രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് വ്യക്തമാക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലെ (PLFS) ഡാറ്റകൾ ശുഭകരമായ സൂചനകളല്ല നൽകുന്നത് .കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ ഉയർന്ന നിരക്കിലാണ് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് യുവാക്കളുടെ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ളത്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലാണ് ഈ സർവേ നടന്നത്.
പിഎൽഎഫ്എസ് അനുസരിച്ച് മധ്യപ്രദേശിലാണ് ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്താണ് തൊട്ടുപിന്നിലുള്ളത്. കേരളത്തിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ദേശീയ തലത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനം ആണെന്നാണ് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമാണ്. പുരുഷന്മാരിലേത് 9.8 ശതമാനവുമാണ്. കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47.1ശതമാനമായും പുരുഷന്മാരുടേത് 19.3% ഉം ആയി ഉയർന്നു.
ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും മുന്നിലുള്ളത്. ലക്ഷദ്വീപിൽ 36.2 ശതമാനവും ആൻഡമാനിൽ 33.6 ശതമാനവുമാണ് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക്. ലക്ഷദ്വീപിൽ 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 79.7 ശതമാനവും തൊഴിലില്ലാത്തവരാണ്. ഗ്രാമപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലില്ലായ്മ നിരക്ക് കൂടുതൽ നഗരപ്രദേശങ്ങളിലാണെന്നാണ് സർവേയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ യുവാക്കളിലെ തൊഴിലില്ലായ്മയുടെ തോത് 8.5 ശതമാനമായിരിക്കെ നഗരപ്രദേശങ്ങളിൽ ഇത് 14.7 ശതമാനമാണ്. സ്ത്രീ തൊഴിലില്ലായ്മയിലും ഗ്രാമപ്രദേശങ്ങളെക്കാൾ മുന്നിൽ നഗരപ്രദേശങ്ങളാണ്. ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീ തൊഴിലില്ലായ്മ 8.2 ശതമാനവും നഗരപ്രദേശങ്ങളിലേത് 20.1 ശതമാനവുമാണ്.