വിട പാരിസ്, ഇനി ഒളിംപിക്സ് ദീപം ലോസ് ആഞ്ജലിസിലേക്ക്....

ഇനി ലോസ് ആഞ്ജലിസിലേക്കുള്ള നാല് വര്ഷങ്ങളുടെ ദൂരമെണ്ണിയുള്ള കായികലോകത്തിന്റെ കാത്തിരിപ്പ്

dot image

പാരിസ്: ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഉദ്ഘാടന ചടങ്ങുമുതല് പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയിരുന്നു. പതിനഞ്ച് പകലിരവുകള് ലോകത്തിന് മുന്നില് തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള് വര്ണാഭവും താരനിബിഡവുമായ ആഘോഷരാവില് അവസാനമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള താരങ്ങളുടെ പരേഡിന് ശേഷം ഒളിംപിക് പതാക അടുത്ത ഒളിംപിക്സിന് വേദിയാകുന്ന ലോസ് ആഞ്ജലിസിന് കൈമാറുന്നതോടെ ഇനി നാല് വര്ഷങ്ങളുടെ ദൂരമെണ്ണിയുള്ള കായികലോകത്തിന്റെ കാത്തിരിപ്പ്.

സ്റ്റാഡ് ദ ഫ്രാന്സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്. ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില് സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്സില് എണ്പതിനായിരത്തോളം വരുന്ന കാണികള്ക്ക് മുന്നിലാണ്. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളി തന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്കാരമൊരുക്കിയത്. ആഘോഷരാവിന് മാറ്റുകൂട്ടാന് ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്ജിയന് ഗായിക ആഞ്ജലെ, അമേരിക്കന് റോക്ക് സംഗീത ബ്രാന്ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര് തുടങ്ങിയവരുടെ കലാ പരിപാടികളും.

സമാപന ചടങ്ങില് മനു ഭാകറും ശ്രീജേഷും കൂടിയാണ് ഇന്ത്യന് പതാക വഹിച്ചത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകള് നേടി 71-ാം സ്ഥാനക്കാരായാണ് ഇന്ത്യ പാരിസില് നിന്ന് മടങ്ങുന്നത്. ഏഴ് മെഡലുകളെന്ന ടോക്കിയോയിലെ സര്വകാല റെക്കോര്ഡിനൊപ്പം എത്താന് പാരിസില് ഇന്ത്യയ്ക്കായില്ല.

നീരജ് ചോപ്ര ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടോക്കിയോക്ക് പിന്നാലെ പാരിസിലും ജാവലിന് ത്രോയില് നീരജ് മെഡല് നേട്ടം ആവര്ത്തിച്ചു. എന്നാല് കഴിഞ്ഞ തവണത്തെ സ്വര്ണ്ണ നേട്ടം ഇത്തവണ വെള്ളിയിലൊതുങ്ങിയതുമാത്രമാണ് നിരാശയായത്.

ഷൂട്ടിങ് റേഞ്ചിലായിരുന്നു ഇന്ത്യയുടെ മിന്നും പ്രകടനം. ഷൂട്ടിങ്ങില് മാത്രം ആകെ മൂന്ന് മെഡലുകള് ഇന്ത്യയ്ക്ക് നേടാന് കഴിഞ്ഞു. മനു ഭാക്കര് ഇരട്ടവെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി. 10 മീറ്റര് എയര് പിസ്റ്റള് വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്സഡ് വിഭാഗത്തിലുമാണ് മനുവിന്റെ വെങ്കലനേട്ടം. സ്വപ്നില് കുസാലെയിലൂടെ ഷൂട്ടിങ് റേഞ്ചില് ഇന്ത്യയുടെ മൂന്നാം മെഡല്. ഹോക്കി ടീം ടോക്കിയോ ഒളിംപിക്സിലെ വെങ്കലമെഡല് പാരിസിലും നിലനിര്ത്തി.

ഹോക്കി ടീം ഗോള്കീപ്പറും മലയാളിയുമായ പി ആര് ശ്രീജേഷിന് വെങ്കലനേട്ടത്തോടെ വിരമിക്കാനായി. ഗുസ്തിയില് അമന് സെഹ്റാവത്ത് വെങ്കലം നേടിയെടുത്തപ്പോള് വിനേഷ് ഫോഗട്ട് ഇന്ത്യയുടെ കണ്ണീരായി മാറി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നീക്കി വെള്ളി മെഡല് അനുവദിച്ചാല് ഇന്ത്യയ്ക്ക് സര്വ്വകാല റെക്കോര്ഡിനൊപ്പം എത്താം.

പാരിസില് ആറ് മെഡലുകളാണ് ഇന്ത്യയ്ക്ക് കൈയ്യെത്തും ദൂരത്തുനിന്ന് നഷ്ടമായത്. ഷൂട്ടിങ് 25 മീറ്റര് പിസ്റ്റളില് മനു ഭാക്കറിന് മെഡല് നേടാനാവാതെ പോയപ്പോള് ഹാട്രിക് മെഡലെന്ന ചരിത്രനേട്ടവും നഷ്ടമായി. ബാഡ്മിന്റണല് ലക്ഷ്യ സെന്, 10 മീറ്റര് ഷൂട്ടിങ്ങില് അര്ജുന് ബബുത, ആര്ച്ചറിയില് മിക്സഡ് ടീം, ഭാരോദ്വഹനത്തില് മീരാഭായ് ചനു, ഷൂട്ടിങ് സ്കീറ്റില് അനന്ദ് മഹേശ്വരി സഖ്യം എന്നിവര് നാലാം സ്ഥാനത്തായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us