പോക്കറ്റിന് മാത്രമോ തക്കാളിയുടെ റെഡ് സിഗ്നല്?

രാജ്യത്തെ പണപ്പെരുപ്പം അപകടമേഖലയ്ക്ക് മുകളിലായിരിക്കുമ്പോഴാണ് വ്യക്തികളുടെ പോക്കറ്റിന് മാത്രമാണോ തക്കാളി റെഡ്സിഗ്നല് നല്കിയിരിക്കുന്നത് എന്ന ചോദ്യം ആശങ്കയായും സാധാരണക്കാരന്റെ ആകുലതയായും മാറുന്നത്

dot image

തക്കാളി വില സെഞ്ച്വറി പിന്നിട്ട് മുന്നേറുകയാണ്. തക്കാളിയില്ലാത്ത അടുക്കള മലയാളിയ്ക്ക് മാത്രമല്ല രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്ക്കും ചിന്തിക്കാന് കഴിയില്ല. തക്കാളി വില 40 രൂപയ്ക്ക് മുകളില് പോയാല് സാധാരണക്കാരനെ സംബന്ധിച്ച് അത് പൊള്ളുന്ന വിലയാണ്. ആ വില നൂറും പിന്നിട്ട് 120ലേക്ക് എത്തിയാല് നമ്മുടെ പോക്കറ്റിന് തീപിടിച്ചത് തന്നെ. കോഴിക്കോട് പാളയം മാര്ക്കറ്റില് തക്കാളി കിലോക്ക് 120 രൂപയാണ് വില. നാടന് തക്കാളിയുടെ വില 90 രൂപയും. രാജ്യത്ത് ചിലയിടങ്ങളില് തക്കാളി വില കിലോയ്ക്ക് 135 എന്ന തോതിലേക്ക് ഉയര്ന്നിട്ടുണ്ട്.

വ്യക്തികളുടെ പോക്കറ്റിന് മാത്രമാണോ തക്കാളിയുടെ വിലക്കുതിപ്പിന്റെ റെഡ്സിഗ്നല് അപായ സൂചന നല്കിയിരിക്കുന്നത്. അല്ലായെന്ന് തന്നെ വേണം കരുതാന്. രാജ്യത്ത് ഏറ്റവും സുലഭമായും വിലക്കുറവിലും ലഭ്യമായ പച്ചക്കറിയെന്നതാണ് തക്കാളിയുടെ ജനകീയതയില് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പലപ്പോഴും വിലക്കുറവിനെ തുടര്ന്ന് കര്ഷകര് തക്കാളി കൂട്ടിയിട്ട് നശിപ്പിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അപൂര്വ്വ കാഴ്ചയായിരുന്നില്ല. അവിടെ നിന്നും തക്കാളിയുടെ വില സെഞ്ച്വറി പിന്നിടുമ്പോള് കര്ഷകന് എന്തുകിട്ടുന്നു എന്ന ചോദ്യം പ്രസക്തമാണ്. അത് മറ്റൊരു വിഷയമായി തന്നെ പരിഗണിക്കേണ്ടതാണ്.

പച്ചക്കറിയുടെ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നു എന്നതിന്റെ സൂചനയായി വേണം തക്കാളിയുടെ വിലവര്ദ്ധനവിനെ കാണാന്. സ്വഭാവികമായും മറ്റു പച്ചക്കറികള്ക്കും അനുപാതികമായി വിലവര്ദ്ധിച്ചിട്ടുണ്ട്. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, മല്ലിയില തുടങ്ങി ഗ്രാമീണ അടുക്കളകളെ സമൃദ്ധമാക്കുന്ന പതിവ് പച്ചക്കറികള്ക്കും തൊട്ടാല് പൊള്ളുന്ന വിലയാണ്.

സര്ക്കാരുകള്ക്ക് വിപണിയില് ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്ത്താന് കഴിയാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഈ സാഹചര്യം വെല്ലുവിളിയാകുമെന്ന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

നേരത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല് ഡിപ്പാര്ട്ട്മെന്റ് പുറത്ത് വിട്ട കണക്കുകള് പ്രകാരം രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. ഈ വര്ഷം തുടക്കത്തിലെ കണക്ക് പ്രകാരം നഗരങ്ങളിലെ പണപ്പെരുപ്പത്തെക്കാള് 0.85% പണപ്പെരുപ്പമാണ് ഗ്രാമങ്ങളില് അധികമായി രേഖപ്പെടുത്തിയത്. നഗരങ്ങളിലെ പണപ്പെരുപ്പ നിരക്ക് 6%മാണ്. ഈ വര്ഷം പണപ്പെരുപ്പം വര്ദ്ധിക്കുമെന്ന് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയ പ്രഖ്യാപനത്തില് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല് 2024ല് പണപ്പെരുപ്പം കുറയുമെന്ന സൂചനയും ആര്ബിഐ നല്കിയിരുന്നു. നിലവില് പച്ചക്കറികളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും അപ്രതീക്ഷിത വിലക്കയറ്റം രാജ്യത്തെ പ്രതീക്ഷിത പണപ്പെരുപ്പ നിരക്കുകളെയെല്ലാം തകിടം മറിക്കാന് സാധ്യതയുണ്ട്. ഗ്രാമീണ മേഖലയില് പണപ്പെരുപ്പം വര്ദ്ധിക്കുന്നതായി കഴിഞ്ഞ സഭാ സമ്മേളന കാലയളവില് കേന്ദ്രം രാജ്യസഭയില് വ്യക്തമാക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം തടയാന് വ്യക്തമായ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ലെന്നും കേന്ദ്രം ചോദ്യത്തിന് ഉത്തരമായി രേഖാമൂലം മറുപടി നല്കിയിരുന്നു.

വിലക്കയറ്റം ദേശീയ ശരാശരിയെക്കാള് കുറവുള്ള സംസ്ഥാനമാണ് കേരളം. എന്നാല് നിലവിലെ വിലക്കയറ്റം കേരളത്തിന് ശുഭകരമല്ല. ദൈനംദിനം ഉപയോഗിക്കുന്ന പച്ചക്കറിക്ക് മാത്രമല്ല ഭക്ഷ്യധാന്യങ്ങള് ഉള്പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും വില കേരളത്തില് വര്ദ്ധിക്കുകയാണ്. സിവില് സപ്ലൈസ് വകുപ്പ് പൊതുവിപണിയില് ഇടപെടുന്നുണ്ടെങ്കിലും പച്ചക്കറി പോലുള്ളവയുടെ വിലനിയന്ത്രണത്തിന് ഇത്തരം ഇടപെടലുകള് വേണ്ടത്ര ഫലപ്രദമാകുന്നില്ല. നിലവില് വിലക്കയറ്റത്തിന് കാരണമായ സാഹചര്യം പരിശോധിക്കുമ്പോള് ഇപ്പോഴുണ്ടായിരിക്കുന്ന വിലക്കയറ്റം കുറച്ചുകാലത്തേക്കെങ്കിലും നീണ്ടുനിന്നോക്കാമെന്നാണ് അനുമാനിക്കുന്നത്.

കാലാവസ്ഥ വ്യതിയാനമാണ് നിലവില് രാജ്യത്ത് പച്ചക്കറി വിലയ്ക്ക് റോക്കറ്റിന്റെ ഗതിവേഗം സമ്മാനിച്ചത്. കാലവര്ഷക്കെടുതിയും മഴയുടെ ലഭ്യതക്കുറവും രാജ്യത്തെ വിവിധ ഇടങ്ങളില് പച്ചക്കറി കൃഷിയില് പ്രതികൂലമായി പ്രതിഫലിച്ചിരുന്നു. കാലവര്ഷക്കെടുതിയില് ഗതാഗതം തടസപ്പെട്ടത് ചരക്കുനീക്കത്തെയും ബാധിച്ചിരുന്നു. ഇതു വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.

കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങള് പോലും പച്ചക്കറികളെ ഏറ്റവും ദോഷകരമായി ബാധിക്കും. തക്കാളിയുടെ ഉദ്പാദനത്തെ ആദ്യം ബാധിച്ചത് ഉഷ്ണതരംഗമായിരുന്നു. പിന്നീട് രാജസ്ഥാനില് അടക്കം പെയ്ത അകാലത്തിലുള്ള മഴ തക്കാളിയുടെ ഉദ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കര്ണാടകയില് കനത്ത മഴപെയ്തത് പച്ചക്കറി ഉദ്പാദനത്തെ വലിയ നിലയിലാണ് ബാധിച്ചത്. കര്ണാടകയും ആന്ധ്രാപ്രദേശുമാണ് രാജ്യത്ത് ഏറ്റവും കൂടുതല് തക്കാളി ഉത്പാദിപ്പിക്കുന്നത്. എല്നിനോ പ്രതിഭാസം രാജ്യത്ത് കാലാവസ്ഥ വ്യതിയാനമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില് തക്കാളി അടക്കമുള്ള പച്ചക്കറികളുടെ കൃഷിയിലും വിളവെടുപ്പിലും പ്രതിസന്ധി പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

വിലക്കയറ്റം അറുശതമാനത്തിന് ചുവടെ പിടിച്ചുനിര്ത്തണമെന്ന റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്ദ്ദേശം കേന്ദ്രസര്ക്കാരിന് മുന്നിലുണ്ട്. കഴിഞ്ഞ ഒരു വര്ഷത്തോളമായി രാജ്യത്തെ പണപ്പെരുപ്പം റിസര്വ് ബാങ്ക് ഓഫ് ഇന്ഡ്യ അപടകരേഖയ്ക്ക് മുകളിലാണ്. രാജ്യത്തെ പണപ്പെരുപ്പം അപകടമേഖലയ്ക്ക് മുകളില് പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് വ്യക്തികളുടെ പോക്കറ്റിന് മാത്രമാണോ തക്കാളി റെഡ്സിഗ്നല് നല്കിയിരിക്കുന്നത് എന്ന ചോദ്യം ഒരു ആശങ്കയായും സാധാരണക്കാരന്റെ ആകുലതയായും മാറുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us