മുഖ്യമന്ത്രിയായി സ്ത്രീയെത്തിയാല് അഭിമാനം, പക്ഷേ അതുകൊണ്ട് തീരുന്നതല്ല ഇവിടുത്തെ സ്ത്രീപ്രശ്നങ്ങള്

വനിതാ ബില് പാസാക്കി എടുക്കാന് ഇത്ര കാലതാമസം എടുത്തു എന്നതുപോലും രാഷ്ട്രീയ പാര്ട്ടികള്ക്കുള്ളില് തന്നെ സ്ത്രീവിരുദ്ധമായ വീക്ഷണം നിലനിന്നിരുന്നു എന്നതിന് ഉദാഹരണമാണ്.

dot image

വനിതാ സംവരണ ബില്ലിനെ കുറിച്ചും സമൂഹത്തിന്റെ സ്ത്രീ വീക്ഷണത്തിലെ വികലതകളെ കുറിച്ചും വനിതാ കമ്മീഷന് അധ്യക്ഷയും മുന് ലോക്സഭാ അംഗവുമായിരുന്ന പി സതീദേവി സംസാരിക്കുന്നു.

വനിതാ സംവരണ ബില്

രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കികൊണ്ടിരുന്ന വനിതാ സംവരണ ബില് പാസായിരിക്കുന്നു എന്നതില് സന്തോഷമുണ്ട്. 2008 ല് ഒന്നാം യുപിഎ ഗവണ്മെന്റിന്റെ കാലത്ത് വനിതാ സംവരണ ബില് രാജ്യസഭയില് അവതരിപ്പിക്കപ്പെട്ടപ്പോള് ആ ബില്ലുമായി ബന്ധപ്പെട്ടുള്ള സ്റ്റാന്ഡിങ് കമ്മിറ്റിയില് ഒരംഗമായി പ്രവര്ത്തിക്കാന് അവസരം കിട്ടിയിട്ടുണ്ട്. അന്ന് ബില്ല് രാജ്യസഭയില് അവതരിപ്പിക്കുന്ന രംഗം ഇന്നും ഓര്മയിലുണ്ട്. ബില്ല് അവതരിപ്പിക്കാനായി അന്നത്തെ നിയമ വകുപ്പ് മന്ത്രി ഭരദ്വാജ് മുന്നോട്ട് വന്നപ്പോള് ആ ബില്ല് അദ്ദേഹത്തിന്റെ കയ്യില് നിന്ന് വാങ്ങി പിച്ചിചീന്തി എറിയുന്നതിനു വേണ്ടി വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ നേതാക്കള് എത്തിയ പരിതാപകരമായ രംഗവും ഓര്മയുണ്ട്. ഒട്ടേറെ കടമ്പകള് കടന്നാണ് ബില്ല് അന്ന് രാജ്യസഭയില് പാസായത്. അതിനു ശേഷം യുപിഎ ഗവണ്മെന്റിന്റെ കാലത്ത് തന്നെ ബില് ലോക്സഭയില് അവതരിപ്പിച്ച് പാസാക്കാമായിരുന്നു. എന്നാല് അതുണ്ടായില്ല. 2014ല് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില് വന്ന എന്ഡിഎ ഗവണ്മെന്റിന്റെ കാലത്തും ബില് പാസാക്കുന്നതിനുള്ള നീക്കം ഒന്നും നടന്നില്ല. ഒടുവില് ഈ ഗവണ്മെന്റിന്റെ കാലാവധി പൂര്ത്തിയാകുന്ന സമയത്താണ് ബില്ലിന് അംഗീകാരമായത്.

തിരഞ്ഞെടുപ്പ് അടുത്തെത്തി നില്ക്കുന്ന ഈ അവസരത്തില് വനിതാ സംവരണ ബില് നിയമം ആയെങ്കിലും അതുകൊണ്ട് നിലവില് സ്ത്രീകള്ക്ക് ഒരു പ്രയോജനവുമില്ല എന്നതാണ് വാസ്തവം. ബില്ല് എന്നായിരിക്കും സ്ത്രീകള്ക്ക് അവസരങ്ങള് ഒരുക്കുക എന്ന കാര്യത്തില് ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്.

വരുന്ന തിരഞ്ഞെടുപ്പില് വനിതാ സംവരണത്തിന് ഒരു മാതൃക സിപിഐഎമ്മില് നിന്ന് ഉണ്ടാകുമോ?

സിപിഐഎം എല്ലാക്കാലത്തും വനിതാസംവരണത്തെ അനുകൂലിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളെ ഉയര്ത്തി കൊണ്ടുവരുന്നതിന് മാതൃകാപരമായ നിലപാടുകള് സിപിഐഎം സ്വീകരിച്ചിട്ടുണ്ട്. അടിത്തട്ടുമുതല് സ്ത്രീ ശാക്തീകരണത്തിനായി പ്രവര്ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും എക്കാലത്തും സ്ത്രീകള്ക്ക് പരിഗണന നല്കിയിട്ടുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില് വനിതാസംവരണം പ്രാവര്ത്തികമാകണം എന്ന ആഗ്രഹമാണ് സ്ത്രീകള്ക്ക് ഉള്ളത്. വനിതാ ബില് കൂടി പാസായ സാഹചര്യത്തില് രാഷ്ട്രീയ നേതൃത്വങ്ങളില് നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വരുന്ന തിരഞ്ഞെടുപ്പില് ഇടതുപക്ഷ സ്ഥാനാര്ഥികളുടെ പട്ടിക വരുമ്പോള് സ്ത്രീകള്ക്ക് പ്രാതിനിധ്യം ഉണ്ടാകും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

കമ്യൂണിസ്റ്റ് പാര്ട്ടിക്ക് എന്തുകൊണ്ട് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല?

കേരള ചരിത്രത്തില് ആദ്യമായാണ് മന്ത്രിസഭയില് മൂന്ന് വനിതാ മന്ത്രിമാര് അധികാരത്തില് എത്തിയത്. അതില് സിപിഐഎമ്മിന് അഭിമാനിക്കാം. സ്ത്രീകള് മന്ത്രിപദത്തില് എത്തിയതു കൊണ്ടോ മുഖ്യമന്ത്രി പദത്തില് എത്തിയതു കൊണ്ടോ മാത്രം രാജ്യത്തെ സ്ത്രീകളുടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നില്ല എന്നതും ഒരു യാഥാര്ഥ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട വേദികളിലേയ്ക്ക് സ്ത്രീകള് കൂടുതലായി എത്തുക, നയപരമായ തീരുമാനങ്ങള് എടുക്കാന് അവര് പ്രാപ്തരാകുക എന്ന അവസ്ഥ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിര്ഭാഗ്യവശാല് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഏഴരപതിറ്റാണ്ട് പിന്നിട്ടിട്ടും ഇത്തരത്തിലൊരു സാഹചര്യത്തില് രാജ്യത്തെ സ്ത്രീകള് എത്തിയിട്ടില്ല. അതിനുതകുന്ന വീക്ഷണഗതി സമൂഹത്തില് ഉണ്ടായിട്ടില്ല.

വനിതാ ബില് പാസാക്കി എടുക്കാന് ഇത്ര കാലതാമസം എടുത്തു എന്നതുപോലും രാഷ്ട്രീയ പാര്ട്ടികള്ക്കുള്ളില് തന്നെ സ്ത്രീവിരുദ്ധമായ വീക്ഷണം നിലനിന്നിരുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഒബിസി സംവരണ കാരണം പറഞ്ഞ് ബില് വൈകിപ്പിക്കുന്നതിനും കാരണം വിവിധ പാര്ട്ടികള് കൈകൊണ്ടിട്ടുള്ള സമീപനങ്ങള് കൊണ്ടാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി നിരന്തര ഇടപെടലുകള് നടത്തിയ ഒരു രാഷ്ട്രീയ പാര്ട്ടി എന്ന നിലയില് രാജ്യത്തിന് മാതൃക കാട്ടിയ പാര്ട്ടിയാണ് സിപിഐഎം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില് സ്ത്രീകള്ക്ക് അമ്പത് ശതമാനം സംവരണം നല്കിയതിന്റെ ഫലമായി അടിത്തട്ടുമുതല് സ്ത്രീകളുടെ ഇടപെടല് വര്ദ്ധിച്ചു. ഇത്തരത്തില് സ്ത്രീകളുടെ ഇടപെടല് വര്ദ്ധിക്കുക എന്നതാണ് പ്രധാനം.

മുഖ്യമന്ത്രിയായി സ്ത്രീയെത്തുന്നത് തീര്ച്ചയായും അഭിമാനകരമാണ്, പക്ഷേ അതുകൊണ്ട് മാത്രം സ്ത്രീ പ്രശ്നങ്ങള്ക്ക് പരഹാരമാവില്ല. വേണ്ടത് എല്ലാ മേഖലകളിലും ഉള്ള സ്ത്രീകളുടെ ഇടപെടലുകളാണ്. തമിഴ്നാട്ടില് നിന്ന് മുഖ്യമന്ത്രിയായി ഒരു സ്ത്രീ ഉണ്ടായിരുന്നു. ബംഗാള് മുഖ്യമന്ത്രി ഒരു സ്ത്രീയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു സ്ത്രീ ഏറെക്കാലം രാജ്യം ഭരിച്ചിട്ടുണ്ട്. ഒരു സ്ത്രീ മുഖ്യമന്ത്രിപദത്തില് എത്തിയതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല നമ്മുടെ സമൂഹത്തിലെ സ്ത്രീ പ്രശ്നങ്ങള്. സമൂഹത്തില് സ്ത്രീകള്ക്ക് രണ്ടാംതരം പൗരത്വം നല്കുന്ന രീതി കാലങ്ങളായി തുടരുന്നതാണ്. ഇന്നും നമ്മുടെ വിശ്വാസങ്ങളില്, ആചാരാനുഷ്ടാനങ്ങളില്, ചിന്താരീതികളില് ഒക്കെ ഇതുണ്ട്. ഇതിനെതിരെയുള്ള ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.

ജീവിതവുമായി ബന്ധപ്പെട്ടുള്ള വീക്ഷണഗതിയില് ഇനിയും മാറ്റം ഉണ്ടാകേണ്ടതുണ്ട്. സ്ത്രീ വിധേയത്വത്തോടെ ജീവിക്കേണ്ടവളാണ് എന്ന കാഴ്ചപാട് എല്ലാ മേഖലകളിലും ഉണ്ട്. രാഷ്ട്രീയ രംഗത്തായാലും സാമൂഹികരംഗത്തായാലും മാധ്യമരംഗത്ത് ആയാല് പോലും സ്ത്രീകളോടുള്ള സമീപനത്തില് ഇന്നു വലിയ മാറ്റങ്ങള് ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അനുഭവങ്ങളിലൂടെ മനസ്സിലാവുന്നത്. ആ മാറ്റം ഉണ്ടാക്കി എടുക്കാനുള്ള ഇടപെടലുകളാണ് വേണ്ടത്. ഇതില് മാധ്യമങ്ങള്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള് സ്ത്രീകളുമായി ബന്ധപ്പെട്ട വാര്ത്തകള് റിപ്പോര്ട്ട് ചെയ്യുമ്പോള് പോലും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

സമൂഹത്തിന്റെ വീക്ഷണത്തില് സ്ത്രീവിധേയയായി ജീവിക്കേണ്ടവളാണ്. നൂറ്റാണ്ടുകളായി നിലനില്ക്കുന്നതാണ് ഈ വീക്ഷണഗതി. ഇത് നമ്മുടെ കുടുംബത്തിന് അകത്തുണ്ട്, പൊതു ഇടങ്ങളിലുണ്ട്, തൊഴില് ഇടങ്ങളിലുണ്ട്, രാഷ്ട്രീയ രംഗത്തും സിനിമാരംഗത്തും ഉണ്ട്. ഇതിനാണ് മാറ്റം ഉണ്ടാകേണ്ടത്. സ്ത്രീയെ സാധാനം എന്ന് വിളിക്കുന്ന രീതി ഫ്യൂഡല് സംവിധാനത്തിന്റെ ഭാഗമായി കാലങ്ങള്ക്കു മുന്പേ ഇവിടെ ഉണ്ടായിരുന്നു. ഇന്നും അത്തരം വിളികള് വരുന്നു. സ്ത്രീയെ ഒരു 'കമ്മോഡിറ്റി'യായി കാണുന്നു. ഒരു വനിതാ മന്ത്രിക്ക് എതിരെയാണ് ഇത്തരത്തില് ഒരു പദപ്രയോഗം ഉണ്ടായത്. വിളിച്ചയാള് തിരുത്താന് തയാറായത് സ്വാഗതാര്ഹമാണ്. മാറേണ്ടത് സമൂഹത്തിന്റെ വീക്ഷണങ്ങളാണ്.

ചെറുത്ത് നില്പ്പിന്റെ പുതു പാഠം

പുതിയ തലമുറ നൂറ്റാണ്ടുകളായി തുടര്ന്നു പോരുന്ന സമൂഹത്തിന്റെ ചിന്തകളെയൊക്കെ പൊളിച്ചെഴുതാനായി ശ്രമിക്കുന്നുണ്ട്. പുതിയ തലമുറ, മാറ്റം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആ മാറ്റം ആഗ്രഹിക്കുന്നതു പോലും എന്തോ അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ് എന്നു ചിന്തിക്കുന്നവരും സമൂഹത്തില് ഉണ്ട്. സ്ത്രീ സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്താല് അത് സമൂഹത്തിന് നിരക്കുന്നതല്ല എന്ന വീക്ഷണവും ഇന്നും തുടരുന്നുണ്ട്. പുതുതലമുറയുടെ ശക്തമായ ചെറുത്തു നില്പില് പ്രതീക്ഷയുണ്ട്.

ആലുവയിലെ പീഡനകേസുകളുടെ പശ്ചാത്തലത്തില് അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നടപടികള്

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള് തീരെ സുരക്ഷിതമല്ല. ഇതില് സര്ക്കാര് തലത്തിലുള്ള ഇടപെടല് അനിവാര്യമാണ്. കൂട്ടമായി അതിഥിതൊഴിലാളികള് താമസിക്കുന്ന ഇടങ്ങളില് വനിതാ കമ്മീഷന് ക്യാമ്പയ്നുകള് സംഘടിപ്പിക്കും. ആലുയില് അംഗവാടി പ്രവര്ത്തകരായിട്ടുള്ള സ്ത്രീകളെ കാണുകയും വിഷയം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവര്ക്ക് ഇതില് നിര്ണായക പങ്ക് വഹിക്കാന് കഴിയും.

അതിഥി തൊഴിലാളികള്ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാനും റേഷന് കാര്ഡ് ലഭ്യമാക്കാനും എന്തെങ്കിലും പ്രശ്നം ഉണ്ടായാല് വേഗം തന്നെ പൊലീസിനെ വിവരം അറിയിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനും ശ്രമങ്ങള് നടക്കുന്നുണ്ട്. ലഹരി ഉപയോഗവും വലിയ പ്രശ്നമാണ്. ആലുവയിലെ രണ്ട് കേസുകളിലും കുറ്റവാളികള് ലഹരിക്ക് അടിമകളാണ്. ലഹരി ഉപയോഗത്തിനെതിരെ വലിയ ക്യാമ്പയ്നുകള് സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ ക്യാമ്പയ്ന് പുരോഗമിക്കുന്നുണ്ട്.

വനിതാ കമ്മീഷന്റെ ഇടപെടലില് രാഷ്ട്രീയപരമായ ഒരു പക്ഷാപാതിത്വം ഇല്ല

വനിതാ കമ്മീഷന്റെ തീരുമാനങ്ങളില് രാഷ്ട്രീയപരമായ ഒരു പക്ഷാപാതിത്വവും ഇല്ല. സ്ത്രീകള്ക്ക് എവിടെ അനീതി നേരിടേണ്ടി വന്നാലും രാഷ്ട്രീയം ഏതെന്ന് നോക്കാതെ വനിതാ കമ്മീഷന് ഇടപെടും. ദിവസേന വന്നുകൊണ്ടിരിക്കുന്ന പരാതിയില് പരാതിക്കാരുടേയോ എതിര്കക്ഷികളുടേയോ രാഷ്ട്രീയം നോക്കിയിട്ടല്ല വനിതാകമ്മീഷന് കേസ് രജിസ്റ്റര് ചെയ്യുന്നതും അന്വേഷണം നടത്തുന്നതും. ഈ കാര്യത്തില് ഒരുവിധത്തിലുള്ള രാഷ്ട്രീയവും ഉണ്ടാവില്ല.

വിവാഹപൂര്വ കൗണ്സിലിങ്

ഗാര്ഹിക പീഡനകേസുകളുടെ എണ്ണത്തില് ഉണ്ടാകുന്ന വര്ദ്ധനവ് ആണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന് വനിതാ കമ്മീഷനെ പ്രേരിപ്പിച്ചത്. സ്ത്രീധനത്തിന്റെ പേരിലാണ് കൂടുതല് പ്രശ്നങ്ങളും ഉണ്ടാകുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളില് സ്ത്രീധന പ്രശ്നങ്ങള് കൂടുതലാണ്. സ്വത്തും സ്വര്ണാഭരണങ്ങളും കല്യാണം കഴിഞ്ഞ് ദമ്പതികള് ഒന്നിച്ചു ജീവിച്ച് തുടങ്ങുന്നതിന് മുന്പ് തന്നെ വധുവിന്റെ വീട്ടുകാര് വരന്റെ വീട്ടുകാര്ക്ക് കൈമാറുന്ന രീതി നിലവിലുണ്ട്. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും നിയമപരമായി നിരോധനം ഉള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ പാരിതോഷികം നല്കുന്നതില് പ്രശ്നമില്ല. ഈ പാതിതോഷികത്തിന് പരിധി നിശ്ചയിക്കണമെന്ന് വനിതാ കമ്മീഷന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നല്കുന്ന പാരിതോഷികം എന്ത് എന്ന് വിവാഹ സമയത്ത് തന്നെ രജിസ്ട്രറില് രേഖപ്പെടുത്തിവെച്ചാല് ബന്ധങ്ങള് വഷളാകുന്ന സമയത്ത് കൂടുതല് തര്ക്കങ്ങള് ഒഴിവാക്കാം.

സ്ത്രീധനം വേണോ എന്ന് പെണ്കുട്ടികളും ചിന്തിക്കണം. വീട് പണയം വെച്ചും സ്ഥലം വിറ്റും കടംവാങ്ങിയും പെണ്കുട്ടികളുടെ മാതാപിതാക്കള് സ്വര്ണവും പണവും നല്കുന്ന രീതിക്ക് മാറ്റം ഉണ്ടാകണം. വിവാഹത്തിന് മുന്പുള്ള കൗണ്സിലിങ് ഇതിനു സഹായകമാകുമെന്നാണ് വനിതാ കമ്മീഷന്റെ വിശ്വാസം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us