കേരളത്തിലെ ബിവറേജ് ഔട്ട്ലെറ്റുകൾക്കു മുമ്പിലെ ആളുകളുടെ നീണ്ട നിര എക്കാലത്തും സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്. അത്തരം ചിത്രങ്ങളിൽ പലതും വൈറലായിട്ടുമുണ്ട്. എന്നാൽ, മദ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നവരുള്ളത് കേരളത്തിൽ അല്ല. കേരളത്തിന്റെ രണ്ട് അയൽസംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ മുൻപന്തിയിലുള്ളത്!
തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് മദ്യത്തിനായി ഏറ്റവും കൂടുതൽ ആളോഹരി പണം ചെലവഴിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച വരുമാന സമാഹരണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വർഷം തോറും മദ്യത്തിനായി ശരാശരി 1,623 രൂപയാണ് തെലങ്കാനക്കാർ ചെലവാക്കുന്നതെന്ന് 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളെ അധികരിച്ച് റിപ്പോർട്ട് പറയുന്നു. ആന്ധ്രപ്രദേശ് 1306 രൂപയാണ് ശരാശരി ചെലവാക്കുന്നത്. മദ്യത്തിനും മറ്റ് ലഹരി പാനീയങ്ങൾക്കുമായി ചെലവാക്കുന്ന തുകയാണിത്.
ഛത്തീസ്ഗഢിൽ ഇത് 1,227 രൂപയും പഞ്ചാബിൽ 1,245 രൂപയും ഒഡീഷയിൽ 1,156 രൂപയുമാണ്. കേരളത്തിലെ ജനങ്ങൾ ശരാശരി ചെലവാക്കുന്നത് 379 രൂപയാണ്. മദ്യത്തിനായി ഏറ്റവും കൂടുതൽ ആളോഹരി പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒമ്പതാമതാണ് കേരളമുള്ളത്. ഏറ്റവും കുറവ് പണം മദ്യത്തിനായി ചെലവാക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ് (49). സംസ്ഥാനത്ത് ആകെ ഉപയോഗിക്കുന്ന മദ്യത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് ആളോഹരി മദ്യ ഉപഭോഗം കണക്കാക്കുന്നത്. എൻഎസ്എസ്ഒ, സിഎംഐഇ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയാണ് എൻഐപിഎഫ്പി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മദ്യത്തിന് ഏറ്റവും കുറവ് നികുതി പിരിക്കുന്ന സംസ്ഥാനം ജാർഖണ്ഡ് (67%) ആണ്. ഏറ്റവും ഉയർന്ന നികുതിയുള്ളത് ഗോവയിൽ (722%) ആണ്. നികുതി വരുമാനത്തിൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സ്രോതസ് എക്സൈസ് ആണ്. എക്സൈസ് നികുതിക്ക് പുറമേ മദ്യത്തിൽ നിന്ന് സെയിൽസ് നികുതിയും ചില സംസ്ഥാനങ്ങൾ പിരിക്കാറുണ്ട്.
ആന്ധ്രപ്രദേശ്, ബിഹാർ, ഗോവ, ജാർഖണ്ഡ്, കേരള, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിലെല്ലാം മദ്യത്തിനായി ചെലവാക്കുന്ന പ്രതിമാസ ആളോഹരി കണക്കിൽ ഗ്രാമപ്രദേശങ്ങളാണ് മുന്നിലുള്ളത്. അസം, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നഗരപ്രദേശങ്ങളിലാണ് ആളുകൾ മദ്യത്തിനായി കൂടുതൽ പണം ചെലവാക്കുന്നത്.
മദ്യത്തിന്റെ മൊത്തവില്പന മാത്രം ബിവറേജസ് കോർപ്പറേഷനുകൾ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങൾ എക്സൈസ് നികുതിയിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ട്. പൊതു-സ്വകാര്യ മേഖലകളിൽ മൊത്തവില്പനയും ചില്ലറവില്പനയും ബിവറേജസ് കോർപ്പറേഷനുകൾ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വരുമാനം കുറവാണ് എന്ന് റിപ്പോർട്ട് പറയുന്നു.