ചിലരൊക്കെ ചിലപ്പോള് ചിലതിൻ്റെയെല്ലാം ഓര്മ്മപ്പെടുത്തലുകളായി മാറും. ചില സംഭവങ്ങളുടെയും, ചില കാലങ്ങളുടെയുമൊക്കെ ഓര്മപ്പെടുത്തലുകള്... അത്തരത്തില് നമ്മുടെയെല്ലാം മനസുകളില് ഉളളുലയ്ക്കുന്ന, കാണുമ്പോഴും കേള്ക്കുമ്പോഴും നിര്വികാരതയുടെ കാര്മേഘങ്ങൾ ആര്ത്തലച്ച് പെയ്യുന്ന മഴയോര്മയുടെ ശേഷിപ്പാണ് കൃഷ്ണപ്രിയയും. കൃഷ്ണപ്രിയയെക്കുറിച്ച് പ്രത്യേകിച്ചൊരു ആമുഖത്തിൻ്റെയും ആവശ്യമില്ല. ഷിരൂരില് മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചിലില് കാണാതായ ലോറിഡ്രൈവര് അര്ജുൻ്റെ ഭാര്യ. സ്വന്തം പങ്കാളി ജീവനോടെയുണ്ടോ എന്നുപോലും അറിയാതെ ജീവൻ്റെ പാതി എന്നന്നേക്കുമായി വേര്പെട്ടുപോയ നഷ്ടപ്പെടലിൻ്റെ നടുവില് നില്ക്കുന്ന ഒരു പെണ്കുട്ടി. മുന്പൊരിക്കല് ദുരഭിമാനക്കൊലയ്ക്കിരയായി കൊല്ലപ്പെട്ട കോട്ടയത്തെ കെവിൻ്റെ ഭാര്യയായിരുന്ന നീനുവിനെ ഓര്മവരികയാണ്. പ്രണയം പ്രാണനെടുത്ത ജീവൻ്റെ പാതിയുടെ ഓര്മകള് അവളുടെയുള്ളിലും നീറുന്നുണ്ട്. അതുപോലെ എത്രയെത്ര പെണ്കുട്ടികള്. നഷ്ടപ്പെടലുകള് ജീവിതത്തിൻ്റെ ഭാഗമാണെങ്കിലും ഒറ്റപ്പെട്ടുപോകുന്ന ഇത്തരത്തിലുളള മനുഷ്യ ജന്മങ്ങളോട് ചിലരെങ്കിലും കാണിക്കുന്ന ക്രൂരമായ വിമര്ശനങ്ങൾ അംഗീകരിക്കാനാവില്ല.
ഹൃദയംപൊടിയുന്ന വേദനയില്ക്കഴിയുമ്പോഴും, ഒട്ടും ഉള്ക്കൊള്ളാനാവാതെ അമര്ഷത്തോടെ മാത്രം കേള്ക്കാന് കഴിഞ്ഞ ചിലകാര്യങ്ങളുണ്ട്. അര്ജുൻ്റെ കുടുംബം മാധ്യമങ്ങള്ക്ക് മുന്നില് പലപ്പോഴായി വന്നപ്പോഴും കുടുംബത്തിലെ പ്രിയപ്പെട്ട ഒരാള് നഷ്ടപ്പെട്ട വേദനില് നിന്നിരുന്ന അവരെ ജഡ്ജ് ചെയ്യാനാണ് പലരും ശ്രമിച്ചത്. മാധ്യമങ്ങള്ക്ക് മുന്നില് വളരെ പക്വതയോടെ നിന്നിരുന്ന അവരെ എത്രക്രൂരമായാണ് സമൂഹം വിമര്ശിച്ചത്. അതിൽ പലതും മാനുഷികത തൊട്ടുതീണ്ടാത്തവയായിരുന്നു. അർജുൻ്റെ പങ്കാളി സിന്ദൂരം തൊട്ടതും, താലിയണിഞ്ഞതും അവളുടെ കണ്ണുകളില് നിന്ന് കണ്ണുനീര് പൊടിയാതിരുന്നതും ക്യാമറയ്ക്ക് മുന്നില് പൊട്ടിക്കരയാതിരുന്നതുമൊക്കെ ദയാരഹിതമായി കീറിമുറിക്കപ്പെട്ടു. കൃഷ്ണപ്രിയയുടെ ഉള്ളൊഴുക്കുകളുടെ വൈകാരികതയെ തൊട്ടറിയാൻ ആരും ശ്രമിച്ചതേയില്ല.
അര്ജ്ജുന് കാണാമറയത്തായിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. അര്ജുൻ്റെ കുടുംബത്തോടൊപ്പം നമ്മളെല്ലാവരും കാത്തിരിക്കുന്നത് ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള വിവരങ്ങളെന്തെങ്കിലും അറിയാന് തന്നെയാണ്. നദിയുടെ ആഴങ്ങളിലേക്ക് അവനെ തിരഞ്ഞ് ഓരോ തവണ മുങ്ങാംകുഴിയിടുമ്പോഴും പ്രതീക്ഷ മായുന്നില്ല. പലപ്പോഴും അര്ജ്ജുൻ്റെ കുടുംബം ടെലിവിഷനിലൂടെ നമ്മുടെ മുന്നില് വന്നുപോയി. അപ്പോഴെല്ലാം ക്യാമറകളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങള്ക്ക് മുന്നില് നിര്വ്വികാരതയോടെ നിന്നിരുന്ന അര്ജുൻ്റെ പങ്കാളി കൃഷ്ണപ്രിയ ഒരു തീരാനോവാണ്. മാധ്യമങ്ങള്ക്ക് മുന്നില് ശബ്ദമിടറിയും കണ്ണുനീരൊഴുക്കിയും ഒരിക്കലും നമ്മള് അവളെ കണ്ടിട്ടില്ല. വളരെ പക്വതയോടെ തനിക്കു സംഭവിച്ച വലിയൊരു നഷ്ടത്തെ അവള് നേരിടുന്നതാണ് നമ്മള് കണ്ടത്. കരഞ്ഞില്ലെങ്കിലും അവളുടെ ഉള്ളില് കടലോളം കണ്ണുനീരുണ്ട്, തീരാനോവുണ്ട്. എപ്പോഴെങ്കിലും അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയും അവളുടെ കണ്ണുകളില് എവിടെയൊക്കെയൊ ഉള്ളതായി നമുക്കെല്ലാവര്ക്കും തോന്നിയിട്ടുണ്ടാവും. കൃഷ്ണപ്രിയയുടെ കാത്തിരിപ്പ് നമ്മുടേതുമാണ്.
ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് അര്ജുനെ അവസാനമായി കൃഷ്ണപ്രിയ കാണുന്നത്. കര്ണ്ണാടകയിലേക്ക് മരത്തിൻ്റെ ലോഡ് എടുക്കാനായാണ് അര്ജുന് വീട്ടില്നിന്ന് ഇറങ്ങുന്നത്. പിന്നീടുള്ള ഒരാഴ്ചയോളം ഫോണിലൂടെ കുടുംബം അർജുനോട് സംസാരിച്ചിരുന്നു. 16-ാം തീയതി പുലർച്ചയും അര്ജുന് കൃഷ്ണപ്രിയയെ വിളിച്ചിരുന്നു. മരത്തിൻ്റെ ലോഡുമായി തിരിച്ചുവരികയാണെന്നു പറഞ്ഞ് ഫോണ് വയ്ക്കുകയും ചെയ്തു. പിന്നീട് പലപ്പോഴും അര്ജുനെ വിളിച്ചെങ്കിലും ഫോണില് കിട്ടിയിരുന്നില്ല. ലോഡുമായുള്ള യാത്രയ്ക്കിടയിൽ ഇത് പതിവായതിനാൽ പ്രത്യേകിച്ച് ആശങ്കയൊന്നും തോന്നിയില്ല. പിന്നാലെയാണ് കര്ണ്ണാടയിലെ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള വാര്ത്തകള് വന്നുതുടങ്ങിയത്. അര്ജ്ജുന് അപകടത്തില്പ്പെട്ടെന്ന് സംശയിക്കുന്ന വാര്ത്തകള് വന്നു തുടങ്ങി. അന്നുതൊട്ടിന്നുവരെയും മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരച്ചിലാണ് ഷിരൂരില് ഒരു മനുഷ്യനായി നടന്നുവരുന്നത്. അപ്പോഴെല്ലാം പാതി ജീവന് നഷ്ടപ്പെട്ട കൃഷ്ണപ്രിയയുടെ മാനസികാവസ്ഥ നമ്മുടെയെല്ലാം വേദനയാണ്. പ്രകൃതി ദുരന്തങ്ങള് ബാക്കി വയ്ക്കുന്ന ചില ഓര്മപ്പെടുത്തലുകളുടെ ഭാഗം മാത്രമായി ചരിത്രം അവളെ അടയാളപ്പെടുത്തും. അവള്ക്കും കുഞ്ഞിനും ആശ്രയമായി ജോലിയും സഹായങ്ങളും ലഭിച്ചു. പക്ഷേ അവള് മാത്രമായി പോകുന്ന അവളുടെ ഇടങ്ങളില് അവളുടെ വേദന എന്തായിരിക്കും എന്ന് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഓരോ മനുഷ്യൻ്റെയും ഉള്ളിലെ നോവാണ്.
'എൻ്റെ സഹോദരനെ അവയവമാഫിയ തട്ടിക്കൊണ്ട് പോയിട്ടില്ല, അവന് ലോറിയുമായി കടന്നുകളഞ്ഞിട്ടില്ല, കാണാതായെന്ന ഊഹാപോഹങ്ങള് പരത്തി ഞങ്ങള് ഇന്ഷുറന്സും ജോലിയും ഒന്നും നേടാന് ശ്രമിക്കുന്നില്ല....', അര്ജ്ജുൻ്റെ സഹോദരി അഞ്ജുവിൻ്റെ ഉള്ളുലയ്ക്കുന്ന വാക്കുകൾക്ക് ആർക്കാണ് ഉത്തരമുള്ളത്. ഇതിനെല്ലാമുള്ള ഉത്തരമാണ് തങ്ങള്ക്ക് വേണ്ടതെന്നും ആ നദിയിൽ തൻ്റെ സഹോദരനുണ്ടോ, അവന് ഓടിച്ച് വാഹനമുണ്ടോ എന്ന് മാത്രം അറിഞ്ഞാല് മതിയെന്നുമാണ് അഞ്ജു പറയുന്നത്. അര്ജ്ജുൻ്റെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും സോഷ്യല്മീഡിയയിലടക്കം കുംടുംബം നേരിട്ട ആരോപണങ്ങളെക്കുറിച്ചും അര്ജുന്റെ സഹോദരി അഞ്ജു റിപ്പോര്ട്ടറിനോട് മനസ്സ് തുറന്നു.
മാധ്യമങ്ങള്ക്ക് മുന്പില് ആദ്യം കുടുംബം വന്നപ്പോള്ത്തന്നെ സോഷ്യല് മീഡിയയില് പലതരത്തില് വിമര്ശനങ്ങള് നേരിട്ടിരുന്നു?
ഒരാളെ കാണാതായ വിഷമമൊന്നും ഞങ്ങളുടെ മുഖത്ത് കാണുന്നില്ല, നോക്കൂ അവരൊന്നു കരയുന്നതുപോലുമില്ല തുടങ്ങിയ തരത്തിലുളള ആരോപണങ്ങളൊക്കെ ആദ്യം കേട്ടിരുന്നല്ലോ. അതിലൊന്നും ഞങ്ങള് തളര്ന്നില്ല. ഞാന് കരുതുന്നത് ഇങ്ങനെയാണ്.ഒരു നാണയത്തിന് രണ്ട് വശങ്ങള് ഉണ്ടന്ന് പറയുംപോലെ മനുഷ്യനിലും അത്തരത്തില് രണ്ടുതരത്തിലുളള ആളുകളുണ്ടാവും. ആ ഒരു രീതിയിലെ ആ വിമര്ശനങ്ങളെ എടുത്തിട്ടുള്ളു. കുടുംബത്തിലുളളവരും ആ നിലയ്ക്ക് തന്നെയാണ് അതിനെ കണ്ടത്. ഞങ്ങള് ഈ വിഷയത്തില് ബോള്ഡായ തീരുമാനമാണ് എടുത്തത് . സംഭവം അറിഞ്ഞപ്പോള്മുതല് ഞങ്ങള് എന്തിനും തയ്യാറായി മനസിനെ പാകപ്പെടുത്തിയിരുന്നു. ഞങ്ങള് സമൂഹത്തെ അഭിമുഖീകരിച്ച് പരിചയമില്ലാത്ത തികച്ചും സാധാരണക്കാരായ ആളുകളാണ്. അര്ജുൻ്റെ ഭാര്യ കൃഷ്ണപ്രിയയും വളരെ പെട്ടന്ന് കരയുന്ന സ്വഭാവമുളള ആളായിരുന്നു. ആ സംഭവം അറിഞ്ഞപ്പോള് മുതല് ഞാൻ അവളെ ഓരോ സമയത്തും എന്തുംനേരിടാന് പാകപ്പെടുത്തി നിര്ത്തിയിരുന്നു. അവളോട് ഞാന് പറഞ്ഞത് ഇതാണ്, 'കരഞ്ഞിരുന്നിട്ട് കാര്യമില്ല. നിനക്കവനെ കാണേണ്ടെ. അതുകൊണ്ട് നീ വന്ന് സംസാരിക്കണം'.എൻ്റെ സ്വന്തം ചോരയ്ക്കുവേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട അര്ജുന് വേണ്ടി എനിക്ക് സംസാരിച്ചല്ലേ കഴിയൂ. ഞാന് ആഗ്രഹിക്കുന്നത് ആരുടേയും സഹതാപമല്ല മറിച്ച് സഹാനുഭൂതിയാണ്. അര്ജുൻ്റെ മുഖം ദിവസവും കണ്ട് അവനെ സ്വന്തമെന്ന് കരുതുന്ന ജനങ്ങളെല്ലാം ഞങ്ങള്ക്കൊപ്പമുണ്ട്. ഒന്നും അവസാനിച്ചു എന്ന് പറയാന് പറ്റില്ലല്ലോ. നമ്മള് കരയാത്തതിന് കുറ്റം പറയുന്നവര്ക്ക് നമ്മുടെ ഉള്ളില് എന്താണ് നീറിപുകയുന്നതെന്ന് അറിയില്ലല്ലോ.
കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ഇപ്പോള് വയനാട്ടില് വലിയൊരു ദുരന്തം നടന്നു. മരിച്ചുപോയവരായാലും അവരെല്ലാം ആ മണ്ണിനടിയില്ത്തന്നെയുണ്ട്. പക്ഷേ അര്ജുൻ്റെ കാര്യം എടുത്താല് അറിയാന് കഴിയുന്ന കാര്യങ്ങളെല്ലാം അനുമാനങ്ങളാണ്. സംഭവംനടന്ന സമയത്ത് ആരും ആ സ്പോട്ടില് അവനെ കണ്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള അഭ്യൂഹങ്ങളും വരുന്നുണ്ട്. ആ അഭ്യൂഹങ്ങളില് നിന്നും അനിശ്ചിതത്വത്തില് നിന്നും ഒരു മോചനമാണ് ഞങ്ങള് ആഗ്രഹിക്കുന്നത്. അര്ജുൻ്റെ വണ്ടിയുടെ ഓണര് മനാഫിക്ക സംഭവം നടന്ന സ്ഥലത്തുനിന്നും അയച്ചുതന്ന ഒരു വീഡിയോ എൻ്റെ ഭര്ത്താവ് കാണിച്ച് തന്നിരുന്നു. അത് നോക്കിയതോട് കൂടി എനിക്ക് കരച്ചില് അടക്കാനായില്ല. ആ സമയത്ത് എൻ്റെ കണ്ണില് വന്നൊരു കാഴ്ച, ആ പുഴയും അതിനടിയില് അവനും നില്ക്കുന്ന രംഗമാണ്. കൂടപ്പിറപ്പല്ലേ എൻ്റെ വേദന നിങ്ങള്ക്ക് ഊഹിക്കാമല്ലോ.
എന്തുതരത്തിലുളള അഭ്യൂഹങ്ങളാണ് നേരിടുന്നത്?
ജോലിയോ, സഹതാപത്തിൻ്റെ പുറത്തുള്ള സഹായങ്ങളോ ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്ക്ക് അറിയേണ്ടത് അര്ജുന് എന്താണ് സംഭവിച്ചത് എന്നാണ്. ഒരുപക്ഷെ അവന് ഈ ഭൂമിയില് ഇല്ലെങ്കില്, അവനെ കിട്ടിയില്ലെങ്കില്, അവന് പോയ ലോറിക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും അറിയേണ്ടതല്ലേ? പലരും പറയുന്നുണ്ട് അവന് വണ്ടിയുമായി കടന്നുകളഞ്ഞു. അവയവമാഫിയ തട്ടിക്കൊണ്ട് പോയി. മരത്തടിക്കുവേണ്ടി അവനെ അപായപ്പെടുത്തി എന്നൊക്കെ. മറ്റുചിലര് പറയുന്നത് കുടുബം ഒത്തുചേര്ന്ന് ഡബിള് ഇന്ഷുറന്സ് കിട്ടാന് വേണ്ടിയല്ലേ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ്. ഇത്തരം ആരോപണങ്ങള്ക്കും ഈ ചോദ്യങ്ങള്ക്കുമെല്ലാം ഒരു ഉത്തരം വേണം. അതിനുവേണ്ടിയാണ് ഞങ്ങള് കാത്തിരിക്കുന്നത്. ഞങ്ങളെല്ലാവരും വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. പഴയ ജീവിതമല്ല ഞങ്ങളുടേത്. എല്ലാം ആകെ മാറിമറിഞ്ഞു. എല്ലാവരും എവിടെയെങ്കിലും കൗണ്സിലിംഗിന് പോകേണ്ടി വരും അല്ലെങ്കില് ഉറക്ക ഗുളിക കഴിക്കേണ്ടി വരും . ആ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
ആളുകളുടെ ചോദ്യങ്ങള് അഭിമുഖീകരിക്കുന്നത് എത്തരത്തിലാണ്?
ഞങ്ങള് സാധാരണക്കാരാണ് . പക്ഷേ ഇപ്പോള് ഒരു സാധനം വാങ്ങാന് പോലും പുറത്തുപോകാന് പറ്റുന്നില്ല. മാസ്കിടാതെ പുറത്തിറങ്ങാന് പറ്റുന്നില്ല. ഒന്നിനും പറ്റാത്ത അവസ്ഥ. എന്തായാലും ഇറങ്ങിത്തിരിച്ചു. ഇനി പിന്നോട്ട് പോകരുത് . ഞങ്ങളുടെ സ്വകാര്യതയും മറ്റും നഷ്ടമായിട്ടുണ്ട്. ചില ആളുകളുടെ ചോദ്യങ്ങള് അഭിമുഖീകരിക്കാന് വലിയ പ്രയാസമാണ്. കുറേ ചോദ്യങ്ങള്ക്കുളള ഉത്തരങ്ങള് ഞാനും ഭര്ത്താവും നിരന്തരം കൊടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ വലിയൊരു ശതമാനം ആളുകള് അര്ജ്ജുനെ സഹോദരനും മകനുമൊക്കെയായി കാണുന്നതുകൊണ്ടുതന്നെ ഞങ്ങളുടെ വിഷമങ്ങള് അവരുടേതായിത്തന്നെ കാണുന്നുണ്ട്. നാട്ടുകാരും കുടുംബക്കാരുമല്ലാതെ ഒരുപാട് മലയാളികള് ഇവരൊക്ക എപ്പോഴും മെസേജ് അയക്കും വിളിച്ച് അന്വേഷിക്കും. ഇടയ്ക്ക് തിരച്ചില് നിര്ത്തിവച്ചപ്പോള്, ഇന്ന് തിരച്ചില് ഇല്ലേ, എന്നന്നേക്കുമായി നിര്ത്തി വയ്ക്കുമോ അങഅങ്ങനെയൊക്കെ ഒരുപാട്പേര് അന്വേഷിച്ചിരുന്നു. അങ്ങനെ കൂടെ നില്ക്കുന്ന ധാരാളം ആളുകള് ഉണ്ട്. അവര്ക്കും കൂടിയുളള ഉത്തരമാണ് ഞങ്ങള് തേടുന്നത്.