പത്ത് സംസ്ഥാനങ്ങളിലെ പന്ത്രണ്ട് വ്യാവസായിക സ്മാർട്ട് സിറ്റികളുടെ വികസനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് കേന്ദ്രമന്ത്രിസഭ. ഇതോടെ 40 ലക്ഷത്തോളം തൊഴിലവസരങ്ങള്ക്കുള്ള സാധ്യത കൂടിയാണ് തെളിയുന്നത്. ആകെ 28,602 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയുടെ ഭാഗമായി 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്. ഏകദേശം 9.39 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം വരെ പരോക്ഷ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമൃത്സർ-കൊൽക്കത്ത, ഡൽഹി-മുംബൈ, വിശാഖപട്ടണം-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-നാഗ്പൂർ, ചെന്നൈ-ബെംഗളൂരു എന്നീ ആറ് വ്യാവസായിക ഇടനാഴികളിലായി ഈ പദ്ധതികൾ നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചത്. ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ പാലക്കാട്, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒർവക്കൽ, കൊപ്പർത്തി, രാജസ്ഥാനിലെ ജോധ്പൂർ-പാലി എന്നിവിടങ്ങളിലാണ് ഈ വ്യവസായ മേഖലകൾ സ്ഥാപിക്കുക.
റെയിൽ പദ്ധതി
6,456 കോടി രൂപ ചെലവ് കണക്കാക്കുന്ന 296 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പ്രധാന റെയിൽവെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഈ പദ്ധതികൾ റെയിൽ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുകയും പ്രാദേശിക വികസനം ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഒഡീഷയിലെ നുവാപദ, ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭൂം ജില്ലകളിലെ റെയിൽവെ പദ്ധതികൾ ഈ നിലയിലാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൻ്റെ വിപുലീകരണം
ഒരു ലക്ഷം കോടി രൂപ ബജറ്റിൽ 2020 ൽ ആരംഭിച്ച അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൻ്റെ വിപുലീകരണവും മന്ത്രിസഭ പ്രഖ്യാപിച്ചു. പാക്ക് ഹൗസുകൾ, കോൾഡ് സ്റ്റോറേജ്, ശീതീകരിച്ച വാഹനങ്ങൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ തുടങ്ങിയ വിളവെടുപ്പിന് ശേഷമുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഈ ഫണ്ട് വിനിയോഗമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സംയോജിത ദ്വിതീയ പ്രോസസ്സിംഗും പിഎം-കുസും പദ്ധതിയുടെ ഘടകഭാഗം എയുടെ കവറേജും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിപുലീകരണത്തിൽ ഉൾപ്പെടും. ഇവ ഈ പ്രോജക്റ്റുകൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. കർഷകരെ അവരുടെ ഉൽപന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും കാർഷികാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
വടക്കുകിഴക്കൻ മേഖലയിലെ ജലവൈദ്യുത പദ്ധതികൾക്ക് പിന്തുണ
62 ജിഗാവാട്ട് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് 4,136 കോടി രൂപയുടെ ഓഹരി പിന്തുണ കേന്ദ്ര സർക്കാർ നൽകും. ഈ ക്ലീൻ എനർജി സംരംഭം രാജ്യത്തിൻ്റെ കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവന നൽകുമെന്നും വടക്കു കിഴക്കൻ മേഖലയിൽ വികസനം കൊണ്ടുവരുമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.