സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ ഇരട്ടി മധുരമെന്ന രീതിയില്‍ പ്രധാനപ്പെട്ട രണ്ട് പുരസ്കാരങ്ങള്‍ നേടിയിരിക്കുകയാണ് 'തടവ്' സിനിമ. മികച്ച നടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്കൊപ്പം സിനിമയിലെ പ്രധാനകഥാപാത്രമായ ഗീതയെ അവതരിപ്പിച്ച ബീന ആര് ചന്ദ്രന് പങ്കിട്ടപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫാസില്‍ റസാക്കും നേടി. സന്തോഷവും വിശേഷങ്ങളും സിനിമയ്ക്ക് പിന്നിലെ കഥകളും റിപ്പോര്‍ട്ടറിനോട് പങ്കുവെക്കുകയാണ് ഫാസില്‍ റസാക്ക്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചതിന് ശേഷം സംസ്ഥാന പുരസ്കാരം കൂടി ലഭിക്കുമ്പോഴുള്ള പ്രതികരണം?
വളരെ സന്തോഷം. ആദ്യ സിനിമയില്‍ തന്നെ ഐഎഫ്എഫ്കെയിലും സംസ്ഥാന ചലച്ചിത്രോത്സവത്തിലും പുരസ്കാരം ലഭിച്ചതില്‍ അഭിമാനം. ആ സന്തോഷത്തിലും അഭിമാനത്തിലുമാണ് സിനിമയിലെ മുഴുവന്‍ പ്രവര്‍ത്തകരും.
ആദ്യ സിനിമയ്ക്ക് തന്നെ മികച്ച നവാഗത സംവിധായകന് ഉള്‍പ്പെടെ രണ്ട് പുരസ്കാരങ്ങള്‍ ലഭിക്കുന്നു. ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?
പുരസ്കാരം ലഭിക്കണമെന്ന നിലയിലല്ല സിനിമ ചെയ്തത്. സിനിമ നന്നാകണമെന്നും എല്ലാവരിലേക്കുമെത്തണമെന്നുമുള്ള ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കണമെന്നുണ്ടായിരുന്നു. അതില്‍ കേന്ദ്രീകരിച്ചാണ് സിനിമയെടുത്തത്. ഇപ്പോള്‍ പുരസ്കാരം കൂടി നേടിയപ്പോള്‍ സന്തോഷം കൂടി.
'ഉര്‍വശി ചേച്ചിക്കൊപ്പമുള്ള അവാര്‍ഡ് ഇരട്ടി മധുരം': ബീന ആർ ചന്ദ്രൻഒരുപറ്റം സുഹൃത്തുക്കള്‍ ഒന്നിച്ച് ഒരുക്കിയെടുത്ത സൃഷ്ടിയാണ് 'തടവ്'. ഈ നേട്ടങ്ങളിലൂടെ സിനിമ സ്വപ്നം കാണുന്ന ചെറുപ്പക്കാര്‍ക്ക് നല്‍കാനുള്ള സന്ദേശം?
സന്ദേശമെന്ന നിലയില്‍ ഒന്നും പറയാനില്ല. സിനിമ കണ്ടും ചെറിയ സിനിമകളൊരുക്കിയുമാണ് സിനിമ പഠിച്ചത്. പറ്റുന്ന സിനിമകളൊക്കെ കാണുക, ചെയ്യുക എന്നാണ് പറയാനുള്ളത്.
സിനിമയിലെ അഭിനയത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ബീന ആര് ചന്ദ്രന് കരസ്ഥമാക്കി. ഗീത ടീച്ചറായുള്ള ബീനയുടെ പ്രകടനം അതി ഗംഭീരമായിരുന്നു. സിനിമ ചെയ്യുമ്പോള്‍ ഈ കഥാപാത്രം നല്കിയ പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നു?
ബീന ടീച്ചര്‍ ഞാന്‍ സംവിധാനം ചെയ്ത അതിര്, പിറ എന്നീ രണ്ട് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് മുതല്‍ തന്നെ ടീച്ചറുമായി ഫീച്ചര്‍ സീനിമ ചെയ്യണമെന്നുണ്ടായിരുന്നു. കഥ ഒത്തുവന്നപ്പോള്‍ ടീച്ചറെ തന്നെ പരിഗണിക്കുകയായിരുന്നു. കഥയെ എല്ലാ അര്‍ത്ഥത്തിലും ടീച്ചര്‍ ഉള്‍ക്കൊണ്ടു. ചര്‍ച്ചകള്‍ക്കൊടുവിലാണ് ടീച്ചറെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവരുന്നത്. ടീച്ചറുടെ കഥാപാത്രമായ ഗീതയാണ് സിനിമയുടെ 90 ശതമാനം ഭാഗത്തുമെത്തുന്നത്. ഗീത നന്നായാലേ സിനിമ നന്നാകുകയുള്ളു. അതുകൊണ്ട് തന്നെ ഏറ്റവും നല്ല റിസള്‍ട്ട് തരുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു.
ഒരു സ്ത്രീ കഥാപാത്രത്തിലൂടെയാണ് തടവ് സിനിമ മുന്നോട്ട് പോകുന്നത്. അവരുടെ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും പ്രതീക്ഷയറ്റ് അവര്‍ തിരഞ്ഞെടുക്കുന്ന വഴികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. കഥയുടെയും കഥാപാത്രങ്ങളുടെയും തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?
കഥയുടെ വണ്‍ലൈന്‍ എല്ലാവരോടും പറഞ്ഞപ്പോള്‍ തന്നെ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ തിരക്കഥ തയ്യാറാക്കി. സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ ബീന ടീച്ചര്‍ തന്നെയായിരുന്നു. ടീച്ചറുടെ നാട്ടിലായിരുന്നു ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ടീച്ചര്‍ക്ക് ആ നാട്ടിലെ അഭിനേതാക്കള്‍, നാടക അഭിനേതാക്കള്‍ തുടങ്ങി എല്ലാവരെയും അറിയാം. സിനിമയിലെ പ്രധാനപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ മാത്രമാണ് ഞാന്‍ സെലക്ട് ചെയ്തത്. ബാക്കിയെല്ലാവരെയും ടീച്ചറുടെ സഹായത്തോടെയാണ് കാസ്റ്റ് ചെയ്തത്. ഡയലോഗുള്ള നാല്‍പ്പതോളം ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ഇവരെയെല്ലാം ടീച്ചര്‍ തന്നെയാണ് കാസ്റ്റ് ചെയ്തത്. ഒടുവില്‍ ഓഡിഷന് ശേഷം ഇവരെ സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
പുരസ്കാരങ്ങള്‍ വാരികൂട്ടി ആടുജീവിതം; പൃഥ്വിരാജ് നടന്, ഉര്‍വശിയും ബീനയും മികച്ച നടിമാർനവാഗത സംവിധായകന് എന്ന നിലയില്‍ നേരിട്ട വെല്ലുവിളികള്‍?
സിനിമ ചെയ്യുമ്പോള്‍ എപ്പോഴും വെല്ലുവിളികളുണ്ടാകും. ആദ്യത്തെ സിനിമയായാലും രണ്ടാമത്തെ സിനിമയായാലും വെല്ലുവിളികളുണ്ടാകും. എന്നാല്‍ നേരത്തെയുള്ള ടീമിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് വലിയ ബുദ്ധിമുട്ടുകളുണ്ടായില്ല. വളരെ സുഖകരമായാണ് അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്തതും. പരസ്പരം അറിയുന്ന ആളുകളായിരുന്നു എല്ലാവരും. മാത്രവുമല്ല, നേരത്തെ ഞങ്ങള്‍ പ്രാക്ടീസ് സെക്ഷനും നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സിനിമ സൗകര്യത്തോടെ ചെയ്യാന്‍ സാധിച്ചു. എന്നിരുന്നാലും സിനിമയെടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അല്ലാതെയുള്ള വെല്ലുവിളികളുണ്ടായിരുന്നില്ല.
സിനിമയുടെ റിലീസ്
സിനിമയുടെ കോ പ്രൊഡ്യൂസറോട് കൂടി ചോദിച്ചിട്ട് റിലീസ് തീരുമാനിക്കണം. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.