സ്ത്രീയുടെ വസ്ത്രധാരണ രീതി വെച്ച് അവരുടെ സ്വഭാവം വിലയിരുത്തപ്പെടുന്നത് പുരോഗമനസമൂഹത്തിന് ഒരിക്കലും യോജിക്കുന്ന നിലപാട് അല്ലെന്നും തട്ടം ഇടുന്നത് സംബന്ധിച്ചുള്ള സമസ്ത നേതാവിന്റെ പ്രസ്താവന ശുദ്ധവിവരക്കേട് ആണെന്നും എഎം ആരിഫ് എംപി. റിപ്പോര്ട്ടര് പ്രസ് കോണ്ഫ്രന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്ട്ടര് പ്രസ് കോണ്ഫ്രന്സിന്റെ പ്രസക്ത ഭാഗങ്ങള്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ജയിച്ച ഒരേ ഒരു എല്ഡിഎഫ് സ്ഥാനാര്ഥി താങ്കളാണ്. കെ സി വേണുഗോപാല് മത്സരിച്ചിരുന്നെങ്കില് യുഡിഎഫ് 20 സീറ്റും നേടാമായിരുന്നു എന്നൊരു പറച്ചില് യുഡിഎഫിന് ഉള്ളിലുണ്ട്. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലെത്തി നില്ക്കുന്നു. സാഹചര്യങ്ങള് എങ്ങനെ വിലയിരുത്തുന്നു?
1977 ല് ഇന്ത്യയിലാകെ കോണ്ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള് ഇരുപത് സീറ്റിലും തോറ്റ അനുഭവം സിപിഐഎമ്മിനുണ്ട്. അതില് നിന്നാണ് കുതിച്ചുകയറി 2004 എത്തിയപ്പോള് 18 സീറ്റില് വിജയം കൊയ്തത്. ഇന്ത്യയുടെ ചരിത്രത്തില് ആദ്യമായി കേരളത്തില് നിന്ന് ഒരു പ്രധാനമന്ത്രി എന്നൊരു പ്രചാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില് ഉണ്ടായിരുന്നു. ആ ഒരു സാഹചര്യത്തില് നിന്നാണ് സിപിഐഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പില് ഒരു ലോക്സഭാ സീറ്റ് മാത്രമായി ചുരുങ്ങിയത്. 2024 ലെ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് എല്ഡിഎഫ് ആലോചിക്കുന്നതേ ഉള്ളു. സ്ഥാനാര്ഥികള് ആരൊക്കെ എന്ന് തീരുമാനിച്ചിട്ടില്ല.
2019 ല് എന്നെ സ്ഥാനാര്ഥിയായി തീരുമാനിക്കുമ്പോള് കെ സി വേണുഗോപാല് തന്നെയായിരുന്നു യുഡിഎഫ് സ്ഥാനാര്ഥി. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. പിന്നീട് ആണ് യുഡിഎഫ് സ്ഥാനാര്ഥിയെ മാറ്റുന്നത്.
കോണ്ഗ്രസിന് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നിര്ണായകമാണ്. ഏറ്റവും കൂടുതല് എംപിമാരുള്ള ഒറ്റ കക്ഷിയായി തിരിച്ചുവരേണ്ടതുണ്ട്. സിപിഐഎമ്മിന് ആണെങ്കില് ദേശീയപദവി നിലനിര്ത്തുവാന് കൂടുതല് എംപിമാരെ ആവശ്യവുമാണ്. ഈ സാഹചര്യത്തില് ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തില് കനക്കുമെന്ന് സംശയം ഇല്ല. എന്താണ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്?
2004 തിരഞ്ഞെടുപ്പിന്റെ കാലത്ത് അന്നത്തെ ജനറല് സെക്രട്ടറി ആയിരുന്ന ഹർകിഷന്സിംഗ് സുര്ജിത്തിനോട് ഒരു ചോദ്യം വന്നു. അടല് ബിഹാരി വാജ്പേയിക്ക് എതിരെ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്ഥി ആരാണെന്ന് ആയിരുന്നു ചോദ്യം. വേണ്ടിവന്നാല് ഞങ്ങള് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാക്കാനും തയാറാണ് എന്ന് അന്ന് അദ്ദേഹം മറുപടി നല്കി. ഇതിന്റെ ചുവട് പിടിച്ച് അന്ന് ഒരു പത്രം എഡിറ്റോറിയല് എഴുതി സോണിയയെ പ്രധാനമന്ത്രി ആക്കാന് കോണ്ഗ്രസ് പോകണോ ഇടതുപക്ഷം പോകണോ എന്ന തരത്തില്. എന്നാല് 2004 ല് വോട്ട് രേഖപ്പെടുത്തിയപ്പോള് 18 സീറ്റിലും ഇടതുപക്ഷത്തെ ജയിപ്പിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങള് മറുപടി പറഞ്ഞു ബിജെപിക്ക് ബദല് ഉണ്ടാക്കാന് ഇടതുപക്ഷത്തിന്റെ ജനപ്രതിനിധി പോകുന്നതാണ് കൂടുതല് നല്ലത് എന്ന്.
മറ്റൊരു കാര്യം കോണ്ഗ്രസിന് എംപിമാരുടെ എണ്ണം കൂടുകയും അവര് പ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെടുകയും ചെയ്താല് അത് പ്രതിപക്ഷ ഐക്യത്തില് വിള്ളല് വീഴാന് കാരണം ആകും എന്നാണ് എന്റെ നിഗമനം. ഇങ്ങനെയും ആളുകള് ചിന്തിക്കുവാന് സാധ്യതയുണ്ട്. ഇങ്ങനെ ചിന്തിച്ചതിന് ഉദാഹരണമാണ് 2004 ലെയും 1996 ലെയും ഒക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം ലോക്സഭയിലെത്തിയാല് ഭിന്നിച്ചു നില്ക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ഒരു ന്യൂക്ലിയസായി പ്രവര്ത്തിക്കും.
തട്ടം വിവാദത്തിലെ പ്രതികരണം
ഇപ്പോള് ഒരു പ്രതികരണം നടത്തിയാല് അത് വിശ്വാസത്തെ ബാധിക്കും. അത് ശ്രദ്ധിക്കേണ്ടതുണ്ട്. തട്ടം വിവാദത്തില് അനില് കുമാറിനെ തള്ളി പരസ്യപ്രഖ്യാപനം നടത്തിയത് തെറ്റായി പോയി. അതില് ഖേദം ഉണ്ട്. പാര്ട്ടിക്ക് അകത്തു പറയേണ്ടത് പുറത്ത് പറയരുതായിരുന്നു. കെടി ജലീലിന്റെ പ്രതികരണം പെട്ടെന്നു കയറി ഷെയര് ചെയ്യുകയായിരുന്നു. പാര്ട്ടി സെക്രട്ടറി പ്രതികരിച്ചതിനു ശേഷം പറയേണ്ട കാര്യം അതിനു മുന്പേ പറഞ്ഞത് തെറ്റായി പോയി.
തട്ടം ഇടാത്ത സ്ത്രീകള് അഴിഞ്ഞാട്ടക്കാരികളാണ് എന്ന ഉമര് ഫൈസി മുക്കത്തിന്റെ പ്രതികരണത്തില് വിശ്വാസിയും കമ്യൂണിസ്റ്റുമായ താങ്കളുടെ നിലപാട് എന്താണ്?
എന്റെ ഭാര്യ തട്ടം ഇടാറുണ്ട്. മകള് ഇടാറില്ല. ഞാന് അവരോട് തട്ടം ഇടാനോ ഊരാനോ ഇതുവരെ പറഞ്ഞിട്ടില്ല. ഉമര് ഫൈസി മുക്കം പറഞ്ഞത് ശുദ്ധവിവരക്കേടാണ്. അതിനോട് എനിക്ക് യോജിപ്പില്ല. തട്ടം ഇട്ടതുകൊണ്ട് ഒരാള് നല്ലതാകുമോ? തട്ടം ഇടാത്ത എത്രയോ ആളുകള് ഉണ്ട്? അവരെല്ലാം മോശക്കാർ ആണോ? അങ്ങനെ ഒരു സ്ത്രീയുടെ വസ്ത്രധാരണ രീതി വെച്ച് അവരുടെ സ്വഭാവം വിലയിരുത്തപ്പെടുന്നത് പുരോഗമന സമൂഹത്തിന് ഒരിക്കലും യോജിക്കുന്ന നിലപാട് അല്ല.
താങ്കളെ മുസ്ലീമായി ബ്രാന്ഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്ന് പറഞ്ഞു, അതിനെകുറിച്ച്?
പേരു നോക്കി വര്ഗീയചേരിതിരിവിനുള്ള പ്രചരണത്തിന് ഇര ആയിട്ടുണ്ട്. എല്ലാ മതങ്ങളുടെ ആചരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുകയും അതില് പങ്കുചേരുകയും ചെയ്യുന്ന ആളാണ് ഞാന്. പക്ഷേ പലപ്പോഴും പറഞ്ഞ വാചകങ്ങള് വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.
ഒരു കവിതയുടെ ഏതാനം വരികള് വായിച്ചു കേള്പ്പിക്കാം. അപ്പോള് ഉത്തരം കൂടുതല് വ്യക്തമാകും.
അങ്ങനെ തുളസിച്ചെടിയും ആല്മരവും ഹിന്ദുവായി
ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലീമും ആയി
ആനയും പശുവും ഹൈന്ദവനായപ്പോള്
ആടും പോത്തും മുസല്മാനായി
.........................
.........................
നക്ഷത്രവും അമ്പിളിക്കലയും ഇസ്ലാം ആയപ്പോള്
മേഘവും സൂര്യഭഗവാനും ഹിന്ദുവില് ചേര്ന്നു
പടിഞ്ഞാറ് ഇസ്ലാം ആയാല് തെക്ക് ഹിന്ദു തന്നെ
കുളം ഹിന്ദുവായി പുഴ മുസ്ലിമും
ചെമ്പരത്തി ഹിന്ദു, മുല്ല മുസ്ലിം
ബിരിയാണി മുസ്ലിം, സദ്യ ഹിന്ദു
ഇനി ആകാശവും ഭൂമിയും വെള്ളവും വെളിച്ചവും
കാറ്റും കടലും എപ്പോഴാണാവോ
തനിനിറം വെളിവാക്കുന്നത്.