ന്യൂഡൽഹി: മക്ഡൊണാൾഡിന് പിന്നാലെ തക്കാളിയെ ഭക്ഷണത്തിൽ നിന്ന് നീക്കം ചെയ്ത് ബർഗർ കിങ്. തക്കാളിയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ തക്കാളിക്ക് താത്ക്കാലിക അവധി നൽകുകയാണ് ബർഗർ കിങ്. ഇന്ത്യയില് 400ലധികം ഔട്ട്ലെറ്റുകളാണ് ബര്ഗര് കിംഗിനുള്ളത്. രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നും തക്കാളി നീക്കം ചെയ്തതായി കമ്പനി അറിയിച്ചു.
അപ്രവചനീയമായ സാഹചര്യമാണ് തക്കാളിയുടെ കാര്യത്തില് നിലവിലുള്ളത്. നിലവാരത്തിന്റെ കാര്യവും പ്രതിസന്ധിയിലാക്കുന്നതാണ്. അതുകൊണ്ട് ബര്ഗര് കിംഗിന് ഭക്ഷ്യ വസ്തുക്കളില് തക്കാളി ഉള്പ്പെടുത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. തല്ക്കാലത്തേക്ക് അത് ഉപയോഗിക്കുന്നില്ല. എന്നാല് ഉടനെ തന്നെ തിരിച്ചെത്തിക്കുമെന്നും ബര്ഗര് കിംഗ് അറിയിച്ചു. ഉപയോക്താക്കളും ക്ഷമയോടെ കാത്തിരിക്കണം, സാഹചര്യം മനസ്സിലാക്കണമെന്നും കമ്പനി വ്യത്തങ്ങൾ അറിയിച്ചു.
ജൂലൈയിലാണ് രാജ്യത്തെ ഔട്ട്ലെറ്റുകളിലെ ഉല്പ്പന്നങ്ങളില് നിന്ന് തക്കാളി ഒഴിവാക്കിയതായി മക്ഡൊണാള്ഡ്സ് അറിയിച്ചത്. ജൂലൈമാസത്തിൽ തന്നെയാണ് തങ്ങളുടെ സാലഡുകളില് നിന്നും സാന്ഡ്വിച്ചുകളില് നിന്നും തക്കാളിയെ ഒഴിവാക്കുന്നതായി സബ് വേ ഇന്ത്യയും പ്രഖ്യാപിച്ചത്. ഇക്കാര്യം അറിയിച്ച് ഡല്ഹി എയര്പോര്ട്ട് ടെര്മിനലിന് അടുത്തുള്ള സബ് സ്റ്റോറില് നോട്ടീസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.