ചരിത്രത്തിനരികിൽ വിനേഷ് വീണു; പൂർണമാകാതെ അവസാനിച്ച കഥ

ടോക്കിയോ ഒളിംപിക് ചാമ്പ്യനെ തോൽപ്പിച്ച സന്തോഷത്തിന് ആയുസ് ഉണ്ടായില്ല

dot image

പ്രതിഷേധത്തിന്റെ തെരുവുകളിൽ നിന്ന് പാരിസിലെ പോഡിയത്തിലേക്ക്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം ഒളിംപിക്സ് ഗുസ്തിയിൽ സുവർണ നേട്ടത്തിനരികിലെത്തി. ഒരൊറ്റ വിജയം മാത്രം അകലെ ചരിത്രം പിറക്കുന്നതിന് അരികിൽ. പാരിസിൽ ത്രിവർണം ഉയരുന്ന ആ നിമിഷത്തിനായി രാജ്യം കാത്തിരുന്നു. പക്ഷേ പതിവിൽ നിന്ന് വ്യത്യസ്തമായി ആ രാത്രിയുടെ പകൽ നേരത്തെ മറയുന്ന പോലെ. എങ്ങും ഇരുട്ട് പടരുന്നതായി തോന്നി. ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് കായികലോകത്ത് ആ വാർത്ത പരന്നു. ഒളിംപിക്സ് അധികൃതർ വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചു. ശരീരഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. അനുവദീനയമായതിലും 100 ഗ്രാം ഭാരം കൂടുതലെന്ന് ഒളിംപിക്സ് ഒഫിഷ്യലുകൾ അറിയിച്ചു.

ഒരു ദിവസം മുമ്പ് രാജ്യം ഏറെ സന്തോഷിച്ചു. ടോക്കിയോയിലെ സ്വർണത്തിളക്കം പാരിസിൽ ആവർത്തിക്കുമെന്ന് നീരജ് ചോപ്ര സൂചന നൽകി. കരിയർ റെക്കോർഡുമായി ജാവലിന് ത്രോയുടെ ഫൈനലില്. അതിനിടെയാണ് മറ്റൊരു ചരിത്ര നേട്ടം ഇന്ത്യയെ തേടിയെത്തിയത്. ഒളിംപിക്സ് ചരിത്രത്തില് ആര്ക്കും നേടാന് കഴിയാത്ത ഒരു വിജയം. വിനേഷ് ഫോഗട്ട് അത് നേടിയെടുത്തു.

പാരിസ് ഒളിംപിക്സിന്റെ 50 കിലോഗ്രാം ഗുസ്തിയുടെ പ്രീക്വാർട്ടർ മത്സരം. വിനേഷ് ഫോഗട്ടിന് എതിരാളി ജപ്പാന് താരം സുസാകി യുയി. ടോക്കിയോയിലെ സ്വര്ണ മെഡല് ജേതാവ്. മൂന്ന് തവണ ലോകചാമ്പ്യൻ. 14 വര്ഷത്തെ ഗുസ്തി കരിയറില് പരാജയപ്പെട്ടത് മൂന്ന് മത്സരങ്ങളില് മാത്രം. ഒരിക്കല്പോലും ജപ്പാന് താരത്തോടല്ലാതെ സുസാകി തോൽവി അറിഞ്ഞിട്ടില്ല. അന്താരാഷ്ട്ര വേദിയില് മത്സരിച്ച 82 തവണയും വിജയിച്ചു. ടോക്കിയോയില് എതിരാളിക്ക് ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ സ്വർണമെഡൽ സ്വന്തമാക്കി. ഏതൊരു ഗുസ്തി താരത്തിന്റെ ഒളിംപിക്സ് മോഹങ്ങളും സുസാകിയ്ക്ക് മുന്നില് അവസാനിക്കും. ഏറെ വിശേഷണങ്ങളുമായാണ് സുസാകി മത്സരത്തിനെത്തിയത്.

അന്താരാഷ്ട്ര വേദിയിലെ 82 മത്സരങ്ങളുടെ വിജയത്തിന് ശേഷം സുസാകി ആദ്യമായി പരാജയപ്പെട്ടു. അതിന് കാരണമായത് ഒരു ഇന്ത്യന് താരമെന്നതിൽ 140 കോടി ജനങ്ങൾക്ക് ഏറെ അഭിമാനിക്കാം. ഒളിംപിക്സ് ചരിത്രത്തില് ഇതുപോലൊരു വിജയത്തിന് താരതമ്യപ്പെടുത്തലുകള് സാധ്യമല്ല. 2016ല് റിയോ ഒളിംപിക്സിന്റെ ക്വാർട്ടറിൽ വിനേഷ് പരിക്കേറ്റ് പിന്മാറി. 2021ല് ടോക്കിയോയില് രണ്ടാം റൗണ്ടിനപ്പുറം മുന്നേറാന് കഴിഞ്ഞില്ല. കരിയറിന് തന്നെ അവസാനമായെന്ന് വിധിക്കപ്പെട്ട വര്ഷങ്ങള്. 2023ല് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വിനേഷ് തെരുവിലിറങ്ങി. ബജ്റംഗ് പൂനിയ പറഞ്ഞതുപോലെ രാജ്യത്തിന്റെ മകൾ തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെട്ടു.

വിനേഷ് ഫോഗട്ടിന് അയോഗ്യത; ശരീരഭാര പരിശോധനയിൽ പരാജയപ്പെട്ടു

റിയോയില് ആദ്യ ഒളിംപിക്സിനെത്തുമ്പോള് വിനേഷിന്റെ പ്രായം 22 വയസ്. 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചു. പ്രായം കൂടുമ്പോള് ശരീരഭാരം നിയന്ത്രിക്കാനാവില്ല. ടോക്കിയോയില് 53 കിലോഗ്രാം വിഭാഗത്തില് മത്സരിച്ച വിനേഷ് പാരിസിൽ ലക്ഷ്യം വെച്ചത് 57 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനാണ്. എന്നാല് പരിക്കുകള് താരത്തിന്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു. 57 കിലോഗ്രാം വിഭാഗത്തില് അന്ഷു മാലിക്കും 53 കിലോഗ്രാം വിഭാഗത്തില് അന്തിം പാഗലും യോഗ്യത നേടി. ഇതോടെ 50 കിലോഗ്രാം വിഭാഗത്തില് അല്ലാതെ വിനേഷിന് മത്സരിക്കാന് മറ്റ് മാര്ഗങ്ങള് ഇല്ലെന്നായി. ഒടുവില് ഈ വിഭാഗത്തില് മത്സരിക്കാന് വിനേഷ് ശരീരഭാരം കുറച്ചുതുടങ്ങി. ഇത് താരത്തിന്റെ പരിക്കില് നിന്നുള്ള മോചനം കഠിനമാക്കി. പാരിസ് ഒളിംപിക്സ് ഗുസ്തിയുടെ പ്രീക്വാർട്ടറിൽ പിന്നിൽ നിന്നും തിരിച്ചുവരവ്. ക്വാർട്ടറിൽ മുന്നിൽ തന്നെ. സെമിയിൽ സമ്പൂർണ ആധിപത്യം. ഫൈനൽ അയോഗ്യതയിൽ പുഃനപരിശോധനയ്ക്ക് സാധ്യതകൾ അടഞ്ഞതോടെ ഒരു പോരാട്ടത്തിന്റെ കഥ പൂർണമാകാതെ അവസാനിച്ചു.

dot image
To advertise here,contact us
dot image