'സ്നേഹത്താൽ മുറിവേറ്റവർ'; വെർച്വൽ ലോകത്തിരുന്ന് ജാക്വിലിൻ വരച്ച ആകാശം

കാനഡയിലാണ് 'കാതൽ' കണ്ടത്, നാട്ടിലെത്തി പ്രേക്ഷകരുടെ അഭിപ്രായം നേരിട്ടറിയാൻ കാത്തിരിക്കുകയാണ് ജാക്വിലിൻ

ഗൗരി പ്രിയ ജെ
3 min read|05 Dec 2023, 09:09 am
dot image

വലിയ കൈയ്യടികൾ നൽകി തിയേറ്റർ വിട്ട അനുഭവമാണ് സമീപകാലങ്ങളിൽ മമ്മൂട്ടി ചിത്രങ്ങൾ നൽകിയത്. എന്നാൽ നിശബ്ദതകൊണ്ട് പ്രേക്ഷകർ തൃപ്തിയറിയിച്ച കാഴ്ചയാണ് കാതലിന്റേത്...

"നീയാണെൻ ആകാശം

നോവുമ്പോഴും...

ആത്മാവിൻ ആനന്ദം

തൂവുമ്പോഴും..."

എന്ന് മൂളാതെ പ്രേക്ഷകരാരും തിയേറ്റർ വിട്ടിറങ്ങിക്കാണില്ല. മമ്മൂട്ടിയുടെ മാത്യു ദേവസിയും ജ്യോതികയുടെ ഓമനയും അനുഭവിക്കുന്ന അന്ത:സംഘർഷങ്ങളും ഇതിനിടയിലെ ചേർത്തുനിർത്തലും പ്രേക്ഷകരിൽ നോവായി പടരുന്ന വരികൾ കടൽ കടന്നെത്തിയതാണ്. വെർച്വൽ ലോകത്തിരുന്ന് പാട്ടെഴുതിയ കഥ പറയുകയാണ് നവാഗതയായ ജാക്വിലിൻ മാത്യു.

നോർമ ജീൻ എന്നത് മെർലിൻ മൺറോയുടെ യഥാർത്ഥ പേരാണ്. ജാക്വിലിനെ വെർച്വൽ ലോകത്തിന് ഇതേ പേരിലാണ് പരിചയമുണ്ടാകുക. ഫേസ്ബുക്ക് എഴുത്തിൽ നിന്ന് സിനിമ പാട്ടെഴുത്തുകാരിയായത് ആകസ്മികമാണെന്നാണ് ജാക്വിലിൻ പറയുന്നത്..

സമാധാനം നൽകുന്ന 'നോർമയുടെ കവിതകൾ'

മമ്മൂട്ടിക്കും മമ്മൂട്ടി കമ്പനിക്കും ഒപ്പമുള്ള തുടക്കം സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജിയോ ബേബിയുമായുള്ള സൗഹൃദമാണ് സിനിമയിൽ എത്തിച്ചത്. സിനിമയേക്കാൾ ഉപരി സംഗീത സദസ്സുകളിലെ മുഖമായാണ് ജിയോ ബേബിയെ ആദ്യമൊക്കെ പരിചയം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചെയ്യുന്നതിനുമെല്ലാം മുമ്പാണ് അത്. മേശയിൽ കൊട്ടി പാട്ടുകൾ പാടി സ്ഥിരമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമായിരുന്നു അദ്ദേഹം. വലിയ താളബോധവും സംഗീതബോധവുമുള്ള ആളാണ്.

ജിയോ 2018 മുതൽ ഫേസ്ബുക്ക് സുഹൃത്താണ്. എന്റെ കവിതകൾ വായിച്ച് അഭിനന്ദനം അറിയിച്ചു തുടങ്ങിയതാണ് ഞങ്ങൾക്കിടെയിലെ സൗഹൃദം. 'തകർക്കപ്പെട്ട കൂടിന്റെ ഓർമ്മയിൽ' എന്ന പേരിൽ മുമ്പ് എഴുതിയ കവിത വായിച്ച് 'നോർമയുടെ കവിതകൾ എത്രപേർക്ക് സമാധാനം നൽകുന്നുണ്ടെന്ന് നോർമയ്ക്ക് അറിയുമോ' എന്ന് ജിയോ പറഞ്ഞിരുന്നു. ഞങ്ങൾ സംസാരിക്കുമായിരുന്നു. ജിയോയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതോടെ അതില്ലാതെയായി. ഇൻസ്റ്റാഗ്രാമിൽ കണക്ടഡ് ആയിരുന്നെങ്കിലും സംസാരങ്ങളൊന്നും പിന്നീട് ഉണ്ടായിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഞങ്ങളെ അടുപ്പിക്കുന്നത് കാതൽ ആണ്.

മമ്മൂട്ടിയും ജ്യോതികയും ഒപ്പമുള്ള ഒരു പോസ്റ്റർ റിലീസ് ചെയ്താണ് കാതൽ അനൗൺസ് ചെയ്യുന്നത്. ഞാനതു കണ്ട് ആകെ ആവേശഭരിതയായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയൊക്കെ ചെയ്തിരുന്നു. പിന്നീട് അപ്രതീക്ഷിതമായി ഒരുപാട് നാളുകൾക്ക് ശേഷം ജിയോ ബേബി വിളിച്ച് കാതലിൽ ഒരു പാട്ടെഴുതാമോ എന്ന് ചോദിച്ചു.

കാലങ്ങൾക്ക് മുമ്പേയുള്ള ആഗ്രഹം

ഗദ്യ രൂപത്തിലുള്ളതാണ് എന്റെ കവിതകൾ. സിനിമയുടേത് പോലെ താളമൊപ്പിച്ച് പാട്ടെഴുതി പരിചയമുണ്ടായിരുന്നില്ല. എന്റെ എഴുത്തുകൾക്കൊരു വിഷാദഛായ ഉണ്ടാകാറുണ്ട്. ആ പാട്ടും കഥാപരിസരവും പ്രേക്ഷകരിൽ എത്തിക്കേണ്ട വികാരം എന്റെ എഴുത്തിന്റെ ശൈലിയുമായി സാമ്യമുള്ളതാണ്. അതുകൊണ്ട് 'നീയാണെൻ ആകാശം' സ്വാഭാവികമായി സംഭവിച്ചു.

സിനിമയിലെ പാട്ടെഴുത്തിന് ചില രീതികൾ ഉണ്ടല്ലോ. സംഗീതമൊരുക്കുന്നയാളും എഴുതുന്നയാളും സംവിധായകനും ഒരേയിടത്തുണ്ടാകുക ആ പ്രക്രിയയെ എളുപ്പമാക്കും. ഞാൻ മറ്റൊരു രാജ്യത്തായതുകൊണ്ട് ഞങ്ങളുടെ ചർച്ചകൾ വെർച്വൽ ലോകത്തായിരുന്നു. മാത്യു പുളിക്കൻ സംഗീതം അയച്ചുതന്ന് എഴുതിത്തുടങ്ങുകയായിരുന്നു. സിനിമ പണ്ട് എപ്പോഴോ ആഗ്രഹിച്ച് മറന്ന സ്വപ്നമായിരുന്നു. അപ്രതീക്ഷിതമായാണ് അത് എന്നിലേയ്ക്ക് വന്നത്.

'സ്നേഹത്താൽ മുറിവേറ്റവർ'

'സ്നേഹത്താൽ മുറിവേറ്റവർ' എന്നതാണ് എനിക്ക് ജിയോ ബേബി തന്നിരുന്ന വൺലൈൻ. പിന്നീട് കഥാസന്ദർഭവും ചിത്രീകരിച്ച പാട്ടിന്റെ ദൃശ്യങ്ങളും അയച്ചു തന്നു. സാർവത്രികമായ ഒരു സ്വഭാവം ആ പാട്ടിന് വേണമായിരുന്നു. മനുഷ്യരുടെ സ്നേഹവും നിസ്സഹായതയും വരികളിൽ വ്യക്തമാകണമായിരുന്നു. മതപരമായ കാര്യങ്ങളാണ് ദൃശ്യങ്ങളിലെങ്കിലും 'യേശു, ദൈവമേ' പോലുള്ള പദപ്രയോഗങ്ങൾ വേണ്ടെന്ന് നിഷ്കർഷിച്ചു.

മാത്യു പുളിക്കന്റെ സംഗീതവും ആനി ആമിയുടെ ശബ്ദവുമാണ് പാട്ടിന്റെ ആത്മാവ്. പാട്ടെഴുതുമ്പോൾ ഞാൻ കരയുകയായിരുന്നു. ഞാൻ എങ്ങനെയാണോ അതെഴുതി വെച്ചത് ആ വികാരം ഒരുതരി പോലും നഷ്ടപ്പെടാതെ ആനി എനിക്ക് തിരികെ തന്നു. റിലീസിന് മുമ്പ് ആനിയ്ക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുമായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എനിക്കവരോട് സംസാരിക്കാതിരിക്കാൻ ആകുമായിരുന്നില്ല. ഞാൻ എഴുതിയത് അതിലും ഇരട്ടിയായി തിരികെ തന്നതിന് ആനിയോട് നന്ദിയുണ്ട്.

'മമ്മൂട്ടി എനിക്ക് ഒരു സ്റ്റാർ അല്ല'

മമ്മൂട്ടിയോട് മലയാളി പ്രേക്ഷകർക്കൊരു വൈകാരിക അടുപ്പുണ്ട്. എനിക്ക് അതല്പം വ്യക്തിപരം കൂടിയാണ്. മമ്മൂട്ടി കരയുന്നത് കണ്ടിരിക്കാൻ ബുദ്ധിമുട്ടാണെനിക്ക്. അതുകൊണ്ട് കണ്ടു പൂർത്തിയാക്കാത്ത സിനിമകളുമുണ്ട്. എന്റെ അച്ഛന്റെ പെരുമാറ്റരീതികൾ പലതും മമ്മൂട്ടിയുടേത് പോലെയാണ്. മറ്റുള്ളവരും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മനസിലത് ചെറുപ്പത്തിലേ പതിഞ്ഞുപോയി.

'പപ്പയുടെ സ്വന്തം അപ്പൂസ്' ഇറങ്ങിയ സമയം ആ സിനിമയുടെ ഓഡിയോ കാസറ്റിനായി ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്ന് അമ്മ പറയും. തനിയാവർത്തനം, അമരം ഒന്നും എനിക്ക് കണ്ട് പൂർത്തിയാക്കാനായിട്ടില്ല. മമ്മൂട്ടി എനിക്ക് ഒരിക്കലും ഒരു സ്റ്റാർ അല്ല.

ഈ പാട്ട് അവർക്കുള്ളത്

ഞാൻ ഇപ്പോൾ താമസിക്കുന്നത് കാനഡയിലാണ്. ഇവിടെ മനുഷ്യർ കുറേകൂടി സ്വതന്ത്രരാണ്. നമ്മുടെ നാട്ടിൽ സമൂഹം അംഗീകരിക്കാത്തതുകൊണ്ട് കുടുങ്ങിക്കിടക്കുകയാണ് ചില മനുഷ്യർ. 'നീയാണെൻ ആകാശം' അവർക്കുള്ളതാണ്. ഞാൻ കാതലിന്റെ കഥയുമായി 'ഇമോഷണലി കണക്ടഡ്' ആയിരുന്നു. കാതലിൽ ആരും ആരെയും വെറുക്കുന്നില്ല. സ്നേഹം കൊണ്ട് നിസ്സഹായരാകുന്നവരാണ്. ഞാനൊരു പ്രാർത്ഥന പോലെയാണ് പാട്ടെഴുതിയത്.

കാതൽ നാട്ടിൽ കാണാനാകാതെ പോയി

എനിക്ക് ജോലിയുള്ള ദിവസമായിരുന്നു കാതൽ റിലീസായത്. വൈകിട്ട് സിനിമ കാണാൻ പോകും വരെ ഇതേക്കുറിച്ച് മാത്രമായിരുന്നു ചിന്ത. മമ്മൂട്ടി കരയുന്ന സിനിമ എങ്ങനെ തിയേറ്ററിൽ കാണുമെന്ന ഭയവും സ്ക്രീനിൽ ആദ്യമായി പേരെഴുതിക്കാണുന്ന സന്തോഷവും ഉണ്ടായിരുന്നു. ടൈറ്റിൽ കാർഡ്സ് എഴുതിക്കാണിക്കുമ്പോൾ 'നീയാണെൻ ആകാശ'ത്തിൻ്റെ മ്യൂസിക് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ തുടങ്ങിയപ്പോൾ തന്നെ ഇമോഷ്ണലായിപ്പോയി.

ആദ്യ സിനിമ കേരളത്തിലെ തിയേറ്ററിൽ കുടുംബാംഗങ്ങൾക്കെല്ലാം ഒപ്പം കാണാനാകാത്തതിൽ വിഷമമുണ്ട്. ഒരുപാടുപേർ അഭിനന്ദനം അറിയിക്കുന്നുണ്ട്. ജോലിയുടെ ചില അസൗകര്യങ്ങൾ കൊണ്ട് കേരളത്തിലേയ്ക്ക് പോകാനായില്ല. ജിയോ ബേബിയെ പോലും ഞാനിതുവരെ നേരിട്ട് കണ്ടിട്ടില്ല, എല്ലാവരെയും കാണണമെന്നുണ്ട്. ഐഎഫ്എഫ്കെയിൽ കാതൽ പ്രദർശിപ്പിക്കുന്നുണ്ട്. സാധിച്ചാൽ നാട്ടിൽ തന്നെ കാണണം.

dot image
To advertise here,contact us
dot image