സെബി ഉന്നതനേതൃത്വം ജീവനക്കാരെ അപമാനിക്കുന്നുവെന്നും, 'ടോക്സിക്' ആയ ജോലി അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ച് സ്ഥാപനത്തിലെത്തന്നെ ഒരു വിഭാഗം ജീവനക്കാർ രംഗത്ത്. ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇവർ കത്തയക്കുകയും ചെയ്തു.
സെബി ജീവനക്കാരുടെ പരാതികൾ എന്ന തലക്കെട്ടിലെഴുതിയ കത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നത നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുക്കുന്നത്. അനാവശ്യമായി ഒച്ചയിടുന്നു, വഴക്ക് പറയുന്നു, പൊതുവിധത്തിൽ അപമാനിക്കുന്നു എന്നതെല്ലാമാണ് കത്തിന്റെ ഉള്ളടക്കം. നിരവധി തവണ ഇത്തരം പരാതികൾ സ്ഥാപനത്തിന്റെ ഉള്ളിൽത്തന്നെ പറഞ്ഞെങ്കിലും, അധികൃതർ അവയെ കേട്ട ഭാവം പോലും നടിച്ചില്ലെന്നും കത്തിൽ പറയുന്നു.
മാനസികമായി ബുദ്ധിമുട്ട് നേരിടുന്നുവെന്നതാണ് കത്തിന്റെ പ്രധാന ഉള്ളടക്കം. പ്രായോഗികമായി എത്തിപ്പിടിക്കാൻ കഴിയാത്ത ടാർഗെറ്റുകൾ വെച്ച് ജീവനക്കാരെ മാനസികമായി തകർക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളെ നയിക്കുന്നത് ഭയമാണെന്നും ജീവനക്കാർ പറയുന്നു. ഇതിന് പുറമെ സെബി ചെയർപേഴ്സൺ മാദബി ബുച്ചിനെതിരെയും കത്തിൽ ജീവനക്കാർ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. ജീവനക്കാരോട് മാന്യമായി പെരുമാറുന്നില്ലെന്നും, ഓരോ മിനിറ്റ് വീതം ജീവനക്കാരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരം ഓഫീസിനുള്ളിൽ പ്രശ്നമുണ്ടാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു.
എന്നാൽ ഈ പ്രശ്നങ്ങളെല്ലാം നേരത്തെത്തന്നെ പരിഗണിക്കപ്പെട്ടതാണെന്നാണ് സെബിയുടെ മറുപടി. ഇവയ്ക്ക് പുറമെ മീറ്റിങ്ങുകളിലെ പെരുമാറ്റവും അന്തരീക്ഷവും എല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും മാറ്റമുണ്ടായിട്ടുണ്ടെന്നും സെബി മറുപടി നൽകി. മാദബി ബുച്ചിനെതിരെ അദാനിയുമായി ബന്ധപ്പെട്ട ഉയർന്ന ആരോപണങ്ങൾക്ക് ശേഷം വീണ്ടും ആരോപണങ്ങൾ ഉയരുന്നത് സെബിയുടെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നുണ്ടെന്ന ആരോപണങ്ങളും ഇതിനകം ശക്തമാണ്.