ദീര്ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്ഷിപ്പായ എഫ്ഇഐ എന്ഡ്യൂറന്സ് ടൂര്ണമെന്റില് പങ്കെടുക്കുന്ന ആദ്യ ഇന്ത്യന് വനിതയാകാന് ഒരുങ്ങുകയാണ് മലപ്പുറം തിരൂര് സ്വദേശി നിദ അന്ജും ചേലാട്ട്. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ജൂനിയർ എഫ്ഇഎയുടെ 120 കിലോമീറ്റർ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ തന്റെ എപ്സിലോൺ സലോ എന്ന കുതിരയുമായി ചരിത്രത്തിലേക്ക് കുതിച്ച നിദ ഒരു വർഷത്തിനിപ്പുറം, അതേ ചാമ്പ്യൻഷിപ്പിന്റെ സീനിയർ തലത്തിൽ മറ്റൊരു ചരിത്രം കുറിക്കാനാണ് ഇറങ്ങുന്നത്.
ഇക്കൊല്ലം സെപ്റ്റംബര് ഏഴിന് ഫ്രാന്സിലെ മോണ്പാസിയറില് നടക്കുന്ന സീനിയര് ചാമ്പ്യന്ഷിപ്പിലാണ് 22-കാരിയായ നിദ മാറ്റുരയ്ക്കുന്നത്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്നാഷണല് എക്യൂസ്ട്രിയന് ഫെഡറേഷന് അഥവാ എഫ്ഇഐയാണ് മത്സരങ്ങള് നടത്തുന്നത്. 40 രാജ്യങ്ങളില് നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെണ്കുതിര പെട്ര ഡെല്റെയ് ആണ് ഇത്തവണ നിദക്കൊപ്പമുള്ളത്. 160 കിലോമീറ്റര് ദൈര്ഘ്യമുള്ള ദുര്ഘടപാതയാണ് മത്സരത്തില് നിദയെ കാത്തിരിക്കുന്നത്. സമാന സാഹചര്യങ്ങൾ മറികടന്നാണ് കഴിഞ്ഞ സെപ്തംബറിൽ നിദ ജൂനിയർ എന്ഡ്യൂറന്സ് വിജയിച്ചു കയറിയത്. 25 രാജ്യങ്ങളിൽ നിന്നുള്ള 70 മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 120 കിലോമീറ്റർ 16.7 കിലോമീറ്റർ വേഗതയിൽ ഏഴ് മണിക്കൂർ മാത്രം സമയമെടുത്ത് നിദ ഫിനിഷ് ചെയ്തു, അന്ന്.
ഏറേ കായികാധ്വാനവും മെയ് വഴക്കവും ഏകാഗ്രതയും ആവശ്യമായ, ഇന്ത്യൻ പ്രകൃതിയോട് ഒട്ടും ഇണങ്ങാത്ത ഒരു കായിക ഇനമാണ് കുതിരയോട്ടം. പൗരാണിക കാലം മുതൽ ലോകത്ത് നിലവിലുണ്ടെങ്കിലും ഇന്നേ വരെ ഇന്ത്യ പേരിനുപോലും കാലെടുത്ത് വെച്ചിട്ടില്ലാത്ത സ്പോർട്സ് മേഖലയാണിത്. മലഞ്ചരിവുകളും ജലാശയങ്ങളും കാനന പാതകളും കയറ്റിറക്കങ്ങങ്ങളും നിറഞ്ഞതാണ് മത്സരപാത. 120 കിലോ മീറ്റർ അല്ലെങ്കിൽ 160 കിലോ മീറ്റർ ദൈർഘ്യമുള്ള മത്സരപാത കുതിരക്ക് യാതൊരു പോറലുമേൽക്കാതെ റൈഡർ മറികടക്കണം. കുതിരയുടെ കായികക്ഷമത നിലനിർത്തി നാല് ഘട്ടങ്ങൾ പൂർത്തിയാക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധടീമിന്റെ പരിശോധനയുണ്ടാകും. കുതിരയുടെ ആരോഗ്യത്തിന് ചെറിയൊരു ക്ഷതമേറ്റാൽ റൈഡറും കുതിരയും മത്സരത്തിൽ നിന്ന് പുറത്താകും.
ഒരു കുതിരയുമൊത്ത് രണ്ട് വർഷ കാലയളവിൽ 120/160 കിലോമീറ്റർ ദൂരം രണ്ട് വട്ടമെങ്കിലും മറി കടന്നാലാണ് ഈ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാവുക. നിദയാകട്ടെ രണ്ട് കുതിരകളുമായി അര ഡസനോളം തവണ ഈ ദൂരം താണ്ടുകയും ഒന്നിലേറെ തവണ 160 കിലോമീറ്റർ ദൂരത്തിൽ കുതിരയോട്ടം പൂർത്തിയാക്കി മൂന്ന് സ്റ്റാർ റൈഡർ പദവി നേടുകയും ചെയ്ത മിടുക്കിയാണ്.
ഹോഴ്സ് റേസിംഗ് ട്രാക്കിൽ നിദയെത്തിയത് എങ്ങനെ?
കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ദുബായിൽ താമസിക്കുമ്പോൾ കൂടെ കളിക്കാനാരുമില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന കുതിരകളുമായി കൂട്ടു കൂടിയിരുന്നു, നിദ. ആ കൂട്ടുകൂടലാണ് ലോക നേട്ടത്തിന്റെ നെറുകയിൽ നിദയെ എത്തിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ മരുഭൂമികളും മലകളും അരുവികളും താണ്ടി സ്വർണവാൾ നേടിയാണ് നിദ ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി മുഹൈരിയായിരുന്നു ഗുരു.
'ലോക ചാമ്പ്യന്ഷിപ്പില് ഇന്ത്യയെ പ്രതിനിധീകരിക്കാന് കഴിഞ്ഞതില് സന്തോഷവും അഭിമാനവുമുണ്ട്. കഴിഞ്ഞ വര്ഷത്തെ ജൂനിയര് ചാമ്പ്യന്ഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന് പ്രേരിപ്പിച്ചത്. എനിക്ക് ചുറ്റുമുള്ളവരില് നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയില് നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന് അതെന്നെ പ്രചോദിപ്പിക്കുന്നു,' നിദ പറയുന്നു.
മലപ്പുറം തിരൂർ കല്പകഞ്ചേരി സ്വദേശിയായ നിദ യുകെയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. നിദയിലൂടെ ഇന്ത്യക്ക് തുറന്നത് കായികരംഗത്ത് ഒരു പുതിയ സാധ്യത കൂടിയാണ്. അത്ര തന്നെ ഇന്ത്യ പരീക്ഷിച്ചുനോക്കാത്ത ഇക്വസ്ട്രിയൻ കായിക ഇനങ്ങൾക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു പുതിയ ഉണർവ്.
ആത്മകഥയിലടക്കം സച്ചിൻ രേഖപ്പെടുത്തിയ വേദനയും അമർഷവും; ലോകക്രിക്കറ്റിലെ വിവാദ ഡിക്ലറേഷനുകൾ