വർഷം 1929. അന്ന് രാജ്യമല്ലാത്ത പാകിസ്താനിലെ ഗോവിന്ദ്പുരയിൽ ഒരു ഇതിഹാസം ജനിച്ചു. വിഭജനകാലത്ത് അനാഥനാക്കപ്പെട്ടതും പിന്നീട് അത്ലറ്റിക് രംഗത്ത് ഇന്ത്യയുടെ ഹീറോയുമായ മിൽഖ സിങ് ആയിരുന്നു അത്. നാല് വർഷങ്ങൾക്ക് ശേഷം 1933ൽ പാകിസ്താനിലെ ചക്വാളയിൽ മറ്റൊരു ഇതിഹാസവും ജനിച്ചു. പാകിസ്താനെ അത്ലറ്റിക് വേദിയിൽ അടയാളപ്പെടുത്തിയ അബ്ദുൾ ഖാലിക് ആണ് രണ്ടാമൻ.
കായിക രംഗത്ത് ആദ്യം തിളങ്ങിയത് പാകിസ്താൻ താരമായിരുന്നു. 1954ലെ ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ ഓടിയെത്താൻ ഖാലികിന് വേണ്ടിവന്നത് 10.6 സെക്കന്റ് മാത്രമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞു. ഖാലിക്, നിങ്ങൾ ഏഷ്യയുടെ പറക്കും പക്ഷിയാണ്. 26 സ്വർണം, 23 വെള്ളി, 15 വെങ്കലം. അന്താരാഷ്ട്ര കായിക വേദികളിൽ എന്നും പാകിസ്താന്റെ ഹീറോ ആയിരുന്നു അബ്ദുൾ ഖാലിക്.
1958ൽ ഏഷ്യൻ ഗെയിംസിൽ മിൽഖയും ഖാലികും ആദ്യമായി നേർക്കുനേർ വന്നു. ഖാലികുമായി മത്സരിച്ചപ്പോഴെല്ലാം ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ മിൽഖ സിങ്ങ് ജയിച്ചുകയറി. 1960ൽ പാക് പ്രസിഡന്റ് മുഹമ്മദ് ആയുബ് ഖാൻ മിൽഖയെ പറക്കും സിങ്ങെന്ന് വിളിച്ചു. കളത്തിലെ വീറിനും വാശിക്കും അപ്പുറം ഖാലികും മിൽഖയും നല്ല സുഹൃത്തുക്കളായി. മിൽഖയുടെ വിജയം ഖാലികിന്റെ കുടുംബവും ആഘോഷിച്ചു.
1947ലെ സ്വാതന്ത്ര്യ പുലരിക്ക് ശേഷം ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ എക്കാലവും ഉണ്ടായിരുന്നത് രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകൾ മാത്രമായിരുന്നു. പല കാരണങ്ങളാൽ പല വേദികളിൽ രാജ്യങ്ങളുടെ പ്രതിനിധികൾ നേർക്കുനേർ വന്നു. സമാധാനത്തിനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കും. പക്ഷേ രാജ്യങ്ങൾക്കിടയിൽ ശത്രുത വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ രാഷ്ട്രീയമായി നേർക്കുനേർ വരുമ്പോഴും കായിക രംഗം വ്യത്യസ്തമായി.
പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയുടെ വേദിയിൽ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്റെ അർഷാദ് നദീമും സൗഹൃദം പങ്കിട്ടു. ഇതാദ്യമായല്ല ഇരുതാരങ്ങളുടെയും സൗഹൃദം കായികലോകത്ത് തരംഗമാകുന്നത്. 2022ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിലെ നീരജ് ചോപ്രയുടെയും അർഷാദ് നദീമിന്റെയും സൗഹൃദം അതിർത്തികളില്ലാത്തതായിരുന്നു. പാകിസ്താൻ താരത്തെ ചേർത്തുപിടിച്ച നീരജിന്റെ ചിത്രങ്ങൾ കോടിക്കണക്കിന് മനസുകളെ സന്തോഷിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ പാക് ക്രിക്കറ്റ് താരങ്ങൾക്കൊപ്പമുള്ള ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ചിത്രവും തരംഗം സൃഷ്ടിച്ചു. ഇന്ത്യക്കാരെന്ന് അഭിമാനിക്കുകയും പാകിസ്താനെ ശത്രുവെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നവർക്കിടയിലാണ് കായിക മേഖലയിലെ വേറിട്ട മാതൃക.
രോഹൻ ബൊപ്പണ്ണ - ഐസം അൽ ഹഖ് ഖുറൈശി സഖ്യവും അതിർത്തിക്കതീതമായ സൗഹൃദം പങ്കുവെച്ചു. 2003 ൽ ആദ്യമായി ബൊപ്പണ്ണ-ഖുറൈശി സഖ്യം മെക്സിക്കൻ ഓപ്പൺ ടെന്നിസിൽ ഒന്നിച്ചു. 2015 വരെ 12 വർഷക്കാലം ബൊപ്പണ്ണയ്ക്കൊപ്പം റാക്കറ്റ് ഉയർത്തിയത് പാകിസ്താൻ താരമായിരുന്നു. ഇതിനിടെ പലപ്പോഴും ഇരുവരും നേർക്കുനേർ മത്സരിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും രാഷ്ട്രീയ വ്യത്യാസങ്ങൾ തന്നെയും രോഹനെയും ബാധിക്കില്ലെന്ന് ഖുറൈശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയെ മാതൃരാജ്യമെന്നും പാകിസ്താനെ ശത്രുവെന്നും വിളിക്കുന്നവർക്കിടയിലാണ് കായികരംഗം സൗഹൃദങ്ങൾ ഒരുക്കുന്നത്. ഒരു രാജ്യം മുന്നേറുമ്പോൾ അയൽക്കാർ നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഒരിക്കൽ ഒന്നായിരുന്നവർ രണ്ടായി മാറിയത് കാലഘട്ടത്തിന്റെ സമ്മർദ്ദം കൊണ്ടാവണം. ഉയരെ ത്രിവർണ പതാക പാറുമ്പോൾ അത് സ്പോർട്സ്മാൻഷിപ്പിന്റെ കൂടി വിജയമാകണം.