കൊച്ചി: അന്താരാഷ്ട്ര വിപണിയില് സാന്നിധ്യമറിയിക്കാന് കര്ണാടക ക്ഷീരവിപണന ഫെഡറേഷന് ബ്രാന്ഡായ നന്ദിനി. ഇവരുടെ പാൽ ഉത്പന്നങ്ങളുടെ ആദ്യ ഔട്ട്ലെറ്റ് ദുബായില് തുറക്കും. ഇതിനു വേണ്ടിയുള്ള ആദ്യ ലോഡ് കയറ്റുമതി ചെയ്യുന്നത് കൊച്ചി തുറമുഖം വഴിയാണ്. കേരള എക്സ്പോര്ട്ടേഴ്സ് ഫോറത്തിന്റെ ഇടപെടലാണ് ഇതിന് വഴിവെച്ചത്.
കേരളത്തില് നിന്നുള്ള ഈസ്റ്റ് എന്ഡ് എന്റര്പ്രൈസസ് വഴി ചൊവ്വാഴ്ചയാണ് ഉത്പന്നങ്ങളുമായി ചരക്ക് കണ്ടെയ്നർ ദുബായിലേക്ക് പുറപ്പെടുക. വെണ്ണ, ചീസ്, ടെട്രാപാക്ക് പാല് എന്നീ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കൊച്ചി വഴി കയറ്റി അയക്കുന്ന ഉത്പന്നങ്ങള് ആറ് ദിവസം കൊണ്ടാണ് ദുബായിലെത്തുക. മംഗളൂരു വഴി കയറ്റുമതി ചെയ്യുമ്പോള് 10 ദിവസമാണ് ഉത്പന്നങ്ങൾ ദുബായിലെത്താൻ എടുക്കുന്ന സമയം. ഇതാണ് കൊച്ചിവഴിയുള്ള കയറ്റുമതിക്ക് പ്രേരിപ്പിച്ചത്.
അതേസമയം ഏകദേശം 20 കോടിയുടെ ഉത്പന്നങ്ങൾ നിലവിൽ മിൽമ കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കാനുള്ള ശ്രമങ്ങളും മില്മ നടത്തുന്നുണ്ട്. നെയ്യ്, പാല്പ്പൊടി, മില്മ പായസം മിക്സ് ഉത്പന്നങ്ങളാണ് കൂടുതലും കയറ്റി അയക്കുന്നത്. നെയ്യാണ് കൂടുതല് ഡിമാന്റ്. നിലവിൽ മിൽമ പാല് കയറ്റുമതി ചെയ്യുന്നില്ല.