'ഇതെന്റെ പുത്തന്‍ റേ-ബാന്‍ ഗ്ലാസ് ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും.' ഈ ഡയലോഗ് കേട്ട് കൈയ്യടിക്കാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. 'സ്ഫടികം' സിനിമ ഇറങ്ങിയ കാലം തൊട്ട് സാധാരണക്കാരായ മലയാളികളുടെ ഫാഷന്‍ സങ്കല്‍പ്പത്തില്‍ കൂളിംഗ് ഗ്ലാസിനും വലിയൊരു സ്ഥാനം വന്നു തുടങ്ങി. ഫാഷന്‍ലോകത്തിന്റെ പോലും പര്യായമായി മാറിയ റേ-ബാൻ്റെ ചരിത്രം തുടങ്ങുന്നത് പക്ഷെ അത്തരമൊരു മേഖലയില്‍ നിന്നൊന്നുമല്ല.
1800കളുടെ അവസാനകാലം ന്യൂയോര്‍ക്കിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു ജോണ്‍ ജേക്കബ് ബോഷ് എന്ന കണ്ണട നിര്‍മ്മാതാവ്. തികച്ചും യാദൃശ്ചികമായാണ് നിലത്തുകിടന്ന ഒരു റബ്ബര്‍ കഷ്ണം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാമെന്ന് കരുതി ആ റബ്ബര്‍ കഷ്ണം അദ്ദേഹം കൈയിലെടുത്തു അക്കാലത്ത് മാന്‍കൊമ്പോ ആമത്തോടോ സ്വര്‍ണ്ണമോ ഉപയോഗിച്ചാണ് കണ്ണടയുടെ ഫ്രെയിം നിര്‍മിച്ചിരുന്നത്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യമായിരുന്നു. ജേക്കബ് ബൗഷ് ഒരു പരീക്ഷണം നടത്തി. കണ്ണടയക്ക് റബ്ബര്‍ മുറിച്ച് ഫ്രെയിം ഉണ്ടാക്കി. ഇത് വിജയിച്ചു. വിലകുറച്ച് കണ്ണടകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
പിന്നീട് ജോണ്‍ ജേക്കബ് തന്റെ സുഹൃത്ത് ഹെന്റിയുമായി ചേര്‍ന്ന് ഒരു കമ്പനി ആരംഭിച്ചു. കണ്ണട നിര്‍മാണമാണ് ആദ്യം ലക്ഷ്യം വച്ചതെങ്കിലും പിന്നീട് മൈക്രോസ്‌കോപ്പ് ദൂരദര്‍ശിനി ക്യാമറയിലേക്ക് ആവശ്യമായ ലെന്‍സുകള്‍ പ്രൊജക്റ്റ് ലെന്‍സുകള്‍ തുടങ്ങിയവയെല്ലാം നിര്‍മിച്ച് നല്‍കാന്‍ തുടങ്ങി. ഇവരുടെ കമ്പനി ലെന്‍സ് നിര്‍മാണത്തില്‍ പ്രശസ്തി നേടി. ആ സമയത്ത് ഡ്യൂട്ടിയിലും അല്ലാതെയുമുള്ള പൈലറ്റുമാരുടെ കണ്ണുകളെ സൂര്യനില്‍ നിന്ന് സംരക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഗ്ലാസുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അമേരിക്കന്‍ സൈന്യം. ജീവനക്കാര്‍ക്ക് വിമാനം പറപ്പിക്കുമ്പോള്‍ സൂര്യരശ്മികള്‍ കണ്ണിലേക്ക് അടിച്ച് തലവേദനയും കണ്ണുവേദനയും ഉണ്ടാകുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം തേടി സേന ജോൺ ജേക്കബിനെയും ഹെൻ്റിയെയും സമീപിച്ചു. അങ്ങിനെ 1936ല്‍ കമ്പനി പുതിയതരം ലെന്‍സ് ഉപയോഗിച്ച് സൂര്യരശ്മികളെ തടയുന്ന കണ്ണട കണ്ടുപിടിച്ചു. പിന്നീട് നടന്നത് ചരിത്രം. റേ-ബാന്‍ അതിന്റെ ആദ്യ ഡിസൈനായ ഏവിയേറ്റര്‍ സണ്‍ഗ്ലാസുകള്‍ പുറത്തിറക്കി. വളരെ ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമായിരുന്നു ഈ സണ്‍ഗ്ലാസുകള്‍. ആന്റിഗ്ലെയര്‍ ലെന്‍സുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സണ്‍ഗ്ലാസായി ഇത് മാറുകയും ചെയ്തു.
റേ-ബാനെ കുറിച്ചുള്ള എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ പേര് എങ്ങനെ വന്നു എന്നതാണ്. അള്‍ട്രാ വയലറ്റ് അല്ലെങ്കില്‍ ഇന്‍ഫ്രാ-റെഡ് പ്രകാശകിരണങ്ങള്‍ പരിമിതപ്പെടുത്താനുള്ള ഈ ഗ്ലാസുകളുടെ കഴിവില്‍ നിന്നാണ് റേ-ബാന്‍ എന്ന പേര് ലഭിച്ചത്.
റേ-ബാന്‍ ഏവിയേറ്ററുകള്‍ യഥാര്‍ത്ഥത്തില്‍ യുഎസ് ആര്‍മി എയര്‍ കോര്‍പ്‌സ് പൈലറ്റുമാര്‍ക്കുള്ളതായിരുന്നു. ഇവര്‍ക്ക് സൂര്യ രശ്മികളില്‍ നിന്ന് കണ്ണുകള്‍ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസുകള്‍ ആവശ്യമായിരുന്നു. ആന്റിഗ്ലെയര്‍ ലെന്‍സിനൊപ്പം ഭാരം കുറഞ്ഞ സ്വര്‍ണം പൂശിയ ലോഹ ഫ്രെയിമായിരുന്നു ആദ്യത്തെ റേ-ബാന്‍ ഗ്ലാസിന് ഉണ്ടായിരുന്നത്. 'എവിയേറ്റര്‍ ഗ്ലാസ്' എന്ന പേരിലാണ് അമേരിക്കന്‍ വ്യോമസേനക്കിടയില്‍
ഈ റേ-ബാന്‍ അറിയപ്പെട്ടത്.
നിരവധി അപ്‌ഡേറ്റുകളോടു കൂടി ഇന്നും റേ-ബാന്‍ ഫാഷന്‍ ലോകത്തെ ഒരു ലക്ഷ്വറി ഐറ്റമായി തന്നെ നിലകൊള്ളുകയാണ്. മെറ്റാ കമ്പനി വില്‍ക്കുന്ന റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാർട്ട്ഫോണിനെ മീഡിയം ആക്കാതെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്റ്റോറികൾ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. പുതിയ കാലത്തിൻ്റെ സാങ്കേതിക സാധ്യതകൾക്കൊപ്പം അപ്ഡേറ്റഡായി ഇപ്പോഴും റേ-ബാന് സഞ്ചരിക്കാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. 2030 ഓടെ സ്മാര്‍ട്ട് ഗ്ലാസുകളുടെ വാര്‍ഷിക വില്‍പ്പന 22 ദശലക്ഷത്തിലധികം യൂണിറ്റുകളില്‍ എത്തുമെന്ന റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.