വിവരാവകാശത്തിനും കൈമലർത്തി!; മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങൾ പോലും പുറത്തുവിടാതെ സെബി

വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് സെബി നൽകിയത്

dot image

സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും പുറത്തിവിടാതെ ഉരുണ്ടുകളിച്ച് സെബി. വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് സെബി നൽകിയത്.

ലോകേഷ് ബത്ര എന്ന വിവരാവകാശ പ്രവർത്തകനാണ് ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും ഏതൊക്കെ തർക്കങ്ങളിൽ നിന്ന് മാധബി സ്വയം വിട്ടുനിന്നു എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ച് സെബിയെ സമീപിച്ചത്. സെബി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട തിയതി, അതേ സമയത്ത് സമർപ്പിച്ച, കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ സാമ്പത്തിക രേഖകളുടെ വിശദശാംശങ്ങൾ തുടങ്ങിയവയും ലോകേഷ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇവയൊന്നും കയ്യിലില്ല എന്ന മറുപടിയാണ് സെബി നൽകിയത്. ബുച്ച് എന്തൊക്കെ വിഷയങ്ങളിൽ നിന്ന് വിട്ടുനിന്നു എന്നതിന്റെ വിവരങ്ങൾ കയ്യിലില്ല എന്നുപറഞ്ഞ സെബി കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും മറുപടി നൽകി.

മാധബി ബുച്ചിനെതിരെ ഗുരുതുര ആരോപണങ്ങളാണ് നേരത്തെ അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർ​ഗ് റിപ്പോർ‌ട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

dot image
To advertise here,contact us
dot image