ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ഗൗതം അദാനിയും കുടുംബവുമെന്ന് 2024 Hurun India Rich List റിപ്പോർട്ട്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ ഈ നേട്ടം. അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം.
2020ൽ Hurun India Rich Listൽ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അദാനിയുടെ സ്വത്തുക്കളിൽ 95 ശതമാനം വർധനയുണ്ടായതായാണ് Hurun India റിപ്പോർട്ട് പറയുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾക്കു ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഗൗതം അദാനിയും കുടുംബവും ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതെത്തി. 11,61,8700 കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. സ്വന്തം പ്രയത്നത്താൽ ഉയർന്നു വന്ന അദാനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും വലിയ വളർച്ചയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ച വ്യക്തി കൂടിയാണ്. ഇക്കാലയളവിൽ 10,21,600 കോടിയുടെ വർധനയാണ് അദാനിയുടെ സമ്പത്തിൽ ഉണ്ടായത്. Hurun India Rich List റിപ്പോർട്ട് പറയുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളുടെയെല്ലാം ഓഹരികളിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷം ഉണ്ടായത്. അദാനി പോർട്ട്സ് ഓഹരികളിൽ 98 ശതമാനം വളർച്ച ഉണ്ടായി. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന അദാനി എനർജി, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയവയെല്ലാം ഓഹരിവിലയിൽ 76 ശതമാനം വർധനയുണ്ടാക്കി.
അതേസമയം, പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 10.14 ലക്ഷം കോടിയാണ് ആസ്തി. 2014 ജൂലൈ 31ന് ഉള്ള സ്നാപ്ഷോട്ട് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ 334 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളതെന്നും Hurun India Rich Listനെ അടിസ്ഥാനപ്പെടുത്തി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.