സ്പേസ് എക്സിന്റെ പൊളാരിസ് ഡൗൺ ദൗത്യം വൻ വിജയമായതോടെ പിറന്നത് മറ്റൊരു ചരിത്രം കൂടിയാണ്. ദൗത്യത്തിൽ പങ്കെടുത്ത രണ്ട് വനിതകൾ, അന്ന മേനോനും സാറ ഗിൽസുമാണ് ഒരു ചരിത്രത്തിന്റെ ഭാഗമായത്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ഇന്നേവരെയുള്ള ദൂരങ്ങളെല്ലാം താണ്ടിയാണ് പൊളാരിസ് ഡൗൺ ദൗത്യം ശ്രദ്ധേയമായത്. 1400 കിലോമീറ്റർ ഉയരത്തിലാണ് നാൽവർ സംഘം എത്തിയത്. ഇതോടൊപ്പം ഏറ്റവും കൂടുതൽ നേരം ബഹിരാകാശത്തു 'പറന്നുനടന്ന' വനിതകളായി അന്ന മേനോനും സാറ ഗിൾസും മാറി. മുൻപ് യാത്ര ചെയ്ത വനിതകളാരും ഇത്രയും സമയം ബഹിരാകാശത്ത് ചിലവഴിച്ചിട്ടില്ല. ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുക കൂടി ചെയ്തതോടെ അന്ന മേനോൻ മറ്റൊരു ചരിത്രത്തിന്റെ കൂടി സൃഷ്ടിച്ചിട്ടുണ്ട്.
ദൗത്യത്തിൽ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച അന്ന മേനോൻ മലയാളി ബന്ധമുള്ള വനിത കൂടിയാണ്. മിനസോട്ടയിൽ പ്രവർത്തിക്കുന്ന ഡോക്ടറും, യുഎസ് എയർഫോഴ്സിൽ ലെഫ്. കേണലുമായ അനിൽ മേനോന്റെ ഭാര്യയാണ് അന്ന മേനോൻ.
സ്പേസ് എക്സിൽ ചേരുന്നതിന് മുമ്പ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ബയോമെഡിക്കൽ ഫ്ലൈറ്റ് കൺട്രോളറായി ഏഴ് വർഷം അന്ന മേനോൻ നാസയിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ സ്പേസ് എക്സിലെ ലീഡ് സ്പേസ് ഓപ്പറേഷൻസ് എഞ്ചിനീയരായ അന്ന, ക്ര്യൂ ഓപ്പറേഷൻസ്, മിഷന് ഡയറക്ടർ എന്ന റോളുകളിലും കൂടിയാണ് പ്രവർത്തിക്കുന്നത്. ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കുന്ന എയർ ക്രാഫ്റ്റുകളിൽ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളും അന്നയുടെ ചുമതലയാണ്. ഡെമോ-2, ക്രൂ-1 , CRS-22 and CRS-23, തുടങ്ങിയ ഒന്നിലധികം കാർഗോ ആൻഡ് ക്രൂ ഡ്രാഗൺ ദൗത്യങ്ങളിൽ അന്ന സേവനമനുഷ്ടിച്ചിട്ടുണ്ട്.