാകുമ്പോള് വിശദമായിട്ട് സംസാരിക്കും.
ഉമ്മന് ചാണ്ടിയെ വേട്ടയാടി എന്ന പ്രചരണം ക്യാമ്പയിനില് താങ്കളടക്കം മുന്നോട്ട് വെക്കാന് സാധ്യതയുണ്ടോ?
സത്യത്തിന് കൂടുതല് പ്രചാരം നമ്മള് നല്കേണ്ട സാഹചര്യമുണ്ടോ. എല്ലാവര്ക്കും അറിയില്ലേ. ഞാന് അതിനെകുറിച്ചെന്നും പറയില്ല.
ഇത്ര വേഗത്തില് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് ചാണ്ടി ഉമ്മന് വിശ്വസിച്ചിരുന്നതല്ല. പക്ഷേ തിരഞ്ഞെടുപ്പിന്റെ ഓട്ടത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഡെയ്ലി ഷെഡ്യൂള് മാറി. പൊതുജനങ്ങള്ക്ക് ഇടയിലേക്ക് അപ്പയ്ക്ക് വേണ്ടിയല്ലാതെ സ്വന്തമായിട്ട് ഇറങ്ങുമ്പോള് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തിപരമായ വിഷമമെന്താണ്? ജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിയപ്പോള് അപ്പ അനുഭവിച്ചിട്ടുളള ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലായിട്ടുണ്ടോ?
ഈ ഒരു സമയത്ത് ഇറങ്ങുന്നതാണ് വിഷമം, കാരണം പ്രചരണത്തിന് പോകുമ്പോള് ചിരിച്ചുകൊണ്ടാണ് ആളുകൾ നമ്മളെ സമീപിക്കുക. സ്വാഭാവികമായും നമ്മളും അതേ ഉത്തരം നല്കും. അതൊരു വേദനയാണ്. ജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിയപ്പോള് ബുദ്ധിമുട്ടുകള് എങ്ങനെ ലഘൂകരിക്കപ്പെട്ടു എന്ന് മനസ്സിലായി. അപ്പയ്ക്കെതിരെ ഒത്തിരി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കപ്പെട്ടപ്പോള് അദ്ദേഹം എങ്ങനെ അതിനെ ലൈറ്റായി മാറ്റിയെന്ന് ജനങ്ങളുമായുളള കൂടിക്കാഴ്ചയില് നിന്ന് എനിക്ക് മനസിലായി. കാരണം അദ്ദേഹത്തിന്റെ പ്രശ്നം ഒന്നുമല്ലാതാക്കി കണ്ട് അടുത്ത് നില്ക്കുന്ന സഹോദരന്റേയോ സുഹൃത്തിന്റേയോ പ്രശ്നം സ്വന്തം പ്രശ്നമായി എടുത്ത് ആ പ്രശ്നം വലുതായി കണ്ടു. അങ്ങനെ സ്വന്തം പ്രശ്നം ഒന്നുമല്ലാതാക്കി.
(തയ്യാറാക്കിയത്: സീനത്ത് കെ സി)
വീഡിയോ കാണാം.....