ഇത് ചരിത്രം: 84,000 പോയിന്റ് കടന്ന് സെന്‍സെക്സ്; നിഫ്റ്റിയും പുതിയ റെക്കോര്‍ഡില്‍

ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടം കൊയ്തത്

dot image

മുംബൈ: വന്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. സെന്‍സെക്സ് 84,000 പോയിന്റ് കടന്ന് ചിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി. ബിഎസ്ഇ സെന്‍സെക്സ് 975.1 പോയിന്റ് മുന്നേറി വിപണി തുടങ്ങിയപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തി 84,159.90 എന്ന ചരിത്ര നേട്ടത്തിലെത്തി. നിഫ്റ്റി 271.1 പോയന്റുകള്‍ കയറി 25,686.90 എന്ന പുതിയ ഉയരത്തിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി, ടാറ്റ സ്റ്റീല്‍, ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ, ഐസിഐസിഐ ബാങ്ക്, പവര്‍ ഗ്രിഡ്, നെസ്ലെ, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട് എന്നിവയാണ് നേട്ടം കൊയ്ത കമ്പനികള്‍.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചപ്പോള്‍ ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികള്‍ നേട്ടം കൊയ്തത്. കോവിഡിനു ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. നേരത്തെ വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനത്തിനും 5 ശതമാനത്തിനും ഇടയില്‍ കുറയ്ക്കുന്നതിന് അനുകൂലമായ തീരുമാനം നാലുവര്‍ഷത്തിന് ശേഷമാണ് സ്വീകരിച്ചത്.

2022 മാര്‍ച്ചില്‍ 11ന് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയതിന് ശേഷം, പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറച്ചത്. കടം വാങ്ങുന്നതിനുള്ള ചെലവ് കുറയുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കുറഞ്ഞ നിരക്കുകള്‍ തൊഴില്‍ മേഖലകളിലെ പുതിയ നിയമനങ്ങളുടെ വേഗം വര്‍ധിപ്പിക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പ്രതീക്ഷ. പണപ്പെരുപ്പത്തിന്റെയും തൊഴില്‍ വളര്‍ച്ചയുടെയും ദിശയെ ആശ്രയിച്ച് വരും മാസങ്ങളിലും നിരക്ക് കുറയ്ക്കാന്‍ കേന്ദ്രബാങ്കിന് പദ്ധതിയുണ്ട്.

dot image
To advertise here,contact us
dot image