ഇന്ത്യൻ വ്യോമയാന മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ് സ്‌പൈസ്‌ജെറ്റ്. ജെറ്റ് എയർവേസിന് ശേഷം ഇന്ത്യയിലെ ജനങ്ങളെ ഒരുപാട് സ്വാധീനിച്ച കമ്പനി. ഒരുകാലത്ത് ഉയർച്ചയുടെ കൊടുമുടിയിലെത്തിയ കമ്പനി എന്നാൽ ഇന്ന് തകർച്ചയുടെ പടുകുഴിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരില്ലാതെ, വരുമാനമില്ലാതെ നിലനിൽപ്പിന് തന്നെ പ്രതിസന്ധി നേരിടുകയാണ് നിലവിൽ സ്‌പൈസ്‌ജെറ്റ്. അടുത്തിടെ കമ്പനി 3000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെങ്കിലും അവയിൽ പരിഹാരം ഒതുങ്ങുമോ എന്നതാണ് ചോദ്യം.
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ മാത്രം എടുക്കുമ്പോൾ അത്യപൂർവമായ ഇടിവാണ് യാത്രക്കാരുടെ എണ്ണത്തിൽ സ്‌പൈസ്‌ജെറ്റിന് സംഭവിച്ചിരിക്കുന്നത്. ജനുവരിയിൽ മാർക്കറ്റിന്റെ 5.6 ശതമാനം യാത്രക്കാരെ ഉൾക്കൊണ്ടിരുന്ന സ്‌പൈസ്‌ജെറ്റ് എന്നാൽ ഓഗസ്റ്റ് ആകുമ്പോഴേക്കും വെറും 2.3 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ആകെ 3 ലക്ഷം ആഭ്യന്തര യാത്രക്കാർ മാത്രമാണ് ഇക്കാലയളവിൽ സ്‌പൈസ്‌ജെറ്റിനെ തങ്ങളുടെ യാത്രയ്ക്കായി ആശ്രയിച്ചത്. ഭൂരിഭാഗം ആഭ്യന്തര യാത്രക്കാരും എയർ ഇന്ത്യയെയും ഇൻഡിഗോയെയുമാണ് ആശ്രയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്‌പൈസ്‌ജെറ്റിന്റെ വീഴ്ച എത്ര ഗുരുതരമാണെന്ന് മനസിലാക്കാൻ രണ്ട് കണക്കുകൾ മാത്രം മതി. ഒന്ന്, ലോകം ലോക്ക്ഡൗണിലേക്ക് വീണുപോയ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു സ്‌പൈസ്‌ജെറ്റ് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. രണ്ട്, ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 10.54 കോടി ആഭ്യന്തര യാത്രക്കാരാണ് വിമാനയാത്ര തെരഞ്ഞെടുത്തത്. 2023ൽ മേഖല 4.8% വളർച്ച കൈവരിച്ചതിന് ശേഷമുള്ള മികച്ച സംഖ്യയാണത്. ഈ കാലയളവിലാണ് സ്‌പൈസ്‌ജെറ്റിന് തങ്ങളുടെ മാർക്കറ്റിൽ 3.3% ഇടിവ് സംഭവിച്ചത്.
ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണ് കമ്പനിയെ ഈ ഗതിയിലാക്കിയത്. നിലവിൽ കമ്പനിയുടെ കണക്കുകൾ പ്രകാരം നിലവിൽ 36 ജെറ്റുകൾ വെറുതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ടത് റൂട്ടുകളായ മുംബൈ - ഗോവ, ദില്ലി - ബെംഗളൂരു, ചെന്നൈ - ഗോവ , കൊൽക്കത്ത - ഗോവ തുടങ്ങിയ റൂട്ടുകളിലെല്ലാം യാത്രക്കാർ സ്‌പൈസ്‌ജെറ്റിനെ കൈവിട്ടു. ഇവ കൂടാതെ, തെക്കേ ഇന്ത്യയിൽ സ്‌പൈസ്‌ജെറ്റിനുണ്ടായിരുന്ന പ്രതാപവും ഏറെക്കുറെ അവസാനിച്ച മട്ടാണ്. എന്നാൽ ഈ റൂട്ടുകളിലെല്ലാം എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര തുടങ്ങിയ കമ്പനികൾ വലിയ നേട്ടമുണ്ടാക്കുന്നുമുണ്ട്.
നേരത്തെ ഗുരുതര പ്രതിസന്ധി മൂലം ജീവനക്കാരുടെ പിഎഫും ടിഡിഎസും മൂന്ന് വർഷത്തോളം കമ്പനി അടക്കാതിരിന്നിരുന്നത് വലിയ വാർത്തയായിരുന്നു. 2020 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആനുകൂല്യങ്ങളിലാണ് കമ്പനി വീഴ്ച വരുത്തിയത്. ഇവയ്ക്ക് പുറമെ നിരവധി ജീവനക്കാരെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഓഹരി വിപണിയിലും കമ്പനി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് യാത്രക്കാരുടെ പ്രിയപ്പെട്ട എയർലൈനായി മാറാൻ സ്പൈസ് ജെറ്റിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.