ചെലവു ചുരുക്കി ബൈജൂസ്; ഓഫീസ് മുറികൾ ഒഴിയുന്നു, കഴിഞ്ഞ മാസം പുറത്താക്കിയത് 1000 ജീവനക്കാരെ

ഓഫീസിലെ ജോലിക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് കമ്പനി ആവശ്യപ്പെട്ടത്

dot image

കൊച്ചി: വരുമാനം പെരുപ്പിച്ചുകാണിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ബൈജൂസ് ലേണിംഗ് ആപ്പ് ചെലുവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നു. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പുറത്താക്കിയത്. ബെംഗളൂരുവിലെ വൻകിട കെട്ടിടസമുച്ചയങ്ങളിലെ ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞുതുടങ്ങി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്പേസ് ദിവസങ്ങൾക്ക് മുൻപ് ഒഴിഞ്ഞിരുന്നു. ഓഫീസിലെ ജോലിക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് കമ്പനി ആവശ്യപ്പെട്ടത്.

ബെംഗളൂരുവിലെ തന്നെ പ്രസ്റ്റീജ് പാർക്കിലെ രണ്ടുനിലകളിലുണ്ടായിരുന്ന ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞിരുന്നു. മറ്റ് പല കെട്ടിടങ്ങളും ഒഴിയാൻ കമ്പനി തീരുമാനിച്ചതായാണ് വിവരം. വാടക തുകകൾ കുറക്കുന്നതിലൂടെ ചെലവ് ചുരുക്കാനാണ് കമ്പനി ശ്രമം. 2022 ഒക്ടോബറിൽ 2,200 കോടി ഡോളർ മൂല്യവുമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായി കമ്പനി മാറിയിരുന്നു.

ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതിരുന്നതോടെ വിദേശങ്ങളിൽ നിന്ന് ബൈജൂസ് വൻതോതിൽ വായ്പ എടുത്തിരുന്നു. പിന്നീട് പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതോടെയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിലേക്ക് ബൈജൂസ് എത്തിയത്. വിവിധ നിക്ഷേപങ്ങൾ കമ്പനിയിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് പ്രാധാന്യം ഉയർന്ന സമയത്ത് കമ്പനി വലിയ രീതിയിൽ വളർന്നിരുന്നു. ഇതേതുടർന്ന് കമ്പനി വൻതോതിൽ ഏറ്റെടുക്കലുകൾ നടത്തിയിരുന്നു.

കോവിഡ് അവസാനിച്ച് സ്കൂളുകൾ തുറന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞതോടെയാണ് ബൈജൂസ് കുടുങ്ങിയത്. ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് കൂടിയായതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us