നമ്മുടെ ഓർമകളിൽ അവരുടെ ഇന്നലെകളും ഉണ്ട്; കുഞ്ഞുങ്ങളെ പോലെ പരിഗണിക്കാം അൽഷിമേഴ്സ് ബാധിതരെ

ടെൻഷനോ ഡിപ്രഷനോ ഉള്ളപ്പോഴോ, വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്തോ, ശ്രദ്ധക്കുറവുകൊണ്ടോ, മൾട്ടി ടാസ്കിങ് ചെയ്യുമ്പോഴോ മറവി ഉണ്ടാകാം. പെട്ടന്ന് അടുത്തിരിക്കുന്നയാളുടെ പേര് മറക്കുക, തിരക്കിലിറങ്ങുമ്പോൾ പ്രധാനപ്പെട്ടത് എന്തെങ്കിലും മറക്കുക ഇതൊന്നും അൽഷിമേഴ്സ് ആവണമെന്നില്ല.

അമൃത രാജ്
4 min read|21 Sep 2023, 04:00 pm
dot image

ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇന്ന്, ഈ നിമിഷം കഴിഞ്ഞാൽ എല്ലാം തലച്ചോറിന്റെ ഒരു മൂലയിൽ ചുരുങ്ങിക്കൂടുന്ന ഓർമ്മകളാണ്. ഓർമകൾ ഇല്ലാതാകുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ, ജീവിതത്തില് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ദുരന്തമായിരിക്കും അത്. ഇത്തരത്തിൽ ലോകത്താകമാനം 50 ദശലക്ഷം പേര്ക്ക് ഓർമ്മ നശിക്കുന്ന രോഗമായ അൽഷിമേഴ്സ്, ഡിമെന്ഷ്യ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില് ഇത് നാല് ദശലക്ഷത്തിനടുത്തു വരുമെന്നാണ് കണക്കുകൾ പറയുന്നത്.

അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 21-ന് അല്ഷിമേഴ്സ് ദിനമായി ആചരിക്കുന്നു. 'Never too early, never too late' എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിനത്തിന്റെ സന്ദേശം. അല്ഷിമേഴ്സ് വരാന് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് നമുക്ക് മുൻകരുതലുകളെടുക്കാം. അൽഷിമേഴ്സ് രോഗികളെ പരിചരിക്കുന്നതിനായി പരിചാരകരും മാനസികമായി ഒരുപാട് തയ്യാറെടുപ്പുകള് നടത്തേണ്ടാതായുണ്ട്. ഇതേ കുറിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജെറിയാട്രിക് ഫിസിഷ്യനായ ഡോ. ജിനോ ജോയ് റിപ്പോർട്ടറിനോട് സംസാരിക്കുന്നു.

എല്ലാ മറവിയും അൽഷിമേഴ്സല്ല

മറവിരോഗങ്ങൾ പലതരത്തിലാണ്. അതിലൊന്ന് മാത്രമാണ് അൽഷിമേഴ്സ്. എല്ലാവർക്കും മറവിയുണ്ട്. ഒരു കുട്ടി പരീക്ഷയ്ക്ക് പഠിച്ചതെല്ലാം ചോദ്യപ്പേപ്പർ കിട്ടുമ്പോൾ ടെൻഷനടിച്ച് മറന്നുപോകുന്നതു പോലെ. മനസിൽ ടെൻഷനോ ഡിപ്രഷനോ മറ്റെന്തെങ്കിലും വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്തോ, ശ്രദ്ധക്കുറവുകൊണ്ടോ, മൾട്ടി ടാസ്കിങ് ചെയ്യുമ്പോഴോ മറവി ഉണ്ടാകാം. പെട്ടന്ന് അടുത്തിരിക്കുന്നയാളുടെ പേര് മറക്കുക, സൂക്ഷിച്ചു വെച്ചിരിക്കുന്ന സാധനങ്ങൾ മറക്കുക, തിരക്കിലിറങ്ങുമ്പോൾ പ്രധാനപ്പെട്ടത് എന്തെങ്കിലും മറക്കുക ഇതൊന്നും അൽഷിമേഴ്സ് ആവണമെന്നില്ല.

അൽഷിമേഴ്സ് വളരെ ചുരുക്കം ആളുകൾക്ക് മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ്. വിട്ടുമാറാത്ത, വളരെ പതുക്കെ രോഗിയെ ബാധിക്കുന്ന ഒരസുഖം. സിനിമയിൽ കാണിക്കുന്നത് പോലെ പെട്ടന്നൊരു ദിവസം എല്ലാം മറക്കുന്നതല്ല ഈ അവസ്ഥ. ആദ്യ ഘട്ടങ്ങളിൽ പുതിയ വിവരങ്ങൾ, പുതിയ കാര്യങ്ങൾ മറന്നുപോകുക തുടങ്ങി വളരെ പതുക്കെ പതുക്കെയാണ് അൽഷിമേഴ്സിലെത്തുന്നത്. പിന്നീട് 'തന്മാത്ര' സിനിമയിൽ കാണിക്കുന്നത് പോലെ എല്ലാ കാര്യങ്ങൾക്കും മറ്റൊരാളുടെ സഹായം വേണ്ട ഒരവസ്ഥയിലേക്ക് എത്തുന്നു.

മറവിരോഗത്തെ കുറിച്ച് സ്വയം മനസിലാക്കണം എന്നില്ല, കൂടെയുള്ളവർക്ക് സാധിക്കും...

അൽഷിമേഴ്സിനെ സ്വയം തിരിച്ചറിയുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഓർമ്മക്കുറവുണ്ട് എന്ന് തിരിച്ചറിയാൻ ഈ അവസ്ഥ അനുഭവിക്കുന്നവർക്ക് കഴിഞ്ഞെന്ന് വരില്ല. അവർ അവരുടേതായ ലോകത്തായിരിക്കും. പഴയ ചിന്തയിൽ തന്നെ തങ്ങിനിൽക്കും. താൻ ചെയ്യുന്നത് ശരിയാണെന്നായിരിക്കും രോഗിക്ക് തോന്നുക. തനിക്ക് ഓർമ്മക്കുറവുണ്ട് എന്ന് സ്വയം തോന്നുന്ന ഘട്ടങ്ങളുമുണ്ട്. പക്ഷെ പൊതുവെ കുറവാണ്. പലപ്പോഴും കൂടെ താമസിക്കുന്ന ആളുകൾക്കോ, കൂടെ ജോലി ചെയ്യുന്നവർക്കോ അടുത്ത സുഹൃത്തുക്കൾക്കോ ആണ് അത് മനസിലാക്കാൻ സാധിക്കുക. ഉദാഹരണം: സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാക്കുകൾ മറന്നുപോവുക, ആ വാക്കുകൾക്ക് പകരം മറ്റുവാക്ക് ഉപയോഗിക്കുക (ബ്രഷ് ആണ് വേണ്ടതെങ്കിൽ, ആ പല്ലുതേയ്ക്കുന്ന സാധനം എന്നൊക്കെ പറയാം). ഇത് അയാളെ അടുത്ത് നിരീക്ഷിക്കുന്നവർക്കാണ് പെട്ടന്ന് മനസിലാക്കാൻ സാധിക്കുക.

മറവിരോഗത്തിന് പ്രായപരിധിയുണ്ടോ...

പ്രായമുള്ളവർക്കാണ് അൽഷിമേഴ്സ് കൂടുതലായി കാണപ്പെടുന്നത്. പ്രായത്തിന്റേതാണ് എന്നു പറഞ്ഞ് പലരും അതിനെ സ്വാഭാവികമായ ഒന്നാക്കി തള്ളിക്കളയാറുണ്ട്. എന്നാൽ പ്രായത്തിന്റെ മറവിയും അൽഷിമേഴ്സും തമ്മിൽ വളരെ വ്യത്യാസമുണ്ട്. പ്രായത്തിന്റെ മറവി എന്നു പറയുന്നത്, എവിടെയെങ്കിലും വെച്ച ഒരു സാധനം മറന്നുപോവുക, ഓരാളുടെ പേര് പെട്ടന്ന് മറക്കുക എന്നതൊക്കെയാണ്. എന്നാൽ അൽഷിമേഴ്സ് അങ്ങനെയല്ല.

പുറത്തു പോയി തിരികെ വരുമ്പോൾ വീട്ടിലേക്കുള്ള വഴി മറന്നുപോവുക, സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാതാകുക, മുറിയിൽ നിന്ന് ബാത്റൂമിലേക്ക് പോകുന്നതെങ്ങനെയെന്ന് പോലും മറക്കുക, എന്നുമിടുന്ന ലൈറ്റിന്റെ സ്വിച്ച് മറക്കുക(സ്ഥിരമായി മറക്കുക), വീട് മാറി കേറുക ഇങ്ങനെയുള്ള വലിയ പിഴവുകൾ മുതിർന്നവരിലുണ്ടാകുമ്പോൾ അത് കൂടെയുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായി വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ട്.

പരിചരിക്കാൻ ബുദ്ധിമുട്ടുള്ള രോഗാവസ്ഥ, കൂടെയുള്ളവരും മാനസിക തയ്യാറെടുപ്പുകള് നടത്തണം

പരിചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രോഗവസ്ഥയാണ് അൽഷിമേഴ്സ്. മറ്റ് സുഖപ്പെടുത്താനാകാത്ത അസുഖങ്ങൾ ബാധിച്ചവരെ പരിചരിക്കുമ്പോൾ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അവർക്ക് ചെറുതെങ്കിലും ആശ്വാസവും സന്തോഷവും ഉണ്ടാകുന്നുണ്ട് എന്ന് അവരുടെ മുഖ ഭാവത്തിലൂടെയും അവരുടെ വാക്കുകൾ കൊണ്ടുമൊക്കെ മനസിലാക്കാൻ കഴിയും. എന്നാൽ അൽഷിമേഴ്സിന്റെ കാര്യത്തിൽ അങ്ങനെയല്ല. നമ്മൾ അവർക്കുവേണ്ടി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ അവർ അറിയുന്നുണ്ടാകില്ല എന്നുമാത്രമല്ല, അവർ ചിലപ്പോൾ പരിചാരകരെ ഒരു ശത്രുവായി കണ്ടുവെന്നും വരാം. അവർക്ക് പഴയ ആളുകളെയായിരിക്കും ചിലപ്പോൾ ഓർമ്മയുണ്ടാകുക. ഇപ്പോഴുള്ള ആളുമായുള്ള ബന്ധം പോലും ഓർക്കുന്നുണ്ടാകില്ല. പകരം അവർക്ക് മിഥ്യാധാരണകൾ ഉണ്ടാകാം. അവരോട് അടുത്തിടപഴകി ശുശ്രൂഷിക്കുന്നയാൾ ജീവിത പങ്കാളിയാണെങ്കിലും മക്കളാണെങ്കിലും അവർക്ക് അത് അപരിചിതരായിരിക്കും. അവർക്ക് ശത്രുവായും കള്ളനായും തന്നെ കൊല്ലാൻ വരുന്നയാളായും തോന്നാം. അത് പരിചരിക്കുന്നയാളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാകുന്ന ദുരിതപൂർണമായ അവസ്ഥയാണ്.

മറവിയുള്ള ഒരാളെ പരിചരിക്കുമ്പോൾ അത് രോഗിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രശ്നമില്ല, പക്ഷെ നമ്മളെ മോശമായി പറയുകയും കള്ളനാക്കുകയും കൊലപാതകിയാക്കുകയും ചെയ്താൽ അത് രോഗിയെ പരിചരിക്കുന്നയാളെ മാനസികമായി തകർക്കും. ചിലപ്പോൾ രോഗിയുടെ മക്കളോ പങ്കാളിയോ ആണെങ്കിൽ അവരെ അത് വളരെയധികം വേദനിപ്പിക്കുകയും ചെയ്യും.

'ആയാൾ എന്നെ കൊല്ലാൻ ശ്രമിക്കുകയാണ്' എന്ന് സ്വന്തം മകനെ കുറിച്ച് ഒരു അൽഷിമേഴ്സ് രോഗി പറയുകയാണ്, എന്നാൽ അയാളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഈ മകനാണെന്ന് രോഗിക്ക് അറിയില്ല. 'എന്തെല്ലാം ചെയ്തിട്ടും അച്ഛൻ അങ്ങനെയാണല്ലോ പറയുന്നത്' എന്ന ചിന്തയാണ് മകനും ഉണ്ടാവുക.

മറ്റൊന്ന്, ഒരമ്മ മകനെ ഭർത്താവായി തെറ്റിദ്ധരിക്കുന്ന അവസ്ഥയുണ്ടാവുകയാണ്. മരുമകളും മകനുമാണ് അമ്മയെ നോക്കുന്നത്. മകനെ ഒന്ന് ആലിംഗനം ചെയ്യുന്നതുകൊണ്ടോ ചുംബനം നൽകുന്നതുകൊണ്ടോ പ്രശ്നമില്ല, കാരണം മകന് അത് അമ്മയാണ്. എന്നാൽ അമ്മയ്ക്ക് സ്വന്തം ഭർത്താവാണ് മകൻ എന്ന ഓർമ്മയേയുള്ളു. ഇത് ആ വീട്ടിൽ വലിയ പ്രശ്നങ്ങള് സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരത്തിൽ ഓർമ്മ നശിക്കുന്നതോടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സംഭവങ്ങളും ഉണ്ടായേക്കാം. അതാണ് കെയർ ടേക്കർമാരെ സംബന്ധിച്ചുള്ള മറ്റൊരു ബുദ്ധിമുട്ട്.

എന്നാൽ ഇത് അസുഖത്തിന്റെ ഭാഗം മാത്രമാണെന്നാണ് കൂടെയുള്ളവർ മനസിലാക്കേണ്ടത്. പലഘട്ടങ്ങളിലും രോഗികളുടെയൊപ്പം വരുന്നവർ ചോദിക്കാറുണ്ട്, ഇതൊക്കെ ഇയാളുടെ അഭിനയമല്ലേ എന്ന്. ആ സംശയം ഉടലെടുക്കുന്നതോടെ രോഗാവസ്ഥയുള്ളവരോട് പൊരുത്തപ്പെടാൻ കഴിയാതെ വരും. പക്ഷെ രോഗികള് നിസഹായരാണെന്നും രോഗിയുടെ പരിധിക്കും അപ്പുറത്താണ് ഇത്തരം കാര്യങ്ങളെന്നും അറിയേണ്ടതുണ്ട്. അവർ നമുക്ക് ജീവിതത്തിൽ നൽകിയിട്ടുള്ള നല്ല ഓർമ്മകളും ഉപകാരങ്ങളുമുണ്ട്. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയായാണ് ജനിച്ചിരുന്നതെങ്കിൽ മാതാപിതാക്കൾ നമ്മളെ ഉപേക്ഷിക്കുമായിരുന്നോ? ഇല്ല, അവർ എന്തെല്ലാം സഹിച്ച് നമുക്കായി ജീവിക്കും. പ്രായമാകുമ്പോൾ മക്കളും ഇതേ കടമ ചെയ്യാൻ ബാധ്യസ്ഥരാണ്.

എത്രയൊക്കെ സഹനശക്തിയുള്ളവരാണെങ്കിലും എന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിക്ക്/കെയർടേക്കറിന് മടുത്തു തുടങ്ങും. മാത്രമല്ല, ഇത്തരം സാഹചര്യത്തിൽ രോഗിയെ വീട്ടിലിരുത്തി പുറത്തു പോകുവനോ അവരുടേതായ സമയം ചെലവഴിക്കുവാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ രണ്ട് പേരെങ്കിലും ഉണ്ടായിരിക്കണം ശുശ്രൂഷയ്ക്ക്.

അത് മുൻപ് പറഞ്ഞ മടുപ്പിൽ നിന്ന് ഒരു ആശ്വാസം ആയിരിക്കും. വല്ലപ്പോഴെങ്കിലും രോഗികളെ കുറച്ച് ദിവസത്തേക്ക് മറ്റൊരു അന്തരീക്ഷത്തിൽ കൊണ്ടുപോകുന്നതും നല്ലതാണ്. കൊച്ചിയിൽ ഇതുവരെ ഇത്തരക്കാർക്ക് ഒരു ഡേ കെയർ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഇടങ്ങൾ നമുക്ക് ആവശ്യമാണ്.

അവരെ എൻഗേജ് ചെയ്യിപ്പിച്ച് കൂടെ നിർത്താം...

എല്ലാ അൽഷിമേഴ്സ് രോഗികളും വ്യത്യസ്തരാണ്. ഇത് അവർ എന്തായിരുന്നു അവരുടെ ജീവിതത്തിൽ എന്നതിനെ അനുസരിച്ചിരിക്കും. എന്താണ് ആ വ്യത്യസ്തത എന്ന് മനസിലാക്കുന്നത് പോലെയിരിക്കും അവരെ ശുശ്രൂഷിക്കുന്ന രീതിയും ചികിത്സയും. ചിലർ സ്വന്തം ആളുകളെ മറന്നാലും മറവി ഉണ്ടായതിന് ശേഷം കണ്ടയാളുകളെ പിന്നീട് കാണുമ്പോൾ ഓർക്കാറുണ്ട് എന്നത് മറ്റൊരു വിരോധാഭാസമാണ്. എന്നെ അടുത്ത തവണ കാണുമ്പോൾ ഓർത്തിരിക്കുന്നവരുണ്ട്. എന്നെ ടീച്ചറായി കാണുന്നവരുണ്ട്. വീട്ടിലേക്ക് ആക്ടിവിറ്റി ബുക്കുകളും കളറിംഗ് ബുക്കുകളും കൊടുത്തുവിടുകയും എന്റെ ഒപ്പും സ്റ്റാറുമൊക്കെ വാങ്ങുകയും ചെയ്യാറുണ്ട്. അവരെ എൻഗേജ് ചെയ്ത് കൂടെ നിർത്തിക്കഴിഞ്ഞാൽ എളുപ്പത്തിൽ മനേജ് ചെയ്യാൻ സാധിക്കും. അൽഷിമേഴ്സ് എന്ന രോഗത്തെ പൂർണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ചികിത്സ ഇല്ലെങ്കിലും അവരെ പരിചരിക്കാനുള്ള വഴികൾ നിരവധിയുണ്ട്.

അൽഷിമേഴ്സ് സ്ഥിരീകരിച്ചാൽ ന്യൂറോളജിസ്റ്റുകളാണെങ്കിലും മനോരോഗ വിദഗ്ധരാണെങ്കിലും ''ഇനി ഇതിനൊരു പരിഹാരമില്ല'' എന്ന് പറഞ്ഞ് വീട്ടിൽ വിടാറുണ്ട്. അതാണ് ഏറ്റവും വലിയ ദുരിതം. സത്യത്തിൽ ശാസ്ത്രത്തിന് പൂർണമായും ഈ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയില്ല. പക്ഷെ അവരുടെ മറ്റു രോഗങ്ങളെ ചികിത്സിക്കാൻ അത് സഹായിക്കും. അതുപോലെ, ആശുപത്രികൾ അവരെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ചികിത്സ നിഷേധിക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലാണ് അവർ വിവേചനം നേരിടുന്നത്. ഒരു കുട്ടിക്ക് അസുഖമാകുമ്പോൾ നമ്മൾ പീഡിയാട്രീഷനെ കാണിക്കാനെടുക്കുന്ന അതേ ശ്രദ്ധയും അൽഷിമേഴ്സ് രോഗികളുടെ കാര്യത്തിലും ഉണ്ടാകണം. ചിലപ്പോൾ അവർക്ക് മനസിലാകില്ല അവർ എന്തിനാണ് ആശുപത്രിയിൽ വന്നത് എന്ന്. പ്രായമായവരിലാണ് കൂടുതലായും അല്ഷിമേഴ്സ് കാണുന്നത്. യുവാക്കളിലും മധ്യവയസ്കരിലും വളരെ വിരളമായി അൽഷിമേഴ്സ് കണ്ടെത്തിയിട്ടുണ്ട്.

ഷെൽട്ടർ ഹോമുകൾ ആവശ്യം

കണക്കുകൾ പറയുന്നത് 2035ഓടെ കേരളത്തിലെ 20 % ആളുകളുടെയും പ്രായം 60 വയസിന് മുകളിലായിരിക്കും. 2050 ആകുമ്പോഴേക്കും ഇത് 40%നും മുകളിലാകുമെന്നാണ് പറയപ്പെടുന്നത്. ബാക്കിയുള്ളവരിൽ കുറച്ചുപേർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറും, കുട്ടികളുണ്ടാകുന്നതിന്റെ ശതമാനത്തിലും കുറവ് സംഭവിക്കും, വിദേശത്ത് ജോലി ചെയ്ത് റിട്ടയറായി പ്രവാസികളും കേരളത്തിലേക്ക് തിരിച്ചെത്തും. കേരളത്തിലെ അൽഷിമേഴ്സിന്റെ കണക്ക് പറയുന്നത് സാധാരണ ജനസംഖ്യയുടെ 3-4% വരെയാണ്. എന്നാൽ വരും വർഷങ്ങളിൽ ഈ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത.

'ഈസ് ഡിമെൻഷ്യ' എന്ന പ്രൊജക്ടുണ്ട്, സോഷ്യൽ വർക്കേഴ്സ് അൽഷിമേഴ്സ് രോഗികളുടെ വീട്ടിൽ ചെന്ന് അവരെക്കൊണ്ട് ചെറിയ ആക്ടിവിറ്റികളൊക്കെ ചെയ്യിപ്പിക്കും. അതൊരു മാതൃകയായി മാറിയിട്ടുണ്ട്. മാത്രമല്ല, ഈസ് ഡിമെൻഷ്യയും മെഡിക്കൽ ട്രസ്റ്റും ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. അൽഷിമേഴ്സ് രോഗികൾക്കായുള്ള ഡേ കെയർ പോലെയാണിത്.

ശാസ്ത്രീയമായി അൽഷിമേഴ്സിനെ കണ്ടെത്താൻ സാധിക്കുമോ...

പ്രായമായ മാതാപിതാക്കളെ നമ്മൾ ഹെൽത്ത് ചെക്ക് അപ്പ് ചെയ്യിക്കാറുണ്ട്. കുറേ ടെസ്റ്റുകളും സ്കാനിങ്ങും ചെയ്യാറുണ്ട്. പക്ഷെ അതിൽ എല്ലാം നോർമലായി കണ്ടാൽ രോഗങ്ങളൊന്നും ഇല്ല എന്ന് വിശ്വസിക്കും. എന്നാല് ഓർമ്മക്കുറവോ ഡിപ്രഷനോ ഹെൽത്ത് ചെക്കപ്പിൽ കണ്ടുപിടിക്കാൻ സാധിക്കില്ല. അത് കണ്ടുപിടിക്കാനുള്ള മാർഗമാണ് 'കോംപ്രിഹെൻസീവ് ജെറിയാട്രിക് ഇവാല്യുവേഷൻ'(Comprehensive Geriatric Evaluation, CGE). പ്രായുമള്ളവർക്ക് നമ്മൾ ചില അസുഖങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്, ജെറിയാട്രിക് സിൻഡ്രോം എന്നു പറയും. വിശപ്പില്ലായ്മ, വിഷാദം, മൂത്രം അറിയാതെ പോകുക, മലബന്ധം ഉണ്ടാകുക, ബാലൻസ് നഷ്ടമാകുക എന്നിങ്ങനെ. ഇതിൽ ഓർമ്മക്കുറവും ഉൾപ്പെടുന്നു. പ്രായമായവരെ സിജിഇയ്ക്ക് വിധേയമാക്കുമ്പോൾ ഓർമ്മക്കുറവുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും. അത് ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ നൽകുന്ന ഉത്തരങ്ങളിൽ നിന്ന് തന്നെ മനസിലാകും. മറ്റു രോഗനിർണയത്തിനായി കൊടുക്കുന്ന പ്രാധാന്യം ഇതിനും കൊടുക്കണെം. ഒരുപക്ഷെ പുറത്ത് ജോലി ചെയ്യുന്നവർ അവരുടെ മാതാപിതാക്കാൾക്ക് ഇത്തരം പരിശോധനകൾ നടത്താറുണ്ട്. ഈ രീതി നമ്മുടെ രാജ്യത്തും ഉണ്ടാകേണ്ടതുണ്ട്.

അവബോധം ആരോഗ്യ മേഖലയിൽ നിന്ന് തുടങ്ങാം...

ആവശ്യത്തിനുള്ള ചികിത്സാ സംവിധാനമോ ഡോക്ടർമാരോ ഇവിടെ ഇല്ല എന്നുള്ളതാണ് സത്യം. എറണാകുളത്ത് തന്നെ മൂന്നോ നാലോ ജെറിയാട്രിക് വിദഗ്ധരേയുള്ളു. പക്ഷേ, അൽഷിമേഴ്സുള്ള വയോധികരെ എങ്ങനെ പരിചരിക്കണം എന്ന് എല്ലാ ഡോക്ടർമാരും ആരോഗ്യ ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കണം. എന്നാൽ മെഡിക്കൽ കരിക്കുലത്തിൽ വിഷയം വിശദമായി പഠനത്തിനില്ല. അതിനാൽ തന്നെ പല നേഴ്സിംഗ് വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും ഇത് അറിയില്ല. ഇതാണ് പല നേഴ്സിംഗ് കെയറുകളിലും പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണം. ഡിമെൻഷ്യയുള്ള ഒരു ഹൃദ്രോഗിയെ എങ്ങനെ പരിചരിക്കണമെന്ന് ആ ഹൃദ്രോഗ വിദഗ്ധൻ അറിഞ്ഞിരിക്കണം. ആരോഗ്യ പ്രവർത്തകർക്കിടയിൽ തന്നെ കൃത്യമായ അവബോധം ആദ്യം ഉണ്ടാകണം. അവിടെ നിന്ന് അൽഷിമേഴ്സ് രോഗികളെ എങ്ങനെ പരിപാലിക്കണം എന്ന അവബോധം സമൂഹത്തിലേക്കും എത്തണം.

dot image
To advertise here,contact us
dot image