സ്വപ്നിൽ കുസാലെ, ഒളിംപിക്സ് ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ മെഡൽ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരം. ഒരുകാലത്ത് ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ശേഖരിക്കുന്ന ജോലിയായിരുന്നു കുസാലെയുടേത്. അവിടെനിന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം എം എസ് ധോണിയെന്ന ഇതിഹാസത്തോടുള്ള ആരാധന കുസാലെയുടെ കരിയർ മാറ്റിമറിച്ചു. 29കാരനായ താരം പാരിസിൽ നടത്തിയത് അവിശ്വസനീയ പോരാട്ടമാണ്.
2012ലാണ് കുസാലെ ആദ്യമായി അന്താരാഷ്ട്ര ഷൂട്ടിംഗിൽ പങ്കെടുത്തത്. പിന്നെയും 12 വർഷമെടുത്തു ഒളിംപിക്സ് വേദിയിൽ അരങ്ങേറ്റം കുറിക്കാൻ. ശാന്തശീലവും ക്ഷമയുമാണ് ഒരു ഷൂട്ടർക്ക് വേണ്ടത്. അതുകൊണ്ടാവും കുസാലെയ്ക്ക് ധോണി മാതൃകയായത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിജയങ്ങൾ കുസാലെ പലതവണ ആവർത്തിച്ച് കണ്ടിട്ടുണ്ട്. ഇന്ന് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3യിലെ വെങ്കല മെഡൽ നേട്ടത്തോടെ കുസാലയും അത്തരമൊരു വിജയചരിത്രത്തിന്റെ ഭാഗമാകുകയാണ്.
ഷൂട്ടിംഗ് താരങ്ങളിൽ ആരെയും താൻ പ്രത്യേകമായി പിന്തുടരുന്നില്ല. അതിനേക്കാൾ കൂടുതലായി എം എസ് ധോണി തന്റെ കരിയറിനെ സ്വാധീനിച്ചു. ധോണിയും ഒരുകാലത്ത് ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടറുടെ ജോലി ചെയ്തിരുന്നു. തന്റെ ജീവിതം ധോണിയുടേത് പോലെയാകണമെന്ന് കരുതി. ഓരോ തവണ വെടിയുതിർക്കുമ്പോഴും ക്ഷമ കൈവിടാതിരിക്കുക. ഇത് മാത്രമാണ് തന്റെ തന്ത്രമെന്നും താരം പറഞ്ഞിട്ടുണ്ട്.
സെൻട്രെൽ റെയിൽവേയിൽ 2015ലാണ് കുസേല ജോലി ചെയ്തത്. വീട്ടിനുള്ളിൽ നിന്ന് തന്നെ താരത്തിന് പ്രോത്സാഹനം ലഭിച്ചിരുന്നു. കുസേലയുടെ പിതാവും സഹോദരനും അദ്ധ്യാപകരായിരുന്നു. മഹാരാഷ്ട്രയിലെ കമ്പൽവാടിയിൽ ഗ്രാമമുഖ്യയായിരുന്നു താരത്തിന്റെ മാതാവ്.
പാരിസ് ഒളിംപിക്സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലംപാരിസിൽ ഷൂട്ടിംഗിൽ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമർ പരാജയപ്പെട്ടപ്പോൾ കുസേലയെയും ഏവരും എഴുതിത്തള്ളി. പരിശീലകൻ പറഞ്ഞപ്പോഴാണ് കുസേല തന്റെ ഫൈനൽ പ്രവേശനം അറിഞ്ഞത്. ഫൈനലിൽ പിന്നിൽ നിന്ന് പോരാടിയാണ് താരം വിജയം മെഡൽ നേട്ടത്തിലേക്ക് എത്തിയത്. നീലിംഗിലെ ആദ്യ 15 ഷോട്ടുകൾ പൂർത്തിയാകുമ്പോൾ ആറാം സ്ഥാനത്ത്. പിന്നെ പ്രോൺ പൊസിഷൻ പൂർത്തിയായി. അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നതാണ് നേട്ടം. സ്റ്റാൻഡിംഗിൽ ആദ്യ സീരിസിൽ നാലാമനായി. പിന്നെ വിധിനിർണയം. ഇഞ്ചോടിഞ്ച് പോരാടി വെങ്കലം ഉറപ്പാക്കി. വെള്ളിത്തിളക്കത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നതാണ് ഏക തിരിച്ചടി. എങ്കിലും പാരിസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ സ്വപ്നിൽ കുസാലെയിലൂടെ സ്വന്തമായി.