വായ്പാ പലിശ നിരക്കുകള് ഉയര്ത്തി എസ്ബിഐ. മാര്ജിനല് കോസ്റ്റ് ഓഫ് ലെന്ഡിങ് (എംസിഎല്ആര്) നിരക്കുകള് അഞ്ചു മുതല് പത്തു പോയിന്റ് വരെ ഉയര്ത്തിയതോടെ ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്ധിക്കും. ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില് അഞ്ചു ബേസിസ് പോയിന്റ് വര്ധനവാണ് വരുത്തിയത്.
മൂന്നുമാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് ആണ് വര്ധന. ആറുമാസ- ഒരുവര്ഷ- രണ്ടുവര്ഷ വായ്പകളുടെയും പലിശ പത്ത് അടിസ്ഥാന പോയിന്റ് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും.
മൂന്നു വര്ഷ കാലാവധിയില് അഞ്ച് പോയിന്റാണ് വര്ധന. ഇതോടെ നിരക്ക് 9 ശതമാനമാവും. എല്ലാ നിരക്കുകള് ഇന്നു നിലവില് വന്നതായി ബാങ്ക് അറിയിച്ചു. തുടര്ച്ചയായി ഇതു രണ്ടാം വട്ടമാണ് എസ്ബിഐ പലിശ നിരക്കുകള് ഉയര്ത്തുന്നത്. ജൂണില് പത്തു ബേസിസ്പോയിന്റ് മാറ്റം വരുത്തിയിരുന്നു.