'കത്രിക മൂത്രസഞ്ചിയിൽ കുത്തിനിന്നു, ബോൾ രൂപത്തിൽ മാംസം വയറ്റിൽ നിന്ന് കോരിയെടുത്തു'; ഹർഷിന അഭിമുഖം

'കഠിനമായ വേദന ഇന്നെനിക്ക് ഒരു ശീലമായി. ശക്തമായ നിലപാട് എടുക്കാൻ കഴിയാത്ത ആരോഗ്യമന്ത്രി മന്ത്രിയാണോ വീണാ ജോര്ജ് എന്നാണ് എന്റെ ചോദ്യം'

സീനത്ത് കെ സി
5 min read|21 Aug 2023, 10:34 pm
dot image

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക അഞ്ച് വർഷം വയറ്റിൽ ചുമക്കേണ്ടി വന്ന ഹർഷിന ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ്. നീതിക്ക് വേണ്ടിയുളള ഹർഷിനയുടെ സമരം 92 ദിവസം പിന്നിട്ടിരിക്കുകയാണ്. 12 സെന്റിമീറ്റർ നീളവും 6.1 സെമീ വീതിയുമുളള കത്രിക ഹർഷിനയുടെ വയറ്റിൽ എങ്ങനെ വന്നുവെന്നത് ആരോഗ്യവകുപ്പ് തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും പുറത്തുവന്നിരുന്നില്ല. അവസാനം കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെ എന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മെഡിക്കൽ ബോർഡ് കൈമലർത്തി. കൂടെയുണ്ടെന്നും നീതി ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറയുമ്പോഴും അസഹ്യമായ വേദന സഹിച്ച് ഇപ്പോഴും ഈ വീട്ടമ്മ തെരുവിൽ സമരത്തിലാണ്. നീതിക്കായുളള സമരത്തെ രാഷ്ട്രീയ സമരമാണെന്ന് ഒരുവശത്ത് ചിലർ പ്രചരിപ്പിച്ചപ്പോഴും ആ സ്ത്രീ തളർന്നില്ല. തികഞ്ഞ മനുഷ്യാവകാശലംഘനത്തിന് ഇരയായ ഹർഷിന തന്റെ പോരാട്ടത്തെകുറിച്ച് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുന്നു.

എന്താണ് സംഭവിച്ചത്?

ആദ്യ രണ്ട് സിസേറിയനും നടത്തിയത് താമരശ്ശേരി സർക്കാർ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു. 2017 നവംബർ 30ന് ആണ് മൂന്നാമത്തെ സിസേറിയൻ നടത്തുന്നത്. മൂന്നാമത്തെ സിസേറിയന് വേണ്ടി മെഡിക്കൽ കോളേജിലേക്ക് വന്നു അവിടുന്ന് സർജറി കഴിഞ്ഞ് വന്നത് മുതൽ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. അനസ്തേഷ്യ എഫക്ട് വിട്ടത് മുതൽ കഠിനമായ വേദന തുടങ്ങിയിരുന്നു. സർജറിക്ക് മുമ്പ് തന്നെ പ്രസവം സങ്കീർണമാകുമെന്ന് പറഞ്ഞ് ഡോക്ടർമാർ ഭയപ്പെടുത്തി. ആദ്യം സ്റ്റിച്ചിന്റെ വേദനയാണെന്ന് കരുതി സഹിച്ചു. വീട്ടിലെത്തിയിട്ടും സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. ഒരുപാട് ഡോക്ടർമാരെ മാറി മാറി കാണിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല. പിന്നീട് അണുബാധ വന്നതോടെ ശസ്ത്രക്രിയ ചെയ്തു. ഡിസ്കിന് വേദനയുണ്ടെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അവർ അതിനുളള മരുന്ന് തരും. പിന്നീട് ഉള്ളിലേക്ക് ഉണക്കം വരാത്തതുകൊണ്ടാണ് വേദന എന്ന് കരുതി.

ഭർത്താവിന്റെ ബിസിനസ് കൊല്ലത്തായതുകൊണ്ട് കുടുംബസമ്മേതം അങ്ങോട്ട് മാറിയിരുന്നു. അവിടെ വെച്ചും വേദനകളും അസ്വസ്ഥതകളും ക്ഷീണവും തുടർന്നു. കൊല്ലം എൻഎസ് ആശുപത്രിയിൽ വെച്ച് ലോക്കൽ സർജറിയിലൂടെ ബാർത്തോലിൻ ഗ്രന്ഥി ഒഴിവാക്കി. വീണ്ടും ഒരുപാട് ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും കാരണം മനസ്സിലായില്ല. കുറേ കാലം മരുന്നുകളുമായി ജീവിച്ചു. മൂത്രത്തിൽ പഴുപ്പ് വന്നു. ആറ്, ഏഴ് മാസത്തിന് ശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ പോയി സിടി സ്കാൻ ചെയ്തപ്പോഴാണ് വയറ്റിൽ കത്രികയുളളതായി കണ്ടെത്തിയത്. സാധാരണ സ്കാൻ ചെയ്തപ്പോൾ കല്ലാണെന്നാണ് പറഞ്ഞിരുന്നത്. കത്രിക മൂത്രസഞ്ചിയിൽ കുത്തിനിന്നതോടെയാണ് മൂത്രത്തിൽ പഴുപ്പ് വന്നത്.

2022 സെപ്റ്റംബർ 14 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. സെപ്റ്റംബർ 17ന് നടത്തിയ മേജർ ഓപ്പറേഷനിലൂടെ വയറിൽ നിന്ന് കത്രിക രൂപത്തിലുള്ള 12 സെമീ നീളവും 6.1 സെമീ വീതിയുമുള്ള ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം പുറത്തെടുത്തു. ആ മാസം തന്നെ ഇത് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് പരാതി മെയിൽ ചെയ്തിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി കൊടുത്തു.

മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് സമീപനം എന്തായിരുന്നു?

മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണം നടത്തി കത്രിക അവരുടേതല്ലെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. ഒക്ടോബർ 22ന് ആരോഗ്യ വകുപ്പിൻ്റെ കീഴിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൽ റഷീദിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘം വീട്ടിൽ വന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് പറഞ്ഞു തളളിക്കളഞ്ഞു. ഫോറൻസിക് അന്വേഷണത്തിലും വ്യക്തതയില്ലെന്ന് പറഞ്ഞു. അടുത്ത അന്വേഷണങ്ങളും പാതി വഴിയിലായി. 2022 ഡിസംബർ 9 ന് ഓപ്പറേഷൻ ചെയ്തതിൻ്റെ വേദനയുമായി മെഡിക്കൽ കോളേജിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇത് മാധ്യമങ്ങളിൽ ചർച്ച ആയപ്പോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. നീതി ഉറപ്പാക്കുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും കൂടെ ഉണ്ട് എന്ന വാഗ്ദാനവും നൽകി.

മെഡിക്കൽ ബോർഡ് പൊലീസ് റിപ്പോർട്ട് അട്ടിമറിച്ചുവെന്നതിൽ ഉറച്ചുനിൽക്കുന്നുണ്ടോ?

പൊലീസ് നടപടിയിൽ തൃപ്തയാണ്. മെഡിക്കൽ ബോർഡ് പൊലീസ് റിപ്പോർട്ട് അട്ടിമറിച്ചത് തന്നെയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ മൂടിവെക്കാൻ ശ്രമിക്കുകയാണ്. ഒരുപാട് വീഴ്ചകൾ ഇനിയും പുറത്തുവരും. അതിനെ മാക്സിമം മൂടിവെക്കുക എന്നുളളതാണ് അവർ ചെയ്യുന്നത്. ശാസ്ത്രീയ തെളിവുകളടക്കം ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ആഭ്യന്തര വകുപ്പിന് കീഴിലാണല്ലോ പൊലീസ്, ഞങ്ങൾ പൊലീസിനെ സ്വാധീനിക്കാൻ കഴിയുന്ന ആളുകളെല്ല. സാധാരണക്കാരാണ്. പൊലീസ് സത്യസന്ധമായി അന്വേഷിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുളളത്. അതിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഒന്നാം തീയതി ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മനഃപൂർവം അവർ എട്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. ഡിഎംഒ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് അവർ ഞങ്ങൾക്ക് ഉറപ്പ് തന്നത്. മിനിമോൾ മാത്യു എന്ന സീനിയർ റേഡിയോളജിസ്റ്റിനെ മാറ്റി പെട്ടെന്നാണ് ജൂനിയർ റേഡിയോളജിസ്റ്റിനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയത്. മിനിമോൾ മാത്യു ലീവിൽ പോയി എന്നതിലൊക്കെ ദുരൂഹതയുണ്ട്. പൊലീസ് റിപ്പോർട്ടിനെ ഇല്ലാതാക്കുന്നതിനും ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ജൂനിയർ റേഡിയോളജിസ്റ്റിനെ കൊണ്ടുവന്നത്. സീനിയർ റേഡിയോളജിസ്റ്റും റേഡിയോളജി പഠിച്ചിട്ട് തന്നെയല്ലേ വന്നത്. കത്രികയുളള വയറുമായി സ്കാനിങ് ചെയ്യാൻ സാധിക്കില്ലെന്ന് ആ ഡോക്ടർ വ്യക്തമായിട്ട് പറഞ്ഞതാണ്. മൂന്നാമത്തെ സിസേറിയന് മുമ്പാണ് എംആർഐ സ്കാൻ ചെയ്തത്. അതിൽ കാണാത്ത വസ്തുവിനെപ്പറ്റിയാണ് അവർ പറയുന്നത്. മറ്റ് രണ്ടു സിസേറിയനുകൾ നടത്തിയപ്പോഴാണ് വസ്തു വയറ്റിനകത്ത്പെട്ടത് തുടങ്ങിയ അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്.

എന്റെ വയറ്റിൽ നിന്ന് എടുത്ത കത്രിക കയ്യിൽ പിടിച്ച് കേസ് അന്വേഷിച്ച എസിപി കെ സുദർശൻ സ്കാനിങ് റൂമിലേക്ക് കൊണ്ടുപോയിരുന്നു. റൂമിലേക്ക് കയറാൻ നേരത്ത് കത്രിക തെറിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു വസ്തു വയറിനകത്ത് വെച്ചിട്ട് സ്കാനിങ് റൂമിലേക്ക് ഞാൻ എങ്ങനെ പ്രവേശിക്കും. അക്കാര്യമൊക്കെ വളരെ വ്യക്തമാണ്. കുട്ടികളോട് പറഞ്ഞാൽ പോലും മനസ്സിലാകും. റിപ്പോർട്ട് തളളാനായിട്ട് വന്നവരാണ് അവർ. കമ്മീഷ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ അന്വേഷണം നടക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ കത്തിൽ സർക്കാരിൽ നിന്ന് മറുപടി ലഭിച്ചോ? പിടിഎ റഹീം എംഎൽഎയുടെ പരാമർശത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

എന്റെ സമരം 92 -ാം ദിവസത്തിലേക്ക് കടക്കുകയാണ്. സർക്കാരിന് നല്ല സമ്മർദ്ദം വന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. രാഹുൽ ഗാന്ധി കത്തയച്ചതിന് ശേഷം നേരിട്ട് ആരും ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജിനോട് ചോദിക്കുമ്പോഴെല്ലാം ഹർഷിനക്കൊപ്പമാണ്, കൂടെയാണ്, നീതി കിട്ടണം എന്നൊക്കെയാണ് പറയുന്നത്. സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ബുദ്ധിയുളളവർക്ക് കണ്ടാലും കേട്ടാലും മനസ്സിലാകും. പിടിഎ റഹീം എംഎൽഎയുടെ പരാമർശത്തോടൊന്നും സമൂഹത്തിനും നമുക്കും യോജിക്കാനാവില്ല. ആളുകൾ ഇതൊക്കെ ലൈവായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

സമരത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നൊക്കെ പറയുന്നത് കുറ്റക്കാർക്ക് രക്ഷപ്പെടാനുളള മാർഗ്ഗം ഒരുക്കികൊടുക്കലാണ്. ഇവിടെ നീതിയാണ് രാഷ്ട്രീയം. എല്ലാ രാഷ്ട്രീയ പ്രവർത്തകരും സംഘടനകളും സമരത്തിനുണ്ട്. സർക്കാരിന് സമ്മർദ്ദമുണ്ടായതുകൊണ്ടോ, എംഎൽഎക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന തോന്നലിൽ നിന്നോ മാത്രമാണ് അങ്ങനൊയൊരു പരാമർശമൊക്കെ.

സെക്രട്ടറിയേറ്റ് സമരത്തിന് ശേഷം മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പെട്ടെന്ന് പോകാനുളളതുകൊണ്ട് കാണാൻ സാധിച്ചില്ല, പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ടായിരിക്കാം. എംഎൽഎയെ ഇനി കാണില്ല. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നമുക്കെതിരെ നിൽക്കുകയാണ്. അതുകൊണ്ട് ഇനി കാണാൻ പോകുന്ന പരിപാടിയില്ല. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു.

ആരോഗ്യമന്ത്രിയുടെ പ്രതികരണം എന്തായിരുന്നു?

ആരോഗ്യമന്ത്രി പുറത്തുകാണുമ്പോൾ ഹർഷിനക്കൊപ്പമാണെന്നും നീതികിട്ടണമെന്നും പറയും. പൊലീസിന്റെ പൂർണമായ റിപ്പോർട്ട് വരട്ടെ എന്നൊക്കെ പറഞ്ഞിരുന്നു. തുടക്കത്തിൽ തന്നെ അവർ ഇത്ര താത്പര്യം കാണിക്കുന്നത് എന്തിനാണ്. ഒരു ആരോഗ്യമന്ത്രി വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങളൊന്നുമല്ലല്ലോ ഇത്തരം കാര്യങ്ങൾ. വ്യക്തമായ നിലപാടും ആത്മവിശ്വാസവും ഉളളതുകൊണ്ടും നൂറുശതമാനം സത്യമുളളതുകൊണ്ടും ഞങ്ങൾക്ക് ആരെയും പേടിക്കേണ്ടതില്ല. മരിക്കേണ്ടി വന്നാലും ഇത് തെളിയിച്ചിട്ടേ പോകൂ എന്ന നിലപാടിലാണ് ഞാൻ. മരണംകൊണ്ടേ കീഴടങ്ങുകയുളളു. സർക്കാരിനിത് ബോധ്യപ്പെട്ട് വരുന്നേയുളളു. 90 ദിവസം ഒരു സാധാരണക്കാരിയായ സ്ത്രീ ഓപ്പറേഷന്റെ വേദനയൊക്കെ സഹിച്ച് തെരുവിലിരിക്കുകയാണ്. ഇത് ചെയ്യണമെന്നുണ്ടെങ്കിൽ ശക്തമായ നിലപാടുണ്ട് എന്ന് മന്ത്രി ഇപ്പോൾ മനസ്സിലാക്കുന്നേയുളളു. പക്ഷേ എന്നോട് അത് പറഞ്ഞിട്ടില്ല, അവർക്കത് തളളാൻ കഴിയുന്നില്ലല്ലോ? ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ മാക്സിമം രക്ഷിക്കാനാണ് മന്ത്രി ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിക്ക് സ്വന്തമായിട്ട് ഒരു നിലപാട് എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ശക്തമായ നിലപാട് എടുക്കാൻ കഴിയാത്ത ആരോഗ്യമന്ത്രി മന്ത്രിയാണോ വീണാ ജോര്ജ് എന്നാണ് എന്റെ ചോദ്യം.

അഞ്ച് വർഷം വയറ്റിനകത്ത് കിടന്നത് ഒരു ശസ്ത്രക്രിയ ഉപകരണമാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ അവസ്ഥ എന്തായിരുന്നു?

ഒരു സമൂഹത്തിനെയാകെ ബാധിക്കുന്ന കാര്യമാണിത്. അനുഭവിക്കാനുളളിടത്തോളം അനുഭവിച്ചിട്ടുണ്ട്. ജീവിതാവസാനം വരെ ഈ വേദനയുണ്ടാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുളളത്. ഒരുപാട് കാലം ഈ വേദനയുണ്ടാകും. മൂന്ന് സിസേറിയൻ നടത്തിയ ശരീരത്തിലാണ് മേജർ ഓപ്പറേഷൻ നടത്തിയിട്ടുളളത്. 12 സെന്റിമീറ്റർ നീളവും 6.1 സെന്റിമീറ്റർ വീതിയുമുളള വസതുവാണ് വയറിനകത്ത് ഉണ്ടായിരുന്നത്. ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വയറിനകത്ത് മാംസം ഒരു ബോൾ പോലെ രൂപപ്പെട്ടിരുന്നു. ആ മാംസം കോരിയെടുത്തുവെന്നാണ് ഡോക്ടർ പറഞ്ഞത്. വേദനയോട് കൂടിയാണ് ഇപ്പോഴും സമരം ചെയ്യുന്നത്. അഞ്ചു വർഷം സഹിച്ച വേദന ഒരു ശീലമായി. സഹിക്കാൻ പറ്റുന്നതിന്റെ മാക്സിമം സഹിക്കും അത് കഴിഞ്ഞാൽ വീണുപോകും. കത്രിക വയറ്റിൽ എടുത്തുമാറ്റിയതിന് ശേഷം എന്റെ ശരീരത്തിൽ പെട്ടെന്ന് നീര് വരുന്ന സാഹചര്യമുണ്ട്. രണ്ടു മൂന്ന് ദിവസങ്ങളായി കടുത്ത വേദനയാണ്. സിസേറിയൻ എന്റെ ജീവിതത്തെ തകർത്തു എന്ന് തന്നെയാണ് വിചാരിക്കുന്നത്. എന്റെ വയറിനടുത്തേക്ക് ഒരു കുട്ടി കൈ കൊണ്ടുവന്നാൽ പോലും ഞാൻ വേദനകൊണ്ട് പുളയും.53 കാരിയായ എന്റെ ഉമ്മ ചെയ്യുന്ന കാര്യങ്ങൾ പോലും 30 കാരിയായ എനിക്ക് ചെയ്യാൻ പറ്റുന്നില്ല. വീട്ടിലെ ജോലികൾ ചെയ്യാൻ പോലും ശരീരം സമ്മതിക്കുന്നില്ല.

തുടരെയുളള ചികിത്സയും ഓപ്പറേഷനും സാമ്പത്തികമായി ബാധിച്ചോ? നഷ്ടപരിഹാരം എന്തുകൊണ്ട് സ്വീകരിച്ചില്ല?

ചികിത്സയും ഓപ്പറേഷനും കാരണം സാമ്പത്തികമായി തകർന്നു. ശരീരത്തിന്റെ വേദനയൊക്കെ ഞാൻ സഹിച്ചോളാം. പര്യാപ്തമല്ലാത്ത തുകയായതുകൊണ്ട് സർക്കാർ തന്ന നഷ്ടപരിഹാരത്തുക വാങ്ങിയില്ല. രണ്ട് ലക്ഷത്തിന് വിലയില്ലാത്തതുകൊണ്ടല്ല, ഞങ്ങളുടെ നഷ്ടത്തിന് അത് പരിഹാരമാകില്ല. ചുരുങ്ങിയത് 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. സർക്കാർ കോടികൾ തന്നാലും എന്റെ നഷ്ടം തീരില്ല. ഒരുപാട് കടബാധ്യതയുണ്ട്. ഭർത്താവിന്റെ ബിസിനസ് നഷ്ടത്തിലായി. എന്റെ കൂടെ കയറിയിറങ്ങുകയാണ് ഭർത്താവ്, ചില ദിവസങ്ങളിൽ ബിസിനസ് തടസ്സപ്പെടും. അദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഈ അടുത്ത് ഞാനും സമരസമിതിയും മനുഷ്യാവകാശ കമ്മീഷനെ പോയി കണ്ടിരുന്നു. 25ന് സിറ്റിങ് വിളിച്ചിട്ടുണ്ട്. ന്യായമായിട്ടുളള, സത്യസന്ധമായ ആവശ്യമാണ് ഉന്നയിക്കുന്നത്. ഞങ്ങൾക്ക് ആരെയും പേടിയില്ല. ആര് ഇനി എന്ത് ചെയ്യാൻ വന്നാലും പേടിയില്ല. നീതി കിട്ടുന്നത് വരെ പോരാടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us