മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷക്കാരിയായ ക്ലോഡിയ ഷെയ്ന്‍ബാം പാര്‍ദോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കാലാവസ്ഥാ ശാസ്ത്രജ്ഞയും മെക്‌സിക്കോ സിറ്റിയുടെ മുന്‍ മേയറുമായ ഈ അറുപത്തൊന്നുകാരി ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപസ് ഒബ്രദോറിന്റെ ഹിതപരിശോധനയായി എതിര്‍പക്ഷം വിലയിരുത്തിയ വോട്ടെടുപ്പില്‍ ഇടതുപക്ഷ വിരുദ്ധചേരിയുടെ സോചില്‍ ഗാല്‍വെസിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
'ഞാന്‍ ഒരു അമ്മയും മുത്തശ്ശിയും ശാസ്ത്രജ്ഞയും വിശ്വാസമുള്ള സ്ത്രീയുമാണ്, ഇന്ന് മുതല്‍ മെക്‌സിക്കന്‍ ജനതയുടെ ഇഷ്ടപ്രകാരം പ്രസിഡന്റാണ്'-ക്ലോഡിയ പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് സ്വയംഭരണാധികാരമുള്ളതായിരിക്കുമെന്നും ദേശീയ, വിദേശ ഓഹരി ഉടമകളുടെ നിക്ഷേപം നമ്മുടെ രാജ്യത്ത് സുരക്ഷിതമായിരിക്കുമെന്നും ക്ലോഡിയ പ്രസംഗത്തിനിടയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
നിലവിലെ പ്രസിഡന്റ് ആന്ദ്രേസ് മാന്വല്‍ ലോപസ് ഒബ്രഡോറിന്റെ പിന്‍ഗാമിയായാണ് ഇവര്‍ വരുന്നത്. 2018ല്‍ മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോള്‍ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി.
ബള്‍ഗേറിയയില്‍നിന്ന് മെക്‌സിക്കോയിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ് ക്ലോഡിയ. മെക്‌സിക്കോയിലും കാലിഫോര്‍ണിയയിലുമായി ഉന്നത പഠനം നടത്തിയ ഇവര്‍ ഊര്‍ജ്ജത്തെയും പരിസ്ഥിതിയെയും സുസ്ഥിര വികസനത്തെയും സംബന്ധിച്ചുള്ള 100 ലധികം ലേഖനങ്ങള്‍ രചിച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനലിലേക്കടക്കം സംഭാവനകള്‍ അര്‍പ്പിച്ചു. ബി.ബി.സിയുടെ 2018ലെ ശക്തരായ 100 വനിതകളിലൊരാളായും ഇടംപിടിച്ചു.