ഓഹരിവിപണിയിൽ ചരിത്രം തീർത്ത് മലയാളികൾ; നിക്ഷേപകരുടെ എണ്ണം 25 ലക്ഷം കടന്നു, പക്ഷേ കേരളം പിന്നിൽത്തന്നെ

ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണെങ്കിലും കേരളത്തിന്റെ വിഹിതം കുറയുന്ന അവസ്ഥയാണ്.

dot image

ഓഹരിവിപണി നിക്ഷേപത്തിൽ ചരിത്രം തീർത്ത് മലയാളികൾ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം ഇതാദ്യമായി 25 ലക്ഷം കടന്നിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 25.06 ലക്ഷമാണ് എന്ന് നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്ക് രേഖപ്പെടുത്തുന്നു.

2024-25 സാമ്പത്തിക വർഷം ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. 2009-10ൽ 3.45 ലക്ഷം ആയിരുന്നു മലയാളി നിക്ഷേപകരുടെ എണ്ണം. 2014-15ൽ ഇത് 5.83 ലക്ഷമായി ഉയർന്നു. 2019-20 ആയപ്പോഴേക്കും 9.42 ലക്ഷം പേരായിരുന്നു മലയാളി നിക്ഷേപകരെങ്കിൽ തുടർന്നുള്ള നാലര വർഷത്തിനിടെ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞമാസം മാത്രം കേരളത്തിൽ നിന്ന് പുതുതായി 49,900 പേർ രജിസ്റ്റർ ചെയ്തെന്നാണ് നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ കണക്കുകൾ പറയുന്നത്.

ഭൂമി, സ്വർണം, ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപരീതികളെയായിരുന്നു മലയാളി പൊതുവേ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടോടെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിൽ മലയാളി വലിയ താൽപര്യം കാട്ടിത്തുടങ്ങി. എന്നാൽ, ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണെങ്കിലും കേരളത്തിന്റെ വിഹിതം കുറയുന്ന അവസ്ഥയാണ്. 2009-10ൽ രാജ്യത്തെ മൊത്തം ഓഹരി നിക്ഷേപകരിൽ 3% മലയാളികൾ ആയിരുന്നു. 2014-15ൽ ഇത് 3.2 ശതമാമായി. എന്നാൽ, 2019-20ൽ വിഹിതം മൂന്നു ശതമാനത്തിലേക്കും നടപ്പുവർഷം അത് 2.5 ശതമാനത്തിലേക്കും കുറഞ്ഞു.

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം രാജ്യത്ത് 10 കോടി മാത്രമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യ 140 കോടി ആണെന്നോർക്കണം .രജിസ്ട്രേഡ് നിക്ഷേപകരിൽ 1.7 കോടി ആളുകളും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. 16.8 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. 1.13 കോടി നിക്ഷേപകരുമാണ് ഉത്തർപ്രദേശാണ് രണ്ടാമത്. 11.2 ശതമാനമാണ് ഉത്തർപ്രദേശിന്റെ വിഹിതം. 88.47 ലക്ഷം പേരും 8.7% വിഹിതവുമായി ഗുജറാത്താണ് മൂന്നാംസ്ഥാനത്തുള്ളത്. ബംഗാളും രാജസ്ഥാനുമാണ് പട്ടികയിൽ ആദ്യ അഞ്ചിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

കർണാടക ,തമിഴ്നാട്, മധ്യപ്രദേശ് ,ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവ ആദ്യ പത്തിൽ ഇടംനേടി. കേരളം 14ാം സ്ഥാനത്താണ്. 2,000 പേർ വീതമുള്ള ലക്ഷദ്വീപും ല‌ഡാക്കുമാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളതെന്നും നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ കണക്കിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us