'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ തന്നെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം'. അപർണ ബാലമുരളി, ജഗദീഷ്, വിജയരാഘവൻ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. 'കെട്ട്യോളാണ് എന്റെ മാലാഖ'യെക്കാൾ മികച്ച പ്രകടനമാണ് ആസിഫ് അലി ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകുമെന്നും പറയുകയാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. ചിത്രം കണ്ട് കഴിഞ്ഞ് ഇറങ്ങിയാലും സിനിമ നമ്മളെ ഹോണ്ട് ചെയ്യുമെന്നും ദിൻജിത്ത് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാമായണവുമായി കിഷ്കിന്ധാ കാണ്ഡത്തിന് ബന്ധമില്ല
'കിഷ്കിന്ധാ കാണ്ഡം' എന്ന പേര് കണ്ടിട്ട് ഈ സിനിമക്ക് രാമായണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. രാമായണവുമായി ഈ സിനിമക്ക് ഒരു ബന്ധവുമില്ല. ഈ സിനിമയിൽ ആസിഫിന്റെയും അപർണ ബാലമുരളിയുടെയും വിജയരാഘവൻ ചേട്ടന്റെയും കഥാപാത്രങ്ങൾ താമസിക്കുന്നൊരു സ്ഥലമുണ്ട്. കല്ലേപത്തി റിസേർവ് ഫോറസ്റ്റിന്റെ അടുത്ത് നാല് ഏക്കർ ഉള്ളൊരു തറവാട്ടിലാണ് ഇവർ താമസിക്കുന്നത്. ആ പരിസരത്തെ എക്കോസിസ്റ്റത്തിൽ കുരങ്ങന്മാരുണ്ട്. ഈ കുരങ്ങന്മാരെല്ലാം നിരവധി കാര്യങ്ങൾ ഈ സിനിമയിലേക്ക് നൽകുന്നുണ്ട്. അതല്ലാതെ മിത്തുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല.
കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം രണ്ടാമത്തെ സിനിമ
സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ 'കക്ഷി അമ്മിണിപ്പിള്ള' ചെയ്ത സംവിധായകനായത് കൊണ്ട് എല്ലാവരും ഒരു ഫൺ സിനിമയാണ് പ്രതീക്ഷിച്ചത്. അതിൽ നിന്നെല്ലാം മാറിയാണ് ടീസർ വന്നത്. ടീസർ കണ്ടിട്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിച്ചത്.
കോവിഡിന്റെ ഇടക്ക് മറ്റൊരു പ്രോജക്ടിന്റെ ആലോചനക്കിടയിൽ തിരക്കഥാകൃത്ത് ബാഹുലിന് പെട്ടെന്ന് വന്നൊരു ആശയമാണ്' കിഷ്ക്കിന്ധാ കാണ്ഡ'ത്തിന്റേത്. എട്ട് ദിവസം കൊണ്ടാണ് ബാഹുൽ ഈ സിനിമയുടെ മുഴുവൻ തിരക്കഥയും എഴുതി തീർത്തത്. വളരെ വേഗം എഴുതുന്ന ആളാണ് ബാഹുൽ. മലയാളത്തിലെ അടുത്ത മികച്ച എഴുത്തുകാരനാകാൻ സാധ്യതയുണ്ട്. ഈ കഥ കേട്ടപ്പോൾ തന്നെ ഇതിനെ പെട്ടെന്നൊരു പ്രൊജക്റ്റ് ആക്കണം അതോടൊപ്പം ഏറ്റവും എളുപ്പത്തിന് നമുക്ക് ആക്സസ് ചെയ്യാനാകുന്ന ആളാകണം നമ്മുടെയൊപ്പം ഉണ്ടാകേണ്ടത് എന്നുണ്ടായിരുന്നു. അങ്ങനെ നോക്കിയപ്പോൾ ഞങ്ങൾക്ക് ഉണ്ടായ ബെസ്റ്റ് ഓപ്ഷൻ ആസിഫ് അലി ആയിരുന്നു.
കഥ കേട്ടിട്ട് മച്ചാനെ ഇത് നമ്മൾ ചെയ്യാൻ പോകുകയാണ് എന്നാണ് ആസിഫ് പറഞ്ഞത്. അപ്പോൾ തന്നെ ഗുഡ്വില് പ്രൊഡക്ഷൻ സിനിമ ഏറ്റെടുത്തു. ഗുഡ്വില് ഈ സിനിമയിലേക്ക് എത്തിയതും ബാക്കി കാര്യങ്ങൾ വളരെ സ്മൂത്ത് ആയി. ഇത് ജോബി ചേട്ടന് വളരെ പ്രിയപ്പെട്ടൊരു സിനിമയായി മാറി. ഞങ്ങളെ എല്ലാവരെയും വലിയ രീതിയിൽ ജോബി ചേട്ടൻ സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാണ് ചെയ്തതിൽ ഏറ്റവും ബെസ്റ്റ് സിനിമയെന്നാണ് ഈ അടുത്ത് കൂടി കണ്ടപ്പോൾ ജോബി ചേട്ടൻ എന്നോട് പറഞ്ഞത്. എക്കാലവും സംസാരിക്കപ്പെടാൻ പോകുന്നൊരു സിനിമയായിരിക്കും 'കിഷ്കിന്ധാ കാണ്ഡം'.
ആസിഫിന്റെ കരിയർ ബെസ്റ്റ് പ്രകടനം
'കക്ഷി അമ്മിണിപ്പിള്ള' ആസിഫ് അലിയുടെ ട്രാൻസ്ഫോർമേഷൻ കാണിച്ചൊരു സിനിമയായിരുന്നു. അതുവരെ ആസിഫ് ചെയ്തതെല്ലാം കോളേജ്, പ്രണയ സിനിമകളായിരുന്നല്ലോ. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു 'കക്ഷി അമ്മിണിപ്പിള്ള'. ആ സമയത്ത് തന്നെ ആസിഫിന്റെ അഭിനയം കണ്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. സിനിമയിലെ ഓരോ ഷോട്ടും ഞാൻ വളരെ ആസ്വദിച്ച് ചെയ്തതാണ്. ആ സിനിമയിൽ നിന്നുള്ള ഹൈപ്പ് ആണ് 'കെട്ട്യോളാണ് എന്റെ മാലാഖ'ക്ക് കിട്ടിയത്.
വളരെ മികച്ച അഭിനയമാണ് 'കിഷ്കിന്ധാ കാണ്ഡ'ത്തിൽ ആസിഫ് അലി കാഴ്ചവെച്ചിരിക്കുന്നത്. ആസിഫിന്റെ ഒരു ട്രാൻസ്ഫോർമേഷൻ എനിക്ക് വളരെ നന്നായി ഫീൽ ചെയ്തു. 'കെട്ട്യോളാണ് എന്റെ മാലാഖ'യെക്കാൾ മികച്ച പ്രകടനമാണ് ഈ സിനിമയിൽ ആസിഫിന്റേത്.
പൂക്കാലത്തിന് ശേഷം വിജയരാഘവൻ ചേട്ടന്റെ മികച്ച പ്രകടനം
ആസിഫ് അലിയുടെ അച്ഛൻ വേഷത്തിലാണ് വിജയരാഘവൻ ചേട്ടൻ ഈ സിനിമയിലെത്തുന്നത്. മിലിട്ടറിയിൽ ജോലി ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അതിന്റെ ഒരു ചിട്ട ആ കഥാപാത്രത്തിനുണ്ട്. 'പൂക്കാല'ത്തിന് ശേഷം വിജയരാഘവൻ ചേട്ടന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കും 'കിഷ്കിന്ധാ കാണ്ഡ'ത്തിലേത് എന്നെനിക്ക് ഉറപ്പിച്ച് പറയാനാകും. അച്ഛൻ മകൻ ബന്ധത്തെ ഈ സിനിമ വളരെ നന്നായി എക്സ്പ്ലോർ ചെയ്യുന്നുണ്ട്. എപ്പോഴും അച്ഛൻ - മകൻ ബന്ധത്തെ നന്നായി കാണിച്ചിട്ടുള്ള സിനിമകൾ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ വേറെയൊരു ലെവൽ ആകും ഈ സിനിമയെന്ന് ഉറപ്പാണ്.
ഓണം റിലീസുകളുടെ മത്സരം
'അജയന്റെ രണ്ടാം മോഷണം' വലിയ ബഡ്ജറ്റിലുള്ള ഒരു 3D സിനിമയാണ്. അതിന് അതിന്റേതായ മാർക്കറ്റ് ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടൊവിനോ നല്ല പ്രേക്ഷക സ്വീകാര്യതയുള്ള നടനുമാണ്. പിന്നെയുള്ളത് 'കൊണ്ടൽ' ആണ്, അതൊരു കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ആക്ഷൻ പടമാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ സിനിമ മിസ്റ്ററിയും ട്വിസ്റ്റും നിറഞ്ഞ ചിത്രമാണ്. പ്രേക്ഷകരെ കൊണ്ട് അന്വേഷിപ്പിക്കുന്ന നരേറ്റിവ് സ്റ്റൈൽ ആണ് ഈ സിനിമയിലേത്. കഥയിലേക്ക് പ്രവേശിച്ചാൽ പിന്നെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനുള്ള സമയം കിട്ടില്ല. കണ്ട് കഴിഞ്ഞ് ഇറങ്ങിയാലും ഈ സിനിമ നമ്മളെ ഹോണ്ട് ചെയ്യും.