നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചിരിക്കുകയാണ്. പണപ്പെരുപ്പം ഫെഡറൽ റിസർവ് നിശ്ചയിച്ചിരുന്ന രണ്ട് ശതമാന പരിധിയ്ക്ക് അടുത്തെത്തിയതോടെയാണ് ഈ നടപടി. 0.25 ശതമാനം കുറവ് മാത്രമായിരുന്നു സാമ്പത്തിക വിദഗ്ധർ അടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും 0.50 ശതമാനം എന്നത് ആരും പ്രതീക്ഷിക്കാത്ത, എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു കുറവായിരുന്നു.
ഈ പ്രഖ്യാപനത്തോടെ ഏഷ്യൻ വിപണികളിൽ വലിയ ഉണർവാണ് ഉണ്ടായത്. സെൻസെക്സ് വ്യാപാരം ആരംഭിച്ചയുടൻ തന്നെ 800 പോയിന്റ് ഉയർന്നു. പ്രാദേശിക കറൻസികൾക്ക് ഈ നീക്കം നേട്ടമായേക്കും. യു എസ് പലിശ നിരക്കിന്റെ കുറവോടെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പലിശ നിരക്കുകളിൽ പുനർവിചിന്തനം നടത്തിയേക്കും എന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയുടെ നിരക്കുകളിലും ഫെഡറൽ റിസർവിന്റെ നീക്കം പ്രതിഫലിച്ചേക്കും.
ഫെഡറൽ റിസർവിന്റെ ഈ അപ്രതീക്ഷിത നീക്കം ഇന്ത്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. പലിശ നിരക്ക് കുറച്ചത് വളരെ കുറച്ചു നേരത്തേയ്ക്ക് മാത്രമേ മാർക്കറ്റിനെ പിടിച്ചുനിർത്തിയുള്ളൂ എന്നാണ് സാംക്കോ സെക്യൂരിറ്റീസിന്റെ മാർക്കറ്റ് പെർസ്പെക്റ്റീവ്സ് മേധാവി അപൂർവ ഷേത്തിന്റെ അഭിപ്രായം. അരക്ഷിതമായിരുന്ന തൊഴിലാളി മാർക്കറ്റിനെ പിടിച്ചുനിർത്താനായിരുന്നു ഫെഡിന്റെ ശ്രമം. വിപണിയുടെ പോക്ക് എങ്ങോട്ടാണെന്ന് ഉറപ്പാകുന്നതുവരെ നിക്ഷേപങ്ങളിൽ വലിയ ശ്രദ്ധ വേണമെന്നും അവർ ഒരു ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഈ നീക്കത്തോടെ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകും എന്നതാണ് മറ്റ് ചില വിദഗ്ധരുടെ പക്ഷം.
ഇന്ത്യയിൽ ഉപഭോക്ത്ര പണപ്പെരുപ്പം ഇപ്പോൾത്തന്നെ ആർബിഐ നിശ്ചയിച്ചിട്ടുള്ള നാല് ശതമാനത്തിന് താഴെയാണ്. യു എസ് ഫെഡറൽ റിസർവിന്റെ നടപടി ഇതോടെ ആർബിഐഎയും നിരക്കുകൾ കുറയ്ക്കാൻ പ്രേരിപ്പിച്ചേക്കും. ഇതോടെ സാമ്പത്തിക മേഖലയ്ക്കും, ബാങ്കിങ്, ഇൻഫ്രാസ്റ്റക്ച്ചർ മേഖലയ്ക്കും ഉണർവുണ്ടാകും. 2023 ഫെബ്രുവരിക്ക് ശേഷം ആർബിഐ പലിശ നിരക്കിൽ കുറവ് വരുത്തിയിട്ടേയില്ല. ഫെഡറൽ റിസർവിന്റെ നീക്കം ആർബിഐയെ ഒരു പുനർചിന്തനത്തിന് വിധേയമാകുമോ എന്നത് നോക്കിക്കാണേണ്ടതാണ്.
ഇതാദ്യമായാണ് ജോ ബൈഡന്റെ കാലയളവിൽ പലിശ നിരക്കിൽ കുറവ് വരുന്നത്. നവംബറിൽ ഉണ്ടായേക്കാവുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപാകെയുള്ള രാഷ്രീയ നാടകമെന്നാണ് രാഷ്ട്രീയ പ്രതിയോഗികളുടെ വിമർശനം. എന്നാൽ പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ ഫെഡറൽ റിസർവ് ഇനിയും നിരക്കുകൾ കുറച്ചേക്കുമെന്ന സൂചനകളുണ്ട്.